കൊച്ചി: കാര്‍ഷികമേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ അത്യാധുനിക ഉത്പന്നങ്ങളും പുത്തന്‍ സേവനങ്ങളും പ്രദര്‍ശിപ്പിച്ച അഗ്രിനെക്സ്റ്റ് ഉച്ചകോടി 2026 ശ്രദ്ധേയമായി.
കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുക ലക്ഷ്യമിട്ടു കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്യുഎം), കൃഷി വകുപ്പ്, ലോക ബാങ്ക് എന്നിവ സംയുക്തമായി കളമശേരി സ്റ്റാര്‍ട്ടപ്പ് മിഷന് കാമ്പസിലാണു പരിപാടി സംഘടിപ്പിച്ചത്.
സാങ്കേതികവിദ്യ വയലിലേക്ക്, മാറ്റം വിളവിലേക്ക് പ്രമേയത്തില്‍ നടന്ന പരിപാടിയില്‍ 150ലധികം തെരഞ്ഞെടുത്ത അഗ്രിസ്റ്റാര്ട്ടപ്പുകളുടെ സേവനങ്ങളും ഉത്പന്നങ്ങളും പ്രദര്‍ശിപ്പിച്ചു. പരീക്ഷണശാലകളിലും സ്റ്റാര്‍ട്ടപ്പുകളിലും മാത്രം ഒതുങ്ങിനില്ക്കുന്ന നൂതന സാങ്കേതികവിദ്യകള്‍ കൃഷിയിടത്തിലേക്കു നേരിട്ട് എത്തിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് വ്യാപിപ്പിക്കാനും പരിപാടി സഹായകമാകും.
വയനാട്ടിലെ സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത വാക്വം ഫ്രൈഡ് ചക്ക ചിപ്സ്, നഴ്സറികള്‍ക്കായുള്ള റോബോട്ടിക് ഗ്രാഫ്റ്റിംഗ് മെഷീന് പ്രോട്ടോടൈപ്പ്, എഐ നിയന്ത്രിത റോബോട്ടിക് വിള നിരീക്ഷണ സംവിധാനങ്ങള്‍, തുകലിനു ബദലായി വികസിപ്പിച്ച വാഴനാരില്‍ നിര്‍മിച്ച ബാഗും ഷൂസും വരെ പുത്തന്‍ സാങ്കേതിക വിദ്യാധിഷ്ഠിത ഉത്പന്നങ്ങളാണ്.
ശ്രദ്ധേയമായി തെങ്ങുകയറ്റ റോബോട്ട്
ആള്‍ട്ടര്‍സേജ് സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത കൊക്കോബോട്ട് എന്ന തെങ്ങുകയറ്റ റോബോട്ട് പ്രദര്‍ശനത്തിലെ ആകര്‍ഷണമായി. റോബോട്ട് ആറു മാസത്തിനുള്ളില്‍ വിപണിയിലെത്തും.
വാണിജ്യപരമായി ലാഭകരമായ ലോകത്തിലെ ആദ്യത്തെ തെങ്ങുകയറ്റ റോബോട്ടാണിതെന്ന് ആള്‍ട്ടര്‍സേജ് സിടിഒ ഗോകുല്‍ കൃഷ്ണന് പറഞ്ഞു.
കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളെ കൃഷിയിടങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നൂതന വന്യജീവി പ്രതിരോധ സാങ്കേതികവിദ്യകള്‍, കര്‍ഷകരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്, സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍, കാലാവസ്ഥാ പ്രവചനത്തിനുള്ള ഉപകരണങ്ങള്‍, എഐ നിയന്ത്രിത വിള നിരീക്ഷണ സംവിധാനങ്ങള്‍, കീടബാധിത സസ്യങ്ങളെ മാത്രം ലക്ഷ്യമിടുന്ന കീടനാശിനി സ്പ്രേയിംഗ് സംവിധാനങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചു.
Tags : Agrinext Summit Startup Summit Robot