തിരുവനന്തപുരം: ഉമ്മൻ ചാണ്ടി തന്റെ കുടുംബം തകർത്തുവെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മന് എംഎൽഎ. ഗണേഷ് കുമാർ മനഃസാക്ഷിയോട് ചോദിക്കട്ടെയെന്നും സത്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
സോളാർ കേസ് സമയത്ത് എങ്ങനെയാണ് ഗണേഷ് കുമാർ പ്രതികരിച്ചതെന്ന് എല്ലാവർക്കും അറിയാം. മരിച്ചുപോയ പിതാവിനെ കൂടുതൽ വിവാദത്തിലേക്ക് കൊണ്ടു പോകാൻ താൻ ആഗ്രഹിക്കുന്നില്ല. ഗണേഷിന് തന്റെ പിതാവ് ചെയ്തു കൊടുത്ത കാര്യങ്ങൾ എന്തൊക്കെ എന്ന് തനിക്കും സമൂഹത്തിനും അറിയാമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ആർ. ബാലകൃഷ്ണപിള്ള ജയിലിൽ കിടന്ന സമയത്ത് ഗണേഷിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് തങ്ങളുടെ കുടുംബത്തിന് ഉണ്ടായിരുന്നത്. അത്തരം ഒരാളിൽ നിന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിച്ചതെന്നാണ് താൻ പറഞ്ഞത്. പ്രകോപനം ഉണ്ടാക്കുന്ന ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടിയാണ് തന്നെ ചതിച്ചതെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
ഒരു കുടുംബ വഴക്കിന് മന്ത്രിയെ രാജിവപ്പിച്ചുവെന്നും ഗണേഷ് പറഞ്ഞു. തന്റെ രണ്ടു മക്കളെയും വേർപിരിച്ചത് ഉമ്മൻചാണ്ടിയാണ്. കാര്യങ്ങൾ പറയുമ്പോൾ അന്തസ് വേണം. ഒരു കേസ് കൊട്ടാരക്കര കോടതിയിൽ കിടപ്പുണ്ട്. ഒരാൾ പോലും അതിൽ ഹാജരാവുന്നില്ല.
കൊടികുന്നിൽ സുരേഷിന് ഇതറിയാം. ഒരു ചതിയൻ ആണെങ്കിൽ കസേരയിൽ ഇരിക്കില്ലായിരുന്നു. അതിനുശേഷവും താൻ തെരഞ്ഞെടുപ്പ് ജയിച്ചു. പറയാൻ ഇറങ്ങിയാൽ കൂടി പോകും. ചാണ്ടി ഉമ്മൻ നിർത്തുന്നതാണ് അദ്ദേഹത്തിന് നല്ലത്. പത്തനാപുരത്ത് വികസനമുണ്ട് പുതുപ്പള്ളിയിൽ എന്താണുള്ളത്.
തലയിൽ തുണിയിട്ട് ഇന്നുവരെ വോട്ട് പിടിക്കാൻ പോയിട്ടില്ല. ആരോടും ജാതിയും മതവും ചോദിച്ചിട്ടില്ല. താൻ പത്തനാപുരത്ത് ജയിക്കുമോ എന്ന് നാട്ടുകാരോട് ചോദിക്കണം.
താൻ ഉമ്മൻചാണ്ടിയെ ചതിച്ചുവെന്ന് ഉമ്മൻചാണ്ടിപോലും പറഞ്ഞിട്ടില്ല. എന്തെങ്കിലും രാഷ്ട്രീയം ഉണ്ടെങ്കിൽ അത് പറയാം. വായിൽ വിരൽ ഇട്ടാൽ കടിക്കും. മേലിൽ ഇത് പറയരുതെന്നും ഗണേഷ് കുമാർ പറഞ്ഞു.
Tags : Chandy Oommen Ganesh kumar oommen chandy