കോല്‍ക്കത്ത: സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബേല്ദംഗയില് റൂട്ട്മാര്‍ച്ച് നടത്തി പോലീസ്. മുര്‍ഷിദാബാദ് എസ്പി കുമാർ രാജിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെ റൂട്ട്മാർച്ച്.
ബേല്ദംഗ സ്വദേശിയായ അലാവുദ്ദീന്‍ ഷേഖ് എന്നയാള്‍ ജാര്‍ഖണ്ഡില്‍ വച്ച് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണു സംഘര്‍ഷം തുടങ്ങിയത്. അലാവുദ്ദീന്‍ ഷേഖിന്റെ മൃതദേഹം മുര്‍ഷിദാബാദില്‍ എത്തിച്ചപ്പോഴാണ് സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
രണ്ടു ദിവസമായി തുടരുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 30 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ മണിക്കൂറുകൾ റെയില്‍വേ ട്രാക്കുകളും ദേശീയ പാതയും ഉപരോധിച്ചു. ന്യൂനപക്ഷങ്ങളുടെ പ്രതിഷേധം ന്യായമാണെന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവത്തില്‍ പ്രതികരിച്ചത്.
അതേസമയം, അലാവുദ്ദീന്റെ വീട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി യൂസഫ് പഠാന് സന്ദര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജാര്ഖാണ്ഡ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഭിഷേക് ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.
Tags : Murshidabad clash route march Police