Kerala
കോട്ടയം: കോൺഗ്രസിൽ തലമുറമാറ്റം ചർച്ചയാകുന്നതിനിടെ മത്സരരംഗത്തു നിന്ന് മാറാൻ തയാറെന്ന് ചാണ്ടി ഉമ്മൻ. പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ താൻ മാറിനിൽക്കാമെന്ന് ചാണ്ടി ഉമ്മൻ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ അറിയിച്ചു.
എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല. യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. സിറ്റിംഗ് എംഎൽഎമാർ പലരും തങ്ങളുടെ സീറ്റ് നിലനിർത്താൻ നെട്ടോട്ടമോടുമ്പോഴാണ് ചാണ്ടി ഉമ്മൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തിയത്. 1970 മുതൽ 12 തവണ തുടർച്ചയായി ഉമ്മൻ ചാണ്ടി വിജയിച്ച മണ്ഡലമാണ് പുതുപ്പള്ളി.
Kerala
ന്യൂഡൽഹി : കോൺഗ്രസ് പുനഃസംഘടനയിൽ പ്രതിഷേധമറിയിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എക്കും ഡോ.ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി. ഇരുവരെയും ടാലന്റ് ഹണ്ട് കോ-ഓർഡിനേറ്ററായി നിയമിച്ചു.
മേഘാലയ, അരുണാചൽപ്രദേശ് സംസ്ഥാനങ്ങളുടെ ചുമതലയാണ് ചാണ്ടി ഉമ്മന്‍ നല്‍കിയിരിക്കുന്നത്. ഡോ.ഷമ മുഹമ്മദിന് ഗോവയുടെ ചുമതലയും ജോര്‍ജ് കുര്യന് കേരളത്തിന്റെ ചുമതലയും നല്കി.
കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലാണ് പുതിയ പദവികള്‍ നല്‍കിയത്. 13 ഉപാധ്യക്ഷന്മാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി കെപിസിസി പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടമാക്കിയത്.
Kerala
കോട്ടയം: യൂത്ത്കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത്നിന്നും മാറ്റി നിർത്തപ്പെട്ട അബിൻ വർക്കിയെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എംഎൽഎ.
അബിൻ വർക്കി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോള്‍ അതിന് വേദന ഉണ്ടാവുക സ്വാഭാവികമാണ്. പാർട്ടിയുടെ തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പാർട്ടി തീരുമാനങ്ങൾ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണം.
അബിൻ വർക്കി കൂടുതൽ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്. പുനഃസംഘടനയിൽ അബിന്റെ കൂടി അഭിപ്രായം മാനിച്ചു വേണമായിരുന്നു തീരുമാനമെടുക്കാൻ. പക്ഷെ അങ്ങനെ ഉണ്ടായില്ല. നിലവിൽ തീരുമാനമെടുത്ത സാഹചര്യത്തിൽ പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം, യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് അപമാനിക്കുന്ന രീതിയിലായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അന്ന് യൂത്ത് കോൺഗ്രസ് ഔട്ട് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ താൻ ഒന്നും പറഞ്ഞില്ല. അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു. പാർട്ടി തീരുമാനമെടുത്ത സാഹചര്യത്തിൽ അംഗീകരിക്കുകയാണ് ശരിയായ രീതി.
പക്ഷേ പറയാനുള്ള ഒരു ദിവസം പറയും. പിതാവിന്റെ ഓർമ ദിവസമാണ് തന്നെ യൂത്ത് കോൺഗ്രസിന്റെ സ്ഥാനത്തുനിന്ന് നീക്കിയത്. അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി. ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത്. ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ താൻ രാജിവച്ച് ഒഴിയുമായിരുന്നു എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
Kerala
കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിച്ചതിനു പിന്നാലെ സ്ഥലത്ത് പ്രതിഷേധവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. രക്ഷാപ്രവർത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. തെറ്റായ വാർത്തകൾ പരത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം വൈകിയതിന് കാരണം ഇതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമാണെന്നാണ് അപകടസ്ഥലത്തെത്തിയ മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും അറിയിച്ചിരുന്നത്. ആശുപത്രി വാര്‍ഡുമായി ബന്ധമില്ലാത്ത കെട്ടിടമാണിത്. ഉപയോഗശൂന്യമായ സാധനങ്ങള്‍ ശേഖരിച്ചിരുന്ന സ്ഥലമാണിതെന്നും മന്ത്രിമാർ പറഞ്ഞു.
ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായിരുന്ന ബിന്ദു 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ കൂട്ടിരിപ്പുകാരിയായി നിൽക്കുകയായിരുന്നു അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
അതേസമയം, രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു.