ന്യൂഡൽഹി: ബിജെപിയുടെ പന്ത്രണ്ടാമത് ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ഇന്ന് ചുമതലയേൽക്കും. 2020 മുതൽ പദവി വഹിക്കുന്ന ജെ.പി. നഡ്ഡയ്ക്കു പിൻഗാമിയായാണ് പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി 45കാരനായ നിതിൻ ചുമതലയേൽക്കുക.
അധ്യക്ഷ തെരഞ്ഞെടുപ്പിനായി നാമനിർദേശങ്ങൾ സമർപ്പിക്കേണ്ട ഇന്നലെ നിതിന്റെ പേര് മാത്രമേ ലഭിച്ചുള്ളൂവെന്ന് മുതിർന്ന ബിജെപി നേതാവും റിട്ടേണിംഗ് ഓഫീസറുമായ കെ.ലക്ഷ്മണ് അറിയിച്ചു.
നിതിനെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കുന്നതിന് 37 സെറ്റ് നാമനിർദേശ പത്രികകളാണ് ലഭിച്ചതെന്നു ബിജെപി പ്രസ്താവനയിൽ അറിയിച്ചു. നാമനിർദേശങ്ങൾ സമർപ്പിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചുമതലയൊഴിയുന്ന ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, വിവിധ കേന്ദ്രമന്ത്രിമാർ, ബിജെപി മുഖ്യമന്ത്രിമാർ എന്നിവരുൾപ്പെടുന്നു.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഇന്ന് രാവിലെ 11.30 മുതലാണ് നിതിന്റെ സ്ഥാനാരോഹണച്ചടങ്ങുകൾ. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കൾ പങ്കെടുക്കും.
Tags : Nitin Nabeen BJP president take charge BJP