Sports
വഡോദര: വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 (ഡബ്ല്യുപിഎല്‍) ക്രിക്കറ്റിന്റെ 2026 സീസണ് പ്ലേ ഓഫ് ചിത്രം ഇന്നു വ്യക്തമാകും. ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ നിലവിലെ ഫൈനലിസ്റ്റുകളായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് യുപി വാരിയേഴ്സുമായി ഏറ്റുമുട്ടും. രാത്രി 7.30ന് വഡോദരയിലാണ് മത്സരം.
എട്ടു മത്സരങ്ങളുള്ള ലീഗ് റൗണ്ടില്‍ ഏഴ് പോരാട്ടങ്ങളില്‍നിന്ന് ഡല്‍ഹിക്ക് ആറും യുപിക്ക് നാലും പോയിന്റാണ്. യുപി വാരിയേഴ്സ് പ്ലേ ഓഫ് എലിമിനേറ്റററില് പ്രവേശിക്കില്ലെന്ന് ഇതിനോടകം വ്യക്തമായി. എന്നാല്‍, ഇന്നു വന്‍ മാര്‍ജിനില്‍ ജയിക്കാന്‍ സാധിച്ചാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എലിമിനേറ്റര്‍ റൗണ്ടിലേക്കു മുന്നേറാം.
ഏഴ് മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുമായി നാലാം സ്ഥാനത്താണ് ഡല്‍ഹി. എട്ട് മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് മൂന്നാമത്. മുംബൈ നെറ്റ് റണ്‍റേറ്റില്‍ (+0.059) ഡല്‍ഹിയേക്കാള്‍ (-0.164) നിലവില്‍ മുന്നിലാണ്. എട്ട് മത്സരങ്ങളില്‍നിന്ന് 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു നേരിട്ട് ഫൈനലില്‍ പ്രവേശിച്ചു.
10 പോയിന്റ് നേടിയ ഗുജറാത്ത് ജയന്റ്സ് രണ്ടാം സ്ഥാനം ഉറപ്പിച്ച് എലിമിനേറ്ററില്‍ ഇടംപിടിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമാണ് ചൊവ്വാഴ്ച നടക്കുന്ന എലിമിനേറ്ററില്‍ ഗുജറാത്തിന്റെ എതിരാളി.
Kerala
കിഴക്കമ്പലം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു തുടര്‍ഭരണം ലഭിക്കില്ലെന്നു ബജറ്റ് പ്രഖ്യാപനങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസിലാക്കാമെന്നു ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും ജനക്ഷേമ പദ്ധതികള്‍ ഒന്നും നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു മാസത്തിനപ്പുറം തെരഞ്ഞെടുപ്പ് വരാനിരിക്കേ ഈ ബജറ്റില്‍ പ്രഖ്യാപിച്ച യാതൊന്നും നടപ്പാക്കേണ്ടിവരില്ലെന്നും അടുത്ത സര്‍ക്കാര്‍ വീണ്ടും ബജറ്റ് അവതരിപ്പിക്കണമെന്നും ഇവിടത്തെ ഓരോ സാധാരണക്കാരനും അറിയാം.
സാധാരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ഉതകുന്ന ഒരു പദ്ധതിപോലും കൊണ്ടുവരാന്‍ സാധിക്കാത്ത ഈ സര്‍ക്കാര്‍ ആറര ലക്ഷം കോടിയുടെ കടബാധ്യതയാണു വരുത്തിവച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ അടുത്ത സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തില്‍നിന്ന് അപ്രത്യക്ഷമായ സമര കോലാഹലങ്ങള്‍ സിപിഎം വീണ്ടും പുറത്തെടുക്കും.
അടുത്ത തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ജനം അത് ആഗ്രഹിക്കുന്നുവെന്നും സാബു ജേക്കബ് പറഞ്ഞു.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ക്രിക്കറ്റ് ടൂർണമെന്റിൽ കന്നി സെഞ്ചുറി പിറന്നു. ഇംഗ്ലീഷ് താരം നാറ്റ് സ്കിവർബ്രന്റ് ആണ് ഡബ്ല്യുപിഎല്ലിലെ ആദ്യ സെഞ്ചുറി എന്ന റിക്കാർഡിന് ഉടമയായത്.
റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ 57 പന്തിൽ 100 റണ്‍സെടുത്ത മുംബൈ ഇന്ത്യൻസ് താരം സ്കിവർബ്രന്റ് പുറത്താകാതെ നിന്നു.16 ഫോറുകളും ഒരു സിക്സുമടങ്ങുന്നതായിരുന്നു സ്കിവർബ്രന്റ് ഇന്നിംഗ്സ്.
പത്തുതവണയാണ് ഡബ്ല്യുപിഎല്ലിൽ ബാറ്റർമാർ തൊണ്ണൂറോ അതിനു മുകളിലോ റണ്‍സ് സ്കോർ ചെയ്തത്. സീസണിന്റെ തുടക്കത്തിൽ സ്മൃതി മന്ഥാനയും സോഫീ ഡിവൈനും സെഞ്ചുറിക്കരികിൽ എത്തിയിരുന്നെങ്കിലും തൊണ്ണൂറുകളിൽ വീണു. ഇതോടെ സെഞ്ചുറി തികയ്ക്കുന്ന ആദ്യ താരമെന്ന ബഹുമതി നാറ്റ് സ്കിവർബ്രന്റിന് സ്വന്തമായി.
Sports
ദുബായി: ട്വന്റി20 ലോകകപ്പ് റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ബംഗ്ലാദേശിൽ നിന്നുള്ള മാധ്യമ പ്രവർത്തകർക്കായി അക്രഡിറ്റേഷൻ പ്രക്രിയ പുനഃക്രമീകരിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി).
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽനിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കിയിരുന്നു.ഏകദേശം 90 മാധ്യമപ്രവർത്തകരാണ് അക്രഡിറ്റേഷനായി അപേക്ഷിച്ചിരിക്കുന്നത്.
Sports
ഗോഹട്ടി: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായി അവസാനവട്ട ഒരുക്കം നടത്തുന്ന ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഹതാരം ഇഷാന് കിഷനെ മുക്തകണ്ഡം പ്രശംസിച്ചു.
റായ്പുരില്‍ നടന്ന രണ്ടാം ട്വന്റി-20യില്‍ മൂന്നാം നമ്പറായി ക്രീസിലെത്തിയ ഇഷാന് 32 പന്തില്‍ നാല് സിക്സും 11 ഫോറും അടക്കം 76 റണ്‍സ് നേടിയിരുന്നു. 237.50 സ്ട്രൈക്ക് റേറ്റിലായിരുന്നു ഇഷാന്റെ ബാറ്റിംഗ്. പ്ലെയര്‍ ഓഫ് ദ മാച്ച് ആയതും ഇഷാന്തന്നെ.
ഇഷാന്റെ പവര്‍പ്ലേ
209 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരാന് ക്രീസിലെത്തിയ ഇന്ത്യക്ക് ആറ് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടു. തുടര്‍ന്നായിരുന്നു ഇഷാന്റെ വെടിക്കെട്ട്. ടീം ഇന്ത്യ, ബാറ്റര്‍മാരില്‍നിന്ന് പ്രതീക്ഷിക്കുന്നത് ഇത്തരം പ്രകടനങ്ങളാണെന്ന് മത്സരശേഷം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
31-5; പരമ്പര നേടാന്‍
2024 ട്വന്റി-20 ലോകകപ്പിനുശേഷം ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ജയ-പരാജയ കണക്ക് 31-5 എന്നതാണ്. ലോകത്തില്‍ മറ്റൊരു ടീമിനും എത്തിപ്പിടിക്കാനാക്കാ ജയ-പരാജയ കണക്ക്. സ്വന്തം മണ്ണില്‍ ട്വന്റി-20 കിരീടം മോഹിക്കുന്ന ഇന്ത്യക്ക്, ലോകകപ്പിനു മുമ്പായുള്ള അവസാന മത്സരങ്ങളാണ് ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലേത്. അഞ്ച് മത്സര പരമ്പരയിലെ മൂന്നാം മത്സരം ഇന്നു ഗോഹട്ടിയില്‍ നടക്കും.
Kerala
കൊച്ചി: ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശത്തില്‍ പ്രതിഷേധിച്ച് നേതാക്കളും പ്രവര്‍ത്തകരും രാജി വച്ചതിന് പിന്നാലെ വിശദീകരണവുമായി സാബു എം. ജേക്കബ്. എല്‍ഡിഎഫും യുഡിഎഫും അടക്കമുള്ള പാര്‍ട്ടികള്‍ ട്വന്റി 20യെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കണമെന്ന അജണ്ടയുണ്ടാക്കി എന്നാണ് സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
കൊല്ലം മുതല്‍ പാലക്കാട് വരെ ഏതാണ്ട് 882 വാര്‍ഡുകളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിച്ചത്. ഇവിടെയൊന്നും കാര്യമായിട്ടുള്ള വിജയം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെങ്കിലും കേരളത്തിലുള്ള മൂന്ന് ദേശീയ മുന്നണികളോട് ഏറ്റുമുട്ടി, പ്രത്യേകിച്ച് എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, ഒറ്റയ്ക്ക് നിന്ന് 12.2 ശതമാനം വോട്ട് നേടിയ കേരളത്തിലെ ആദ്യത്തെയും ഒരേയൊരു പാര്‍ട്ടിയാണ് ട്വന്റി 20. പക്ഷെ വളരെ ദുര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ രൂപംകൊണ്ടു എന്നാണ് സാബു ജേക്കബ് പറയുന്നത്.
കേരളം കണ്ടതില്‍ വച്ചേറ്റവും വൃത്തികെട്ട ഒരു രാഷ്ട്രീയ മുന്നണി രൂപംകൊണ്ടു എന്നതാണ്. ട്വന്റി 20യെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കണമെന്ന് എല്‍ഡിഎഫും യുഡിഎഫും തുടങ്ങി 25 രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു ജനകീയ മുന്നണി രൂപംകൊണ്ടു ഒരേ സ്ഥാനാര്‍ഥികളെ നിര്‍ത്തി, ഒരേ ചിഹ്നത്തില്‍ തന്നെ മത്സരിച്ച്, ഒരേ വാഹനത്തില്‍ ഇവരുടെയെല്ലാം കൊടികള്‍ നാട്ടിക്കൊണ്ട് പ്രചാരണം നടത്തുന്ന വളരെ ദൗര്‍ഭാഗ്യകരമായ ഒരു കാഴ്ചയാണ് നമ്മള് കണ്ടത്.
പരസ്പരം കടിച്ചു കീറുന്ന രാഷ്ട്രീയ പാര്ട്ടിക്കാര് വര്‍ഗീയ ശക്തികളെയെല്ലാം കൂട്ടുപിടിച്ചു കൊണ്ട് ട്വന്റി 20യെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള അജണ്ട ഉണ്ടാക്കി. പക്ഷെ ഞങ്ങള്‍ മത്സരിച്ച പഞ്ചായത്തുകളില്‍, പ്രത്യേകിച്ച് ട്വന്റി 20 മുമ്പും ഭരണം നടത്തിക്കൊണ്ടിരുന്ന പഞ്ചായത്തുകളില്‍ ജയിച്ചു. രണ്ടു പഞ്ചായത്തുകളില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും വലിയ ഭൂരിപക്ഷം നേടിയ പ്രതിപക്ഷമായി മാറി. കിഴക്കമ്പലം പഞായത്തില്‍ 21 വാര്‍ഡുകളില്‍, 14 വാര്‍ഡുകളിലും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടി വിജയം വരിക്കാന്‍ സാധിച്ചുവെന്നും സാബു ജേക്കബ് പറഞ്ഞു.
അതേസമയം, ട്വന്റി 20യെ വിശ്വസിച്ച പ്രവര്‍ത്തകരെ വഞ്ചിക്കുന്ന തീരുമാനമാണ് സാബു എം ജേക്കബിന്റേത് എന്നാണ് രാജി വച്ച നേതാക്കളുടെ ആരോപണം. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ജീല്‍ മാവേലില്‍, മഴുവന്നൂര്‍ പഞ്ചായത്ത മുന്‍ കണ്‍വീനര്‍ രഞ്ജു പുളിഞ്ചോടന്‍ എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജി വച്ചത്.
Kerala
കൊച്ചി: ട്വന്റി 20 എൻഡിഎയിൽ ചേർന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പാർട്ടിവിടുന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് പഞ്ചായത്ത് മുൻ അംഗം ജീൽ മാവേലിൽ, മഴുവന്നൂർ പഞ്ചായത്ത് മുൻ കോ-ഓർഡിനേറ്റർ രഞ്ജു പുളിഞ്ചോടൻ എന്നിവരാണ് കോൺഗ്രസിലേക്ക് എത്തുന്നത്.
കോൺഗ്രസ് പ്രവേശനത്തിനു മുന്നോടിയായി മൂന്നുപേരും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ സാബു എം. ജേക്കബിനെ രൂക്ഷമായി വമർശിച്ചു. യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് ട്വന്റി 20 യെ എൻഡിയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്. ബിജെപിയിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്‍സിയായി പാർട്ടി മാറി.
പാവപ്പെട്ടവർക്ക് സബ്സിഡി നൽകാനെന്ന പേരിൽ കൊണ്ടുവന്ന കാർഡിനു വേണ്ടിയുള്ള ഫോറത്തിൽ ജാതി, മത കോളങ്ങൾ ഉൾപ്പെടുത്തി. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിട്ടു വരുമെന്നും ഇവർ പറഞ്ഞു.
Kerala
തിരുവനന്തപുരം: സാബു എം.ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി20 പാർട്ടി എൻഡിഎയിൽ. സാബു എം.ജേക്കബും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തമ്മില്‍ കൊച്ചിയില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്. പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം രാജീവ് ചന്ദ്രശേഖര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
"ട്വന്റി 20 ഇന്ന് എന്‍ഡിഎയുടെ ഭാഗമായി. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ ട്വന്റി20യും സാബു ജേക്കബും ഔദ്യോഗികമായി എന്‍ഡിഎയുടെ ഭാഗമാകും. എന്‍ഡിഎ മുന്നോട്ട് വയക്കുന്ന കാഴ്ചപ്പാട്, വികസിത കേരളം, വിശ്വാസ സംരക്ഷണം, സുരക്ഷിത കേരളം എന്നിവയാണ്. ഇത് ഞങ്ങള്‍ മുന്നോട്ടുവച്ച് നാടിന്റെ സംസ്കാരത്തില്‍ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ആദ്യമേ പറഞ്ഞതാണ്.'- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വിവാദങ്ങളുടെ രാഷ്ട്രീയ സംസ്കാരം നാടിനെ ബാധിക്കുന്നുണ്ട്. വികസിത കേരളം മുന്നോട്ട് വയ്ക്കുന്ന പാര്‍ട്ടിയാണ് എന്‍ഡിഎ എന്ന് ജനങ്ങള്‍ക്ക് മനസിലായി. ട്വന്റി20 എന്ന പാര്‍ട്ടി ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനെത്തിയ പാര്‍ട്ടിയാണ്. അദ്ദേഹം തെലുങ്കാനയില്‍ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. കേരളത്തില്‍ ഒറ്റക്കെട്ടായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
അതേസമയം, ജീവിതത്തിലെ നിർണായക തീരുമാനമെന്നും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമെന്നും സാബു ജേക്കബ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ട്വന്റി20 യെ ഉൻമൂലനം ചെയ്യാൻ ഇടതും വലതും ഒന്നിച്ചു. ഇല്ലാതെയാക്കണം എന്ന് തീരുമാനിച്ചവർക്കുള്ള മറുപടിയാണെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.
Sports
തിരുവനന്തപുരം: കാര്യവട്ടം അന്താരാഷ്ട്ര ക്രിക്കറ്റ് ആവേശത്തിലേക്ക്. 31 ന് നടക്കുന്ന ഇന്ത്യ x ന്യൂസിലാൻഡ് ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വിൽപനയ്ക്ക് ഔദ്യോഗിക തുടക്കമായി.
തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ ആദ്യ ടിക്കറ്റ് എം.ബി. സനിൽ കുമാറിന് കൈമാറി ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു.
Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
Sports
നാഗ്പുര്‍: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായി ടീം ഇന്ത്യയുടെ അവസാന പരമ്പരയ്ക്ക് ഇന്നു തുടക്കം. ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നാഗ്പുരില്‍ രാത്രി ഏഴിന്.
ട്വന്റി-20 ലോക കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ടീം ഇന്ത്യക്ക്, ലോകകപ്പിനു മുമ്പു ശേഷിക്കുന്ന അവസാന അഞ്ച് മത്സരങ്ങള്‍ക്കാണ് ഇന്നു തുടക്കം കുറിക്കുന്നത്. ലോകകപ്പില്‍ കളിക്കാനുള്ള പ്ലേയിംഗ് ഇലവനെ നിശ്ചയിക്കുന്ന പരമ്പരകൂടിയാണിതെന്നതും മറ്റൊരു വസ്തുതയാണ്.
ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ ഏകദിന പരമ്പര നേടിയതിന്റെ ആവേശത്തിലാണ് ന്യൂസിലന്‍ഡ്. ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ മൈക്കിള്‍ ബ്രെയ്സ്വെല്‍, ആദം മില്‍നെ എന്നിവരെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പേസര്‍ ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കിനെ ആദ്യ മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയം.
ഓപ്പണര്‍ സഞ്ജു
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസന് ലോകകപ്പ് ഓപ്പണര്‍ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ് ഈ പരമ്പര. ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ നഷ്ടപ്പെട്ട ഓപ്പണിംഗ് സ്ഥാനം, ഗില്ലിന്റെ പുറത്താകലിലൂടെ സഞ്ജുവിനു തിരിച്ചു ലഭിച്ചിരിക്കുകയാണ്. ട്വന്റി-20 ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും മികച്ച രണ്ടാമത്തെ സ്ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍താരമാണ് സഞ്ജു (500ല്‍ അധികം റണ്സുള്ളതില്). ഓപ്പണര്‍ എന്ന നിലയിലെ 18 ഇന്നിംഗ്സില്‍നിന്ന് 178.02 ആണ് സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. അഭിഷേക് ശര്‍മയ്ക്കു മാത്രമാണ് (190.40) സഞ്ജുവിനേക്കാള്‍ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുള്ളത്.
ഓപ്പണര്‍ എന്ന നിലയില്‍ മൂന്ന് സെഞ്ചുറിയുമുള്ള സഞ്ജുവിന്റെ ബാറ്റിംഗിനെക്കുറിച്ച് എതിരഭിപ്രായമില്ല. എന്നാല്‍, കഴിഞ്ഞ കുറച്ചുനാളായി വിവിധ ഇടങ്ങളില്‍ പരീക്ഷിക്കപ്പെട്ടതിനുശേഷമാണ് സഞ്ജു ഓപ്പണറായി തിരിച്ചെത്തുന്നത്.
പ്ലേയിംഗ് ഇലവൻ
ലോകകപ്പിനുള്ള ഫസ്റ്റ് പ്ലേയിംഗ് ഇലവനിലെ ഏഴ് പേര് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതാണ്. പരിക്കേറ്റു പുറത്തുള്ള തിലക് വര്‍മയാണ് എട്ടാമനായി ഉണ്ടാകാന്‍ സാധ്യത. ഫാസ്റ്റ് ബൗളര്‍ വേണോ സ്പിന്നര്‍ വേണോ എന്നതാണ് കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനുള്ളിലും പുറത്തുമാക്കാനുള്ള ചോദ്യം. അഭിഷേക് ശര്‍മ, സഞ്ജു, സൂര്യകുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ സ്ഥാനങ്ങള്‍ക്കാണ് ഇളക്കം സംഭവിക്കില്ലാത്തത്.
തിലവ് വര്‍മയ്ക്കു പകരമായി ന്യൂസിലന്‍ഡിന് എതിരായ ആദ്യ മൂന്നു മത്സരങ്ങളില്‍ ശ്രേയസ് അയ്യരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാത്ത ശ്രേയസ് അയ്യരെയാണോ, ടീമിലുള്ള ഇഷാന് കിഷനെയാണോ കളിപ്പിക്കുക എന്നതും സുപ്രധാന ചോദ്യം. 2023 ഡിസംബറിനുശേഷം ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ജഴ്സിയില്‍ ട്വന്റി-20 കളിച്ചിട്ടില്ല. ഇഷാന് കിഷനാണെങ്കില്‍ 2023 നവംബറിനുശേഷവും.
ഡെത്ത് ഓവറില്‍ അടിച്ചുതകര്‍ക്കാന്‍ ശിവം ദുബെ, റിങ്കു സിംഗ് എന്നിവരില്‍ ആരാണ്, അര്‍ഷദീപ് സിംഗ് വേണോ കുല്‍ദീപ് യാദവ് മതിയോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാനുണ്ട്.
സൂര്യ @ 100
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നൂറാം രാജ്യാന്തര ട്വന്റി-20 മത്സരമാണ് ഇന്നു നടക്കുക. കഴിഞ്ഞ 22 ഇന്നിംഗ്സിനിടെ ഒരു തവണപോലും അര്‍ധസെഞ്ചുറി നേടാന്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാറിനു സാധിച്ചിട്ടില്ലെന്നതാണ് ടീം ഇന്ത്യയെ വിഷമത്തിലാക്കുന്നത്. കഴിഞ്ഞ 22 ഇന്നിംഗ്സിലായി സൂര്യയുടെ ശരാശരി 12.84 മാത്രം. ഇന്ത്യയെ സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ നയിക്കേണ്ട ക്യാപ്റ്റനെന്ന നിലയില്‍ സൂര്യയില്‍നിന്ന് ഇരുത്തംവന്ന ഇന്നിംഗ്സുകള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ അത്തരം ഇന്നിംഗ്സുകള്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചാല്‍ ടീം ഇന്ത്യക്കും സൂര്യകുമാറിനും ലോകകപ്പിനായി ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ സാധിക്കും.
Sports
വഡോദര: വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റില്‍ പരിക്കേറ്റ ജി. കമാലിനിക്കു പകരം വൈഷ്ണവി ശര്‍മ മുംബൈ ഇന്ത്യന്‍സ് ടീമില്‍.
ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിലൂടെയാണ് 20കാരിയായ വൈഷ്ണവി രാജ്യാന്തര അരങ്ങേറ്റം നടത്തിയത്.
ലങ്കയ്ക്ക് എതിരേ അഞ്ച് മത്സരങ്ങളില്‍നിന്ന് അഞ്ച് വിക്കറ്റ് ഈ ഇടംകൈ സ്പിന്നര്‍ സ്വന്തമാക്കിയിരുന്നു.
Sports
മെൽബണ്‍: ലോകകപ്പിന് മുന്നോടിയായി പാക്കിസ്ഥാനിൽ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരന്പരയിൽ അഞ്ച് പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ.
പാറ്റ് കമ്മിൻസ്, ഗ്ലെൻ മാക്സ്വെല്, ജോഷ് ഹെയ്സല്‍വുഡ്, ടിം ഡേവിഡ്, നഥാൻ എല്ലിസ് എന്നിവർ പരന്പരയിൽ കളിക്കില്ല.
ഇവരുടെ അഭാവത്തിൽ സീൻ അബോട്ട്, മഹ്ലി ബേർഡ്മാൻ, ബെൻ ഡ്വാർഷൂയിസ്, ജാക്ക് എഡ്വേർഡ്സ്, മിച്ച് ഓവൻ, ജോഷ് ഫിലിപ്പ്, മാറ്റ് റെൻഷാവ് എന്നിവർ 17 അംഗ ടീമിൽ ഇടംപിടിച്ചു.
ലാഹോറിൽ 29 മുതൽ ഫെബ്രുവരി ഒന്നുവരെയാണ് മത്സരങ്ങൾ നടക്കുക.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ യുപി വാരിയേഴ്സിനെ ഏഴ് വിക്കറ്റിനു ഡൽഹി ക്യാപ്പിറ്റൽസ് തോൽപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത യുപി, ക്യാപ്റ്റൻ മെഗ് ലാന്നിംഗ് (38 പന്തിൽ 54), ഹർലീൻ ഡിയോൾ (36 പന്തിൽ 47) എന്നിവരിലൂടെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി.
മറുപടിക്കിറങ്ങിയ ഡൽഹി, ലിസെൽ ലീയുടെ (44 പന്തിൽ 67) കരുത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുത്ത് 2026 സീസണിലെ ആദ്യ ജയം നേടി. അവസാന പന്തിലായിരുന്നു ജയം.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) 2026 ട്വന്റി-20 ക്രിക്കറ്റ് ഒരു ദിനം അകലെ... നാളെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടുന്പോൾ രണ്ടാം മത്സരത്തിൽ മാറ്റുരയ്ക്കുന്നത് യുപി വാരിയേഴ്സും ഗുജറാത്ത് ജയന്റ്സുമാണ്. മൂന്നാം മത്സരത്തിൽ കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനക്കരായ ഡൽഹി ക്യാപിറ്റൽസ് മുംബൈയെ നേരിടുന്നതോടെ ടൂർണമെന്റിലെ എല്ലാ ടീമുകളുടെയും ആദ്യ റൗണ്ട് പൂർത്തിയാകും.
യുപി വാരിയേഴ്സ്
ബാറ്റർമാരുടെയും കരുത്തുറ്റ ഓൾറൗണ്ടർമാരുടെയും സംഘമാണ് മെഗ് ലാന്നിംഗ് നയിക്കുന്ന യുപി വാരിയേഴ്സ്. കിരണ്‍ നാവ്ഗീർ, ഫോബെ ലിച്ച്ഫീൽഡ്, ശ്വേത സെഹ്റാവത്, സിമ്രാൻ ഷെയ്ഖ് എന്നിവരാണ് ആദ്യ കിരീടം ലക്ഷ്യമിടുന്ന ലാന്നിംഗിനൊപ്പം ബാറ്റിംഗ് നിരയിലുള്ളത്. ട്വന്റി-20 വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതുള്ള ബാറ്റുകൊണ്ട് മത്സരഗതി നിർണയിക്കാൻ കഴിയുന്ന ദീപ്തി ശർമ ഓൾറൗണ്ടർമാരുടെ നിരയിൽ ടീമിന് മുതൽക്കൂട്ടാണ്. ഇന്ത്യൻ ഓപ്പണർ പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ക്രാന്തി ഗൗഡ്, മലയാളി താരം ആശ ശോഭന, ശിഖ പാണ്ഡെ, ചോലെ ട്രയോണ്‍, ഡീൻഡ്ര ഡോട്ടിൻ, ഷിപ്ര ഗിരി, സോഫി എക്ലസ്റ്റോണ്‍, സുമൻ മീന, ട്രിഷ ഗൊൻഗഡി എന്നിവർ അണിനിരക്കുന്ന ഓൾറൗണ്ട് നിര.
ഗുജറാത്ത് ജയന്റ്സ്
ആഷ്ലി ഗാർഡ്നർ നയിക്കുന്ന ഗുജറാത്ത് മികച്ച ബൗളിംഗ്, ബാറ്റിംഗ്, ഓൾറൗണ്ടർമാരടങ്ങുന്ന നിരയാണ്. കന്നി കിരീടം ലക്ഷ്യം. അനുഷ്ക ശർമ, ഭാർതി ഫുൾമാലി, ഡാന്നി വ്യാട്ട് എന്നിവർ ബാറ്റർമാരായുണ്ട്. ഗാർഡ്നർ നയിക്കുന്ന ഓൾറൗണ്ടർമാരുടെ പട്ടികയിൽ ആയുഷി സോണി, ജോർജിയ വെയർഹാം, കനിക അഹൂജ, കിംഗ് ഗാർത്ത്, തനുജ കാൻവേർ എന്നിവരുൾപ്പെടുന്നു. ബെത്ത് മൂണി, ശിവാനി സിംഗ്, യഷ്തിക ഭാട്യ എന്നിവർ വിക്കറ്റിനു പിന്നിൽ. ഇന്ത്യൻ ദേശീയ ടീം ബൗളിംഗ് കുന്തമുന രേണുക സിംഗ്, ഹാപ്പി കുമാരി, കശ്വീ ഗൗതം, ടൈറ്റസ് സാദു എന്നിവർ ബൗളിംഗ് ഡിപ്പാർട്ട്മെന്റിന് മുതൽക്കൂട്ടാകും.
ഡൽഹി ക്യാപിറ്റൽസ്
ഏകദിന ലോകകപ്പ് ഇന്ത്യയുടെ സെമിഫൈനൽ ഹീറോ ജെമീമ റോഡ്രീഗസ് നയിക്കുന്ന ഡൽഹി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ സീസണിൽ മുംബൈക്ക് മുന്നിൽ ഫൈനലിൽ തോൽവി വഴങ്ങി നഷ്ടമാക്കിയ ട്രോഫി സ്വന്തമാക്കി കന്നി കിരീടം നേടുകയാണ് ലക്ഷ്യം. കരുത്തുറ്റ ബാറ്റിംഗ് നിരയാണ് ഡൽഹിയുടേത്. ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ ഷെഫാലി വർമ, ദക്ഷിണാഫ്രിക്കയെ ഏകദിന ലോകകപ്പ് ഫൈനലിലെത്തിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തിയ ലോറ വോൾവർട്ട്, ദീയാ യാദവ് എന്നിവർ ജെമീമയ്ക്കൊപ്പം ബാറ്റുകൊണ്ട് പൂരവിസ്മയമൊരുക്കും. ഇന്ത്യൻ താരങ്ങളായ സ്നേഹ് റാണ, മലയാളി താരം മിന്നു മണി തുടങ്ങിയവരും എതിരാളികൾക്ക് വെല്ലുവിളിയാകും.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കാലിടറി ട്വന്റി 20. ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണം നഷ്ടമായി. ഇതുകൂടാതെ ഒരു ബ്ലോക്ക് പഞ്ചായത്തും ട്വന്റി 20ക്ക് നഷ്ടമായി. കിഴക്കമ്പലം പഞ്ചായത്തിൽ അവസാന ഘട്ടം വരെ കടുത്ത മത്സരമാണ് നേരിട്ടത്.
കുന്നത്തുനാടും മഴുവന്നൂരും ട്വന്റി 20യെ കൈവിട്ടപ്പോൾ ഐക്കരനാട് പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും ജയിച്ചതും തിരുവാണിയൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും നേട്ടമായി പറയാം. കഴിഞ്ഞ തവണ ജയിച്ച വടവുകോട് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷനും ഇത്തവണ കൈവിട്ടു.
കിഴക്കമ്പലം പഞ്ചായത്തിൽ കഴിഞ്ഞ തവണ ഒരു വാർഡ് മാത്രം നഷ്ടമായിടത്ത്, ഇത്തവണ ജയിച്ചത് 21ൽ 15 ഇടത്ത് മാത്രമാണ്. തിരിച്ചടികൾക്കിടയിലും 16 വാർഡുള്ള പൂതൃക്ക പഞ്ചായത്തിൽ 7 സീറ്റുകൾ നേടി യുഡിഎഫിന് ഒപ്പം എത്തി.
തിരുവാണിയൂരിലെ ഇടതു കോട്ട പൊളിച്ചതും ട്വന്റി 20ക്ക് നേട്ടമാണ്. അതേസമയം മറ്റു പാർട്ടികൾ ട്വന്റി 20യെ തോൽപ്പിക്കാൻ ഐക്യമുന്നണിയുമായി പ്രവർത്തിച്ചത് തിരിച്ചടിയായെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുന്നതിനിടെ കിഴക്കമ്പലത്ത് മാധ്യമ പ്രവർത്തകർക്കുനേരെ കൈയേറ്റം. ചാനൽ റിപ്പോർട്ടർമാർക്കുനേരെയായിരുന്നു കൈയേറ്റം ഉണ്ടായത്.
ഒരു സംഘം ആളുകൾ ചേർന്ന് സ്വകാര്യ ചാനലിന്റെ കാമറമാനെയും റിപ്പോർട്ടറെയും ആക്രമിക്കുകയായിരുന്നു. കാമറയും തകർത്തു. പൗരൻ എന്ന് പറഞ്ഞായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പാസുമായി എത്തിയ മാധ്യമ പ്രവർത്തകർക്കുനേരെയാണ് ആക്രമണം ഉണ്ടായത്.
പോലീസ് നോക്കി നിൽക്കെയായിരുന്നു ആക്രമണം. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഒരു പഞ്ചായത്താണ് കിഴക്കമ്പലം. ട്വന്റി 20യും എൽഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന പോരാട്ടം.
ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് മാധ്യമങ്ങളെ കണ്ടതിനുപിന്നാലെയാണ് സംഘർഷം ഉടലെടുത്തത്.
District News
കിഴക്കമ്പലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടിയോട് മത്സരിക്കുന്നത് ഇടതു, വലത് മുന്നണികളുടെ 25 പാര്‍ട്ടികള്‍ അടങ്ങുന്ന കുറുവ സംഘമെന്ന് ട്വന്റി 20 ചെയർമാൻ സാബു ജേക്കബ്. 10 വര്‍ഷം മാത്രം പ്രായമുള്ള ട്വന്റിയെ പ്രതിരോധിക്കാനാണ് ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ അവരുടെ മുഴുവന്‍ സമയവും ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനെ വെല്ലുവിളിച്ചാല്‍ സിപിഎം എംഎല്‍എ ശ്രീനിജനാണ് മറുപടി പറയുന്നതെന്നും സാബു പത്രസമ്മേളനത്തില്‍ തുറന്നടിച്ചു.
ഇക്കുറി കൊച്ചി കോര്‍പറേഷനിലും മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര മുനിസിപ്പാലിറ്റികളിലും കൊല്ലം ജില്ലയിലെ പത്തനാപുരം പഞ്ചായത്ത് മുതല്‍ പാലക്കാട് മുതലമട പഞ്ചായത്തില്‍വരെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. ആകെ 880 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
സിപിഎമ്മിന്റെയും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ നേതാക്കളും ഭീഷഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പാര്‍ട്ടിയുടെ നിരവധി സ്ഥാനാര്‍ഥികളെ പിന്തിതിരിപ്പിച്ചിട്ടുണ്ട്. ട്വന്റി 20 പാര്‍ട്ടിയുടെ വളര്‍ച്ചയെ ഈ പാര്‍ട്ടികള്‍ എത്രത്തോളം ഭയക്കുന്നുവെന്നതിന്റെ പ്രത്യക്ഷ തെളിവാണിതെന്നും സാബു ജേക്കബ് പറഞ്ഞു.
Sports
വിജയവാഡ: അണ്ടർ 23 വനിതാ ട്വന്റി 20 ക്രിക്കറ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. പഞ്ചാബിനോടാണ് കേരളം നാല് വിക്കറ്റ് തോൽവി വഴങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 100 റണ്‍സിലൊതുങ്ങി. പഞ്ചാബ് 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ഓപ്പണർമാരായ വൈഷ്ണ എംപി ഒന്‍പതും ശ്രദ്ധ സുമേഷ് പതിനൊന്നും റണ്‍സ് നേടി മടങ്ങി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച അനന്യയും നജ്ലയും ചേർന്നുള്ള കൂട്ടുകെട്ട്് കേരളത്തെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 53 റണ്‍സ് കൂട്ടിച്ചേർത്തു. നജ്ല 28 റണ്‍സെടുത്ത് പുറത്തായപ്പോൾ അനന്യ 24 റണ്‍സെടുത്ത് റിട്ടയേഡ് ഹർട്ടായി മടങ്ങി. തുടർന്നെത്തിയവർ നിരാശപ്പെടുത്തി. പഞ്ചാബിനു വേണ്ടി മന്നത് കാശ്യപ് നാല് വിക്കറ്റ് വീഴ്ത്തി.
പഞ്ചാബിനായി ഓപ്പണർമാർ മികച്ച തുടക്കം നൽകി. അവ്നീത് കൗർ (39) ഹർസിമ്രൻജിത് (27) റണ്‍സ് നേടി. എന്നാൽ മധ്യ ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി കേരളം പിടിമുറുക്കിയതോടെ മത്സരം അവസാന ഓവറിലേക്ക് നീണ്ടു. അവസാന ഓവറിലെ രണ്ടാം പന്തിൽ പഞ്ചാബ് ലക്ഷ്യത്തിലെത്തി. കേരളത്തിനുവേണ്ടി ക്യാപ്റ്റൻ നജ്ല മൂന്ന് വിക്കറ്റ് വീഴ്ത്തി.
Sports
മെല്‍ബണ്‍: ഐസിസി ട്വന്റി-20 ലോക റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏറ്റുമുട്ടല്‍ ഇന്ന്. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് മെല്‍ബണില്‍. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.45നാണ് മത്സരം.
കാന്‍ബറയിലെ ആദ്യ മത്സരം മഴയില്‍ മുടങ്ങിയിരുന്നു. മാനം തെളിഞ്ഞാല്‍ 90,000 കവിയുന്ന കാണികള്‍ക്കു മുന്നില്‍ മെല്‍ബണില്‍ മിന്നിക്കാനുള്ള തയാറെടുപ്പിലാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യ.
സൂര്യ-ഗില്‍ ഫോം
കാന്‍ബറയിലെ ആദ്യ മത്സരത്തില്‍ ഫലമുണ്ടായില്ലെങ്കിലും സൂര്യകുമാര്‍ യാദവും ശുഭ്മാന്‍ ഗില്ലും മികച്ച ഫോമില്‍ ബാറ്റ് ചെയ്തു എന്നത് ടീം ഇന്ത്യക്ക് ആത്മവിശ്വാസം നല്കുന്നു. ഏഷ്യ കപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരായെങ്കിലും സൂര്യകുമാര്‍ യാദവിന്റെ പ്രകടനം മോശമായിരുന്നു.
കാന്‍ബറയില്‍ ഗില്‍ 20 പന്തില്‍ നാല് ഫോറും ഒരു സിക്സും അടക്കം 37 റണ്‍സുമായും സൂര്യകുമാര്‍ 24 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും അടക്കം 39 റണ്‍സുമായും പുറത്താകാതെ നിന്നപ്പോഴായിരുന്നു മഴയില്‍ മത്സരം മുടങ്ങിയത്.
നഥാന്‍ എല്ലിസ്, ടിം ഡേവിഡ് എന്നിവര്‍ ആദ്യമായാണ് എംസിജിയില്‍ (മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്) രാജ്യാന്തര ക്രിക്കറ്റ് കളിക്കാനിറങ്ങുന്നത്. ട്വന്റി-20യിലെ ലോക ഒന്നാം നമ്പര്‍ സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെ ഓസീസ് ബാറ്റര്‍മാര്‍ എങ്ങനെ നേരിടുമെന്നതാണ് സുപ്രധാന ചോദ്യം. ഓസ്ട്രേലിയയ്ക്കെതിരേ വരുണ്‍ ചക്രവര്‍ത്തിക്ക് ഇതുവരെ ട്വന്റി-20 ഫോര്‍മാറ്റില്‍ പന്ത് എറിയേണ്ടിവന്നിട്ടില്ലെന്നതും ശ്രദ്ധേയം.
സഞ്ജുവിന് 1000 അരികെ
സഞ്ജു സാംസണിന് രാജ്യാന്തര ട്വന്റി-20യില്‍ 1000 റണ്സിലേക്കുള്ളത് വെറും ഏഴ് റണ്‍സ് അകലം മാത്രം. തിലക് വര്‍മയ്ക്കാകട്ടെ 38 റണ്‍സിന്റെയും.
ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന് നാലു റണ്‍സ് എടുത്താല്‍ 2000 തികയ്ക്കാം. ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് നാല് വിക്കറ്റ് നേടിയാല്‍ ട്വന്റി-20യില്‍ 100 വിക്കറ്റ് നേട്ടത്തിലെത്താം. 2008നുശേഷം ഇന്ത്യ, ഓസ്ട്രേലിയന്‍ മണ്ണില്‍ ട്വന്റി-20 പരമ്പര തോറ്റിട്ടില്ല.
Sports
കാന്‍ബെറ: ഐസിസി ട്വന്റി-20 ലോക റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ ഇന്ത്യയും ഓസ്ട്രേലിയയുടെ തമ്മിലുള്ള ടോപ് ഫൈറ്റിന് ഇന്നാരംഭം. ഇന്ത്യ x ഓസ്ട്രേലിയ അഞ്ച് മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്നു കാന്‍ബറയില്‍. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.45 മുതലാണ് മത്സരം.
2026 ലോകകപ്പ് ഒരുക്കം
അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി-20 ലോകകപ്പിലേക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ് ഈ പരമ്പര. നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യ, ഏഷ്യ കപ്പ് എതിരില്ലാതെ സ്വന്തമാക്കിയാണ് ഓസ്ട്രേലിയയില്‍ എത്തിയിരിക്കുന്നത്. 2024 ലോകകപ്പ് നേടിയശേഷം ഇതുവരെയായി വെറും മൂന്നു മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.
ബുംറ റിട്ടേണ്‍സ്
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സര ഏകദിന പരമ്പര 2-1നു പരാജയപ്പെട്ടശേഷമാണ് ഇന്ത്യ ട്വന്റി-20 പോരാട്ടത്തിന് ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പേസര്‍ ജസ്പ്രീത് ബുംറ, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് തുടങ്ങിയവരുണ്ട്. ഏകദിന പരമ്പരയില്‍നിന്നു ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.
ഓസ്ട്രേലിയന്‍ സംഘത്തിലേക്ക് ജോഷ് ഇംഗ്ലിസ് മടങ്ങിയെത്തി എന്നതാണ് ശ്രദ്ധേയം. അതേസമയം, സ്പിന്നര്‍ ആദം സാംപ കുടുംബപരമായ കാരണങ്ങളാല്‍ ടീമിലില്ല.
Sports
ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരന്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. അവസാന പന്തു വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ഓപ്പണർ ഷഫാലി വർമയുടെ വെടിക്കെട്ട് അർധസെഞ്ചുറിയുടെ കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സടിച്ചപ്പോൾ ഇംഗ്ലണ്ട് അവസാന പന്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇന്ത്യക്കായി ഷഫാലി വർമ 41 പന്തിൽ 75 റണ്‍സെടുത്തപ്പോൽ മറ്റാർക്കും കാര്യമായ പിന്തുണ നൽകാനായില്ല. തോറ്റെങ്കിലും അഞ്ച് മത്സര പരന്പര ഇന്ത്യ 3-2ന് സ്വന്തമാക്കി. സ്കോർ: ഇന്ത്യ: 20 ഓവറിൽ 167/7. ഇംഗ്ലണ്ട്: 20 ഓവറിൽ 168/5.
ഒന്നാം വിക്കറ്റിൽ 64 പന്തിൽ 101 റണ്‍സ്് നേടിയ ഡാനി വ്യാറ്റ്- സോഫിയ ഡംഗലെ കൂട്ടുകെട്ട് ഇംഗ്ലണ്ടിന് അനായാസ ജയമൊരുക്കുമെന്ന് പ്രതീക്ഷിച്ചിടത്തുനിന്നാണ് മത്സരം അവസാന പന്തിൽ വിധി നിർണയിക്കും വിധം ത്രില്ലർ പോരാട്ടമായി മാറിയത്. സെഞ്ചുറി കൂട്ടുകെട്ടിനു പിന്നാലെ ഇന്ത്യൻ വനിതകൾ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കി. തോൽവിയുടെ വക്കിൽനിന്ന് അവസാന പന്തിൽ സിംഗിൾ എടുത്ത് സോഫി എക്ലേസ്റ്റോണ്‍ ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചു.
അരുന്ധതി റെഡ്ഢി എറിഞ്ഞ അവസാന ഓവറിൽ ആറ് റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ടാമി ബൗമണ്ട് ബൗൾഡ്. രണ്ടാം പന്തിൽ സ്കോൾഫീൽഡ് ഒരു റണ്ണെടുത്തു. മൂന്നാം പന്തിൽ രാധാ യാദവിന്റെ ഉജ്വല ക്യാച്ചിൽ ആമി ജോണ്‍സ് പുറത്ത്. എന്നാൽ അവസാന പന്തിൽ സോഫി എക്ലേസ്റ്റോണ്‍ സിംഗിൾ എടുത്ത് ഇംഗ്ലണ്ടിനെ വിജയിപ്പിച്ചു.