National
ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ 1500ലധികം കാക്കൾ ചത്തൊടുങ്ങിയതിനെത്തുടർന്ന് പ്രദേശം പക്ഷിപ്പനി ഭീതിയിൽ.
ചെന്നൈയുടെ സമീപപ്രദേശങ്ങളായ അഡയാർ, പള്ളികരനായി, വേലാച്ചേരി, തിരുവാൺമയൂർ, ഇസിആർ, പഴയ മാമല്ലപുരം റോഡ് (ഒഎംആർ) പ്രദേശത്ത് കഴിഞ്ഞയാഴ്ചയാണ് കാക്കകൾ കൂട്ടത്തോടെ ചത്തത്. മേഖലകളിൽ കഴിഞ്ഞമാസമാണ് കാക്കകൾ ചത്തത്.
മരങ്ങളിൽ നിന്നും മറ്റും വീടുകളിലേക്കും പാർക്ക് ഉൾപ്പെടെ സ്ഥലങ്ങളിലേക്കും കാക്കകൾ ചത്തുവീഴുകയായിരുന്നു.
ഇതേത്തുടർന്ന് കാഞ്ചീപുരം മൃഗസംരക്ഷണവകുപ്പ് ശേഖരിച്ച സാന്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡീസീസ് കൺട്രോളിൽ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
NRI
ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞദിവസം പെട്ടന്നുണ്ടായ ശക്തമായ കാറ്റിന്റെയും മഴയുടെയും തുടർച്ചയെന്നോണം വ്യാഴാഴ്ച കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
രാജ്യത്തിന്റെ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ മഴ കനക്കും എന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച പുലർച്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
തലസ്ഥാന നഗരമായ ഡബ്ലിൻ, വിക്ലോ, കിൽകെന്നി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, കാർലോ തുടങ്ങിയ കൗണ്ടികളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ചൊവ്വാഴ്ച രാജ്യത്തുടനീളം പെയ്ത ശക്തമായ മഴയിലും കാറ്റിലും ജനജീവിതം ഏറെ ദുസഹമായിരുന്നു. മോട്ടോർവേയിൽ അടക്കം വെള്ളം കയറിയതിനാൽ ഗതാഗത തടസമുണ്ടായി.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് കര നാവിക വ്യോമ ഗതാഗതം താറുമാറായിരുന്നു. കനത്ത മഴ കാരണം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ഇതിന്റെ തുടർച്ചയെന്നോണം വീണ്ടും എത്തുന്ന മഴ മുന്നറിയിപ്പിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
National
ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ട്രെയിൻ അട്ടിമറിക്ക് സാധ്യതയെന്ന റിപ്പോർട്ടിനെ തുടർന്ന് ആർപിഎഫ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കി.
റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണം. റെയിൽ പാളങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകി.
മുന്നറിയിപ്പിനെ തുടർന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കി. അനിഷ്ട സംഭവങ്ങൾ തടയുന്നതിനുള്ള എല്ലാ മുൻകരുതലും സ്വീകരിച്ചെന്ന് ആർപിഎഫ് വ്യക്തമാക്കി.
Kerala
കണ്ണൂർ: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
അതേ സമയം ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസിന് ഭീഷണി. ലോക്ഭവനിൽ സ്ഫോടനം നടത്തുമെന്നായിരുന്നു വ്യാഴാഴ്ച രാത്രി മെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശം.
ഇതോടെ ലോക്ഭവന് സുരക്ഷ വർധിപ്പിച്ചു. ഭീഷണി വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ സുരക്ഷാ അവലോകന യോഗം ചേർന്നിരുന്നു. സിആർപിഎഫും ബംഗാൾ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സി.വി. ആനന്ദബോസിന് മുൻപും ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കേരളത്തിൽ പലയിടത്തും അമീബിക് മസ്തിഷ്ക ജ്വരവും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ തിരുവനന്തപുരത്തെ കുടിവെള്ള പദ്ധതിയെക്കുറിച്ച് ആരോഗ്യവിദഗ്ധരുടെ അപകട മുന്നറിയിപ്പ്.
കേരളത്തിലെ ഉപരിതലത്തിലെ കിണറുകൾ, ആറുകൾ , കുളങ്ങൾ എന്നിവയിൽനിന്നു പടരുന്ന ബാക്ടീരിയകളും മറ്റ് അണുബാധകളുംകൊണ്ട് നിരവധി മരണങ്ങൾ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ഞായറാഴ്ച മരിച്ച സച്ചിദാനന്ദന്റെ മരണവും അമീബിക് മസ്തിഷ്കജ്വരം കൊണ്ടാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കിണർ വെള്ളത്തിൽ കുളിച്ചതിലൂടെയാണ് അമീബ ഉള്ളിൽ കടന്നതെന്നു സംശയിക്കുന്നു.
മൺപൈപ്പുകൾ ഇപ്പോഴും
കുഴൽ കിണറിൽനിന്നും ശുദ്ധീകരിച്ച ജലസ്ത്രോസുകളിൽ നിന്നുമുള്ള കുഴൽവഴിയുള്ള കുടിവെള്ള പദ്ധതികൾ താരതമ്യേന സുരക്ഷിതമാണ് എന്നാണ് കരുതുന്നതെങ്കിലും കാലഹരണപ്പെട്ട നെയ്യാർ അരുവിപ്പുറം പൈപ്പ് ലൈൻ ആണ് തലസ്ഥാനത്തിനു ഭീഷണി.
1934ൽ തുടങ്ങിയ ഈ വിതരണ പദ്ധതിയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും പഴയ മൺ, ലോഹ പൈപ്പുകൾ ആണ് ഉപയോഗിക്കുന്നത്. ഇതു മിക്ക സ്ഥലങ്ങളിലും ആഴത്തിൽ അല്ല ഇട്ടിരിക്കുന്നത് . വേഗം പൊട്ടാനും മലിനജലവുമായി കലരാനും ഇടയുണ്ട്. മാലിന്യതോടുകളുടെ അടുത്തുകൂടി പൈപ്പുകൾ പോകുന്നതും ഭീഷണിയാണ് . അപൂർവം ചില സ്ഥലങ്ങളിൽ കുഴലുകൾ പരിഷ്കരിക്കുകയും പുതിയ പദ്ധതികൾ വരികയും ചെയ്തിട്ടുണ്ട്.
ഇവ കുറെയൊക്കെ സുരക്ഷിതമാണ് "പഴയ പെപ്പിൽ ഒരു പോയിന്റിൽ ഒന്നു സ്പർശിച്ചാൽ പോലും അണുബാധ ഉണ്ടാകാം. അങ്ങനെ വന്നാൽ മാരകമായ ബാക്ടീരിയ അണുബാധ പകർച്ച വ്യാധിയായി മാറാം. നമ്മുടെ പൈപ്പ് ലൈൻ പദ്ധതി അടിയന്തരമായി ആരോഗ്യപരമായി അഴിച്ചുപണിയണം" പൊതുജന ആരോഗ്യ വിദഗ്ധനും ആരോഗ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്റുമായ ഡോ. വി.മോഹനൻ നായർ പറയുന്നു
അതീവഗുരുതര സ്ഥിതി
രാജഭരണകാലത്തു കുടിവെള്ള വിതരണം തുടങ്ങിയ ആലപ്പുഴയിലും ഈ ഭീഷണിയുണ്ട് എന്നാൽ, കുടിവെള്ള പദ്ധതിയെ കൂടുതൽ ആശ്രയിച്ചു നിൽക്കുന്ന തലസ്ഥാനത്താണ് പ്രശ്നം കൂടുതൽ ഗൗരവം. തലസ്ഥാനത്ത് അടുത്തിടെ ഉണ്ടായ തട്ടുകടകളുടെയും രാത്രി ഭക്ഷണ സംസ്കാരത്തിന്റെയും പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് വിദഗ്ധർ പറയുന്നത്.
വേണ്ടത്ര വേവിക്കാത്ത ഇറച്ചി പോലുള്ള ഭക്ഷണങ്ങൾ , കൃത്യമായി തിളപ്പിക്കാത്ത വെള്ളം, വായ കഴുകുന്ന വെള്ളം എന്നിവ വഴിയെല്ലാം രോഗ സാധ്യത കൂടാം.
NRI
ഗാസ്റ്റൺ കൗണ്ടി: നോർത്ത് കാരോലിനയിൽ അഞ്ചാംപനി സ്ഥിരീകരിച്ചു. അമേരിക്കയിൽ ഈ വർഷം ഇതുവരെ 44 സംസ്ഥാനങ്ങളിലായി 2,065 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. നോർത്ത് കാരോലിനയിലെ ഗാസ്റ്റൺ കൗണ്ടിയിലൂടെ അഞ്ചാംപനി ബാധിച്ച വ്യക്തി യാത്ര ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗം പകരാൻ സാധ്യതയുള്ള സമയത്താണ് ഇയാൾ പൊതുസ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്. ഡിസംബർ 26ന് വൈകുന്നേരം 5.30 മുതൽ എട്ട് വരെ മക്അഡൻവില്ലെയിലെ ക്രിസ്മസ് ടൗൺ ഇയാൾ സന്ദർശിച്ചിരുന്നു .
ഈ സ്ഥലങ്ങളിൽ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവർ ജനുവരി 16 വരെ രോഗലക്ഷണങ്ങൾ നിരീക്ഷിക്കണമെന്ന് നോർത്ത് കാരോലിന ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് അറിയിച്ചു.
ഇവിടെ തുറസായ സ്ഥലമായതിനാൽ രോഗം പകരാനുള്ള സാധ്യത കുറവാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. രോഗബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെ ഈ രോഗം പകരുന്നത്.
കടുത്ത പനി (104 ഡിഗ്രിയിൽ കൂടുതൽ), ചുമ, മൂക്കൊലിപ്പ്, കണ്ണ് ചുവക്കൽ, രോഗം തുടങ്ങി 2-3 ദിവസത്തിനുശേഷം വായിലെ കാണപ്പെടുന്ന ചെറിയ വെളുത്ത പാടുകൾ, മുഖത്ത് തുടങ്ങി ശരീരമാകെ പടരുന്ന ചുവന്ന തിണർപ്പുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
അമേരിക്കയിൽ ഈ വർഷം ഇതുവരെ 44 സംസ്ഥാനങ്ങളിലായി 2,065 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷണങ്ങൾ കണ്ടാൽ ആശുപത്രിയിൽ പോകുന്നതിന് മുൻപ് ഡോക്ടറെ വിളിച്ച് വിവരം അറിയിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.രണ്ട് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ടാണ്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴിസ്ഥിതി ചെയ്യുന്നു.
മലാക്ക കടലിടുക്കിന്റെ മധ്യഭാഗത്ത് ഉയർന്ന ലെവലിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇന്ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ല.
ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷം കൂടുതലിടങ്ങളിൽ മഴ ലഭിച്ചേക്കും.
മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.
ശനിയാഴ്ചയോടെ തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ശനിയാഴ്ച നാല് ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത നാലു ദിവസം ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടിത്തത്തിന് വിലക്കില്ല.
ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കൻ കേരളത്തിലായിരിക്കും മഴ കൂടുതൽ ശക്തമാകുകയെന്നാണ് വ്യക്തമാകുന്നത്.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ മേഖലയിൽ കനത്ത ജാഗ്രത. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത തുടരുകയാണ്.
മൂന്ന് ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. നിപ സ്ഥിരീകരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മങ്കട സ്വദേശിയായ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ, മലപ്പുറം ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ പഞ്ചായത്തുകളിലെ ഇരുപത് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 345 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള 38കാരിയുടെ നില ഗുരുതരമായി തുടരുകയാണ്.
National
11 ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. വയനാട്ടിലും ഇടുക്കിയിലും മഴ കനക്കുകയാണ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കൊപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ നാളെയും ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറിൽ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കു കിഴക്കൻ അറബിക്കടൽ മുതൽ ജാർഖണ്ഡ് വരെ രൂപപ്പെട്ട ന്യൂനമർദപാത്തിയാണ് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കാനിടയാക്കുന്നത്.
Kerala
വയനാട്: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ ഡി.ആര്.മേഘശ്രീ. പുഞ്ചിമട്ടം അടക്കമുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്നും കളക്ടര്‍ അറിയിച്ചു.
പുന്നപ്പുഴയിലെ വെള്ളം കലങ്ങി വന്നത് നേരത്തേയുണ്ടായ ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ ഉള്ളതിനാലാണ്. ജില്ലയില്‍ ശക്തമായി മഴ തുടരുന്നുണ്ട്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
മുണ്ടക്കൈ മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടെന്നും ഉരുൾപൊട്ടിയെന്ന് സംശയം ഉണ്ടെന്നും നാട്ടുകാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ വിശദീകരണം.