ന്യൂഡൽഹി: എപ്സ്റ്റീൻ ഫയൽസ് വിഷയത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരേ കൂടുതൽ ആരോപണങ്ങൾ ഉയർന്നതോടെ കേന്ദ്രസർക്കാരും ബിജെപി കേന്ദ്രനേതൃത്വവും കടുത്ത സമ്മർദത്തിൽ. സർക്കാരിന്റെ പ്രതിച്ഛായയ്ക്കു കളങ്കമേൽക്കുന്ന ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നതെന്നാണ് ബിജെപി വൃത്തങ്ങളുടെതന്നെ വിലയിരുത്തൽ.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയാണ് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്ക് അമേരിക്കൻ ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീനുമായി അടുപ്പമുണ്ടായിരുന്നെന്ന ആരോപണം ഉന്നയിച്ചത്. എപ്സ്റ്റീൻ ഫയലുകൾ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ ആരോപണം. ഇതിനു മറുപടിയുമായി കേന്ദ്രമന്ത്രി പത്രസമ്മേളനം നടത്തിയിരുന്നു.
ഇതിൽ താൻ എപ്സ്റ്റീനെ കണ്ടിട്ടുണ്ടന്നും എന്നാൽ അതു ഏതെങ്കിലും പദവി ഏൽക്കുന്നതിനു മുമ്പായിരുന്നെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ചില സംഘടനകളുമായി ബന്ധപ്പെട്ടു വിഷയങ്ങൾക്കാണ് കണ്ടതെന്നും അദ്ദേഹം ന്യായീകരിച്ചു. രാഹുലിന്റെ ആരോപണങ്ങൾ കോമഡിയാണെന്നും മന്ത്രി പരിഹസിച്ചിരുന്നു. എന്നാൽ, കേന്ദ്രമന്ത്രിയെ കൂടുതൽ പ്രതിസന്ധിയിലാക്കി കോൺഗ്രസ് ഇന്നലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു.
62 ഇ മെയിലുകൾ, 14 കൂടിക്കാഴ്ചകൾ
വാളിയായ ജെഫ്രി എപ്സ്റ്റീനുമായി 2014നും 2017നുമിടയിൽ ഹർദീപ് സിംഗ് പുരി 62 ഇ-മെയിൽ സംഭാഷണങ്ങളും 14 കൂടിക്കാഴ്ചകളും നടത്തിയെന്നും ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി വ്യക്തത വരുത്തണമെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെയുൾപ്പെടെ വേശ്യാവൃത്തിക്കു പ്രേരിപ്പിച്ചതിന് 2008ൽ അറസ്റ്റിലായ എപ്സ്റ്റീനുമായി 2014 മുതൽ 2017 വരെയുള്ള കാലയളവിൽ ഹർദീപ് സിംഗ് പുരി എന്താണു ചർച്ച ചെയ്തതെന്നും ആർക്കുവേണ്ടിയാണ് ചർച്ചകൾ നടത്തിയതെന്നും വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. ഹർദീപ് സിംഗ് 32 ഇ-മെയിലുകളും എപ്സ്റ്റീൻ ഹർദീപിന് 30 മെയിലുകളും അയച്ചെന്ന് പവൻ ഖേര ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ആൾ
2014 മേയിൽ മോദിസർക്കാർ അധികാരമേറ്റതിനു തൊട്ടുപിന്നാലെ 2014 ജൂണ്‍ 5, 6, 8, 9 തീയതികളിൽ ഹർദീപ് സിംഗ് എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയെന്നും അതേവർഷം തന്നെ സെപ്റ്റംബർ 19, 23, 24 തീയതികളിലും ഒക്ടോബർ 9, 10 തീയതികളിലും കൂടിക്കാഴ്ച നടന്നുവെന്നും പവൻ പറഞ്ഞു.
ലിങ്ക്ഡ് ഇന്നിന്റെ സഹസ്ഥാപകനായ റെയ്ഡ് ഹോഫ്മാന്‍ എപ്സ്റ്റീൻ 2014 സെപ്റ്റംബർ 24ന് അയച്ചിരിക്കുന്ന ഒരു മെയിലും പവൻ ഖേര പരാമർശിച്ചു. ’റെയ്ഡ്, ഹർദീപാണ് ഇന്ത്യയിലെ നിങ്ങളുടെ ആൾ’ എന്നു പരാമർശമുള്ള മെയിൽ ചൂണ്ടിക്കാട്ടി എപ്സ്റ്റീന് ഹർദീപ് സിംഗിൽ ഇത്രത്തോളം വിശ്വാസം എങ്ങനെ വന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.
ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീനുമായി ആശയവിനിമയങ്ങൾ നടത്തുന്നത് അപരാധമാണോ അല്ലയോ എന്ന് ഹർദീപ് സിംഗ് വ്യക്തമാക്കണമെന്നും ഒന്നുകിലത് മോശം തീരുമാനമോ അതല്ലെങ്കിൽ മോശം സ്വഭാവമോ ആണെന്നു പവൻ ഖേര കുറ്റപ്പെടുത്തി.