പുന്നയൂർക്കുളം (ചാവക്കാട്): പട്ടയമായി ലഭിച്ച 98 സെന്റ് ഭൂമിയുടെഅവകാശരേഖ (ആർഒആർ)ശരിയാക്കിനൽകാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി.
കടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫിസർ പത്തനംതിട്ട ചിറ്റാർ സ്വദേശി എൻ.പി. വിനോദിനെയാണു തൃശൂർ വിജിലൻസ് പിടികൂടിയത്.
പുന്നയൂർക്കുളം സ്വദേശിയായ പരാതിക്കാരനു നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ ശരിയാക്കിനൽകാൻഅഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അത്രയും തുക കൈയിൽ ഇല്ലെന്നുപറഞ്ഞപ്പോൾ മൂന്നു ലക്ഷം നൽകണമെന്നായി. അതും ഇല്ലെന്നുപറഞ്ഞപ്പോൾ രണ്ടര ലക്ഷത്തിനു കാര്യം നടത്താമെന്നായി. പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ് സീറ്റിനു പിറകിലേക്ക് ഇടാൻ വിനോദ് പറഞ്ഞതു പരാതിക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
രേഖ ലഭിക്കുന്നതിന് അപേക്ഷ നൽകി പലതവണ പരാതിക്കാരനും മകനും ഓഫീസിൽ കയറിയിറങ്ങിയിരുന്നു. സാങ്കേതികകാരണങ്ങൾ പറഞ്ഞ് മടക്കിവിടുകയായിരുന്നു. പിന്നീട് മറ്റൊരാളെക്കൊണ്ട് അന്വേഷിപ്പിച്ചപ്പോഴാണു പണം ആവശ്യപ്പെടുന്നത്.
പല കൂടിക്കാഴ്ചകൾക്കൊടുവിൽ 50,000 രൂപയ്ക്ക് ഉറപ്പിച്ചു. ഇക്കാര്യം പരാതിക്കാരൻ തൃശൂർ വിജിലൻസിനെ അറിയിച്ചു. ഓഫീസിന്റെ റിക്കാർഡ് മുറിയിൽവച്ചു വിനോദ് പണം എടുക്കുമ്പോൾ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Tags : Village Officer arrested Bribe Vigilance