കിഴക്കമ്പലം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു തുടര്‍ഭരണം ലഭിക്കില്ലെന്നു ബജറ്റ് പ്രഖ്യാപനങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസിലാക്കാമെന്നു ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും ജനക്ഷേമ പദ്ധതികള്‍ ഒന്നും നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു മാസത്തിനപ്പുറം തെരഞ്ഞെടുപ്പ് വരാനിരിക്കേ ഈ ബജറ്റില്‍ പ്രഖ്യാപിച്ച യാതൊന്നും നടപ്പാക്കേണ്ടിവരില്ലെന്നും അടുത്ത സര്‍ക്കാര്‍ വീണ്ടും ബജറ്റ് അവതരിപ്പിക്കണമെന്നും ഇവിടത്തെ ഓരോ സാധാരണക്കാരനും അറിയാം.
സാധാരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ഉതകുന്ന ഒരു പദ്ധതിപോലും കൊണ്ടുവരാന്‍ സാധിക്കാത്ത ഈ സര്‍ക്കാര്‍ ആറര ലക്ഷം കോടിയുടെ കടബാധ്യതയാണു വരുത്തിവച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ അടുത്ത സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തില്‍നിന്ന് അപ്രത്യക്ഷമായ സമര കോലാഹലങ്ങള്‍ സിപിഎം വീണ്ടും പുറത്തെടുക്കും.
അടുത്ത തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ജനം അത് ആഗ്രഹിക്കുന്നുവെന്നും സാബു ജേക്കബ് പറഞ്ഞു.
Tags : Sabu M. Jacob Kerala Budget Twenty20