District News
വടക്കഞ്ചേരി: തൃശൂർ വടക്കേസ്റ്റാൻഡിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് കിഴക്കഞ്ചേരി സ്വദേശി മരിച്ചു. ചെറുകുന്നം പരേതനായ നാകുണ്ണിയുടെ മകൻ സുനിൽകുമാർ (കണ്ണപ്പൻ 50) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. സുനിൽകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ സുനിൽകുമാറിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കല്യാൺ ജ്വല്ലേഴ്സിൽ ഇലക്ട്രീഷ്യനാണ്. അമ്മ: കമലം.
ഭാര്യ: കവിത (യൂണിവേഴ്സൽ സ്റ്റീൽസ്, വടക്കഞ്ചേരി). മക്കൾ: ആതിര, ആദിത്യൻ. സഹോദരങ്ങൾ: സുഭാഷ് ബാബു (സിഎസ് സി സെന്റർ, കണിയമംഗലം), സ്മിത.
Kerala
അമ്പലപ്പുഴ: മില്‍മ പാല്‍വിതരണ വാഹനത്തിന്റെ ഡോര്‍ തുറന്നു റോഡിൽ
തെറിച്ചു വീണു പരിക്കേറ്റ തൊഴിലാളി മരിച്ചു. അമ്പലപ്പുഴ വടക്ക് 17 ആം വാര്‍ഡില്‍ വളഞ്ഞവഴി പടിഞ്ഞാറ് കാക്കാഴം വെള്ളംതെങ്ങ് പുഷ്പരാജ് -പ്രിയംവദ ഭമ്പതികളുടെ മകന് ഉഷസ്(30) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11 ഓടെ കാക്കാഴം മേല്‍പ്പാലത്തിലായിരുന്നു അപകടം. മേല്‍പ്പാലത്തിനു മുമ്പുള്ള കടയില്‍ പാലിറക്കിയ ശേഷം വാഹനത്തിന്റെ മുന്‍സീറ്റില്‍ കയറി തെക്ക് ഭാഗത്തേക്കു പോകുന്നതിനിടെ പാലത്തിലെ കുഴിയില്‍പെട്ട് വാതില്‍ പെട്ടെന്നു തുറന്നുപോയതോടെ ഉഷസ് റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.
തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ ഉഷസിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതനായ ഉല്ലാസ്, ഉണ്ണി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Kerala
കൊച്ചി: മൂവാറ്റുപുഴയില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാഹനമിടിച്ചു മെഡിക്കല്‍ സ്റ്റോര്‍ ഉടമ മരിച്ചു. മൂവാറ്റുപുഴ സ്വദേശി രഞ്ജന്‍(60) ആണ് മരിച്ചത്. ഇന്നു രാവിലെ ആറരയോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിക്കു മുന്‍വശം റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം.
തൊടുപുഴ ക്ഷേത്രത്തില്‍ പോയി മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയതിനു ശേഷം മെഡിക്കല്‍ ഷോപ്പ് തുറക്കാനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ടാറിംഗ് ജോലിക്കായി ആളുകളെ കൊണ്ടുപോകുന്ന ജീപ്പ് ഇടിച്ചാണ് അപകടമുണ്ടായത്.
ഉടന്‍തന്നെ രഞ്ജനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ഒൻപതോടെ മരിച്ചു. രഞ്ജന്റെ തലയ്ക്കും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
Kerala
കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി വയോധികന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കളമശേരി സ്വദേശി സാജു (64) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11.30- ഓടെയാണ് അപകടമുണ്ടായത്. സാജുവിന് ഒപ്പമുണ്ടായിരുന്ന ബന്ധുവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പട്ടാമ്പി സ്വദേശിയായ കാർ ഡ്രൈവർ നവാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അമിത വേഗത്തിൽ എത്തിയ ടാക്സി ബൈക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഈ ബൈക്ക് മറ്റൊരു കാറിന് അടിയിൽ പെടുകയായിരുന്നു.
Kerala
എടത്വ: ആലപ്പുഴ എടത്വയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചെറുതന പഞ്ചായത്ത് രണ്ടാം വാര്‍ഡ് പോച്ച തുണ്ടത്തില്‍ മണിക്കുട്ടന് (മനു - 29), പതിമൂന്നിൽചിറ സുബീഷ് (27) എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്.
എടത്വ-തകഴി റോഡില്‍ പച്ച ജംഗ്ഷന് സമീപം ബുധനാഴ്ച രാത്രി 8.15 ഓയോടെയായിരുന്നു അപകടം. തകഴി ഭാഗത്ത് നിന്ന് വന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും എടത്വ ഭാഗത്ത് നിന്ന് വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
Kerala
ഒറ്റപ്പാലം: ലക്കിടി -തിരുവില്വാമല റോഡിൽ കുഞ്ചൻ സ്മാരക വായനശാലയ്ക്കു സമീപം ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു.
തിരുവില്വാമല കണിയാർകോട് സ്വദേശി ശരണ്യ(23), മകൾ ആദിശ്രീ (അഞ്ച്) എന്നിവരാണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻദാസിനു സാരമായി പരിക്കേറ്റു.
തിരുവില്വാമലയിലെ വീട്ടിൽനിന്നു ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്കു പോകുകയായിരുന്നു ശരണ്യയും മകളും. ബന്ധുവായ മോഹൻദാസാണു സ്കൂട്ടർ ഓടിച്ചത്. എതിർഭാഗത്തുനിന്നു വന്ന ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
മൂവരെയും ഉടൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരണ്യയെയും മകളെയും രക്ഷിക്കാനായില്ല.
Kerala
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിലാണ് അപകടം. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്റെയും സുബിയുടെയും മകൻ ആര്യൻ (5) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു അപകടം. ട്രാക്കിലൂടെ തള്ളിമാറ്റുന്ന ഗേറ്റിൽ കളിക്കുന്നതിനിടെ ട്രാക്കിൽ നിന്ന് തെന്നിമാറിയ ഇരുമ്പ് ഗേറ്റ് ആര്യന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
ഗേറ്റിനടിയിൽപ്പെട്ട ആര്യനെ സമീപത്തുണ്ടായിരുന്നവരാണ് പുറത്തെടുത്തത്. ഉടൻ തന്നെ അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായിരുന്നതിനാൽ തുടർന്ന് കുട്ടിയെ ചേർത്തലയിലെ സ്വകാര്യ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
പാലക്കാട്: ചിറ്റൂർ റോഡിൽ കാടാങ്കോട് കനാൽപാലത്തിനു സമീപം മൂന്നു യുവാക്കൾ മരിക്കാനിടയായ അപകടമുണ്ടായത് കാട്ടുപന്നി റോഡിനു കുറുകെ ചാടിയതിനാൽ. കാട്ടുപന്നിയെ ഇടിച്ചാണ് കാർ നിയന്ത്രണംവിട്ടു മറിഞ്ഞത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാലക്കാട് നൂറടി റോഡ് വെങ്കിടേശ്വര കോളനി രേവതിയിൽ രോഹൻ രഞ്ജിത് (24), നൂറണി ചക്കാന്തറ ലക്ഷ്മി നിവാസിൽ രോഹൻ സന്തോഷ് (22), യാക്കര കാഴ്ചപ്പറന്പ് സൗപർണികയിൽ സനൂഷ് (19) എന്നിവരാണു മരിച്ചത്. കാർ ഓടിച്ചിരുന്ന ആദിത്യൻ (23), ഋഷി (24), ജിതിൻ (21) എന്നിവർക്കാണു പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. കല്ലിങ്കലിനും കരിങ്കരപ്പുള്ളിക്കും ഇടയിൽ കനാൽപാലം എത്തുംമുന്പാണ് പന്നി റോഡിനു കുറുകെ ചാടിയത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്ത് മരിച്ചു.
കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ചാണോ കാട്ടുപന്നി കുറുകെ ചാടിയാണോ അപകടം സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുനൽകി. ബിടെക് ഓട്ടോമൊബൈൽ വിദ്യാർഥിയാണ് സനൂഷ്. അമ്മ: ധന്യ. സഹോദരൻ: ധനുഷ്. കൊച്ചിയിൽ സോഫ്റ്റ്വേർ എൻജിനിയറാണു രോഹൻ രഞ്ജിത്ത്. അമ്മ: ലീന നായർ. ആറു മാസം മുന്‍പാണ് രോഹൻ രഞ്ജിത്തിന്റെ അച്ഛൻ ഡോ. രഞ്ജിത്ത് മരിച്ചത്. ഡെന്റൽ ഡോക്ടറാണു ലീന. ഇവരുടെ ഏകമകനാണ് രോഹൻ രഞ്ജിത്. നൂറണിയിലുള്ള അച്ഛൻ സന്തോഷിന്റെ വർക്ക് ഷോപ്പിലാണ് രോഹൻ സന്തോഷ് ജോലി ചെയ്യുന്നത്. അമ്മ: കെ. മഞ്ജു കണ്ണാടി ഹൈസ്കൂളിൽ അധ്യാപികയാണ്. സഹോദരങ്ങൾ: രോഹിത്ത്, യഹിത്ത്.
Kerala
മലപ്പുറം: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം വാണിയമ്പലത്തുണ്ടായ അപകടത്തിൽ മരുതുങ്ങൽ സ്വദേശി നന്ദൻ (23) ആണ് മരിച്ചത്.
വീട്ടിൽ നിന്ന് പാൽ വാങ്ങാൻ പോയതായിരുന്നു നന്ദൻ.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വണ്ടൂരിലെ ഒരു കച്ചവട സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു നന്ദൻ.
Kerala
നെടുമ്പാശേരി: ദേശീയപാതയിൽ ചെറിയ വാപ്പാലശേരിയ്ക്കു സമീപം നിയന്ത്രണം വിട്ട പിക്കപ് വാനിടിച്ച് തമിഴ്നാട് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.
മധുര മേലൂർ മധുരാമലിംഗപട്ടി താണിയമംഗലത്ത് പാൽപാണ്ടിയുടെ മകൻ നാഗരാജൻ (43) ആണു മരിച്ചത്. ഇന്നലെ രാവിലെ 7.15ഓടെയായിരുന്നു സംഭവം.
Kerala
ഇരിട്ടി: ആറളം ഫാമിൽ കള്ളു ചെത്ത് ജോലിക്കിടെ തൊഴിലാളി മിന്നലേറ്റു മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു. ആറളം പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കിലെ താമസക്കാരനും ഊരുമൂപ്പനുമായ രാജീവനാണ് (53) മരിച്ചത്. ചെത്തുതൊഴിലാളിയായ ബിനു ഈരായിക്കാണ് (42) പരിക്കേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഴക്കുന്ന് സ്വദേശി വിജേഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഭവം. കള്ളു ചെത്തിയ ശേഷം തെങ്ങിൽ നിന്നിറങ്ങി മൂവരും നടന്നു പോകുന്നതിനിടെ രാജീവന് മിന്നലേൽക്കുകയായിരുന്നു. മിന്നലേറ്റ് രാജീവൻ തെറിച്ചുവീണു. ഫാമിലുണ്ടായിരുന്ന മറ്റു തൊഴിലാളികൾ രാജീവനെയും ബിനുവിനെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജീവൻ മരിച്ചു.
ബിനുവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാജീവന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ഗീതയാണ് രാജീവന്റെ ഭാര്യ. ഋതുരാഗ്, അജുൽ രാജ് എന്നിവർ മക്കളാണ്.
Kerala
കൊച്ചി: ട്രെയിലറില്‍ നിന്ന് കാര്‍ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിനും ലോറിക്കും ഇടയില്ക്കുരുങ്ങി ഷോറൂം ജീവനക്കാരന് മരിച്ചു. മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശി ആന്റണി സേവ്യര്‍ (റോഷൻ 36) ആണ് മരിച്ചത്.
കാര്‍ ഇറക്കാനെത്തിയ യൂണിയന് തൊഴിലാളിക്ക് പരിക്കേറ്റു. കാര്‍ ഓടിച്ച എറണാകുളം സ്വദേശി അന്‍ഷാദിനെ പ്രതിചേര്‍ത്ത് പാലാരിവട്ടം പോലീസ് കേസെടുത്തു. പുതിയ ആഡംബര കാറാണ് അപകടത്തില്‍പ്പെട്ടത്.
കുണ്ടന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ വിതരണ കമ്പനിയിയുടെ പാലാരിവട്ടം ചളിക്കവട്ടത്തെ ഗോഡൗണില്‍ ഞായറാഴ്ച രാത്രി 11.30-നായിരുന്നു അപകടം. സിഐടിയു യൂണിയന് അംഗം അനീഷിനാണ് പരിക്കേറ്റത്. ഇയാള്‍ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആന്റണിയും അനീഷും അന്‍ഷാദും മറ്റൊരാളുമാണ് ട്രെയ്ലറില് നിന്നും കാര്‍ ഇറക്കാനെത്തിയത്. അന്‍ഷാദ് വാഹനം ഇറക്കിയപ്പോള്‍ സൈഡ് പറഞ്ഞു കൊടുക്കുകയായിരുന്നു ആന്റണി. ഇതിനിടെ വാഹനത്തിന്റെ നിയന്ത്രണംവിട്ട് പിന്നോട്ട് വന്നു.
ഈ സമയം റാമ്പില്‍ നില്‍ക്കുകയായിരുന്ന ആന്റണിക്ക് മാറാന്‍ സാധിച്ചില്ല. ഒപ്പമുണ്ടായിരുന്നെങ്കിലും അനീഷിന് ഓടി മാറാനായി. എന്നാല്‍ ആന്റണി സമീപത്ത് നിറുത്തിയിട്ടിരുന്ന ലോറിക്കും കാറിനും ഇടയില്‍പ്പെടുകയായിരുന്നു.
ലോറിയില്‍ തട്ടി സമീപത്തെ പോസ്റ്റില്‍ ഇടിച്ചാണ് കാര്‍ നിന്നത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്റണിയുടെ ജീവന് രക്ഷിക്കാനായില്ല.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ ആന്റണിയുടെ മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് നസ്രത്ത് തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍ സംസ്കരിച്ചു. ഷെല്‍മ ആണ് ഭാര്യ. മക്കള്‍: ആന്‍സിയ റോഷന്, എവിലിന്റേഷന്.