വഡോദര: വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 (ഡബ്ല്യുപിഎല്‍) ക്രിക്കറ്റിന്റെ 2026 സീസണ് പ്ലേ ഓഫ് ചിത്രം ഇന്നു വ്യക്തമാകും. ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ നിലവിലെ ഫൈനലിസ്റ്റുകളായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് യുപി വാരിയേഴ്സുമായി ഏറ്റുമുട്ടും. രാത്രി 7.30ന് വഡോദരയിലാണ് മത്സരം.
എട്ടു മത്സരങ്ങളുള്ള ലീഗ് റൗണ്ടില്‍ ഏഴ് പോരാട്ടങ്ങളില്‍നിന്ന് ഡല്‍ഹിക്ക് ആറും യുപിക്ക് നാലും പോയിന്റാണ്. യുപി വാരിയേഴ്സ് പ്ലേ ഓഫ് എലിമിനേറ്റററില് പ്രവേശിക്കില്ലെന്ന് ഇതിനോടകം വ്യക്തമായി. എന്നാല്‍, ഇന്നു വന്‍ മാര്‍ജിനില്‍ ജയിക്കാന്‍ സാധിച്ചാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എലിമിനേറ്റര്‍ റൗണ്ടിലേക്കു മുന്നേറാം.
ഏഴ് മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുമായി നാലാം സ്ഥാനത്താണ് ഡല്‍ഹി. എട്ട് മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് മൂന്നാമത്. മുംബൈ നെറ്റ് റണ്‍റേറ്റില്‍ (+0.059) ഡല്‍ഹിയേക്കാള്‍ (-0.164) നിലവില്‍ മുന്നിലാണ്. എട്ട് മത്സരങ്ങളില്‍നിന്ന് 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു നേരിട്ട് ഫൈനലില്‍ പ്രവേശിച്ചു.
10 പോയിന്റ് നേടിയ ഗുജറാത്ത് ജയന്റ്സ് രണ്ടാം സ്ഥാനം ഉറപ്പിച്ച് എലിമിനേറ്ററില്‍ ഇടംപിടിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമാണ് ചൊവ്വാഴ്ച നടക്കുന്ന എലിമിനേറ്ററില്‍ ഗുജറാത്തിന്റെ എതിരാളി.
Tags : WPL WPL Playoffs Twenty20 cricket