Movies
ധനുഷിന്റെ തേരേ ഇഷ്ക് മേം പുതിയ ചിത്രത്തിന്റെ ട്രെയിലർ റിലീസ് പരിപാടിക്കിടയിൽ തെന്നിന്ത്യൻ സൂപ്പർതാരം ധനുഷ് പ്രണയത്തെക്കുറിച്ചു പറഞ്ഞത് വൈറലായി. ഐശ്വര്യ രജനികാന്തുമായുള്ള പ്രണയം, വിവാഹം, വിവാഹമോചനം എന്നീ അവസ്ഥകളിലൂടെ കടന്നുപോയ താരം പറയുന്ന മറുപടി എന്തായിരിക്കുമെന്ന് ആരാധകർ വീർപ്പടക്കിയിരിക്കുകയായിരുന്നു.
ആനന്ദ് എൽ. റായ് സംവിധാനം ചെയ്ത് ധനുഷും കൃതി സനോണും പ്രധാന വേഷങ്ങളിൽ എത്തുന്ന "തേരേ ഇഷ്ക് മേം' റൊമാന്റിക്-ആക്ഷൻ ഡ്രാമയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്.
ചടങ്ങിൽ ധനുഷിനോടും കൃതി സനോണിനോടും പ്രണയത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് ചോദിച്ചു. മറുപടി പറയാൻ ഇരുവരും മടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ധനുഷ് പറഞ്ഞു, "എനിക്കറിയില്ല.' താങ്കൾക്ക് അത് എളുപ്പം വിശദീകരിക്കാൻ കഴിയുമെന്ന് തമാശരൂപേണ ആരോ പ്രതികരിച്ചപ്പോൾ ധനുഷിന്റെ മറുപടി ഇങ്ങനെയായിരുന്നു: "പ്രണയം വിലമതിക്കാനാകാത്ത വികാരമാണെന്ന് ഞാൻ കരുതുന്നു.'
ധനുഷിന്റെ ഓൺസ്ക്രീൻ കഥാപാത്രമായ ശങ്കർ അതിനോട് യോജിക്കില്ലെന്ന് കൃതി പറഞ്ഞപ്പോൾ, "ഞാൻ അദ്ദേഹത്തെപ്പോലെയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ...' എന്നും താരം കൂട്ടിച്ചേർത്തു. താരത്തിന്റെ മറുപടികേട്ട് എല്ലാവരും കൈയടിക്കുകയും ആഘോഷിക്കുകയും ചെയ്തു.
18 വർഷത്തെ ദാമ്പത്യം
ധനുഷിന്റെയും ഇതിഹാസതാരം രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിന്റെയും വിവാഹം 2004 ൽ ചെന്നൈയിലാണു നടന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഐശ്വര്യക്ക് ധനുഷിനേക്കാൾ പ്രായക്കൂടതലും ഉണ്ടായിരുന്നു. അത്യാഡംബര പൂർണമായിരുന്നു ചടങ്ങുകൾ. 18 വർഷത്തെ ദാമ്പത്യത്തിനു ശേഷം, വേർപിരിയാനുള്ള തീരുമാനം ഇരുവരും ഒരുമിച്ചാണ് അറിയിച്ചത്. സംയുക്ത പ്രസ്താവന പുറത്തിറക്കുകയായിരുന്നു.
"സുഹൃത്തുക്കൾ, ദമ്പതികൾ, മാതാപിതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നീ നിലകളിൽ 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം. വളർച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും പൊരുത്തപ്പെടുത്തലിന്റെയും യാത്രയായിരുന്നു. ഇന്ന്, വഴികൾ വേർപിരിയുന്ന ഒരു സ്ഥലത്താണ് ഞങ്ങൾ നിൽക്കുന്നത്. ഞങ്ങൾ വേർപിരിയുന്നു. ദയവായി ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുകയും ആവശ്യമായ സ്വകാര്യത നൽകുകയും ചെയ്യുക.'- എന്നായിരുന്നു പ്രസ്താവന.
Movies
കൂലി സിനിമ എങ്ങനെയെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാൻ കഴിയുക മിനിമം ചിത്രമെന്നോ അതിലും താഴെയെന്നോ മാത്രമാണ്. പ്രതീക്ഷകളുടെ അമിതഭാരം ഇല്ലെങ്കിൽ കൂടി രജനികാന്തിലും ലോകേഷ് കനകരാജിലുമുള്ള വിശ്വാസം തകർന്നടിഞ്ഞൊരു ചിത്രമാണ് കൂലി.
ലോകേഷ് ഒരുക്കിയ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും മോശം സിനിമ. സൂപ്പർ സ്റ്റാറുകൾ അഴിഞ്ഞാടിയ ചിത്രത്തിൽ ഇവരൊക്കെ എന്തിനായിരുന്നു എന്ന ചോദ്യം വീണ്ടും ചിന്തിക്കേണ്ടി വരുന്നു. എന്നാൽ സൗബിൻ ഷാഹീർ ചിത്രത്തിലുടനീളം മികച്ച പെർഫോമൻസ് കാഴ്ച വച്ചത് കൈയടി നേടുന്നു.
സിനിമ കൊള്ളാമോ എന്നു ചോദിച്ചാൽ ഇതല്ല പ്രതീക്ഷിച്ചത് എന്നൊരു ഉത്തരമാണ് നൽകാനുള്ളത്. അല്ലെങ്കിൽ രജനികാന്ത് സിനിമ കാണുമ്പോൾ നമ്മുടെ മനസിലുള്ള ലോജിക്കുകളെല്ലാം മടക്കി വച്ചിട്ടുപോയാൽ ഇത് കൊള്ളാം. അത്രമാത്രം. എന്നാൽ ലോകേഷ് കനകരാജ് എന്ന സംവിധായകനിൽ നിന്നും പ്രേക്ഷകർ ഇതല്ല പ്രതീക്ഷിച്ചിരുന്നതെന്ന് ഉറപ്പാണ്. പാളിപ്പോയ കഥയും തിരക്കഥയുമാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ.
Movies
സൂപ്പർതാര ചിത്രങ്ങളുടെ വിതരണാവകാശം സ്വന്തമാക്കി ജിസിസിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എച്ച്.എം അസോസിയേറ്റ്സ് കേരളത്തിൽ ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്ത് ചുവടുറപ്പിക്കുന്നു.
ജൂലൈ 25ന് റിലീസാകുന്ന മക്കൾ സെൽവൻ വിജയ് സേതുപതിയും നിത്യ മേനോനും അഭിനയിച്ച തലൈവൻ തലൈവിയാണ് ആദ്യം റിലീസ് ചെയ്യുന്ന സിനിമ.
തുടർന്ന് 350 കോടി ബജറ്റിൽ സൺ പിക്ചേഴ്സ് നിർമിച്ച രജനീകാന്ത് ചിത്രമായ കൂലിയുടെ വിതരണാവകാശവും വൻ മുതൽമുടക്കിൽ എച്ച്. എം അസോസിയേറ്റ്സ് സ്വന്തമാക്കി. 14 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയതെന്ന് റിപ്പോർട്ട് ഉണ്ട്.
രജനീകാന്ത്, ആമിർഖാൻ, നാഗാർജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, പൂജ ഹെഗ്ഡേ എന്നിവർ അഭിനയിച്ച കൂലി ഓഗസ്റ്റിൽ തിയറ്ററുകളിലെത്തും.
സൂപ്പർ താര ചിത്രങ്ങളുടെ വലിയ ആരാധകരായ മലയാളി പ്രേക്ഷകർക്കു വേണ്ടി ബിഗ് ബജറ്റ് ചിത്രങ്ങൾ തീയറ്ററുകളിൽ എത്തിച്ച് സിനിമാ വിതരണ രംഗത്ത് സജീവമായി തുടരുമെന്ന് എച്ച്എം അസോസിയേറ്റ്സ് എം.ഡി. ഡോ. ഹസൻ മുഹമ്മദ് പറഞ്ഞു.
Movies
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ചതച്ച് അവശരാക്കിയ ശേഷം വില്ലന്മാരെ "വിധിയുടെ വിളയാട്ടം' മൂലം വന്നെത്തുന്ന ആക്സിഡന്റൽ മരണത്തിന് നായകൻ വിട്ടുകൊടുക്കുന്ന സീക്വൻസുകൾ രജനികാന്ത് ചിത്രങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ചതച്ച് അവശരാക്കിയ ശേഷം വില്ലന്മാരെ "വിധിയുടെ വിളയാട്ടം' മൂലം വന്നെത്തുന്ന ആക്സിഡന്റൽ മരണത്തിന് നായകൻ വിട്ടുകൊടുക്കുന്ന സീക്വൻസുകൾ രജനികാന്ത് ചിത്രങ്ങളിലെ പതിവ് കാഴ്ചയായിരുന്നു.
"ബാഷ' എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ തനിക്ക് ലഭിച്ച ആൾദൈവ പ്രതിരൂപം യുവാക്കളെ വഴിതെറ്റിക്കാതിരിക്കാനായി ആണ് തലൈവർ ഈ "തനി വഴി' സ്വീകരിച്ചത്. ഇതോടെ 1970-കളുടെ അവസാനം മുതൽ 80-കളുടെ തുടക്കം വരെ കണ്ടിരുന്ന "വൈൽഡ്' രജനി സ്ക്രീനിൽ നിന്ന് അപ്രത്യക്ഷനായി. വർഷങ്ങളായി ചങ്ങലയ്ക്കിട്ടിരുന്ന ഈ കലിപ്പൻ രജനിയെ ആണ് "ജയിലർ'എന്ന ചിത്രത്തിലൂടെ സംവിധായകൻ നെൽസൺ ദിലീപ്കുമാർ തുറന്നുവിടുന്നത്.
വാളെടുത്ത് വീശി വില്ലനെ വെട്ടിയിട്ട് ചിരിക്കാൻ സൂപ്പർസ്റ്റാറിന്റെ മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലർക്ക് യാതൊരു മടിയുമില്ല. "എന്തിരനി'ലേത് പോലെ വില്ലൻ രജനിയുടെ ന്യായീകരണത്തിനായി നന്മമുഖമുള്ള ഒരു നായകൻ ഈ ചിത്രത്തിലില്ല. അരാജകത്വത്തെയും നിയമത്തോടുള്ള പുച്ഛത്തെയും തലൈവർ നിർബാധം കൊണ്ടാടുമ്പോൾ തിയറ്ററുകളിൽ വൻ കൈയടി ഉയരുന്നത് ഇതിനാലാണ്.
സമീപകാലത്ത് തമിഴ് സിനിമാലോകത്തെ ഏറ്റവും മൂല്യമുള്ള സംവിധായകനായ ഉയർന്ന ലോകേഷ് കനകരാജ് കമൽഹാസനെ നായകനാക്കി ഒരുക്കിയ "വിക്രം' എന്ന ചിത്രത്തോട് സാമ്യമുള്ള രീതിയിലാണ് ഈ ചിത്രവും മുന്നോട്ട് പോകുന്നത്.
മകനെ നഷ്ടപ്പെടുന്ന വേദനയുമായി പോരിനിറങ്ങുന്ന, പൂർവകാല കേഡിത്തരങ്ങൾ മൂടിവച്ചിട്ടുള്ള "താത്ത' ആയി രജനി അക്ഷരാർഥത്തിൽ അഴിഞ്ഞാടുകയാണ്.
എന്നാൽ "ശിവാജി', "പടയപ്പ' എന്നീ ചിത്രങ്ങളിലേത് പോലെ സമ്പൂർണ മാസ് അവതാരമല്ല തലൈവർ ഇവിടെ സ്വീകരിക്കുന്നത്. ജെയ്ലറെ സഹായിക്കാനായി എത്തുന്ന കഥാപാത്രങ്ങൾക്ക് ആവോളം കൈയടി ലഭിക്കുന്ന ഘട്ടങ്ങളിൽ രജനി എന്ന താരം സ്വയം പിൻവാങ്ങി നിൽക്കുന്നു. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും കന്നഡ സൂപ്പർതാരം ശിവ രാജ്കുമാറും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുന്ന മാസ് സീനുകളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കും.
വിനായകന്റെ ലോക്കൽ ഗുണ്ടാ വില്ലൻ കഥാപാത്രവും തെലുങ്ക് താരം സുനിലിന്റെ സിനിമയ്ക്കുള്ളിലെ സിനിമാതാരമായുള്ള അവതാരവും ചിത്രത്തിന് ആവോളം തമാശയും നൽകുന്നുണ്ട്. തമന്ന ആത്മകഥാംശമുള്ള കഥാപാത്രവുമായി എത്തി രസിപ്പിച്ച് കടന്നുപോകുന്നെങ്കിലും ശിവകാമിദേവിയുടെ ഹാംഗ്ഓവറിൽ നിന്ന് ഒടുവിൽ വിടുതി ലഭിച്ച രമ്യാ കൃഷ്ണൻ ആണ് ചിത്രത്തിലെ ശ്രദ്ധേയമായ ഏക സ്ത്രീ കഥാപാത്രം.
"ബീസ്റ്റ്' എന്ന ചിത്രത്തിലൂടെ ലഭിച്ച ട്രോളുകൾക്ക് തലൈവർ പടത്തിന് ലഭിക്കുന്ന കൈയടികളോടെ മറുപടി പറഞ്ഞ നെൽസൺ ആണ് ഈ ചിത്രത്തിലെ പ്രധാന "ജേതാവ്'. തന്റെ പതിവ് ഡാർക് ഹ്യൂമർ ട്രീറ്റമെന്റിലൂടെ പതിവ് കഥയെ മാസ് രൂപത്തിലാക്കി ആസ്വാദകരമാക്കിയ സംവിധായകൻ പ്രശംസ അർഹിക്കുന്നു.