Sports
വഡോദര: വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റില്‍ പരിക്കേറ്റ ജി. കമാലിനിക്കു പകരം വൈഷ്ണവി ശര്‍മ മുംബൈ ഇന്ത്യന്‍സ് ടീമില്‍.
ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിലൂടെയാണ് 20കാരിയായ വൈഷ്ണവി രാജ്യാന്തര അരങ്ങേറ്റം നടത്തിയത്.
ലങ്കയ്ക്ക് എതിരേ അഞ്ച് മത്സരങ്ങളില്‍നിന്ന് അഞ്ച് വിക്കറ്റ് ഈ ഇടംകൈ സ്പിന്നര്‍ സ്വന്തമാക്കിയിരുന്നു.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ യുപി വാരിയേഴ്സിനു സീസണിലെ ആദ്യ ജയം. നിലവിലെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് യുപി കീഴടക്കി.
സ്കോർ: മുംബൈ 20 ഓവറിൽ 161/5. യുപി 18.1 ഓവറിൽ 162/3. യുപിയുടെ ഹർലീൻ ഡിയോളാണ് (39 പന്തിൽ 64 നോട്ടൗട്ട്) പ്ലെയർ ഓഫ് ദ മാച്ച്.
നാറ്റ് ഷിവർ ബ്രെന്റായിരുന്നു (43 പന്തിൽ 65) മുംബൈ ഇന്ത്യൻസിന്റെ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ യുപി വാരിയേഴ്സിനെ ഏഴ് വിക്കറ്റിനു ഡൽഹി ക്യാപ്പിറ്റൽസ് തോൽപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത യുപി, ക്യാപ്റ്റൻ മെഗ് ലാന്നിംഗ് (38 പന്തിൽ 54), ഹർലീൻ ഡിയോൾ (36 പന്തിൽ 47) എന്നിവരിലൂടെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി.
മറുപടിക്കിറങ്ങിയ ഡൽഹി, ലിസെൽ ലീയുടെ (44 പന്തിൽ 67) കരുത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുത്ത് 2026 സീസണിലെ ആദ്യ ജയം നേടി. അവസാന പന്തിലായിരുന്നു ജയം.
Sports
മുംബൈ: നവിമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ ആഴ്ച നടക്കാനിരിക്കുന്ന വനിതാ പ്രീമിയർ ലീഗ് മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമുണ്ടാവില്ല.
ജനുവരി 15-ന് വോട്ടെടുപ്പ് നടക്കുന്നത് പ്രമാണിച്ച് സ്റ്റേഡിയത്തിൽ ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് പോലീസ് ബിസിസിഐയെ അറിയിച്ചതിനെത്തുടർന്നാണ് നടപടി.
ഇതോടെ ജനുവരി 14-ന് നടക്കുന്ന ഡൽഹി ക്യാപിറ്റൽസ് - യുപി വാരിയേഴ്സ് മത്സരവും, 15-ാം തീയതിയിലെ മുംബൈ ഇന്ത്യൻസ് - യുപി വാരിയേഴ്സ് പോരാട്ടവും കാണികളില്ലാതെയാകും നടക്കുക.
തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിന് മുൻപേ ലീഗ് ഷെഡ്യൂൾ പ്രഖ്യാപിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ഈ തീയതികളിലെ ടിക്കറ്റ് വിൽപന ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ ഇതിനോടകം തന്നെ പിൻവലിച്ചിട്ടുണ്ട്.
ജനുവരി 17-ഓടെ നിയന്ത്രണങ്ങൾ നീങ്ങുമെന്നും അതിനുശേഷം ടൂർണമെന്റ് വഡോദരയിലേക്ക് മാറുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം
ഗുജറാത്ത് ജയന്റ്സ് ടീം: ബെത് മൂണി (വിക്കറ്റ് കീപ്പർ), സോഫി ഡിവൈൻ, അനുഷ്ക ശർമ, ആഷ്ലെ ഗാർഡ്നർ (ക്യാപ്റ്റൻ), ജോർജ് വെയർഹാം, ഭാർതി ഫുൽമാലി, കനിക അഹുജ, കാഷ്വീ ഗൗതം, തനുജ കൻവർ, രാജേഷ്വരി ഗായക്വാദി, രേണുക സിംഗ് ഠാക്കൂർ
ഡൽഹി ക്യാപിറ്റൽസ് ടീം: ലിസെല്ലെ ലീ (വിക്കറ്റ് കീപ്പർ), ഷെഫാലി വർമ, ലോറ വോൾവാർഡ്, ജെമീമ റോഡ്രിഗസ് (ക്യാപ്റ്റൻ), മരിസാൻ കാപ്പ്, നിക്കി പ്രസാദി, ചിനെല്ലെ ഹെന്റി, സ്നേഹ് റാണ, മിന്നു മണി, നന്ദിനി ശർമ, ശ്രീ ചരണി.
Sports
മുംബൈ: 2026 വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. നവീ മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിമാണ് വേദി.
നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് നയിക്കുന്നത്. ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയാണ് ആർസിബിയുടെ ക്യാപ്റ്റൻ.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഗ്രെയ്സ് ഹാരിസ്, ഡയാലൻ ഹേമലത, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), രാധാ യാദവ്, നദൈൻ ഡി ക്ലർക്ക്, അരന്ധതി റെഡ്ഢി, ശ്രേയങ്ക പാട്ടീൽ, പ്രേമ റാവത്ത്, ലിൻസി സ്മിത്ത്, ലൗറൻ ബെൽ.
മുംബൈ ഇന്ത്യൻ ടീം: നാറ്റ് സിവർ-ബ്രണ്ട്, ഗുണാളൻ കമാലിനി (വിക്കറ്റ് കീപ്പർ), അമേലിയ കെർ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), അമൻജോത് കൗർ, നിക്കോള ക്യാരി, പൂരം ഖെംനർ, ശബ്നിം ഇസ്മയിൽ, സൻസ്കൃതി ഗുപ്ത, സജന സജീവൻ , സൈക്ക ഇഷാക്ക്.
Sports
നവി മുംബൈ: നാലാമത് വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന് ഇന്നു തുടക്കം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മില്‍ നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന മത്സരമാണ് ഇന്നത്തേത്. മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത് ഹര്‍മന്‍പ്രീത് കൗറും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുമാണ്.
ഹര്മന് Vs സ്മൃതി
2025 ഐസിസി വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയ മൈതാനത്ത് ഇന്ത്യയുടെ ഹര്‍മന്‍പ്രീതും സ്മൃതിയും ഇറങ്ങുന്ന ആദ്യ മത്സരമാണിന്നത്തേത്. ഇരുവരും എതിര് വശത്താണെന്നതാണ് ശ്രദ്ധേയം. വനിതാ പ്രീമിയര്‍ ലീഗ് ട്രോഫിയില്‍ ചുംബിച്ച രണ്ട് ക്യാപ്റ്റന്മാരും ഇവര്‍തന്നെ. ഹര്‍മന്‍പ്രീത് കൗറിന്റെ മുംബൈ ഇന്ത്യന്‍സ് രണ്ടുതവണ (2023, 2025) ഡബ്ല്യുപിഎല്‍ ചാമ്പ്യന്മാരായപ്പോള് സ്മൃതിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (2024) ഒരു പ്രാവശ്യം കപ്പുയര്‍ത്തി. ഡബ്യുപിഎല്ലില്‍ ഇതുവരെ മുംബൈയും ബംഗളൂരുവും ഏഴ് തവണ നേര്‍ക്കുനേര്‍ ഇറങ്ങി. ഇതില്‍ നാല് ജയം മുംബൈ സ്വന്തമാക്കി, ബംഗളൂരു മൂന്നും.
ഡല്‍ഹി, യുപി, ഗുജറാത്ത്
അഞ്ച് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഡബ്ല്യുപിഎല്ലില്‍ ഇതുവരെ കിരീടമില്ലാത്ത മൂന്നു ടീമുകളാണുള്ളത്. ഈ സീസണില്‍ കന്നിക്കിരീടം എന്ന പ്രതീക്ഷയിലാണ് ജെമീമ റോഡ്രിഗസ് നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മെഗ് ലാന്നിംഗിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന യുപി വാരിയേഴ്സ്, ആഷ്ലി ഗാര്‍ഡ്നറിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് ജയ്ന്റ്സ് ടീമുകള്‍. കഴിഞ്ഞ മൂന്നു തവണയും ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍, മൂന്നു തവണയും കപ്പിനും ചുണ്ടിനും ഇടയില്‍ കണ്ണീരണിഞ്ഞു.
രണ്ട് വേദി
2025 സീസണ് അപേക്ഷിച്ചുനോക്കിയാല്‍ ഇത്തവണ രണ്ട് വേദി മാത്രമാണുള്ളത്. 2025ല്‍ ബംഗളൂരു, ലക്നോ, മുംബൈ, വഡോദര എന്നിങ്ങനെ നാല് വേദികളിലായിരുന്നു ഡബ്ല്യുപിഎല്‍ അരങ്ങേറിയത്. ഇത്തവണ നവി മുംബൈ, വഡോദര എന്നിവിടങ്ങില്‍ മാത്രമേ മത്സരങ്ങള്‍ ഉള്ളൂ. ഫൈനല്‍ അടക്കം 22 മത്സരങ്ങളാണ് 2026 സീസണില്‍ അരങ്ങേറുക. ഇതില്‍ ഉദ്ഘാടനം ഉള്‍പ്പെടെ ആദ്യ 11 മത്സരങ്ങള്‍ക്കു നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയം വേദിയാകും. ഫൈനല്‍ അടക്കം ബാക്കിയുള്ള 11 മത്സരങ്ങള്‍ വഡോദരയിലെ ബറോഡ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നടക്കും.
ഫൈനലിലേക്കുള്ള വഴി
ലീഗ് റൗണ്ടില്‍ ഓരോ ടീമിനും എട്ട് മത്സരങ്ങള്‍ വീതമുണ്ട്. അതായത് പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും. ലീഗ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീം നേരിട്ട് ഫൈനലില്‍.
രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മില്‍ എലിമിനേറ്റര്‍ അരങ്ങേറും. അതില്‍ ജയിക്കുന്ന ടീമായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം. ഫെബ്രുവരി അഞ്ചിനാണ് ഫൈനല്‍.
ആശ, സജന, മിന്നു
മലയാളി താരങ്ങളായ ആശ ശോഭന, എസ്. സജന, മിന്നു മണി എന്നിവര്‍ ഇത്തവണയും ഡബ്ല്യുപിഎല്ലില്‍ ഉണ്ട്. 2026 ലേലത്തിലെ വിലയേറിയ മലയാളിതാരമായത് ആശ ശോഭനയാണ്. 1.10 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് ആശയെ സ്വന്തമാക്കി. എസ്. സജനയെ 75 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും 40 ലക്ഷം രൂപയ്ക്ക് മിന്നു മണിയെ ഡല്‍ഹി ക്യാപ്പിറ്റല്‍സും നിലനിര്‍ത്തി.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) 2026 ട്വന്റി-20 ക്രിക്കറ്റ് ഒരു ദിനം അകലെ... നാളെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടുന്പോൾ രണ്ടാം മത്സരത്തിൽ മാറ്റുരയ്ക്കുന്നത് യുപി വാരിയേഴ്സും ഗുജറാത്ത് ജയന്റ്സുമാണ്. മൂന്നാം മത്സരത്തിൽ കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനക്കരായ ഡൽഹി ക്യാപിറ്റൽസ് മുംബൈയെ നേരിടുന്നതോടെ ടൂർണമെന്റിലെ എല്ലാ ടീമുകളുടെയും ആദ്യ റൗണ്ട് പൂർത്തിയാകും.
യുപി വാരിയേഴ്സ്
ബാറ്റർമാരുടെയും കരുത്തുറ്റ ഓൾറൗണ്ടർമാരുടെയും സംഘമാണ് മെഗ് ലാന്നിംഗ് നയിക്കുന്ന യുപി വാരിയേഴ്സ്. കിരണ്‍ നാവ്ഗീർ, ഫോബെ ലിച്ച്ഫീൽഡ്, ശ്വേത സെഹ്റാവത്, സിമ്രാൻ ഷെയ്ഖ് എന്നിവരാണ് ആദ്യ കിരീടം ലക്ഷ്യമിടുന്ന ലാന്നിംഗിനൊപ്പം ബാറ്റിംഗ് നിരയിലുള്ളത്. ട്വന്റി-20 വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതുള്ള ബാറ്റുകൊണ്ട് മത്സരഗതി നിർണയിക്കാൻ കഴിയുന്ന ദീപ്തി ശർമ ഓൾറൗണ്ടർമാരുടെ നിരയിൽ ടീമിന് മുതൽക്കൂട്ടാണ്. ഇന്ത്യൻ ഓപ്പണർ പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ക്രാന്തി ഗൗഡ്, മലയാളി താരം ആശ ശോഭന, ശിഖ പാണ്ഡെ, ചോലെ ട്രയോണ്‍, ഡീൻഡ്ര ഡോട്ടിൻ, ഷിപ്ര ഗിരി, സോഫി എക്ലസ്റ്റോണ്‍, സുമൻ മീന, ട്രിഷ ഗൊൻഗഡി എന്നിവർ അണിനിരക്കുന്ന ഓൾറൗണ്ട് നിര.
ഗുജറാത്ത് ജയന്റ്സ്
ആഷ്ലി ഗാർഡ്നർ നയിക്കുന്ന ഗുജറാത്ത് മികച്ച ബൗളിംഗ്, ബാറ്റിംഗ്, ഓൾറൗണ്ടർമാരടങ്ങുന്ന നിരയാണ്. കന്നി കിരീടം ലക്ഷ്യം. അനുഷ്ക ശർമ, ഭാർതി ഫുൾമാലി, ഡാന്നി വ്യാട്ട് എന്നിവർ ബാറ്റർമാരായുണ്ട്. ഗാർഡ്നർ നയിക്കുന്ന ഓൾറൗണ്ടർമാരുടെ പട്ടികയിൽ ആയുഷി സോണി, ജോർജിയ വെയർഹാം, കനിക അഹൂജ, കിംഗ് ഗാർത്ത്, തനുജ കാൻവേർ എന്നിവരുൾപ്പെടുന്നു. ബെത്ത് മൂണി, ശിവാനി സിംഗ്, യഷ്തിക ഭാട്യ എന്നിവർ വിക്കറ്റിനു പിന്നിൽ. ഇന്ത്യൻ ദേശീയ ടീം ബൗളിംഗ് കുന്തമുന രേണുക സിംഗ്, ഹാപ്പി കുമാരി, കശ്വീ ഗൗതം, ടൈറ്റസ് സാദു എന്നിവർ ബൗളിംഗ് ഡിപ്പാർട്ട്മെന്റിന് മുതൽക്കൂട്ടാകും.
ഡൽഹി ക്യാപിറ്റൽസ്
ഏകദിന ലോകകപ്പ് ഇന്ത്യയുടെ സെമിഫൈനൽ ഹീറോ ജെമീമ റോഡ്രീഗസ് നയിക്കുന്ന ഡൽഹി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ സീസണിൽ മുംബൈക്ക് മുന്നിൽ ഫൈനലിൽ തോൽവി വഴങ്ങി നഷ്ടമാക്കിയ ട്രോഫി സ്വന്തമാക്കി കന്നി കിരീടം നേടുകയാണ് ലക്ഷ്യം. കരുത്തുറ്റ ബാറ്റിംഗ് നിരയാണ് ഡൽഹിയുടേത്. ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ ഷെഫാലി വർമ, ദക്ഷിണാഫ്രിക്കയെ ഏകദിന ലോകകപ്പ് ഫൈനലിലെത്തിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തിയ ലോറ വോൾവർട്ട്, ദീയാ യാദവ് എന്നിവർ ജെമീമയ്ക്കൊപ്പം ബാറ്റുകൊണ്ട് പൂരവിസ്മയമൊരുക്കും. ഇന്ത്യൻ താരങ്ങളായ സ്നേഹ് റാണ, മലയാളി താരം മിന്നു മണി തുടങ്ങിയവരും എതിരാളികൾക്ക് വെല്ലുവിളിയാകും.
Sports
മുംബൈ: 2026 വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ട്വന്റി-20 ക്രിക്കറ്റിനുള്ള ലേല പട്ടിക ബിസിസിഐ പുറത്തുവിട്ടു.
വിവിധ ടീമുകളിലായി 73 കളിക്കാര്‍ക്കാണ് അവസരമുള്ളത്. 277 കളിക്കാര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 83 വിദേശതാരങ്ങള്‍ ഉള്‍പ്പെടും. വിദേശ താരങ്ങള്‍ക്കു ബാക്കിയുള്ള സ്ലോട്ട് 23 മാത്രമാണ്. ഈ മാസം 27ന് ന്യൂഡല്‍ഹിയിലാണ് ഡബ്ല്യുപിഎല്‍ ലേലം.
ഇന്ത്യന്‍ ഓള് റൗണ്ടര്‍ ദീപ്തി ശര്‍മ, പേസര്‍ രേണുക സിംഗ് എന്നിവര്‍ എട്ട് അംഗ മാര്‍ക്വീ പട്ടികയിലുണ്ട്. സോഫി ഡിവൈന്‍, സോഫി എക്ലെസ്റ്റോണ്‍, അലീസ ഹീലി, മെഗ് ലാനിംഗ്, അമേലിയ കെര്‍, ലോറ വോള്‍വാര്‍ഡ് എന്നിവരാണ് മാര്‍ക്വീ പട്ടികയിലെ മറ്റു കളിക്കാര്‍.
മാര്‍ക്വീ താരങ്ങളുടെ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില 50 ലക്ഷമാണ്. രേണുകയും (40) വോള്‍വാര്‍ഡും (30) മാത്രമാണ് അതില്‍ താഴെയുള്ളത്. 2025 ഏകദിന ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂർണമെന്റായിരുന്നു ദീപ്തി ശര്‍മ.