ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശിൽ യുവതിയെ പങ്കാളി വെടിവച്ചു കൊന്നു. എയിംസ് ആശുപത്രിയിലെ ജീവനക്കാരി പ്രീതി റാവത്ത് (32) ആണ് കൊല്ലപ്പെട്ടതെന്ന് ഡെറാഡൂൺ സീനിയർ പോലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു.
വിവാഹമോചിതയായ പ്രീതി, ശിവാജി നഗർ പ്രദേശത്തെ ഒരു വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഋഷികേശിൽ വച്ച് വിവാഹിതനായ സുരേഷ് ഗുപ്ത എന്നയാളെ പ്രീതി പരിചയപ്പെട്ടു.
തുടർന്ന് ഇവർ പ്രണയത്തിലായി. പ്രീതിയെ വിവാഹം ചെയ്യാൻ ഭാര്യയിൽ നിന്നും വിവാഹമോചനം നേടാൻ ഇയാൾ അപേക്ഷ നൽകി. ഇതിനിടെ ബന്ധത്തെ കുറിച്ച് അറിഞ്ഞ പ്രീതിയുടെ ബന്ധുക്കൾ, വിവാഹത്തിന് മുമ്പ് ഋഷികേശിൽ ഒരു വീട് വാങ്ങാൻ സുരേഷിനോടു ആവശ്യപ്പെട്ടു.
ഇതിനായി ഹരിദ്വാറിലെ ലക്സറിലുള്ള തന്റെ സ്വത്തുക്കൾ 35 ലക്ഷം രൂപയ്ക്ക് വിറ്റ അദ്ദേഹം ഋഷികേശിൽ വീട് അന്വേഷിച്ചുവരികയായിരുന്നു. എന്നാൽ, അനുയോജ്യമായ വീട് കണ്ടെത്താൻ സുരഷിന് കഴിഞ്ഞില്ല.
ഇതേചൊല്ലി സുരേഷും പ്രീതിയും തമ്മിൽ വഴക്ക് പതിവായി. പ്രീതിയെ വിവാഹം കഴിക്കാൻ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാൻ കഴിയാത്തതിനാലും സ്വത്തുക്കൾ മുഴുവൻ വിറ്റിട്ടും ഋഷികേശിൽ ഒരു വീട് വാങ്ങാൻ സാധിക്കാത്തതിലുമുണ്ടായ വിഷാദം മൂലമാണ് ഗുപ്ത, പ്രീതിയെ കൊലപ്പെടുത്തിയതെന്ന് അജയ് സിംഗ് പറഞ്ഞു.
പ്രീതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ഋഷികേശ് പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103(1) (കൊലപാതകം) പ്രകാരം ഗുപ്തയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : death murder Lover Rishikesh