National
ചെന്നൈ: വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളികാമറ വച്ച യുവതി പിടിയിൽ. ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്തയാണ് (21) പിടിയിലായത്. തമിഴ്നാട് കൃഷ്ണഗിരിയിൽ ടാറ്റാ ഇലക്ട്രോണിക്സിന്റെ വനിതാ ഹോസ്റ്റലിലാണ് കാമുകന്റെ നിർബന്ധപ്രകാരം യുവതി ഒളികാമറ വച്ചത്.
സംഭവത്തിൽ ഒഡീഷ സ്വദേശിയായ യുവതിയുടെ കാമുകനും അറസ്റ്റിലായി. ബെംഗളുരുവിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സന്തോഷ് (25) ആണ് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിക്കൊണ്ട് ഒളികാമറ സ്ഥാപിച്ചത്. ദൃശ്യങ്ങൾ കാമുകന് കൈമാറിയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി.
ഹോസ്റ്റലിലെ എല്ലാ മുറികളിലും പോലീസ് പരിശോധന നടത്തി. ടാറ്റാ ഇലക്ട്രോണിക്സ് 6500 വനിതാ ജീവനക്കാർക്കായി നാഗമംഗലത്ത് നടത്തുന്ന ഹോസ്റ്റലിലാണ് സംഭവം. 11 ബ്ലോക്കുകളുള്ള ഹോസ്റ്റലിലെ ഒരു മുറിയിൽ നാല് പേരാണ് താമസിക്കുന്നത്. ഞായറാഴ്ച ശുചിമുറിയിൽ ഒളികാമറ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശി നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.
Kerala
പത്തനംതിട്ട: കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് ആക്രമിച്ച് ഭർത്താവ്. പത്തനംതിട്ട അടൂരിലാണ് സംഭവം.
ആക്രമണത്തിൽ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 22നാണ് യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത്. തുടർന്ന് ഭർത്താവിന്റെ അമ്മ യുവതിയെ കാണാതായി എന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയെ കണ്ടെത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന സമയത്താണ് ഭർത്താവ് ആക്രമിച്ചത്. വിദേശത്തായിരുന്ന ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞതിനെ തുടർന്നാണ് നാട്ടിലെത്തിയത്.
പോലീസ് സ്റ്റേഷനിൽ എത്തിച്ച യുവതിയെ പോലീസ് സംരക്ഷണത്തിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവേയാണ് ആക്രമണം ഉണ്ടായത്. ഉടൻതന്നെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയും ഭർത്താവും പ്രണയിച്ച് വിവാഹിതരായവരാണ്.