തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലേക്കു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ടുചെയ്യുന്നതിനു ലീഗ് സ്വതന്ത്രൻ ജാഫറിന് 50 ലക്ഷം രൂപയും അല്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വാഗ്ദാനംചെയ്ത കേരളത്തിലെ സിപിഎം നേതൃത്വം ഒന്നാകെ അധികാരക്കസേരകളോട് ആർത്തി മൂത്ത് പരക്കം പായുകയാണെന്നു വ്യക്തമായതായി ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
ഉത്തരേന്ത്യൻ മോഡൽ രാഷ്ട്രീയ കുതിരക്കച്ചവടങ്ങളെപ്പോലും നാണിപ്പിക്കുന്ന രീതിയിലാണു പിൻവാതിലിലൂടെ സിപിഎം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
50 ലക്ഷം രൂപയാണു കൂറുമാറി വോട്ട് ചെയ്യുന്നതിനു ജാഫറിനു വാഗ്ദാനം ചെയ്തത്. ആ പണം എവിടെനിന്നാണെന്നു വ്യക്തമാക്കാൻ സിപിഎമ്മിനു ബാധ്യതയുണ്ട്. നിരന്തരമായി ത്രിതല പഞ്ചായത്ത് സംവിധാനത്തെ സിപിഎം കൈയടക്കിവച്ചു.
ജനങ്ങൾ പൊറുതിമുട്ടിയാണ് യുഡിഎഫിനെ അധികാരത്തിലെത്തിച്ചത്. രാഷ്ട്രീയ ധാർമികതയുണ്ടെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഉൾപ്പെടയുള്ള പദവികൾ രാജിവയ്ക്കാൻ സിപിഎം ആവശ്യപ്പെടണം. രാജിവച്ചില്ലെങ്കിൽ കോണ്ഗ്രസ് അതിശക്തമായ സമരങ്ങളുമായി രംഗത്തു വരും.
ഇന്നു രാവിലെ 10ന് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലേക്കു ജനകീയ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്നും അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
Tags : Bribe Vadakkancheri Block Panchayat CPM Congress DCC President Adv. Joseph Target