ഈ മകൾ നാടിന്റെ കണ്മണി
ജന്മനാ കൈകളില്ലാത്ത എസ്. കണ്മണിക്ക്(24) പരീക്ഷയെഴുതാൻ പത്താം ക്ലാസ് മുതൽ കാലുകളാണ് സഹായി. കേരള സർവകലാശാല സംഗീതം ബിഎ, എംഎ പരീക്ഷകളിൽ ഒന്നാം റാങ്കുകാരി. കാലുകളാൽ ചിത്രം വരച്ചു സമ്മാനങ്ങൾ വാരിക്കൂട്ടിയ മിടുക്കി. സംഗീത കച്ചേരികളിലും നിറഞ്ഞുപാടി.
2019ൽ സർഗാത്മക മികവിനുള്ള സാമൂഹികനീതി മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരത്തിന് അർഹയായി. ചെറുപ്പത്തിൽ പ്രവേശനം നൽകാൻ സ്കൂളുകൾ തയാറാകാതെവന്നതോടെ അമ്മ രേഖ, ലോലമ്മ എന്ന അധ്യാപികയെ സമീപിച്ചു. ടീച്ചറുടെ വീട്ടിൽ പോയാണ് രണ്ടുവർഷം കൊണ്ട് എൽകെജി, യുകെജി പഠനം പൂർത്തിയാക്കിയത്. കാൽകൊണ്ട് അക്ഷരമെഴുതാൻ പരിശീലിപ്പിച്ചതും ടീച്ചറാണ്. ഒന്നാം ക്ലാസ് മുതൽ സ്കൂളിൽ പഠനം തുടർന്നു.
ഇതേ ടീച്ചറാണ് വരയ്ക്കാനുള്ള കഴിവു കണ്ടെത്തിയത്. അതോടെ ചിത്രകല പഠിക്കാനായി ചേർത്തു. നാലാം വയസിൽ സംഗീതപഠനം തുടങ്ങി. സ്കൂൾ പഠനകാലത്ത് ശാസ്ത്രീയ സംഗീതം, അഷ്ടപദി, കഥകളി സംഗീതം, ചിത്രരചന, അക്ഷരശ്ലോകം, പദ്യംചൊല്ലൽ എന്നിവയിൽ സമ്മാനങ്ങൾ വാരിക്കൂട്ടി.
കഥകളി സംഗീതത്തിലും അഷ്ടപദിയിലും കണ്മണി കാലുകൊണ്ടാണ് താളമിട്ടത്. പന്ത്രണ്ടാം വയസിൽ ചെന്പൈ സംഗീതോത്സവ വേദിയിലുമെത്തി. സംഗീത കോളജിൽ പഠിക്കാൻ തിരുവനന്തപുരത്തേക്ക് മാറേണ്ടിവന്നപ്പോൾ അവിടെ മ്യൂറൽ പെയിന്റിംഗ് പഠിച്ചു. ബാല്യം മുതലുള്ള ആഗ്രഹമായിരുന്നു ആനയുടെ നെറ്റിപ്പട്ടം ചെയ്യണമെന്നത്. അലങ്കാര വസ്തുക്കൾ വാങ്ങി കാൽകൊണ്ടുതന്നെ പൂർത്തിയാക്കി. ഇതുവരെ 150 നെറ്റിപ്പട്ടങ്ങളാണ് കണ്മണി തയാറാക്കിയത്. പിന്നീട് കീബോർഡ് വശമാക്കി. കംപ്യൂട്ടറും മൊബൈലും കാലുകൾക്ക് വഴങ്ങി.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അതിഥിയായി പാർലമെന്റ് ഹൗസിൽ വിവിധ സംസ്ഥാനങ്ങളിലെ യുവപ്രതിഭകളോടൊപ്പം കർണാടക സംഗീതം അവതരിപ്പിച്ചു. ഇതുവരെ അഞ്ഞൂറിൽ പരം വേദികളിൽ സംഗീത കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. പൂജപ്പുരയിൽ എംഎസ് ഹബ് എന്ന ടീ ഷോപ്പും കൂൾ ബാറും നടത്തുകയാണ് അച്ഛൻ ശശികുമാർ. സഹായത്തിന് അമ്മ രേഖയുമുണ്ട്. സഹോദരൻ മണികണ്ഠനും ഒപ്പമുണ്ട്. സംഗീതത്തിൽ ഗവേഷണം നടത്തണമെന്നും കോളജ് അധ്യാപികയാകണമെന്നുമാണ് കണ്മണിയുടെ ആഗ്രഹം.