വാഷിംഗ്ടൺ ഡിസി: ലൈംഗിക അതിക്രമക്കേസുകളിൽ പ്രതിയായിരിക്കെ ജയിലിൽ ജീവനൊടുക്കിയ അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്സ്റ്റീനു ഗൊണോറിയ ഉൾപ്പെടെയുള്ള ഗുരുതര ലൈംഗികരോഗങ്ങൾ ബാധിച്ചിരുന്നതായി വെളിപ്പെടുത്തൽ. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ രേഖകളിലാണ് എപ്സ്റ്റീന്റെ ഹോർമോൺ കുറവുകളെക്കുറിച്ചും രോഗവിവരങ്ങളെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുകളുള്ളത്.
ആശങ്കകൾ ഇ മെയിലിൽ
വർഷങ്ങളോളം നീണ്ടുനിന്ന ഹോർമോൺ അപര്യാപ്തത എപ്സ്റ്റീനെ അലട്ടിയിരുന്നതായി മെഡിക്കൽ പരിശോധനാ ഫലങ്ങൾ സൂചിപ്പിക്കുന്നു. ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് താഴ്ന്നനിലയിലായിരുന്നു. പത്തു വർഷത്തോളമായി തന്റെ ഹോർമോൺ നില ഇതേ രീതിയിലാണെന്ന് എപ്സ്റ്റീൻ ഡോക്ടർമാർക്ക് അയച്ച ഇമെയിലുകളിൽ വ്യക്തമാക്കുന്നുണ്ട്.
2015ൽ ഡോക്ടർക്ക് അയച്ച ഇമെയിലിൽ തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ എപ്സ്റ്റീൻ പങ്കുവയ്ക്കുന്നുണ്ട്. ഇതിനായി ക്ലോമിഡ് പോലുള്ള മരുന്നുകൾ ഡോക്ടർമാർ നിർദേശിച്ചെങ്കിലും, ശരീരഭാരം കൂടുന്നതും നീർക്കെട്ടും കണക്കിലെടുത്ത് 2016ൽ ചികിത്സ ഉപേക്ഷിക്കുകയായിരുന്നു.
ചികിത്സ തേടി
ഗൊണോറിയ ഉൾപ്പെടെയുള്ള ലൈംഗിക രോഗങ്ങളും മറ്റ് അണുബാധകളും എപ്സ്റ്റീനെ ബാധിച്ചിരുന്നു. 2016ൽ തനിക്ക് ലൈംഗിക രോഗം ബാധിച്ചതായും അതിനായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നതായും അദ്ദേഹം ഡോക്ടറെ അറിയിച്ചിട്ടുണ്ട്. ലൈംഗിക ശേഷി വർധിപ്പിക്കാനുള്ള ഉത്പന്നങ്ങളുടെ പരസ്യങ്ങൾ ഇ മെയിൽ വഴി എപ്സ്റ്റീൻ നിരന്തരം സ്വീകരിച്ചിരുന്നു. സ്വന്തം ബീജം ഭാവിയിലേക്കു സൂക്ഷിച്ചുവയ്ക്കുന്നതിനെക്കുറിച്ചും എപ്സ്റ്റീൻ വിവരങ്ങൾ തേടിയിരുന്നതായും രേഖകൾ പറയുന്നു.
എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം പുറത്തുവിട്ട ലക്ഷക്കണക്കിനു രേഖകളുടെ ഭാഗമായാണ് ഈ വിവരങ്ങളും പുറത്തുവന്നത്. 2019 ഓഗസ്റ്റിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ വിചാരണ നടപടികൾ പുരോഗമിക്കവേ എപ്സ്റ്റീൻ ജയിലിൽ തൂങ്ങി മരിക്കുകയായിരുന്നു.
Tags : Epstein sexually transmitted diseases Medical records Jeffrey Epstein controversy