വിജയവാഡ: അണ്ടർ 23 വനിതാ ട്വന്റി 20 ക്രിക്കറ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. പഞ്ചാബിനോടാണ് കേരളം നാല് വിക്കറ്റ് തോൽവി വഴങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 100 റണ്‍സിലൊതുങ്ങി. പഞ്ചാബ് 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ഓപ്പണർമാരായ വൈഷ്ണ എംപി ഒന്‍പതും ശ്രദ്ധ സുമേഷ് പതിനൊന്നും റണ്‍സ് നേടി മടങ്ങി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച അനന്യയും നജ്ലയും ചേർന്നുള്ള കൂട്ടുകെട്ട്് കേരളത്തെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 53 റണ്‍സ് കൂട്ടിച്ചേർത്തു. നജ്ല 28 റണ്‍സെടുത്ത് പുറത്തായപ്പോൾ അനന്യ 24 റണ്‍സെടുത്ത് റിട്ടയേഡ് ഹർട്ടായി മടങ്ങി. തുടർന്നെത്തിയവർ നിരാശപ്പെടുത്തി. പഞ്ചാബിനു വേണ്ടി മന്നത് കാശ്യപ് നാല് വിക്കറ്റ് വീഴ്ത്തി.
പഞ്ചാബിനായി ഓപ്പണർമാർ മികച്ച തുടക്കം നൽകി. അവ്നീത് കൗർ (39) ഹർസിമ്രൻജിത് (27) റണ്‍സ് നേടി. എന്നാൽ മധ്യ ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി കേരളം പിടിമുറുക്കിയതോടെ മത്സരം അവസാന ഓവറിലേക്ക് നീണ്ടു. അവസാന ഓവറിലെ രണ്ടാം പന്തിൽ പഞ്ചാബ് ലക്ഷ്യത്തിലെത്തി. കേരളത്തിനുവേണ്ടി ക്യാപ്റ്റൻ നജ്ല മൂന്ന് വിക്കറ്റ് വീഴ്ത്തി.
Tags : Twenty20 Kerala loses