തൃശൂർ: യൂറോപ്യൻ യൂണിയനുമായും അമേരിക്കയുമായും ഉണ്ടാക്കിയ വ്യാപാരക്കരാർ ഇന്ത്യയുടെ ശക്തി വെളിപ്പെടുത്തുന്നതാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. തൃശൂരിൽ കേന്ദ്രബജറ്റിനെക്കുറിച്ച് സംഘടിപ്പിച്ച സംവാദത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസിതഭാരതം ലക്ഷ്യമിടുന്ന ബജറ്റാണു കേന്ദ്രസർക്കാരിന്റേത്. ഇലക്ട്രോണിക്, ബയോഫാർമ മേഖലകളിൽ വൻ നിക്ഷേപം നടത്തുന്നതിനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ട്. ധാതുഖനന ഇടനാഴി കേരളത്തിന്റെ വികസനത്തിനു ഗുണം ചെയ്യും. നാളികേരം, കശുവണ്ടി മേഖലകളിൽ കേരളത്തിനു നേട്ടമുണ്ടാകും.
കേരളത്തിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ ജാതിയും മതവും പറഞ്ഞാണു വോട്ട് പിടിക്കുന്നത്. വികസന നിർദേശങ്ങളില്ല. ബിജെപി മാത്രമാണു വികസനം പറയുന്നത്. റെയിൽവേ വികസനത്തിന് എൻഡിഎ സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവന്നു. വന്ദേഭാരത് ട്രെയിനിനു ലഭിച്ച സ്വീകാര്യത ഉദാഹരണമാണ്.
കേരളത്തിൽ കോസ്റ്റൽ ഷിപ്പിംഗ്, ജലഗതാഗതം തുടങ്ങിയ മേഖലകൾ ശക്തിപ്പെടുത്തണം. ടൂറിസം രംഗത്തും കേരളത്തിനു സാധ്യതകളേറെയാണ്. ഇടതും വലതും അഴിമതിയിൽ മുങ്ങിയിരിക്കുന്നു. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരേ 11 വർഷമായിട്ടും ഒരു അഴിമതിയാരോപണം പോലുമില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിനു വലിയ സാധ്യതകളുണ്ട്. പക്ഷേ പ്രയോജനപ്പെടുത്താനുള്ള നേതൃത്വമില്ലെന്നും നിതിൻ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായിരുന്നു. പ്രകാശ് ജാവദേക്കർ, വിനോദ് താവ്ഡേ, വി. മുരളീധരൻ, ശോഭ സുരേന്ദ്രൻ, ബി. ഗോപാലകൃഷ്ണൻ, ജസ്റ്റിൻ ജേക്കബ് എന്നിവരും പ്രസംഗിച്ചു.