അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കുറെക്കാലമായി വിവാദങ്ങളിൽ മുങ്ങി നിൽക്കുന്ന പേരാണ് ജെഫ്രി എപ്സ്റ്റീൻ. ഈ ഒരു പേരു കാരണം പേരുദോഷം വന്നവരും സ്ഥാനം പോയവരും അധികാരം തെറിച്ചവരും കുടുംബത്തിൽനിന്നു പുറത്തായവരുമൊക്കെ നിരവധി.
ഇപ്പോൾ ഇന്ത്യയിലും ഈ പേര് രാഷ്ട്രീയ വിവാദങ്ങളിൽ കൊഴുക്കുന്നു. അപ്പോൾ ഉയരുന്ന പലരുടെയും സംശയം ഇതാണ്. ആരാണ് ജെഫ്രി എപ്സ്റ്റീൻ? എങ്ങനെയാണ് അയാൾ ഇത്ര വലിയ വിവാദപുരുഷനായത്?
ഒരു അമേരിക്കൻ ധനികനും പണമിടപാടുകാരനും അന്താരാഷ്ട്ര തലത്തിൽ വിവിഐപികളുടെ അടുപ്പക്കാരനുമായിരുന്നു ജെഫ്രി എപ്സ്റ്റീൻ. എന്നാൽ, ഇയാളുടെ വിവിഐപി അടുപ്പങ്ങൾ നേരായ വഴിക്കുള്ളതല്ല എന്നതാണ് ഇയാളെയും ഇയാളുമായി കൂട്ടുകൂടിയവരെയും വിവാദത്തിലാഴ്ത്തിയത്.
നൂറു കണക്കിനു യുവതികളെയും കൗമാരക്കാരികളെയും ചൂഷണം ചെയ്തും ദുരുപയോഗം ചെയ്തും സമ്പന്നർക്കും ഭരണാധികാരികൾക്കും കാഴ്ചവച്ചുമൊക്കെയാണ് ഇയാൾ വിവിഐപികളുടെ പ്രിയപ്പെട്ടവനായത്. തന്റെ വിജയകരമായ സാമ്പത്തിക കരിയറിലൂടെ കോടീശ്വരനായി മാറിയ എപ്സ്റ്റീൻ, അതിസമ്പന്നർ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ, രാജകുടുംബാംഗങ്ങൾ എന്നിവരുൾപ്പെടുന്ന ഒരു വലിയ സൗഹൃദ വലയം കെട്ടിപ്പടുത്തിരുന്നു.
കൗമാരക്കാരികളായ പെൺകുട്ടികളെ ലൈംഗിക അടിമകളെപ്പോലെയാണ് ഇയാൾ കൈവശം വച്ചിരുന്നത്. വിവിഐപികളായ ഇടപാടുകാർക്കു മുന്നിലേക്കു പെൺകുട്ടികളെ പറഞ്ഞുവിട്ടു.
കണക്കിൽ മിടുക്കൻ
1953 ജനുവരി 20ൽ പോള എപ്സ്റ്റീന്റെയും സെയ്മൂർ എപ്സ്റ്റീന്റെയും രണ്ട് മക്കളിൽ ആദ്യത്തെയാളായാണ് എപ്സ്റ്റീന്റെ ജനനം. ഗണിതശാസ്ത്രത്തിൽ മികച്ച കഴിവ് പ്രകടിപ്പിച്ചിരുന്ന എപ്സ്റ്റീൻ ഒരു മികച്ച പിയാനിസ്റ്റുമായിരുന്നു. 1969ൽ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
കൂപ്പർ യൂണിയൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസ് ആൻഡ് ആർട്സിൽ 1971 വരെ പഠിച്ചു. പിന്നീട് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ കൂറന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലേക്കു മാറി. മൂന്നു വർഷം അവിടെ പഠിച്ചെങ്കിലും ബിരുദം പൂർത്തിയാക്കിയില്ല.
ആദ്യ ആരോപണം 2005ൽ
2005-ൽ പാം ബീച്ചിൽ വച്ചാണ് എപ്സ്റ്റീനെതിരെ ആദ്യമായി ലൈംഗിക പീഡനാരോപണം ഉയരുന്നത്. 14 വയസുകാരിയായ വളർത്തു മകളെ പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ പരാതിപ്പെട്ടതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. എഫ്ബിഐയും കേസിൽ ഇടപെട്ടു. പക്ഷേ, എപ്സ്റ്റീൻ സ്വതന്ത്രനായിത്തന്നെ വിഹരിച്ചു. പക്ഷേ, ഇയാൾ അന്വേഷണ ഏജൻസികളുടെ റെഡാറിൽ ആയിരുന്നു.
2008-ൽ വീണ്ടും ആരോപണം വന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക തൊഴിലിനു പ്രേരിപ്പിച്ചു എന്ന കുറ്റം ഇയാൾക്കു സമ്മതിക്കേണ്ടി വന്നതോടെയാണ് എപ്സ്റ്റീൻ ആദ്യമായി അറസ്റ്റിലാകുന്നത്. 13 മാസം മാത്രം തടവുശിക്ഷ ലഭിച്ച എപ്സ്റ്റീൻ പക്ഷേ, പുറത്തിറങ്ങി. ഒരു ദശാബ്ദത്തിനു ശേഷം 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗികാശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് ഇയാൾ വീണ്ടും അറസ്റ്റിലായി ജയിലടയ്ക്കപ്പെട്ടു.
ഇയാളുടെ ഇടപാടുകൾ അന്വേഷിച്ചു പോയ അന്വേഷണ ഏജൻസികൾ ഞെട്ടിത്തരിച്ചു. ഒരു ദ്വീപ് സ്വന്തമാക്കിയ ഇയാൾ അവിടെ പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. പല പ്രമുഖർക്കും പെൺകുട്ടികളെ നൽകിയത് ഈ ദ്വീപിലാണെന്നു പറയുന്നു. നൂറു കണക്കിനു പെൺകുട്ടികളായിരുന്നു ഇരകൾ. ജയിലിൽ ആയതിന്റെ തൊട്ടടുത്ത മാസം ഓഗസ്റ്റ് 10ന് മൻഹാൻട്ടണിലെ ജയിലറയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ എപ്സ്റ്റീനെ കണ്ടെത്തി.

എപ്സ്റ്റീൻ ഫയൽസ്
2019ൽ ജെഫ്രി എപ്സ്റ്റീന്റെ മരണത്തിനു പിന്നാലെ എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, കോൺടാക്ട് ലിസ്റ്റുകൾ, കോൾ റിക്കാർഡുകൾ, ചാറ്റുകൾ, വീഡിയോകൾ, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും ഇടപാടുകാരുടെയും പേരുകൾ എന്നിവ ഉൾപ്പെടുന്ന ഫയലാണ് എപ്സ്റ്റീൻ ഫയലുകൾ എന്നറിയപ്പെടുന്നത്. മൂന്നു ദശലക്ഷത്തിലധികം പേജുകളുള്ളതാണ് ഈ ഫയല്. 2,000 ലധികം വീഡിയോകൾ, രണ്ടു ലക്ഷത്തോളം ചിത്രങ്ങൾ എന്നിങ്ങനെ മുമ്പ് പുറത്തുവിടാതെ മാറ്റിവച്ചിരുന്ന വിപുലമായ രേഖകളാണ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്.
എപ്സ്റ്റീൻ ഫയലുകളിലെ ഉള്ളടക്കം, അതിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും ഏതു സാഹചര്യത്തിലാണ് അവരുടെ പേരുകൾ പരാമർശിക്കപ്പെട്ടത് തുടങ്ങിയ വിഷയങ്ങൾ അമേരിക്കൻ രാഷ്ട്രീയ ലോകത്തു വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിതെളിച്ചു.
30 ലക്ഷം പേജുകൾ
ഡിസംബർ 19ന് പുറത്തുവിട്ട ആദ്യഘട്ട രേഖകളിൽ ബിൽ ക്ലിന്റന്റെയും മൈക്കൽ ജാക്സന്റെയും ചിത്രങ്ങൾ ഉൾപ്പെട്ടിരുന്നു. പിന്നീട് ഡിസംബർ 23ന് പുറത്തുവിട്ട രേഖകളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻപ് റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതൽ തവണ എപ്സ്റ്റീന്റെ വിമാനത്തിൽ യാത്ര ചെയ്തതായി സൂചിപ്പിക്കുന്ന വിവരങ്ങൾ ഉണ്ടായിരുന്നു.
2026 ജനുവരി 30ന് പുറത്തിറക്കിയ അവസാനഘട്ട രേഖകളാണ് ഏറ്റവും വലുത്. ഇതിൽ 30 ലക്ഷം പേജുകളും 2,000 വീഡിയോകളും ഉൾപ്പെടുന്നു. ഈ പുതിയ വെളിപ്പെടുത്തലുകൾ പ്രമുഖരായ പലരെയും പ്രതിരോധത്തിലാക്കി.
ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ ഒരു യുവതിയോടൊപ്പം നിൽക്കുന്ന വിവാദപരമായ ചിത്രങ്ങൾ ഈ ഫയലുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. വിർജിൻ ഗ്രൂപ്പ് തലവൻ റിച്ചാർഡ് ബ്രാൻസൺ, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, ഒളിമ്പിക് കമ്മിറ്റി ചെയർമാൻ കേസി വാസർമാൻ, ഹാർവാർഡ് മുൻ പ്രസിഡന്റ് ലാറി സമ്മേഴ്സ്, സിനിമാ സംവിധായകൻ ബ്രെറ്റ് റാറ്റ്നർ എന്നിവരുടെ പേരുകളും ഫയലുകളിൽ ഉണ്ട്.
തലയൂരാൻ വിഷമിച്ചവർ
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെക്കുറിച്ചും രേഖകളിൽ പരാമർശമുണ്ട്. താൻ എപ്സ്റ്റീനുമായുള്ള ബന്ധം പതിറ്റാണ്ടുകൾക്ക് മുമ്പ് അവസാനിപ്പിച്ചതാണെന്നു ട്രംപ് പറഞ്ഞു. മുൻ ഇസ്രായേൽ പ്രധാനമന്ത്രി എഹൂദ് ബരാക്കും എപ്സ്റ്റീനും തമ്മിൽ 2008-ലെ ശിക്ഷയ്ക്കു ശേഷവും ബന്ധമുണ്ടായിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.
കൂടാതെ, സ്ലോവാക്യൻ മുൻ വിദേശകാര്യ മന്ത്രി മിറോസ്ലാവ് ലജ്ചാക്ക് പെൺകുട്ടികളെക്കുറിച്ച് എപ്സ്റ്റീനുമായി നടത്തിയ സന്ദേശങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് അദ്ദേഹം തന്റെ ഔദ്യോഗിക പദവി രാജിവച്ചു. 2005ന് ശേഷം എപ്സ്റ്റീനുമായി ബന്ധമില്ലെന്ന് പറഞ്ഞ ഹോവാർഡ് ലുട്നിക്, 2012-ൽ എപ്സ്റ്റീന്റെ ദ്വീപ് സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നതായി രേഖകൾ തെളിയിക്കുന്നു.
എലോൺ മസ്കും എപ്സ്റ്റീനും തമ്മിലുള്ള യാത്രാ പദ്ധതികളെക്കുറിച്ചുള്ള ഇ മെയിലുകൾ പുറത്തുവന്നിട്ടുണ്ട്. ദ്വീപിലെ പാർട്ടികളെക്കുറിച്ച് മസ്ക് അന്വേഷിക്കുന്നതായി ഇതിൽ കാണുന്നുണ്ടെങ്കിലും, താൻ ഒരിക്കലും ആ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്ന് മസ്ക് പ്രതികരിച്ചു.
ആയിരത്തോളം ഇരകൾ
2025ൽ അധികാരമേറ്റ ശേഷം ഈ ഫയലുകൾ പുറത്തുവിടുന്നതിൽ ട്രംപ് ആദ്യം മടി കാണിച്ചിരുന്നു. എന്നാൽ, എപ്സ്റ്റീന്റെ ഇരകളിൽനിന്നും രാഷ്ട്രീയ നേതാക്കളിൽനിന്നും വലിയ സമ്മർദം ഉണ്ടായതോടെ, ഇത് ഒരു വലിയ ജനകീയ ആവശ്യമായി മാറി. ഇരകളായ ആയിരത്തോളം പെൺകുട്ടികളുടെ പോരാട്ടവും വിർജീനിയ ഗിഫ്രെയുടെ പുസ്തകവും ഈ നീക്കത്തിന് വേഗം കൂട്ടി. ഒടുവിൽ, 2025 നവംബറിൽ എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് നിയമമായി മാറുകയും രേഖകൾ ഘട്ടംഘട്ടമായി പുറത്തുവിടാൻ തുടങ്ങുകയും ചെയ്തു.
ഇങ്ങനെ ആയിരക്കണക്കിനു രേഖകൾ പുറത്തുവിട്ടതോടെ, എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചും ലോകത്തെ സ്വാധീനശക്തിയുള്ള വ്യക്തികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചുമുള്ള വിവാദങ്ങൾ കൂടുതൽ ശക്തമായി.
അതിന്റെ ഒടുവിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഈ പേജുകളിൽ പരാമർശിക്കപ്പെടുന്നതായി വിവാദമുണ്ടായത്. പ്രധാനമന്ത്രി എപ്സ്റ്റീനുമായി സംസാരിച്ചെന്നും അയാളുടെ നിർദേശപ്രകാരം ഇസ്രയേൽ സന്ദർശിച്ചെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ, കേന്ദ്ര സർക്കാർ ഇതു നിഷേധിക്കുകയാണ്.
Tags : Epstein Jeffrey Epstein files U.S. client list controversy vvip sex slaves victim girls sex offender