International
കൊളംബോ: ദിത്വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ 123 പേർ മരിച്ചു. 130 പേരെ കാണാതാവുകയും ചെയ്തതായി ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. 20 വർഷത്തിനിടയിലെ വലിയ വെള്ളപ്പൊക്കമാണ് ശ്രീലങ്ക നേരിടുന്നത്.
ദിത്വാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് രാജ്യത്തെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയിൽ വീടുകൾ തകർന്നതിനെ തുടർന്ന് ഏകദേശം 44,000 പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ശ്രീലങ്കൻ സർക്കാർ രാജ്യത്തുടനീളം സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. സൈനിക ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് ഒറ്റപ്പെട്ടുപോയ താമസക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
ശ്രീലങ്കൻ തീരത്തിനു സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായാണ് ദിത്വാ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ഇത് വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് - പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ട്.
International
കൊളംബോ: ദിത്വാ ചുഴലിക്കാറ്റിൽ പ്രളയ ഭീതിയിൽ ശ്രീലങ്ക. തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ നൂറിലധികം പേർ മരിച്ചു. രണ്ട് ലക്ഷം പേർ എങ്കിലും ദുരിതം അനുഭവിക്കുന്നതായി സർക്കാർ അറിയിച്ചു.
ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ ഇന്നു സഹായം കൈമാറും. അതേസമയം, കിഴക്കൻ തമിഴ്നാട്ടിലെ തീരദേശ ജിലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ട്രെയിൻ പൂർണമായും 11 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഡെൽറ്റ ജില്ലകളിലും ഇന്നു സ്കൂൾ അവധി പ്രഖ്യാപിച്ചു.
ശ്രീലങ്കൻ തീരത്തിനു സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായാണ് ദിത്വാ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ഇത് വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് - പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ട്.
കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
International
കൊളംബോ: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. മണ്ണിടിച്ചിലിലും പ്രളയത്തിലും 66 പേർ മരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് വിവരം.
25 പേരെ കാണാതാവുകയും ചെയ്തതായി ഔദ്യോഗിക അറിയിപ്പുണ്ട്. ഇരുപതോളം ജില്ലകളിലായി 44,000 പേരെ പ്രളയം നേരിട്ടു ബാധിച്ചു. നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയി.
വീടുകളുടെ ടെറസിലും മരങ്ങളുടെ മുകളിലും അഭയം തേടിയ പലരെയും വ്യോമസേന ഹെലിക്കോപ്റ്ററുകൾ എത്തി രക്ഷപ്പെടുത്തി. രാജ്യത്ത് രാവിലെ ആറ് മുതൽ ട്രെയിൻ ഗതാതതം നിർത്തിവച്ചിരിക്കുകയാണ്.
ലങ്കൻ നാവികസേനയുടെ ക്ഷണപ്രകാരം ബുധനാഴ്ച കൊളംബോ തീരത്തെത്തിയിരുന്ന ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തും രക്ഷാദൗത്യത്തിന്റെ ഭാഗമായി. കൊളംബോ വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാൻ അഭ്യർഥിക്കുമെന്ന് ലങ്കൻ സർക്കാർ അറിയിച്ചു.
ഡിറ്റ് വായുടെ സ്വാധീനത്തിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ചെന്നൈയിലെ മൂന്ന് ജലസംഭരണികളിൽ നിന്ന് സെക്കൻഡിൽ 200 ഘടയടി വീതം വെള്ളം തുറന്നുവിടുന്നുണ്ട്.
National
ഭൂവനേശ്വർ: മലാക്ക കടലിടുക്കിലും തെക്കൻ ആൻഡമാൻ കടലിലും രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കൊടുങ്കാറ്റായി രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഒഡീഷയുടെ തീരജില്ലകളിൽ മുന്നൊരുക്കങ്ങൾ. വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്.
National
ഹൈദരാബാദ്: തെലുങ്കാനയിൽ വീശിയടിച്ച മൊൻ ത ചുഴലിക്കാറ്റിൽ ആറു പേർ മരിച്ചതായി സ്ഥിരീകരിച്ചു.
ഒക്ടോബർ 29നായിരുന്നു മൊൻ ത തെലുങ്കാനയിൽ വീശിയടിച്ചത്. സിദ്ദിപേട്ട് ജില്ലയിൽ മോട്ടോർസൈക്കിളിൽ സഞ്ചരിച്ച ദന്പതികൾ ഒഴുക്കിൽപെട്ടു മരിച്ചു. ഇന്നലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ജാൻഗോൻ ജില്ലയിൽ യുവതി ഒഴുക്കിൽപെട്ടു മരിച്ചു. സൂര്യപേട്ട് ജില്ലയിൽ കടപുഴകിയ മരത്തിനടിയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു.
മഹ്ബൂബാബാദിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. വാറങ്കലിൽ വീടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറി കിടപ്പുരോഗി മരിച്ചു. നിരവധി പേരെ ഒഴുക്കിൽപെട്ടു കാണാതായിട്ടുണ്ട്.
National
ന്യൂഡൽഹി: മൊൻ ത ചുഴലിക്കാറ്റ് 100 കിലോമീറ്റർ വേഗതയിൽ കരയിൽ തൊട്ടതിനു പിന്നലെ അതിശക്ത മഴയാണ് ആന്ധ്രയിലുണ്ടായത്. റെഡ് അലേർട്ട് പിൻവലിച്ചെങ്കിലും വിശാഖപട്ടണം, ശ്രീകാകുളം, വിജയ നഗരം തുടങ്ങിയ ജില്ലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ആന്ധ്രയിൽ 16 ജില്ലകളിൽ നിലവിൽ ഓറഞ്ച് അലേർട്ടാണുള്ളത്.
ആന്ധ്ര തീരംതൊട്ടതോടെ ചുഴലിക്കാറ്റ് കനത്തനാശം വിതച്ചു. ഇതുവരെ ആറു പേർ മരിച്ചതായാണ് റിപ്പോർട്ട്. 78,000 പേരെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ വലിയ ആൾനാാശമുണ്ടായില്ല. 35000ത്തിലധികം ആളുകൾ സുരക്ഷിത ക്യാന്പുകളിലാണുള്ളത്.
മച്ചിനി പട്ടണത്തിനും കക്കിനാട ഗ്രാമത്തിനും ഇടയിൽ രാത്രി 12.30ഓടെയാണ് കാറ്റ് തീരംതൊട്ടത്. കാറ്റ് തീരം തൊട്ടതോടെ 43,000 ഹെക്ടറിലധികം കൃഷികൾ നശിച്ചു. വൈദ്യുതി മേഖലയിൽ 2200 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. സബ്സ്റ്റേഷനുകളും ട്രാൻസ്ഫോർമറുകളും വ്യാപകമായി നശിച്ചു.
വിശാഖപട്ടണത്തുനിന്ന് 25 ട്രെയ്നുകളും വിശാഖപട്ടണത്തുനിന്ന് പുറപ്പടേണ്ട 32 വിമാനങ്ങളും വിജയവാഡയിൽനിന്നുള്ള 15 വിമാനങ്ങളും റദ്ദാക്കി. എന്നാൽ നിലവിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് സാധരണ ചുഴലിക്കാറ്റായി മാറിയെന്ന് കലാവസ്ഥ നിരീക്ഷകർ പറയുന്നു. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റിന്റെ ശക്തി വീണ്ടും കുറയുമെന്ന് വിലിയിരുത്തുന്നുണ്ട്.
National
ന്യൂഡൽഹി: മോൻത ചുഴലികാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്രാ തീരത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ചുഴലികാറ്റ് ഇന്ന് രാത്രിയോടെ കര തൊടും. ഒഡീഷ, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.
മഴയ്ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതോടെ മൂന്ന് സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്. ആന്ധ്രപ്രദേശിലും ഒഡീഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ ആന്ധ്രയിലെയും ഒഡീഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ഇന്ന് വൈകുന്നേരത്തോടെ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കക്കിനടയുടെ സമീപം മോൻത ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രവചനം.
National
ഭുവനേശ്വർ: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.
നാളെ രാവിലെ തെക്കുപടിഞ്ഞാറന് ബംഗാള് ഉള്ക്കടലിന്റെയും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലും ഇത് കൂടുതൽ ശക്തിപ്രാപിച്ച് മോൻത ചുഴലിക്കാറ്റായി മാറിയേക്കും. ചൊവ്വാഴ്ച രാവിലെയോടെ വടക്കുപടിഞ്ഞാറോട്ട് നീങ്ങി തീവ്ര ചുഴലിക്കാറ്റായി മാറും.
ചൊവ്വാഴ്ച വൈകുന്നേരമോ രാത്രിയോ ആന്ധ്രാ തീരമായ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്കടുത്ത് കൊടുങ്കാറ്റ് തീരം തൊടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബുധനാഴ്ച വരെ ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ചുഴലിക്കൊടുങ്കാറ്റിന്റെ ഫലമായി ഒഡീഷയിൽ ശക്തമായ മഴയുണ്ടാകും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും ഐഎംഡി നിർദേശിച്ചു.
തമിഴ്നാട്, ആന്ധ്ര, ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കൊടുങ്കാറ്റ് അതിതീവ്ര മഴയും കാറ്റും സൃഷ്ടിക്കുമെന്നതിനാൽ സർക്കാരുകൾ അടിയന്തര നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
മോൻത വർഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
District News
തിരുവനന്തപുരം: ‘ശക്തി' അറബിക്കടലിൽ. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി’ അറബികടലിൽ പ്രവേശിച്ചു. ഇടിമിന്നലോടുകൂടെയുള്ള മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അടുത്ത മൂന്ന് ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം അഞ്ചുവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
വരും മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ അടുത്ത ദിവസങ്ങളിൽ പ്രത്യേക മഴ മുന്നറിയിപ്പായ റെഡ് അലർട്ട്, ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട് എന്നിവ നിലവിൽ ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല.