മുംബൈ: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) 2026 ട്വന്റി-20 ക്രിക്കറ്റ് ഒരു ദിനം അകലെ... നാളെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടുന്പോൾ രണ്ടാം മത്സരത്തിൽ മാറ്റുരയ്ക്കുന്നത് യുപി വാരിയേഴ്സും ഗുജറാത്ത് ജയന്റ്സുമാണ്. മൂന്നാം മത്സരത്തിൽ കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനക്കരായ ഡൽഹി ക്യാപിറ്റൽസ് മുംബൈയെ നേരിടുന്നതോടെ ടൂർണമെന്റിലെ എല്ലാ ടീമുകളുടെയും ആദ്യ റൗണ്ട് പൂർത്തിയാകും.
യുപി വാരിയേഴ്സ്
ബാറ്റർമാരുടെയും കരുത്തുറ്റ ഓൾറൗണ്ടർമാരുടെയും സംഘമാണ് മെഗ് ലാന്നിംഗ് നയിക്കുന്ന യുപി വാരിയേഴ്സ്. കിരണ്‍ നാവ്ഗീർ, ഫോബെ ലിച്ച്ഫീൽഡ്, ശ്വേത സെഹ്റാവത്, സിമ്രാൻ ഷെയ്ഖ് എന്നിവരാണ് ആദ്യ കിരീടം ലക്ഷ്യമിടുന്ന ലാന്നിംഗിനൊപ്പം ബാറ്റിംഗ് നിരയിലുള്ളത്. ട്വന്റി-20 വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതുള്ള ബാറ്റുകൊണ്ട് മത്സരഗതി നിർണയിക്കാൻ കഴിയുന്ന ദീപ്തി ശർമ ഓൾറൗണ്ടർമാരുടെ നിരയിൽ ടീമിന് മുതൽക്കൂട്ടാണ്. ഇന്ത്യൻ ഓപ്പണർ പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ക്രാന്തി ഗൗഡ്, മലയാളി താരം ആശ ശോഭന, ശിഖ പാണ്ഡെ, ചോലെ ട്രയോണ്‍, ഡീൻഡ്ര ഡോട്ടിൻ, ഷിപ്ര ഗിരി, സോഫി എക്ലസ്റ്റോണ്‍, സുമൻ മീന, ട്രിഷ ഗൊൻഗഡി എന്നിവർ അണിനിരക്കുന്ന ഓൾറൗണ്ട് നിര.
ഗുജറാത്ത് ജയന്റ്സ്
ആഷ്ലി ഗാർഡ്നർ നയിക്കുന്ന ഗുജറാത്ത് മികച്ച ബൗളിംഗ്, ബാറ്റിംഗ്, ഓൾറൗണ്ടർമാരടങ്ങുന്ന നിരയാണ്. കന്നി കിരീടം ലക്ഷ്യം. അനുഷ്ക ശർമ, ഭാർതി ഫുൾമാലി, ഡാന്നി വ്യാട്ട് എന്നിവർ ബാറ്റർമാരായുണ്ട്. ഗാർഡ്നർ നയിക്കുന്ന ഓൾറൗണ്ടർമാരുടെ പട്ടികയിൽ ആയുഷി സോണി, ജോർജിയ വെയർഹാം, കനിക അഹൂജ, കിംഗ് ഗാർത്ത്, തനുജ കാൻവേർ എന്നിവരുൾപ്പെടുന്നു. ബെത്ത് മൂണി, ശിവാനി സിംഗ്, യഷ്തിക ഭാട്യ എന്നിവർ വിക്കറ്റിനു പിന്നിൽ. ഇന്ത്യൻ ദേശീയ ടീം ബൗളിംഗ് കുന്തമുന രേണുക സിംഗ്, ഹാപ്പി കുമാരി, കശ്വീ ഗൗതം, ടൈറ്റസ് സാദു എന്നിവർ ബൗളിംഗ് ഡിപ്പാർട്ട്മെന്റിന് മുതൽക്കൂട്ടാകും.
ഡൽഹി ക്യാപിറ്റൽസ്
ഏകദിന ലോകകപ്പ് ഇന്ത്യയുടെ സെമിഫൈനൽ ഹീറോ ജെമീമ റോഡ്രീഗസ് നയിക്കുന്ന ഡൽഹി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ സീസണിൽ മുംബൈക്ക് മുന്നിൽ ഫൈനലിൽ തോൽവി വഴങ്ങി നഷ്ടമാക്കിയ ട്രോഫി സ്വന്തമാക്കി കന്നി കിരീടം നേടുകയാണ് ലക്ഷ്യം. കരുത്തുറ്റ ബാറ്റിംഗ് നിരയാണ് ഡൽഹിയുടേത്. ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ ഷെഫാലി വർമ, ദക്ഷിണാഫ്രിക്കയെ ഏകദിന ലോകകപ്പ് ഫൈനലിലെത്തിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തിയ ലോറ വോൾവർട്ട്, ദീയാ യാദവ് എന്നിവർ ജെമീമയ്ക്കൊപ്പം ബാറ്റുകൊണ്ട് പൂരവിസ്മയമൊരുക്കും. ഇന്ത്യൻ താരങ്ങളായ സ്നേഹ് റാണ, മലയാളി താരം മിന്നു മണി തുടങ്ങിയവരും എതിരാളികൾക്ക് വെല്ലുവിളിയാകും.
Tags : Women's Premier League Twenty20 2026 Season Cricket WPL