Business
കൊച്ചി: സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് 28ന് വൈകുന്നേരം കൊച്ചിയിൽ തിരിതെളിയും. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന ഈ വിജ്ഞാന-വിനോദ ഉച്ചകോടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ഫെബ്രുവരി ഒന്നുവരെ നാലു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയുടെ പ്രധാനമായ രണ്ടു വേദികൾ കിൻഫ്ര കൺവൻഷൻ സെന്ററിലാണ്. ഐക്യരാഷ്ട്രസഭയുടെ പാക്ട് ഫോർ ദ ഫ്യൂച്ചർ എന്ന ആശയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ഈ സംഗമത്തിൽ രണ്ടു ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സംരംഭകത്വം, എർത്ത്, പരിസ്ഥിതി, ഭക്ഷണം, സംസ്കാരം എന്നിങ്ങനെ ഏഴു വ്യത്യസ്ത മേഖലകളിലായി നാനൂറിലധികം അന്താരാഷ്ട്ര വിദഗ്ധർ സംവദിക്കും.
നാനൂറിലധികം വിദഗ്ധർ, ഇരുനൂറിലധികം സെഷനുകൾ, അമ്പതിലധികം മാസ്റ്റർ ക്ലാസുകളും വർക് ഷോപ്പുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കുമെന്ന് അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: അര്‍ബുദ പ്രതിരോധ രംഗത്തെ ആഗോള മുന്നേറ്റങ്ങളും അത്യാധുനിക ഗവേഷണങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ പ്രിവന്റീവ് ഓങ്കോ സമിറ്റ് ഇന്നും നാളെയും മറ്റന്നാളുമായി വഴുതക്കാട് ഹയാത്ത് റീജന്‍സിയില്‍ നടക്കും.
ലോകമെമ്പാടുമുള്ള പ്രമുഖ അര്‍ബുദ രോഗ വിദഗ്ധര്‍, ഗവേഷകര്‍, നയരൂപീകരണ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഈ ഉച്ചകോടി, അര്‍ബുദ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും രോഗം നേരത്തേ കണ്ടെത്താനുള്ള ശാസ്ത്രീയ രീതികള്‍ പ്രചരിപ്പിക്കുന്നതിനുമുള്ള വേദിയായി മാറും.
സ്വസ്തി ഫൗണ്ടേഷനും ഹാന്‍സ് ഫൗണ്ടേഷന് ലൈഫും ചേര്‍ന്നാണ് ഈ ത്രിദിന ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് ചീഫ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫ്ലമി ഏബ്രഹാം അറിയിച്ചു.
കേരളത്തിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും മികച്ച പ്രതിരോധ മാതൃകകളെക്കുറിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. അര്‍ബുദരഹിതമായ ഒരു ഭാവി ലക്ഷ്യമിട്ടുള്ള ഈ അന്താരാഷ്ട്ര കൂട്ടായ്മയില്‍ അര്‍ബുദ പ്രതിരോധ രംഗത്തെ വിപുലമായ ആശയവിനിമയങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും വേദിയൊരുങ്ങുമെന്ന് സംഘാടക സമിതി അറിയിച്ചു.
Leader Page
ബ്രസീലിലെ ബെലേമിൽ മുപ്പതാമത് കാലാവസ്ഥാ ഉച്ചകോടി (സിഒപി 30) തുടങ്ങുന്നതിനുമുമ്പ് നവംബർ 17ന്, കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ വീഡിയോ സന്ദേശത്തിലൂടെ ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിൽ മനുഷ്യരാശി പരാജയപ്പെടുകയാണെന്നും പ്രളയം, വരൾച്ച, കൊടുങ്കാറ്റുകൾ, അസഹ്യമായ കൊടുംചൂട് എന്നിവ "ദൈവത്തിന്റെ സൃഷ്ടികൾ’ നിലവിളിക്കുന്നതിന്റെ സൂചനകളാണെന്നും മാർപാപ്പ വ്യക്തമാക്കി.
ആമസോൺ കവാടത്തിലുള്ള ബെലേമിൽ സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസങ്ങളെ പേമാരിയും വെള്ളപ്പൊക്കവും തടസപ്പെടുത്തി. കുറച്ചു ദിവസത്തിനുശേഷം സമ്മേളനവേദിക്ക് തീപിടിച്ച് പ്രതിനിധികളെ ഒഴിപ്പിക്കേണ്ടി വന്നപ്പോൾ മാർപാപ്പയുടെ സന്ദേശം പ്രവചനാത്മകമായി മാറി.
സിഒപി 30ന്റെ സംഘാടകരായ ബ്രസീൽ സമ്മേളനത്തിൽ "മ്യൂട്ടിറോ’ എന്ന പദം ആവർത്തിച്ച് ഉപയോഗിച്ചു. കൂട്ടായ ശ്രമം എന്നാണ് ഈ വാക്കിന്റെ അർഥം. അവസാന രാഷ്ട്രീയപ്രമേയത്തെ "ഗ്ലോബൽ മ്യൂട്ടിറോ’ എന്ന് ബ്രസീൽ വിശേഷിപ്പിച്ചു. ആഗോള താപനത്തിലെ വർധന വിനാശകരമായ 1.5 ഡിഗ്രി സെൽഷസിൽ താഴെയായി പരിമിതപ്പെടുത്തുന്ന ഒരു ത്വരിത നടപടിക്രമം രൂപപ്പെടുത്താൻ ലോകരാജ്യങ്ങൾക്കു ലഭിച്ച അവസാനത്തെ അവസരമായിരുന്നു ബെലേം കാലാവസ്ഥാ ഉച്ചകോടി. അമ്പേ പരാജയപ്പെട്ട കാലാവസ്ഥാ ഉച്ചകോടിയിൽ ഇല്ലാതെപോയതും "ഗ്ലോബൽ മ്യൂട്ടിറോ’ അല്ലെങ്കിൽ ആഗോള തലത്തിലുള്ള കൂട്ടായ ശ്രമമാണ്.
ആഗോളതാപനം 1.5 ഡിഗ്രി സെൽഷസിൽ താഴെ നിലനിർത്താനുള്ള 2015ലെ പാരീസ് കരാറിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടി ശക്തമായ നടപടികൾ ഒന്നുമില്ലാതെയാണ് അവസാനിച്ചത്. തീരുമാനങ്ങൾ ഭാവിയിലേക്ക് മാറ്റി അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന പതിവു നാടകം ആവർത്തിച്ചു. അടിയന്തര കാലാവസ്ഥാ പ്രതിരോധ പദ്ധതികൾ അടുത്ത കാലാവസ്ഥാ സമ്മേളനങ്ങളിൽ പരിഗണിക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ചു. മനുഷ്യപ്രേരിത കാരണങ്ങളാലുള്ള ആഗോളതാപനത്തിലെ വർധന 2024 ൽ 1.36 ഡിഗ്രി സെൽഷസ് കടന്നു. അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതകങ്ങളുടെ വിസർജനം ഇന്നത്തെ നിരക്കിൽ തുടർന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനിലയിൽ കുറഞ്ഞത് 2.6 ഡിഗ്രി സെൽഷസിന്റെ വർധനയുണ്ടാകുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകുന്നു. ഇത് മനുഷ്യരാശിയുടെ നിലനിൽപ്പിന് അത്യന്തം അപകടകരമാണ്.
ബെലേം ഉച്ചകോടിയെ "സത്യത്തിന്റെ ഉച്ചകോടി’ എന്നാണ് ബ്രസീലിന്റെ പ്രസിഡന്റ് ലുല ഡിസിൽവ വിശേഷിപ്പിച്ചത്. എന്നാൽ, അത് ഭൂമിയെ പ്രതിസന്ധിയിലാക്കുന്ന കാലാവസ്ഥാ വ്യതിയാനം എന്ന വലിയ സത്യത്തിനുനേരെ കണ്ണടയ്ക്കുകയായിരുന്നു.
ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി ഇല്ലാതാക്കൽ
ആഗോള താപനിലയിലെ വർധന 1.5 ഡിഗ്രി സെൽഷസിൽ പിടിച്ചുനിർത്താൻ ശേഷിക്കുന്ന കാർബൺ ബജറ്റ് അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണ്. അവശേഷിക്കുന്ന കാർബൺ ബജറ്റ് എന്നത് ആഗോളതാപന പരിധിയായ 1.5 ഡിഗ്രി സെൽഷസിൽ കവിയാതെ പിടിച്ചു നിർത്താൻ മനുഷ്യർക്ക് ഇനിയും പുറന്തള്ളാൻ കഴിയുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ ആകെ അളവാണ്. അത് 2030ഓടെ ഏകദേശം തീരും. അന്തരീക്ഷത്തിലേക്കുള്ള മനുഷ്യപ്രേരിത ഹരിതഗൃഹ വാതക വിസർജനത്തിന്റെ 70 ശതമാനത്തിനും കാരണം കൽക്കരി, ഗ്യാസ്, പെട്രോൾ, ഡീസൽ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതാണ്. 2023 ൽ ദുബായിൽ നടന്ന സിഒപി28 ൽ ഇരുനൂറോളം രാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള ധാരണയിൽ എത്തിയിരുന്നു. എന്നാൽ ഇതിനുള്ള കൃത്യമായ ഒരു റോഡ് മാപ്പ് തയാറാക്കുന്നതിൽ ബെലേം സമ്മേളനം പരാജയപ്പെട്ടു.
ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദം ഏറ്റെടുത്തതിനെത്തുടർന്ന് അമേരിക്ക പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നു പിന്മാറിയിരുന്നു. ബെലേം സമ്മേളനത്തിൽ അമേരിക്കൻ പ്രതിനിധികൾ പങ്കെടുത്തില്ല. സൗദി അറേബ്യ, റഷ്യ തുടങ്ങിയ "പെട്രോ സ്റ്റേറ്റു’കളുടെ സമ്മർദത്തെ തുടർന്ന് "ഫോസിൽ ഇന്ധനങ്ങൾ’ എന്ന വാക്കു പോലും ബെലേം സമ്മേളനത്തിന്റെ അന്തിമ പ്രസ്താവനയിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല.
കാലാവസ്ഥാ പ്രതിരോധ ഫണ്ട്
ചരിത്രപരമായി മനുഷ്യപ്രേരിത കാരണങ്ങളാൽ അന്തരീക്ഷത്തിലേക്ക് ഏറ്റവുമധികം ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളിയത് സമ്പന്ന രാജ്യങ്ങളാണ്. എന്നാൽ ആഗോള താപനത്തിന്റെ ദുരിതം പേറുന്നത് പാവപ്പെട്ട രാജ്യങ്ങളും. ചരിത്രപരമായി ആഗോള താപനത്തിന്റെ 25 ശതമാനത്തിനും ഉത്തരവാദി പാരീസ് ഉടമ്പടിയിൽ നിന്നു പിന്മാറിയ അമേരിക്കയാണ്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് വികസ്വര രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കാൻ വികസിത രാജ്യങ്ങൾക്ക് ധാർമിക ബാധ്യതയുണ്ട്. കഴിഞ്ഞ വർഷം അസർബൈജാനിലെ ബാകുവിൽ നടന്ന സിഒപി 29ൽ കാലാവസ്ഥാ ധനസഹായത്തിന് രാജ്യങ്ങൾ ഒരു പുതിയ കൂട്ടായ ക്വാണ്ടിഫൈഡ് ലക്ഷ്യം (എൻസിക്യുജി ) നിശ്ചയിച്ചിരുന്നു. 2035 ആകുമ്പോഴേക്കും വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ ധനസഹായം നൽകുന്നത് പ്രതിവർഷം കുറഞ്ഞത് 1,30,000 കോടി യുഎസ് ഡോളറായി ഉയർത്തുന്നതിന് എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നായിരുന്നു ബാകുവിലെ തീരുമാനം. ഇത് ബെലേം സമ്മേളനത്തിലും ആവർത്തിച്ചിരിക്കുന്നു. പാവപ്പെട്ട രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ച "ലോസ് ആൻഡ് ഡാമേജ്’ ഫണ്ട് ഉടൻ പ്രാവർത്തികമാക്കുമെന്നും ബെലേം സമ്മേളനത്തിൽ പ്രഖ്യാപനമുണ്ട്.
നീതിപൂർവകമായ പരിവർത്തനം
കാലാവസ്ഥാ വ്യതിയാനം നേരിടണമെങ്കിൽ ലോകം അതിവേഗം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണം. ഫോസിൽ യുഗത്തിൽനിന്ന് ബദൽ ഊർജസ്രോതസുകളിൽ ഊന്നിയ ഹരിത സമ്പദ് വ്യവസ്ഥയിലേക്ക് മാറുമ്പോൾ പരിവർത്തനം നീതിപൂർവമായിരിക്കണം. എന്നാൽ നീതിപൂർവമായ ഒരു പരിവർത്തന സംവിധാനം നടപ്പാക്കുന്നതിനുള്ള സമയക്രമം, സാങ്കേതിക - സാമ്പത്തിക സഹായങ്ങൾ എന്നിവ കൃത്യമായി നിർവചിച്ചിട്ടില്ല.
ബെലേം ജെൻഡർ ആക്ഷൻ പ്ലാൻ
കാലാവസ്ഥാ ആഘാതങ്ങളാൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന സ്ത്രീകളെയും പെൺകുട്ടികളെയും കാലാവസ്ഥാ നയങ്ങളുടെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്നതാണ് സിഒപി 30 അംഗീകരിച്ച സുപ്രധാനമായ ജെൻഡർ ആക്ഷൻ പ്ലാൻ. അഞ്ച് മുൻഗണനാ മേഖലകളിൽ ലിംഗനീതി ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ നടപ്പാക്കുന്നതിന് ഒമ്പതുവർഷത്തെ ദീർഘമായ റോഡ് മാപ്പാണ് നിശ്ചയിച്ചിരിക്കുന്നത്.
വനസംരക്ഷണത്തിന് ടിഎഫ്എഫ്എഫ്
ബ്രസീലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ട്രോപ്പിക്കൽ ഫോറസ്റ്റ്സ് ഫോറെവർ ഫെസിലിറ്റി (ടിഎഫ്എഫ്) ഉപഗ്രഹ നിരീക്ഷണ സംവിധാനം ഉപയോഗിച്ച് ഉഷ്ണമേഖലാ വനങ്ങൾ സംരക്ഷിക്കുന്ന രാജ്യങ്ങൾക്ക് പ്രതിഫലം നൽകുന്ന പെയ്മെന്റ് അധിഷ്ഠിത പദ്ധതിയാണ്. സംരക്ഷിക്കുന്ന ഓരോ ഹെക്ടർ ഉഷ്ണമേഖലാ വനത്തിനും രാജ്യങ്ങൾക്കു നേരിട്ട് പണം നൽകുന്നതിന് 12,500 കോടി ഡോളർ സമാഹരിക്കും. ബെലേം സമ്മേളനത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നായ ഈ നിക്ഷേപ ഫണ്ടിനുവേണ്ടി ആരംഭത്തിൽ ബ്രസീൽ 100 കോടി ഡോളർ നൽകും. ഇന്ത്യ അംഗമല്ല. നിരീക്ഷക രാജ്യമാണ്. ഉടൻതന്നെ അംഗമാകും.
ബെലേം പാക്കേജ്
ബെലേം രാഷ്ട്രീയ പാക്കേജിന്റെ ഭാഗമായി സുപ്രധാന തീരുമാനങ്ങൾ സമ്മേളനം അംഗീകരിച്ചു. ഇതിൽ ഏറ്റവും പ്രധാനം കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള മുന്നേറ്റത്തിൽ മാനവരാശിയെ ഒന്നിപ്പിക്കുക എന്ന "ആഗോള മ്യൂട്ടിറോ’ തീരുമാനമാണ്. ബെലേം പാക്കേജിന്റെ ഭാഗമായി കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് ദേശീയമായി നിശ്ചയിച്ച നടപടികളും (എൻഡിസി) ആഗോള താപനിലയിലെ വർധന 1.5 ഡിഗ്രി സെൽഷസിൽ പിടിച്ചുനിറുത്തുന്നതിനുള്ള പരിപാടികളും ത്വരിതമായി നടപ്പാക്കുന്നതിന് "ഗ്ലോബൽ ഇംപ്ലിമെന്റേഷൻ ആക്സിലറേറ്റർ’ സ്ഥാപിക്കും. ഇതിലെ രാജ്യങ്ങളുടെ പങ്കാളിത്തം നിർബന്ധിതമല്ല. സ്വമേധയാ, സഹകരണാടിസ്ഥാനത്തിലുള്ള പങ്കാളിത്തമായതിനാൽ ഫലപ്രാപ്തിയിൽ എത്തില്ല.
ബെലോം കാലാവസ്ഥാ സമ്മേളനത്തിന്റെ അന്തിമ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയ "ആഗോള തലത്തിലുള്ള കൂട്ടായ ശ്രമം’ എന്ന പ്രയോഗംതന്നെ വലിയ കാപട്യമാണ്. ഭൂമി കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടകരമായ ഘട്ടത്തിലേക്ക് കടന്നിട്ടും കൂട്ടായി പ്രതിരോധിക്കുന്നതിൽ രാജ്യങ്ങൾ പരാജയപ്പെട്ടു. ആർക്കും നിയമപരമായ ബാധ്യതയില്ലാത്തതും സമയക്രമം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതുമായ പദ്ധതികളാണ് ബെലോം സമ്മേളനത്തിൽ പ്രഖ്യാപിച്ചതിൽ കുടുതലും. വിരുദ്ധ താത്പര്യങ്ങളുടെ വിപരീത ചേരികളിലാണ് രാജ്യങ്ങൾ. കാലാവസ്ഥാ നീതി വിദൂരമായി തുടരുന്നു.
International
റിയോ ഡി ജനീറോ: ബ്രസീലിലെ ബെലെമിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ വൻ തീപിടിത്തം. ഉച്ചകോടി പവലിയന് സമീപമാണ് തീപിടിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രിയും ഇന്ത്യയിൽ നിന്നുള്ള 20 മാധ്യമപ്രവർത്തകരും അടക്കം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഷോര്‍ട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. COP-30 ൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരാണ് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ആതിഥേയത്വം വഹിക്കുന്നത്.
അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കുകയാണ്. പരിക്കുകകളൊന്നുമില്ലാതെ ആളുകൾ രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സർക്കാരിനെ പ്രതിനിധീകരിച്ച് ദക്ഷിണാഫ്രിക്കയിൽ ഈ മാസം നടക്കാൻ പോകുന്ന ജി-20 ഉച്ചകോടിയിൽ ആരും പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരെ ആഫ്രിക്കൻ വംശജർ പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ട്രംപിന്റെ തീരുമാനം.
വെള്ളക്കാരെ കൊന്നൊടുക്കുകയും അവരുടെ കൃഷിഭൂമി അനധികൃതമായി പിടിച്ചെടുക്കുകയുമാണെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നിടത്തോളം അമേരിക്ക പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ തീരുമാനം ഖേദകരമാണെന്നും എന്നാൽ വെള്ളക്കാർ വംശീയവിവേചനം നേരിടുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ദക്ഷിണാഫ്രിക്ക പ്രതികരിച്ചു. ജൊഹന്നാസ്ബെർഗിൽ ഈ മാസം 22നും 23നുമാണ് ഉച്ചകോടി.
International
ബെയ്ജിംഗ്: യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും ഇന്ന് ദക്ഷിണകൊറിയയിൽ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും മാസങ്ങളായി തുടരുന്ന വാണിജ്യയുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷ.
കൂടിക്കാഴ്ചയുടെ കാര്യം ചൈന ഇന്നലെയാണു സ്ഥിരീകരിച്ചത്. വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ച ട്രംപും ഷിയും നടത്തുമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഷിയുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുന്ന കരാർ ഉണ്ടാകുമെന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാന്പത്തികശക്തിയിൽ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുന്ന ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം അവസാനിച്ചുകാണാൻ വ്യവസായ, നിക്ഷേപ സ്ഥാപനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ചൈന അടുത്തിടെ അപൂർവ ധാതുവിഭവങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാൻ തുടങ്ങിയത് സ്ഥിതിഗതികൾ സങ്കീർണമാക്കിയിരുന്നു.
ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്നെത്തുന്ന ഷി ചിൻപിംഗ് ശനിയാഴ്ചവരെ ദക്ഷിണകൊറിയയിൽ തുടരും.
Business
കൊച്ചി: സെന്‍ട്രിയല്‍ ബയോഫ്യൂവലിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തെ ആദ്യ ബയോഫ്യൂവല്‍ സമ്മിറ്റ് കൊച്ചിയില്‍ സംഘടിപ്പിക്കുന്നു. നാളെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകിട്ട് ആറുവരെ ഇടപ്പള്ളി ലുലു മാരിയറ്റില്‍ നടക്കുന്ന പരിപാടിയില്‍ ബയോഫ്യൂവല്‍ രംഗത്തെ വിദഗ്ധരായ ചേതന്‍ സായംകാര്, സി.എ. പങ്കജ് ദാര, കമ്പനി ചെയര്‍മാനും മുന്‍ ഡിജിപിയുമായ ടോമിന് തച്ചങ്കരി, സെന്‍ട്രിയല്‍ ഗ്രൂപ്പ് എംഡി ജോബി ജോര്‍ജ് തുടങ്ങിയര്‍ പങ്കെടുക്കും. ബയോഫ്യുവല്‍ വ്യവസായത്തിന്റെ സാധ്യതകളെക്കുറിച്ച് സെമിനാറില്‍ ചര്‍ച്ചകള്‍ നടക്കും. ഫോൺ: 8943053400, 8943015400.