Kerala
തിരുവനന്തപുരം: നാഗർകോവിലിൽ പൊങ്കൽ ആഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ടെമ്പോ ഡ്രൈവർ വെട്ടേറ്റു മരിച്ചു. സരലൂരിലാണ് തർക്കമുണ്ടായത്. സരലൂർ സ്വദേശിയായ രമേഷ് (45) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ രമേഷിന്റെ സുഹൃത്ത് മണികണ്ഠനെ അതീവ ഗുരുതരാവസ്ഥയിൽ ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് നടന്ന കലാപരിപാടികൾക്കിടെയാണ് തർക്കമുണ്ടായത്. പരിപാടിക്കിടെ രമേഷും സംഘവും ബഹളമുണ്ടാക്കിയതിനെ കോട്ടാർ സ്വദേശിയായ മറ്റൊരു ടെമ്പോ ഡ്രൈവർ മുകേഷ് കണ്ണൻ ചോദ്യം ചെയ്തു. ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക്കുതർക്കമാണ് കൈയേറ്റത്തിലെത്തിയത്.
സംഭവത്തിന് പിന്നാലെ മുകേഷ് കണ്ണൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും രമേഷും മണികണ്ഠനും മുകേഷിന്റെ വീട്ടിലെത്തി ഇയാളെ അക്രമിക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ മുകേഷ് കണ്ണൻ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് രമേഷിനെ ക്രൂരമായി വെട്ടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
തടയാൻ ശ്രമിച്ച മണികണ്ഠനും വെട്ടേറ്റു. രമേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കോട്ടാർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. രമേഷിന്റെ സഹോദരൻ സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് കണ്ണനെ അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട രമേഷിന്റെ ഭാര്യ രോഗബാധിതയായി കഴിഞ്ഞ മാസമാണ് മരിച്ചത്. പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് ആൺമക്കളുണ്ട്.
Kerala
കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് ഭീതി പരത്തി. വയോധികനുമായി ആശുപത്രിയിൽ എത്തിവരും എതിർവിഭാഗത്തിലുള്ളവരുമാണ് മുൻ വൈരാഗ്യത്തെ തുടർന്ന് മിനിട്ടുകളോളം ഏറ്റുമുട്ടിയത്. ബുധനാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം.
അസഭ്യവർഷവും ആക്രമണവും നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഡോക്ടർമാരും ജീവനക്കാരും ഭയചകിതരായി. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമി സംഘം കടന്നു കളഞ്ഞിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആശുപത്രി ആർഎംഒ വൈക്കം പോലീസിൽ പരാതി നൽകി.
പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. വൈക്കം താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ മദ്യപസംഘങ്ങളും അക്രമി സംഘങ്ങളും ആക്രമണം നടത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
രാത്രികാലങ്ങളിൽ ആശുപത്രിയിൽ രാത്രി കാലങ്ങളിൽപോലീസ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒരുമാസമായി പോലീസ് ഡ്യൂട്ടിക്ക് എത്തുന്നില്ല. ശബരിമല ഡ്യൂട്ടിക്കായി കൂടുതൽ പോലീസുകാർ പോയതോടെ ഡ്യൂട്ടിക്ക് പോലീസുകാരുടെ കുറവുണ്ടായെന്ന് അധികൃതർ പറയുന്നു.
അക്രമസംഭവങ്ങൾ പതിവാകുന്ന താലൂക്ക് ആശുപത്രിയിൽ മതിയായ സുരക്ഷ ഉറപ്പാക്കാത്തതിൽ ഡോക്ടർമാരും അതൃപ്തിയിലാണ്. ആശുപത്രി അധികൃതരുടേയും ചികിത്സ തേടിയെത്തുന്നവരുടേയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
നിലന്പൂർ: കൃത്യസമയം പാലിച്ച് സർവീസ് നടത്തുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളെത്തുടർന്ന് കൊന്പുകോർത്ത് സ്വകാര്യബസ് ജീവനക്കാർ.
യാത്രക്കാരെ മുൾമുനയിൽ നിർത്തിയാണ് പലപ്പോഴും സ്വകാര്യബസുകളുടെ മരണപ്പാച്ചിലും ജീവനക്കാർ തമ്മിലുള്ള തമ്മിൽത്തല്ലും. കൂടുതൽ യാത്രക്കാരെ കിട്ടാൻ സമയം തെറ്റിച്ച് ഓടുന്നതും ഗതാഗതക്കുരുക്കിൽപ്പെട്ട് സമയം വൈകുന്നതും മറ്റുമാണ് മിക്കപ്പോഴും സ്വകാര്യബസ് സർവീസ് മേഖലയിൽ പ്രശ്നങ്ങൾക്കിടയാക്കുന്നത്.
സയമത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സ്വകാര്യബസ് ജീവനക്കാർ കഴിഞ്ഞ ദിവസം നിലന്പൂരിൽ ഏറ്റുമുട്ടിയിരുന്നു.
നിലന്പൂർ ടൗണിൽ പഴയ ബസ് സ്റ്റാൻഡിന് സമീപം കെഎൻജി റോഡിലാണ് ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ലുണ്ടായത്.
നൂറുക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ബസുകൾ നിർത്തി ജീവനക്കാർ ഏറ്റുമുട്ടുകയായിരുന്നു. സമയത്തെച്ചൊല്ലി ഇരു ബസുകളിലെയും തൊഴിലാളികൾ തമ്മിൽ മഞ്ചേരിയിൽനിന്ന് തുടങ്ങിയ വാക്കേറ്റം പോർവിളിയിലും നിലന്പൂർ ടൗണിൽ കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു.
മിനുട്ടുകളുടെ വ്യത്യാസത്തിലാണ് സ്വകാര്യബസുകൾക്ക് പെർമിറ്റുകൾ നൽകിയിട്ടുള്ളത്. അതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്പോൾ നഷ്ടമാകുന്ന സമയം വീണ്ടെടുക്കാൻ ബസുകളുടെ മത്സര ഓട്ടങ്ങളും അപകടങ്ങൾക്കിടയാക്കാറുണ്ട്.
നിലന്പൂരിലുണ്ടായ സംഭവത്തിൽ പൊതുനിരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും സംഘർഷം ഉണ്ടാക്കിയതിനും ആറ് ബസ് ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. നിലന്പൂർ ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
Kerala
മലപ്പുറം: നിലമ്പൂരിൽ നടുറോഡിൽ ബസ് ജീവനക്കാർ ഏറ്റുമുട്ടി. ഒരേ റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് സമയത്തെ ചൊല്ലി തമ്മിലടിച്ചത്. സംഭവത്തിൽ നിലമ്പൂര്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. നിലമ്പൂര്‍ വഴി കരുളായിയിലേയ്ക്ക് തിരിച്ച ബസിലെ ജീവനക്കാരും നിലമ്പൂര്‍ വഴി വഴിക്കടവിലേയ്ക്ക് പോയ ബസിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.
നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡിന് മുൻവശത്തെ റോഡിലായിരുന്നു അടിപിടി. തര്‍ക്കം രൂക്ഷമായതോടെ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് പോലീസുകാര്‍ സ്ഥലത്തെത്തി ജീവനക്കാരെ പിടിച്ചു മാറ്റുകയായിരുന്നു. പിന്നീട് ഇരു ബസുകളിലേയും ജീവനക്കാരെ പ്രതി ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.
ആറുപേര്‍ക്കെതിരെയാണ് എഫ്ഐആറ് രജിസ്റ്റർ ചെയ്തത്. പൊതുമധ്യത്തിൽ സംഘം ചേര്‍ന്ന് തല്ലുകൂടൽ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, ഗതാഗത തടസമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. രണ്ടു ബസുകളും പോലീസ് കസ്റ്റഡിയിലുമെടുത്തു.
Kerala
മലപ്പുറം: കീഴാറ്റൂരിൽ താലപ്പൊലി മഹോത്സവത്തിനിടെ സംഘർഷം. കീഴാറ്റൂർ മുതുകുർശിക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ നാടൻപാട്ടിനിടെയാണ് സംഘർഷമുണ്ടായത്.
പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഗാനമേളയ്ക്ക് വലിയ തോതിൽ ആളുകളെത്തിയിരുന്നു.
ആദ്യം നൃത്തച്ചുവടുകളിൽ തുടങ്ങുകയും പിന്നീടിത് കൂട്ടയടിയിലേയ്ക്ക് എത്തുകയുമായിരുന്നു. ഉടൻ തന്നെ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
National
ദിസ്പുർ: ആസാമിൽ ചൊവ്വാഴ്ച സംഘർഷമുണ്ടായ വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലയിലെ സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംഘർഷമുണ്ടായ വെസ്റ്റ് കർബി ആംഗ്ലോംഗിലെ ഖെറോണിയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരം ഖെറോണിയിലെ മാർക്കറ്റ് പ്രദേശത്ത് സംഘർഷം ഉടലെടുക്കുകയായിരുന്നു. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 58 പോലീസുകാർക്ക് പരിക്കേറ്റു.
തുടർന്ന് വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സംഘർഷത്തെ തുടർന്ന് വിച്ഛേദിച്ചു. ഗോത്ര വിഭാഗത്തിൽ പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്.
ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇവിടെ താമസിക്കുന്ന നേപ്പാൾ, ബിഹാർ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ എത്തിയത്.
Kerala
തൃശൂർ: എരുമപ്പെട്ടിയിൽ ബൂത്ത് കെട്ടുന്നതിനെ ചൊല്ലി സിപിഎം-കോൺഗ്രസ് സംഘർഷം. രണ്ട് പേർക്ക് പരിക്കേറ്റു. എരുമപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം ഖാദി റോഡിലാണ് സംഘർഷമുണ്ടായത്.
എരുമപ്പെട്ടി പഞ്ചായത്ത് 18-ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി സൗമ്യ യോഗേഷിന്റെ ഭർത്താവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കെ.കെ. യോഗേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ് എന്നിവർക്കാണ് സംഘർഷത്തില്‍ പരിക്കേറ്റത്.
സിപിഎം പ്രവർത്തകർ മേശയിട്ടിരിക്കുന്നതിന് സമീപം കോൺഗ്രസ് പ്രവർത്തകർ മേശ കൊണ്ടുവന്ന് ഇടാൻ ശ്രമിച്ചപ്പോൾ യോഗേഷ് അത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷത്തിന് തുടക്കമായത്. യോഗേഷ് ടേബിൾ ചവിട്ടി മറിക്കുകയും തുടർന്ന് അജുനെല്ലുവായിയുടെ ബൈക്കിൽ ടേബിൾ ചെന്ന് തട്ടുകയും ചെയ്തതിനെത്തുടർന്ന് അജു നെല്ലുവായ് യോഗേഷിനെ മർദിച്ചു.
തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ സംഘട്ടനമുണ്ടായി. ഇതിനുശേഷം എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കോൺഗ്രസ് സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റവും ഉന്തും തല്ലും ഉണ്ടാകുകയും ചെയ്തു. തുടർന്ന് എരുമപ്പെട്ടി ഇൻസ്പെക്ടർ അനീഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രശ്നം പരിഹരിക്കുകയും പരാതി നൽകുന്നതിന് തീരുമാനമാകുകയും ചെയ്തു.
Kerala
മലപ്പുറം: പൂക്കോട്ടൂരിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം. എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
ലീഗിന്റെ പ്രചാരണ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് ആരോപണം. പൂക്കോട്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് സംഭവം.
കൊട്ടിക്കലാശത്തിനായി വന്ന പ്രചരണ വാഹം എൽഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു.
Kerala
കോഴിക്കോട്: നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള്‍ തമ്മിൽ സംഘർഷം. ഹോട്ടലിലെത്തിയ സംഘവും മറ്റൊരു സംഘവുമായാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നടക്കാവിലെ ഹോട്ടലിലെത്തിയ ആദ്യ സംഘം പിന്നാലെയെത്തിയ സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്കാന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വാങ്ങി നല്‍കാനാകില്ലെന്ന് പറഞ്ഞതോടെ വാക്കേറ്റമായി. ഇതോടെ ഹോട്ടലില്‍ നിന്നിറങ്ങാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയതോടെ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
സംഭവമറിഞ്ഞ് പോലീസ് എത്തിയിട്ടും യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ തുടർന്നു. ഇതിനിടയിൽ ഒരു യുവാവ് ബോധരഹിതനായി വീണു. ഒടുവില്‍ ബോധരഹിതനായ യുവാവിനെ ആംബുലന്‍സില്‍ കയറ്റിവിട്ട ശേഷം പോലിസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
സംഘർഷത്തെ തുടർന്ന് അരമണിക്കൂറിലധികം നഗരത്തിൽ ഗതാഗതം സതംഭിച്ചു. അതേസമയം യുവാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.
Kerala
കാസർഗോഡ്: ജനറൽ ആശുപത്രിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി തടസപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതിന് എട്ടുപേർക്കെതിരെ പോലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി 10.45 ഓടെയായിരുന്നു സംഭവം. ചെമ്മനാടിനു സമീപം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആളിനെ ജനറൽ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ എത്തിച്ചിരുന്നു. ഇയാൾക്കൊപ്പമെത്തിയ ആളുകളും ഇവരെ പിന്തുടർന്നെത്തിയ മറുവിഭാഗവും തമ്മിലാണ് ആശുപത്രിയിൽവച്ച് സംഘർഷമുണ്ടായത്. ഇതിൽ ഒരു വിഭാഗം ചെമ്മനാട് നിന്നും മറുവിഭാഗം കീഴൂരിൽ നിന്നുമുള്ള സംഘങ്ങളാണെന്ന് പോലീസ് പറഞ്ഞു.
ജനറൽ ആശുപത്രിയിലെ ഡോ.മുഹമ്മദ് നിസാറിന്റെ പരാതിയിൽ തളങ്കര ബാങ്കോട്ടെ പി.ടി.ഷബീർ അലി (28), കൊമ്പനടുക്കത്തെ പി.ജഗദീഷ് കുമാർ (34), സി.കെ.അജീഷ് (27), കീഴൂരിലെ അഹമ്മദ് ഷാനവാസ് (35), കീഴൂർ കടപ്പുറം സ്വദേശികളായ എം.കുഞ്ഞഹമ്മദ് (34), എം.അബ്ദുൾ ഷഹീർ (31), മുഹമ്മദ് അഫ്നാസ് (19), സയിദ് അഫ്രീദ് (27) എന്നിവർക്കെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്.
രണ്ടുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് കാസർഗോഡ് ജനറൽ ആശുപത്രിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത്. ആഴ്ചകൾക്കു മുമ്പ് സംഘർഷത്തിൽ പരിക്കേറ്റയാൾക്ക് അത്യാഹിതവിഭാഗത്തിൽ ചികിത്സ നൽകുന്നതിനിടയിൽ പിന്തുടർന്നെത്തിയ സംഘം വീണ്ടും ആക്രമിച്ചിരുന്നു.
പരിക്കേറ്റ ആളിനെ വനിതാ ഡോക്ടറുടെ ദേഹത്തേക്ക് ചവിട്ടിവീഴ്ത്തിയതിനെ തുടർന്ന് ഡോക്ടർക്കും പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ സർക്കാർ ഡോക്ടർമാർ പ്രതിഷേധം നടത്തിയിരുന്നു.
Kerala
തൃശൂർ: ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിൽ വിവാഹത്തിനു വന്നവരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒട്ടേറെ പേർക്ക് പരിക്ക്. വിവാഹത്തിനു വന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തതോടെ റോഡിൽ ഗതാഗത തടസമുണ്ടായിരുന്നു.
ഇതിനിടെ ഈ റോഡിലൂടെ എത്തിയ ടിപ്പർ ഹോൺ മുഴക്കിയതിനെത്തുടർന്ന് കല്യാണത്തിനു വന്നവരും ടിപ്പർ ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ഡ്രൈവർക്ക് മർദനമേൽക്കുകയും ചെയ്തു.
മർദിച്ചവരെ നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ചു. ഇത് സംഘർഷത്തിലും കല്ലേറിലും കലാശിക്കുകയായിരുന്നു. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
National
ഹൈദരാബാദ്: ചാനൽ ചർച്ചയ്ക്കിടെ കൈയാങ്കളി നടത്തി കോൺഗ്രസ്, ബിജെപി പ്രതിനിധികൾ. ഹൈദരാബാദിലെ യോയോ ടിവിയില്‍ നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് നാടകീയ രംഗങ്ങൾ.
ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം യോയോ ടിവി ഒരു ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു.
ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് ഡസ്കില്‍ അടിച്ചു. ഇതാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്. പിന്നാലെ ബിജെപി നേതാവ് കോണ്‍ഗ്രസ് നേതാവിനെ തള്ളിയിട്ടു. ദേഷ്യത്തോടെ എണീറ്റ് വന്ന കോണ്‍ഗ്രസ് നേതാവ് തിരികെ ബിജെപി നേതാവിനെ തല്ലി. ശേഷം പാനല്‍ വലിയ കയാങ്കളിക്കാണ് സാക്ഷിയായത്.
ചര്‍ച്ച സംഘര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അത് തടയാനായി അവതാരക പരമാവധി ശ്രമിക്കുന്നതും ശാന്തരാകാന്‍ പറയുന്നതും വീഡിയോയില്‍ കാണാം. സംഭവം കൈവിട്ട് പോയതോടെ ചാനലിലെ മറ്റ് പ്രവര്‍ത്തകരും എത്തി ഇരുവരെയും പിടിച്ച് മാറ്റുകയായിരുന്നു.
FROM SHOUTING TO PUNCHING!!!
— Revathi (@revathitweets) November 19, 2025
A BJP spokesperson and a Congress leader decided to stir things up, just a little!
Instead of their usual shouting matches on TV debates, the decided to throw in a few punches.
Similar scenes were witnessed on the day of Jubilee Hills Bypoll… pic.twitter.com/Ex1gn3wDFj
Kerala
കോഴിക്കോട്: നരിക്കാട്ടേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റു. സിപിഎം പാറയില്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ സബിലാഷ്, സുധീഷ്, രജീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
മൂന്ന് പേരും നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തില്‍ ഒരു ബൈക്കും തകര്‍ത്തിട്ടുണ്ട്. സ്ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പഞ്ചായത്തംഗമായ സിപിഎം നേതാവ് പി.പി. ബാലകൃഷ്ണനും കുടുംബത്തിനും നേരെയാണ് അക്രമം നടന്നത്. ബ്രാഞ്ച് സെക്രട്ടറി സജീവന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അക്രമിച്ചതെന്നായിരുന്നു പരാതി.
സജീവന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന് കാരണം ബാലകൃഷ്ണന്റെ കുടുംബത്തിന്റെ ഇടപെടലാണെന്ന് പറഞ്ഞ് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.
Kerala
കോഴിക്കോട്: പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ വാക്കേറ്റവും കയ്യാങ്കളിയും. അതിക്രമത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് യുഡിഎഫ് പ്രവർത്തകരെ ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ സന്ദർശിക്കാൻ എത്തിയപ്പോളാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. ജില്ലാ പഞ്ചായത്ത് അംഗമായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി വി. പി ദുൽഖീഫിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
പ്രവര്‍ത്തകര്‍ കാണാനെത്തുന്ന സമയത്ത് സ്റ്റേഷനുള്ളിൽ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരുണ്ടായിരുന്നു. സ്റ്റേഷനകത്തേക്ക് കയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്.
ദുൽഖിഫിലും പോലീസും തമ്മിൽ കയ്യാങ്കളിയുണ്ടായി. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. യുഡിഎഫ് പ്രവര്‍ത്തകര്‍ സംഭവത്തിൽ പ്രതിഷേധിച്ചു. പരിക്കേറ്റ പോലീസുകാര്‍ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് പോലീസ് അറിയിച്ചു.
Kerala
ഇടുക്കി: മറയൂരിൽ തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളും ജീപ്പ് ഡ്രൈവർമാരും തമ്മിൽ സംഘർഷം. പതിനഞ്ച് സഞ്ചാരികൾക്കും ആറ് ജീപ്പ് തൊഴിലാളികൾക്കും പരിക്കേറ്റു. മറയൂരിന് സമീപം പയസ് നഗറിൽ വച്ചാണ് സംഭവം.
തമിഴ്നാട് തിരുനെൽവേലിയിൽ നിന്നുമെത്തിയ സഞ്ചാരികളുടെ ടൂറിസ്റ്റ് ബസ്സിന് പിന്നാലെ എത്തിയ ജീപ്പ് തുടർച്ചയായി ഹോൺ മുഴക്കി. ഇത് ചോദ്യം ചെയ്തതാണ് തർക്കത്തിനും സംഘർഷത്തിനും കാരണമായത്.
ജീപ്പ് തൊഴിലാളികൾ സംഘടിച്ചെത്തി ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തുകയും സഞ്ചാരികളെ ആക്രമിക്കുകയും ചെയ്തു എന്നാണ് പരാതി. ടൂറിസ്റ്റ് ബസിന്റെ ചില്ലുകളും ജീപ്പ് തൊഴിലാളികൾ അടിച്ചു തകർത്തു.
വിനോദസഞ്ചാരികളുടെ ആക്രമണത്തിൽ പരിക്കേറ്റ ആറ് ജീപ്പ് തൊഴിലാളികളും ചികിത്സയിലാണ്. മറയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് സിപിഎം- എസ്ഡിപിഐ സംഘര്‍ഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കത്തിച്ചു. എസ്ഡിപിഐയുടെ ആംബുലൻസിന്റെ ഗ്ലാസുകള്‍ സിപിഎം പ്രവർത്തകർ അടിച്ചുതകര്‍ത്തു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി. ഞായറാഴ്ച രാത്രി നെടുമങ്ങാട് മുല്ലശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിന്റെ വീട്ടില്‍ രാത്രി പത്തോടെ അതിക്രമിച്ചുകയറിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ദീപുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും വീട് ആക്രമിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെടുമങ്ങാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണം നടത്തി. ഇതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് നെടുമങ്ങാട് താലുക്കാശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കത്തിച്ചത്. എസ്ഡിപിഐയുടെ ആംബുലന്‍സിന്റെ ഗ്ലാസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. അക്രമവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിപിഎം-എസ്ഡിപിഐ സംഘര്‍ഷം നിലനില്‍ക്കെയാണ് വീണ്ടും ആക്രമണം നടന്നത്. നെടുമങ്ങാട്ടും സമീപപ്രദേശങ്ങളിലുമാണ് വ്യാപകമായി സംഘര്‍ഷം നടന്നുവന്നിരുന്നത്.