Business
ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ഓല ഇലക്ട്രിക് ഏകദേശം അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി കമ്പനി ഉടമ ഭവിഷ് അഗർവാൾ അറിയിച്ചു. നിലവിൽ ഏകദേശം 3,500 ഓളം ജീവനക്കാരാണ് ഓല ഇലക്ട്രിക്കിൽ ജോലി ചെയ്യുന്നത്.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ കാര്യക്ഷമതയും വേഗവും അച്ചടക്കവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതിന്റ ഭാഗമായാണ് ഈ നടപടിയെന്നു അറിയിച്ചു.
നിലവിൽ രാജ്യത്തുടനീളം 80 ശതമാനത്തിലധികം സർവീസ് പരാതികൾ ഹൈപ്പർ സർവീസ് പദ്ധതിയിലൂടെ അന്നുതന്നെ പരിഹരിക്കാൻ സാധിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.
ഇതിനുമുന്പും കമ്പനിയുടെ നഷ്ടം കുറയ്ക്കാനായി 2025 മാർച്ചിൽ കരാർ തൊഴിലാളികൾ ഉൾപ്പെടെ ആയിരത്തിലധികം പേരെയും 2024 നവംബറിൽ വിവിധ വകുപ്പുകളിലായി 500ലധികം പേരെയും കമ്പനി പിരിച്ചുവിട്ടിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശന്പള പരിഷ്കരണത്തിനായി കമ്മീഷനെ നിയോഗിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജീവനക്കാരുടെ ശന്പള പരിഷ്കരണത്തിൽ അഞ്ചുവർഷതത്വം പാലിച്ചാണ് 12-ാം ശന്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചത്. മൂന്നുമാസത്തിനകം റിപ്പോർട്ട് വാങ്ങി സമയബന്ധിതമായി ശിപാർശകൾ നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവശേഷിക്കുന്ന ക്ഷാമബത്തയും ക്ഷാമാശ്വാസവും പൂർണമായി നൽകും. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശന്പളത്തോടൊപ്പം മാർച്ചിൽ നൽകും.അവശേഷിക്കുന്ന ഡിഎ, ഡിആർ ഗഡുക്കൾ മാർച്ച് മാസത്തെ ശന്പളത്തോടൊപ്പം നൽകുമെന്നും ബജറ്റ് പ്രഖ്യാപനം. ഡിഎ, ഡിആർ കുടിശിക ഘട്ടം ഘട്ടമായി കൊടുത്തുതീർക്കും. ആദ്യ ഗഡു ബജറ്റ് വർഷം നൽകും.
പങ്കാളിത്ത പെൻഷൻ പദ്ധതിയ്ക്കുപകരം അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്തു നടപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. അഷ്വേർഡ് പെൻഷനിൽ അടിസ്ഥാന ശന്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷൻ ഉറപ്പാക്കും.
അഷ്വേർഡ് പെൻഷനിൽ ക്ഷാമാശ്വാസം അനുവദിക്കും. നിലവിലെ എൻപിഎസിൽ നിന്നും അഷ്വേർഡ് പെൻഷനിലേക്ക് മാറാൻ ഓപ്ഷൻ ഉണ്ടാകും. എൻപിഎസിൽ തുടരേണ്ടവർക്ക് തുടരാനുമാകും. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി മാനേജ് ചെയ്യാൻ സംവിധാനം ഒരുക്കും. വിശദ മാർഗ നിർദേശം അടങ്ങിയ ഉത്തരവ് പിന്നീട് ഇറക്കും. സർക്കാർ ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് സ്കീം പുനഃസ്ഥാപിക്കുമെന്നും ബജറ്റിലുണ്ട്.
Kerala
തിരുവനന്തപുരം: മെഡിസെപ് മാതൃകയിൽ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലേയും സഹകരണ സ്ഥാപനങ്ങളിലേയും ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമെന്നു ബജറ്റ് പ്രഖ്യാപനം.
റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് ആദ്യത്തെ അഞ്ചു ദിവസം പണരഹിത ചികിത്സ നൽകുന്ന ലൈഫ് സേവർ പദ്ധതി നടപ്പാക്കും. പദ്ധതിയുടെ കീഴിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ലൈഫ് സേവർ പദ്ധതി നടപ്പാക്കും. ഇതിനായി 15 കോടി രൂപ നീക്കിവച്ചു.
42 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങളുടെ പരിധിക്കു പുറത്തുള്ള കുടുംബങ്ങൾക്ക് ചെറിയ തുക അടച്ചു ചേരാൻ കഴിയുന്ന ഇൻഷ്വറൻസ് പദ്ധതി ഈ വർഷം തന്നെ നടപ്പാക്കും. ഇതിനായി 50 കോടി വകയിരുത്തി.
Kerala
തിരുവനന്തപുരം:അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം ഇന്ന് തടസപ്പെടും. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കുന്നത്.
ജീവനക്കാരുടെ ഒൻപതു സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു.
24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധി. ഇന്ന് പണിമുടക്കും ചേർത്ത് നാല് ദിവസമാണ് ബാങ്കുകൾ അടഞ്ഞു കിടക്കുന്നത്.
National
ന്യൂഡൽഹി: ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം എന്ന ആവശ്യം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടന 27നു രാജ്യവ്യാപകമായി പണിമുടക്കും.
25ന് ഞായറാഴ്ചയും 26 നു റിപ്പബ്ലിക്ദിനവും ആയതിനാൽ പണിമുടക്ക് യാഥാർഥ്യമായാൽ മൂന്നുദിവസം തുടർച്ചയായി രാജ്യത്ത് ബാങ്കിംഗ് സേവനങ്ങൾ മുടങ്ങും. ജീവനക്കാരുടെ സംഘടനയുടെ നോട്ടീസിനെത്തുടർന്ന് ചീഫ് ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടന്നുവെങ്കിലും ഫലമുണ്ടായില്ല.
ഞായറാഴ്ചകൾക്കു പുറമേ മാസത്തിലെ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഇപ്പോൾ ബാങ്ക് അവധിയാണ്. അതേസമയം, എല്ലാ ശനിയാഴ്ചകളും അവധിയാക്കണമെന്ന് 2024 ൽ മാർച്ചിൽ ധാരണയായിരുന്നു എന്ന് ജീവനക്കാരുടെ സംഘടന പറയുന്നു.
District News
പത്തനംതിട്ട: ഇടതു സർക്കാരിന്റെ അനാസ്ഥ മൂലം സഹകരണ മേഖലയ്ക്ക് ഉണ്ടായ തകർച്ച സാധാരണക്കാരുടെ ജീവിതത്തെ താറുമാറാക്കിയതായി ആന്റോ ആന്റണി എംപി.
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കൽ നയിക്കുന്ന സഹകരണ സംരക്ഷണ യാത്രാ ദൗത്യം -2026 സ്വീകരണ പരിപാടി പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി പി. മോഹൻ രാജ്, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി, യുഡിഎഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, കെസിഎഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി , ജനാധിപത്യവേദി ജില്ലാ ചെയർമാൻ കെ. ജയവർമ, ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, കെസിഎഫ് സംസ്ഥാന ഭാരവാഹികളായ സി. വി. അജയൻ,ആക്കിനാട്ട് രാജീവ്, സതീഷ് കുമാർ, ശ്രീജ എസ്. നാഥ്, എസ്. അർച്ചന, സാമുവൽ കിഴക്കുപുറം, ടി. വി. സൈമൺ, റെനീസ് മുഹമ്മദ്, ഉഷ ഗോപിനാഥ്, എം. പി. രാജു, ജില്ലാ പ്രസിഡന്റ് ബിജു തുമ്പമൺ എന്നിവർ പ്രസംഗിച്ചു . പത്തനംതിട്ട ഗാന്ധി പ്രതിമയ്ക്കു സമീപത്തു നിന്നും യാത്രയെ സ്വീകരിച്ചു. ജില്ലയിൽ നിന്നും ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിൽവിജയിച്ചവരെ യോഗത്തിൽ ആദരിച്ചു. യാത്ര ഇന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയിൽ സമാപിക്കും
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഖജുരാഹോയിൽ റിസോർട്ടിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് പേർ മരിച്ചു. റിസോർട്ടിലെ ജീവനക്കാരാണ് മരിച്ചത്.
അഞ്ച് പേർ ഗുരുതരാവസ്ഥാവയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്വാളിയോറിലെ ജാ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്. ഒരാളെ കാണാതായി.
ഖജുരാഹോയിലെ ഗൗതം റിസോർട്ടിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലെ അത്താഴത്തിന് ശേഷമാണ് ജീവനക്കാർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. പിന്നീത് ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
റിസോർട്ട് ജീവനക്കാരെ ആദ്യം ഖജുരാഹോയിലെ ഹെൽത്ത് സെന്ററിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ സ്ഥിതി വഷളായതോടെ എല്ലാവരെയും ഗ്വാളിയോറിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
Kerala
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പടെ നാല് പേർക്കെതിരെ ലൈംഗീകാതിക്രമം. സംഭവത്തിൽ ജീവനക്കാർക്കെതിരെ തൃക്കാക്കര പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
ആസാം സ്വദേശിനിയായ 14കാരിയാണ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി. സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരൻ, ഡ്രൈവർ ,ഗേറ്റ് കീപ്പർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഇവിടെ നിന്ന് ഒരു പെൺകുട്ടിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്. പെൺകുട്ടിയ്ക്കുണ്ടായ അണുബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്.
Kerala
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ നിർണായക ഉത്തരവുമായി കോടതി. ആറ് ജീവനക്കാരെ നുണപരിശോധന നടത്താനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്.
ഫോർട്ട് പോലീസ് നൽകിയ അപേക്ഷയിലാണ് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശാൻ സ്ട്രോംഗ് റൂമിൽ നിന്ന് എടുത്ത സ്വർണത്തിൽ നിന്നാണ് 13 പവൻ കാണാതായത്. പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണം കണ്ടെത്തിയിരുന്നു.
നുണ പരിശോധനയ്ക്ക് മുൻപ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് ഏഴിനും 10നും ഇടയിലാണ് സ്വർണം കാണാതായത്. ക്ഷേത്രം മാനേജർ ആണ് പോലീസിൽ പരാതി നൽകിയത്.
ക്ഷേത്രം പരിസരത്തെ മണലിൽ പൊതിഞ്ഞ നിലയിലാണ് സ്വർണം കണ്ടെത്തിയത്. സ്വർണ്ണ ബാർ ആയിരുന്നു ഇത്.