Editorial
പറഞ്ഞുവരുന്പോൾ ജീവിതം വികസിതഭാരതത്തിലാണ്. പക്ഷേ, കീറക്കടലാസിന്റെ വിലപോലുമില്ലാത്ത ടിക്കറ്റുമായി വിമാനത്താവളത്തിലിരിക്കുന്നവരും ആയുസിന്റെ ബലംകൊണ്ടുമാത്രം ഹൈവേ യാത്ര പൂർത്തിയാക്കുന്നവരുമൊക്കെ ഓർമിപ്പിക്കുന്നത് കാളവണ്ടിയുഗത്തിന്റെ കെടുകാര്യസ്ഥതയാണ്.
ദിവസങ്ങൾക്കും മാസങ്ങൾക്കും മുന്‍പ് വാങ്ങിയ ടിക്കറ്റുമായി വിമാനത്താവളങ്ങളിലെത്തുന്പോഴാണ് യാത്രക്കാരോട് ഉളുപ്പില്ലാതെ വിമാനക്കന്പനികൾ പറയുന്നത്, വിമാനം റദ്ദാക്കിയെന്ന്. അമേരിക്കയിലേതിനേക്കാൾ മികച്ച വഴികളെന്ന പരസ്യം കേട്ടു കുതിച്ചവരാണ് ദേശീയപാതയിലെ പാതാളവിള്ളലിൽ തൂങ്ങിക്കിടക്കുന്നത്.
ചെയ്യുന്ന പണിക്ക് ഉറപ്പും ഉത്തരവാദിത്വവുമില്ലെങ്കിൽ ചോദിക്കാനും പറയാനുമൊരു സർക്കാരുണ്ടെന്നു വിമാനക്കന്പനികൾക്കും ദേശീയപാതക്കരാറുകാർക്കും തോന്നിയിരുന്നെങ്കിൽ രണ്ടാമതൊരു വിമാനം റദ്ദാക്കില്ലായിരുന്നു, രണ്ടാമതൊരു വഴി ഇടിഞ്ഞുതാഴില്ലായിരുന്നു. ഇടിയുന്ന മണ്ണിനും അടയുന്ന ആകാശത്തിനും മധ്യേ ജനം തിരയുന്നത് സർക്കാരിനെയാണ്.
ഭൂമിയിൽനിന്നു തുടങ്ങാം. ദേശീയപാത ഇടിഞ്ഞുതാഴ്ന്ന പരന്പരയിൽ ഏറ്റവും പുതിയത് കൊല്ലം ജില്ലയിലെ മൈലക്കാടാണ്. 30 മീറ്ററോളം നീളത്തിൽ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്കു താഴ്ന്ന് വലിയ ഗർത്തമുണ്ടായി. സ്കൂൾ വാൻ അടക്കം റോഡിലുണ്ടായിരുന്ന വാഹനങ്ങളിലെ ആളുകളെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. വിണ്ടുകീറിയ റോഡിൽനിന്നു വാഹനങ്ങൾ മാറ്റാൻ പറ്റാത്ത സാഹചര്യമായിരുന്നു.
ശിവാലയ കൺസ്ട്രക്ഷൻസാണ് ദേശീയപാതയുടെ ഈ ഭാഗം പണിതുകൊണ്ടിരുന്നത്. നിർമാണത്തിനിടെത്തന്നെ, റോഡിന്റെ സുരക്ഷ അപകടത്തിലാണെന്നു നാട്ടുകാരും പിന്നീട് ദേശീയപാതാ അഥോറിറ്റിയുടെ വിദഗ്ധസംഘവും മുന്നറിയിപ്പു നൽകിയിരുന്നതാണ്.
കായലിൽനിന്നുള്ള കളിമണ്ണ് ആലപ്പുഴ, കൊല്ലം ജില്ലകളിൽ ദേശീയപാതാ നിർമാണത്തിനു വ്യാപകമായി ഉപയോഗിക്കുന്നതിനാൽ വലിയ ആശങ്കയാണ് നിലവിലുള്ളത്. ആരു പറഞ്ഞിട്ടും കാര്യമില്ല. ദേശീയപാതാ അഥോറിറ്റിയുടെ കെടുകാര്യസ്ഥത രാജ്യത്തു പലയിടത്തും റോഡുകളും പാലങ്ങളും ഉൾപ്പെടെ നിർമിതികളുടെ തകർച്ചയ്ക്ക് ഇടയാക്കുകയാണ്.
കഴിഞ്ഞ മേയിൽ ദേശീയപാത 66ന്റെ ഭാഗമായ കേരളത്തിലെ റോഡുകൾ തുടർച്ചയായി ഇടിഞ്ഞുവീണതാണ്. അന്നും വാഹനങ്ങളും ആളുകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കുന്നിടിച്ചും ചതുപ്പു നികത്തിയുമുള്ള റോഡിന്റെ സുരക്ഷയെക്കുറിച്ച് ജനപ്രതിനിധികളും ജനങ്ങളും മുന്നറിയിപ്പു നൽകിയെങ്കിലും ഗൗനിച്ചില്ല.
മലപ്പുറം ജില്ലയിലെ വേങ്ങര, തലപ്പാറ, കൂരിയാട്, എടരിക്കോട് മമ്മാലിപ്പടി, ചെറുശാല, തൃശൂരിലെ ചാവക്കാട്, കണ്ണൂർ തളിപ്പറമ്പ് കുപ്പം, കാഞ്ഞങ്ങാട് ചെങ്കള-നീലേശ്വരം കല്യാൺ റോഡ്... മഴക്കാലം തുടങ്ങിയ സമയത്ത് ഒഴുകിപ്പോയ വഴികളേറെയാണ്. ഒരു പഞ്ചായത്ത് റോഡിന്റെ സുരക്ഷപോലുമില്ലാത്ത ഈ രാജപാതകൾ നിർമിക്കുന്ന സർക്കാർ സ്ഥാപനത്തിന്റെ പേരാണ് ദേശീയപാതാ അഥോറിറ്റി.
ദേശീയപാത ഇടിഞ്ഞുകൊണ്ടിരിക്കെയാണ് റദ്ദാക്കുന്ന വിമാനങ്ങളുടെ വാർത്ത വന്നത്. ആയിരക്കണക്കിനു വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടിയിരുന്ന പതിനായിരക്കണക്കിനു യാത്രക്കാർ ദുരിതത്തിലായി. ഇൻഡിഗോ വിമാനക്കന്പനി സൃഷ്ടിച്ച ആ ദുരിതം വിറ്റു കാശാക്കാൻ മറ്റു വിമാനക്കന്പനികൾ ഉടനെയെത്തി.
5,000-10,000 രൂപ വരെയുള്ള ടിക്കറ്റ് 25,000-45,000 രൂപയ്ക്കു വിൽക്കാനിറങ്ങിയവരെ നിയന്ത്രിക്കാൻ ജനരോഷം ശക്തമായതോടെ കേന്ദ്രസർക്കാർ നിർബന്ധിതമായി. ഇതേ കന്പനികളാണ് വർഷങ്ങളായി ഓണം, ക്രിസ്മസ്, റംസാൻ വിശേഷാവസരങ്ങളിൽ ടിക്കറ്റിനു കൊള്ളവില ഈടാക്കുന്നത്. ജീവനക്കാരുടെ കുറവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഏർപ്പെടുത്തിയ പൈലറ്റുമാർക്കുള്ള പുതിയ ജോലി സമയപരിധിയുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നു ചൂണ്ടിക്കാണിക്കുന്നു.
ആഭ്യന്തര സർവീസുകൾ വൈകിയതോടെ അന്തർദേശീയ യാത്രക്കാരും കുടുങ്ങി. ആയിരക്കണക്കിനു സർവീസുകൾ ഇൻഡിഗോ റദ്ദാക്കുവോളം ഇത്തരമൊരു പ്രതിസന്ധി ഉടലെടുക്കുന്നത് കേന്ദ്രസർക്കാരും അറിഞ്ഞില്ലെന്നുവേണം കരുതാൻ. വിമാനയാത്രക്കാരെ ട്രെയിനിൽ കയറ്റിവിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. പരാതികളുടെ പാളത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന റെയിൽവേ ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നു കണ്ടറിയണം.
കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഏറ്റവും പരിഹാസ്യമായ മുഖങ്ങളാണ് ദേശീയപാതയിലും വിമാനത്താവളങ്ങളിലും തെളിയുന്നത്. അറ്റകുറ്റപ്പണിപോലും യഥാസമയം നടത്താത്തതും അപകടസാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നതുമായ എയർ ഇന്ത്യ വിമാനങ്ങളുടെ വാർത്തകൾ വായിച്ചുതീരും മുന്‍പാണ് ഇൻഡിഗോ എന്ന ഒരൊറ്റ വിമാനക്കന്പനിയുടെ പാളിച്ച ഈ രാജ്യത്തെ വ്യോമഗതാഗതത്തെയാകെ താറുമാറാക്കിയത്.
ലോകത്തിനു മുന്നിൽ നാണംകെടുകയാണ് രാജ്യം. ദേശീയപാതയുടെ തകർച്ച വാർത്തപോലും അല്ലാതായി. ദേശീയപാത പണിതാലുടനെ, ഞങ്ങളെ കണ്ടോയെന്നു പറഞ്ഞ് ഓടിയെത്തുന്ന സംസ്ഥാന സർക്കാർ ഇടിയുന്ന പാതയ്ക്കരികെ നിന്ന് കേന്ദ്രത്തെ ചൂണ്ടിക്കാണിക്കും.
കരാറുകാരെ കരിന്പട്ടികയിൽപെടുത്തി തലയൂരാനുള്ള സാമർഥ്യമല്ലാതെ പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞിട്ടില്ല. ഏറ്റെടുക്കുന്ന കരാറുകൾ ചെറിയ തുകയ്ക്ക് ഉപകരാർ കൊടുത്തു കൈ നനയാതെ കാശുവാരുന്ന ചങ്ങാത്ത മുതലാളിമാരിലേക്കും അവരുടെ ഉന്നത രാഷ്ട്രീയബന്ധങ്ങളിലേക്കും വേണം അന്വേഷണം പോകാൻ.
ആകാശത്തും ഭൂമിയിലും ഈ കുറ്റകരമായ അനാസ്ഥ തുടരുന്പോൾ കേന്ദ്രസർക്കാർ കരിന്പട്ടികയിൽ സ്വന്തം പേരെഴുതി ചേർക്കുന്നതാണ് ജനം കാണുന്നത്. ദേശീയപാതയിലെ കളിമൺ റോഡുകൾ പോലെ, ഒരു ചാറ്റൽമഴയിൽ ഒലിച്ചുപോകുന്നതാകരുത് കൊട്ടിഘോഷിക്കുന്ന വികസിതഭാരതം.
Movies
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സംഭവത്തിൽ നടൻ ഹരീഷ് കണാരനുമായി ഒത്തുതീർപ്പിനില്ലെന്ന് വ്യക്തമാക്കി നിർമാതാവ് ബാദുഷ. ബാദുഷയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും തര്‍ക്ക വിഷയം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്ന ഹരീഷിന്റെ പ്രസ്താവനയ്ക്കു മറുപടിയെന്നോണമാണ് വിശദീകരണ കുറിപ്പുമായി ബാദുഷ എത്തിയത്.
‘‘ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു. അവർ ഫോൺ എടുത്തില്ല. അന്നു തന്നെ നിർമ്മലിനെ (നിർമൽ പാലാഴി) വിളിച്ചു, ഞാൻ കാര്യങ്ങൾ സംസാരിച്ചു. ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല, ഈ ജനങ്ങളുടെ മുന്നിൽ ഇത്രയ്ക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീർപ്പ്. എനിക്ക് പറയാനുള്ളതെല്ലാം എന്റെ ‘റേച്ചൽ’ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയും.
അത് വരെ എനിക്ക് എതിരെ കൂലി എഴുത്തുകാരെ കൊണ്ട് ആക്രമിച്ചോളു. ഈ അവസ്ഥയിൽ എന്നോടൊപ്പം കൂടെ നിൽക്കുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരു പാട് നന്ദി.’’–ബാദുഷയുടെ വാക്കുകൾ.
‘മധുരക്കണക്ക്’ എന്ന സിനിമയുടെ തിയറ്റര്‍ വിസിറ്റിനിടെ ബാദുഷയെ വിളിച്ചിരുന്നോ? എന്ന യുട്യൂബേഴ്സിന്റെ ചോദ്യത്തിന് മറുപടിയായി ഹരീഷ് പറഞ്ഞ പ്രസ്താവനയോട് മറുപടി പറയുകയായിരുന്നു ബാദുഷ. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് ബാദുഷയെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞതായുമാണ് ഹരീഷ് പറഞ്ഞത്.
NRI
ദോഹ: ആധുനിക മനുഷ്യൻ നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് ഇസ്ലാമിന് കൃത്യമായ പരിഹാരം നിർദേശിക്കാനാകുമെന്നും ഇസ്ലാം പഠിപ്പിച്ച ധാർമിക മൂല്യങ്ങളെകുറിച്ച് അറിയാൻ ശ്രമിച്ചാൽ പരിഹാരം സാധ്യമാണെന്നും ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിച്ച കേരള കോൺഫറൻസ് അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ പരിഗണിക്കുകയും ചേർത്ത് നിർത്തുകയും വേണം. ജീവിതപ്രശ്നങ്ങളിൽ സമചിത്തത കൈവിടാതെ ക്ഷമിക്കാൻ നാം പരിശീലനം നേടണമെന്നും ഇതാണ് പ്രവാചകരും അനുയായികളും പഠിപ്പിച്ച ഇസ്ലാമെന്നും കോൺഫറൻസ് സദസ്യരെ ഉണർത്തി.
വ്യക്തിജീവിതവും കുടുംബ - സാമൂഹിക ജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോവാൻ പുലർത്തേണ്ട ജീവിത മൂല്യങ്ങളെ സംബന്ധിച്ചും പ്രവാസികൾ നേരിടുന്ന പുതിയകാലത്തിന്റെ വെല്ലുവിളികളെയും അവയ്ക്കുള്ള പരിഹാരങ്ങളും സമ്മേളനം ചർച്ച ചെയ്തു.
ഇസ്ലാമിക് കൾച്ചറൽ ഡിപ്പാർട്മെന്റ് മേധാവി ഡോ. അഹ്മദ് അബ്ദുറഹീം അത്തഹാൻ കേരള കോൺഫറൻസ് ഉദ്ഘാടനം ചെയ്ത കോൺഫറൻസിൽ താജുദ്ദീൻ സ്വലാഹി മുഖ്യപ്രഭാഷണം നിർവഹിച്ചു. അബ്ദുൽ റഷീദ് അൽകൗസരി, മുജീബ് റഹ്മാൻ മിശ്കാത്തി, കെ.ടി. ഫൈസൽ സലഫി, മുഹമ്മദലി മൂടാടി എന്നിവർ സംബന്ധിച്ചു.
NRI
മയാമി: അമേരിക്കന്‍ ആത്മീയ-മത-സാംസ്കാരിക ഭൂപടത്തില്‍ മലയാളികളുടെ ആത്മീയ യാത്രയ്ക്ക് മറ്റൊരു മഹത്തായ അധ്യായം കൂടി എഴുതിച്ചേര്‍ക്കുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി അഞ്ഞൂറോളം മലയാളി കത്തോലിക്ക വൈദികര്‍ ആത്മീയ, ദേവാലയ ശുശ്രൂഷകളിലും വിവിധ സേവന, വിദ്യാഭ്യാസ ജീവകാരുണ്യ തൊഴില്‍ മേഖലകളിലുമായി അമേരിക്കന്‍ ജനതകള്‍ക്കായി അമേരിക്കന്‍ രൂപതകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഷിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയുടെ ഒരുവര്‍ഷം നീളുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഏറ്റം ശ്രദ്ധേയമായ ഒരു ഒത്തുചേരലാണ് "കേയ്നോനിയ' എന്നു പേരു നല്‍കിയിരിക്കുന്ന ഈ മഹാവൈദിക സമ്മേളനം.
പങ്കാളിത്വം, സഹവര്‍ത്തിത്വം, ആത്മീയ ഐക്യം എന്ന അര്‍ഥം വരുന്ന ഈ ഗ്രീക്ക് വാക്ക് ഇന്ന് ക്രൈസ്തവ സഭയുടെ ആത്മീയ സുവിശേഷവത്കരണ പങ്കാളിത്വവും സഹവര്‍ത്വത്തെയും ഐക്യത്തെയും പ്രതിഫലിപ്പിക്കുന്നതു കൊണ്ടാണ് അമേരിക്കന്‍ മണ്ണില്‍ സേവനം ചെയ്യുന്ന മലയാളി കത്തോലിക്കാ വൈദികരുടെ ഈ സംഗമത്തിന് "കോയ്നോനിയ' എന്ന് നാമകരണം നല്‍കിയിരിക്കുന്നത്.
കേരളത്തിന്റെ ആഴമേറിയ ആത്മീയ വിശ്വാസ പാരമ്പര്യവും ഇന്ത്യന്‍ കത്തോലിക്ക സഭാ അനുഷ്ഠാനങ്ങളും ചേരുന്ന സീറോമലബാര്‍ - സീറോമലങ്കര - ലാറ്റിന്‍ റീത്തുകളും കാനാനായ സഭയും വിവിധങ്ങളായ സന്യാസ സഭകളും കോണ്‍ഗ്രിഗേഷനുകളില്‍ നിന്നുമുള്ള വൈദികരുമാണ് ഈ മഹാസമ്മേളനത്തിന് ഒത്തുചേരുന്നത്.
ഈ വൈദിക സമ്മേളനം ഒരു സാധാരണ വൈദിക ഒത്തുചേരലല്ല. അവരുടെ ജീവിത സമര്‍പ്പണത്തിന്റെ സംഭാവനകളെ ഒരു വേദിയില്‍ പ്രതിഫലിപ്പിക്കുന്ന ചരിത്രസ്മാരകമാക്കുകയാണ് ഇതുവഴി.
ഷിക്കാഗോ സീറോമലബാര്‍ രൂപതയുടെ വളര്‍ച്ചയുടെ നാള്‍വഴികളില്‍ ഇന്ന് 54 പള്ളികളും 35 മിഷനുകളും എഴുപതോളം സമര്‍പ്പിത വൈദികരും ഒരു ലക്ഷത്തിലേറെ വരുന്ന വിശ്വാസ സമൂഹമായി അമേരിക്കയില്‍ ക്രൈസ്തവ സാക്ഷ്യത്തിനായി വളരുകയാണ്.
ഷിക്കാഗോ സീറോമലബാര്‍ രൂപതയ്ക്കുവേണ്ടി നവംബര്‍ 18, 19 തീയതികളിലായി ഈ വൈദിക സമ്മേളനം അണിയിച്ചൊരുക്കുന്നത് മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫോറോന ദേവാലയത്തിന്റെ നേതൃത്വത്തിലാണ്.
ഏതാനും മാസങ്ങളായി ഈ മഹാസമ്മേളനത്തിന്റെ ഒരുക്കത്തിനായി ശിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് രക്ഷാധികാരിയും വികാരി ജനറാള്‍ ഫാ. ജോണ്‍ മേലേപ്പുറം സഹരക്ഷാധികാരിയും ഫോറോനാ വികാരി ഫാ. ജോര്‍ജ് ഇളമ്പാശേരി ചെയര്‍മാനും ജോഷി ജോസഫ് ജനറല്‍ കണ്‍വീനറുമായി ഇരുപതോളം വിവിധ കമ്മിറ്റി ചെയര്മാന്മാരും കൈക്കാരന്മാരും പള്ളികമ്മിറ്റി അംഗങ്ങളും ഈ ആത്മീയ നേതാക്കന്മാരുടെ ഒത്തുചേരലിനായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.
ഇതിന്റെ വിജയത്തിനായി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഇടവകസമൂഹം ഒന്നിച്ച് പരിശ്രമിക്കുന്നു. ആത്മീയതയും സാംസ്കാരിക വൈവിധ്യവും ഒന്നിക്കുന്ന അമേരിക്കന്‍ ഐക്യത്തിന്റെ ശക്തമായ പ്രതീതി പ്രതിഫലിപ്പിക്കുന്നതിനായി തിളക്കമാര്‍ന്ന അതിഥികളും പങ്കുചേരുന്നു.
അമേരിക്കന്‍ ബിഷപ് കോണ്‍ഫറന്‍സ് അംഗമായ ബിഷപ് വില്യം എ. വാക്ക് ബിഷപ് ഓഫ് പെന്‍സിക്കോള, മയാമി ആര്‍ച്ച്ബിഷപ് തോമസ് വെന്‍സ്കി, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ കോറല്‍ സ്പ്രിംഗ് മേയര്‍ സ്കോട്ട് ജെ. ബ്രൂക്ക്, ഷിക്കാഗോ സീറോമലബാര്‍ ബിഷപ് മാര്‍ ജോയി ആലപ്പാട്ട്, ബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഫ്ലോറിഡ സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ നേതാക്കന്മാര് പങ്കെടുക്കുന്നു.
നവംബര്‍ 18ന് വൈകുന്നേരം 4.30ന് കോറല്‍ സ്പ്രിംഗ്സിലെ സെന്റ് എലിസബത്ത് ആന്‍ സെന്റണ്‍ കാത്തലിക് പള്ളിയിലാണ് പരിപാടികള്‍ നടക്കുന്നത്. (Address: St. Elizabeth Ann Senton Catholic Church 1401 Coral Ridge Drive, Coral Springs Florida-33071).
പള്ളി അങ്കണത്തില്‍ എത്തിച്ചേരുന്ന വിശിഷ്ടാതിഥികളെ താളമേള വാദ്യാഘോഷങ്ങളോടും താലപ്പൊലിയും മുത്തുക്കുടകളുടെ അകമ്പടിയോടും സ്വീകരിച്ച് പള്ളിയിലേക്ക് ആനയിക്കും.
വൈകുന്നേരം അഞ്ചിന് പിതാക്കന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ഇരുന്നൂറോളം വൈദികരും ചേര്‍ന്ന് അര്‍പ്പിക്കുന്ന വിശുദ്ധബലിയില്‍ വലിയൊരു ജനസഞ്ജയം പങ്കെടുക്കും. തുടര്‍ന്ന് അതിഥികളും വൈദികരും ജനസമൂഹവും ഒന്നിച്ച് ചേരുന്ന അത്താഴ വിരുന്നും.
ഏഴിന് പൊതുസമ്മേളനവും വൈവിധ്യമാര്‍ന്ന സാംസ്കാരിക കലാസന്ധ്യയും. നൂറ്റി ഇരുപതിലധികം കലാകാരന്മാര് ചേര്‍ന്ന് ഒരുക്കുന്ന "പാവനം' കലാവിരുന്ന് വേദിയില്‍ അവതരിപ്പിക്കപ്പെടും.
"കോയ്നോനിയ 2025' ഒരു വൈദിക സമ്മേളനം മാത്രമല്ല, ഒരു ആത്മീയ പുനര്‍ജ്ജനത്തിന്റെ വിളംബരവും ഷിക്കാഗോ സീറോമലബാര്‍ രൂപതയുടെ ജൂബിലി വര്‍ഷത്തിലെ പുതിയ ദിശാബോധത്തിന് വലിയൊരു പ്രകാശകിരണവുമായി മാറി തീരും.
Kerala
കൊച്ചി: മലയാളത്തിലെ ആദ്യ വാർത്താ വെബ്സൈറ്റായ ദീപിക ഡോട്ട് കോമിന്റെ നവീകരിച്ച വെബ്സൈറ്റ് റീ ലോഞ്ച് ചെയ്തു. തൃക്കാക്കര റിക്കാ ക്ലബിൽ നടത്തിയ ചടങ്ങ് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ.മൈക്കിൾ വെട്ടിക്കാട്ട് അതിഥികൾക്ക് സ്വാഗതം ആശംസിച്ചു.
ന്യൂസ് പോർട്ടലിന്റെ റീലോഞ്ചിംഗ് വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. ദീപിക ഓൺലൈൻ ന്യൂസ് ചാനൽ നടൻ നരെയ്ൻ സ്വിച്ച് ഓൺ ചെയ്തു. ദീപിക മ്യൂസിക് ചാനൽ സിഎംഐ പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ ലോഞ്ച് ചെയ്തു.