ചാവക്കാട്: ദേശീയപാത 66 എടക്കഴിയൂര്‍ കാജാ സ്റ്റോപ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന സിമന്റ് മിക്സിംഗ് ലോറിക്കു പിന്നില്‍ കാറിടിച്ച് കാര്‍ യാത്രികന് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പനങ്ങാട് ഹൈസ്കൂളിനു പടിഞ്ഞാറ് താണിയത്ത് രാമാനന്ദന്‍ ശാന്തി(65)യാണ് മരിച്ചത്.
ഭാര്യ നിര്‍മല(57), മകന് ശ്രീമോന് (34), ഭാര്യ അഞ്ജു(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നു വയസുള്ള പേരക്കുട്ടി നീലകൃഷ്ണയും കാറിലുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റവരെ കെന്‍സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാമാനന്ദൻ മരിച്ചിരുന്നു.
തിരുനാവായ കുംഭമേളയില്‍ പങ്കെടുത്ത് കുടുംബത്തോടൊപ്പം പൊന്നാനി-ചാവക്കാട് ദേശീയപാത വഴി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. കൊടുങ്ങല്ലൂര്‍ വിദ്യാ പ്രകാശിനി സഭ ശ്രീകുമാര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മുന്‍ പൂജാരിയാണ് രാമാനന്ദന്‍. മകൾ: ശ്രീതുമോള്‍. മരുമകന്: അശ്വിന്. സംസ്കാരം ഇന്നു രാവിലെ വീട്ടുവളപ്പില്‍.