ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞദിവസം പെട്ടന്നുണ്ടായ ശക്തമായ കാറ്റിന്റെയും മഴയുടെയും തുടർച്ചയെന്നോണം വ്യാഴാഴ്ച കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
രാജ്യത്തിന്റെ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ മഴ കനക്കും എന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച പുലർച്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
തലസ്ഥാന നഗരമായ ഡബ്ലിൻ, വിക്ലോ, കിൽകെന്നി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, കാർലോ തുടങ്ങിയ കൗണ്ടികളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ചൊവ്വാഴ്ച രാജ്യത്തുടനീളം പെയ്ത ശക്തമായ മഴയിലും കാറ്റിലും ജനജീവിതം ഏറെ ദുസഹമായിരുന്നു. മോട്ടോർവേയിൽ അടക്കം വെള്ളം കയറിയതിനാൽ ഗതാഗത തടസമുണ്ടായി.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് കര നാവിക വ്യോമ ഗതാഗതം താറുമാറായിരുന്നു. കനത്ത മഴ കാരണം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ഇതിന്റെ തുടർച്ചയെന്നോണം വീണ്ടും എത്തുന്ന മഴ മുന്നറിയിപ്പിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Tags : Rain Ireland Flood Warning Alert