കാൽക്കരുത്തിൽ കാറോടിച്ച് ജിലുമോൾ
രണ്ടു കൈകളുമില്ലാതെ കാറോടിക്കുന്ന ജിലുമോൾ മേരിയറ്റ് തോമസ് 2023 ഡിസംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിൽനിന്ന് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയപ്പോൾ അത് ചരിത്രമായി. ഇത്തരത്തിൽ ലൈസൻസ് നേടുന്ന ആദ്യ ഏഷ്യക്കാരി. ജനിച്ചത് കൈകളില്ലാതെ. കഠിനശ്രമത്താൽ കാലുകളെ ജിലുമോൾ കൈകളാക്കി മാറ്റി. ഡ്രൈവിംഗ് കാലുകൾകൊണ്ട്. കംപ്യൂട്ടർ കീബോർഡും മൗസും കാലുകൾകൊണ്ട് ചലിപ്പിച്ച് ഗ്രാഫിക് ഡിസൈനിംഗ് ഉൾപ്പെടെ ചെയ്യുന്നു. സ്മാർട്ട് ഫോണ് ഉപയോഗിക്കാനും കാലുകൾ തന്നെ ആശ്രയം.
നല്ലൊരു ചിത്രകാരിയും പ്രഭാഷകയും എഴുത്തുകാരിയുമായ ജിലുമോൾ ഇപ്പോൾ എറണാകുളത്ത് ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. ഇന്റർനാഷണൽ മൗത്ത് ആൻഡ് ഫുട്ട് പെയിന്റിംഗ് അസോസിയേഷനിൽ അംഗത്വമുള്ള ജിലു കേരളത്തിലും പുറത്തും ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് എൻ.വി. തോമസിന്റെയും അന്നക്കുട്ടിയുടെയും മകളാണ്. നാലര വയസുള്ളപ്പോൾ അമ്മ മരിച്ചു. അടുത്തയിടെ പിതാവും.
ചങ്ങനാശേരി ചെത്തിപ്പുഴയിൽ എസ്ഡി സിസ്റ്റേഴ്സിന്റെ മേഴ്സി ഹോമിലാണ് പഠിച്ചതും വളർന്നതും. മേഴ്സി ഹോമിലെ സിസ്റ്റർമാരുടെ സ്നേഹവും സമർപ്പണവുമാണ് ജിലുവിന്റെ ജീവിതം. ഒന്നാം ക്ലാസ് മുതൽ ബിരുദം വരെ അവിടെ താമസിച്ച് പഠിച്ചശേഷം ചങ്ങനാശേരി സെന്റ് ജോസഫ്സ് മീഡിയാ വില്ലേജിൽനിന്ന് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിംഗിൽ ബിരുദമെടുത്തു. തുടർന്ന് വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തു.
മറ്റേതു ഡിസൈനർമാരെയും പോലെ മാഗസിനുകളും ബ്രോഷറുകളും മനോഹരമായി ജിലു രൂപകൽപന ചെയ്യുന്നു. വിദേശത്തുൾപ്പെടെ മോട്ടിവേഷൻ പ്രസംഗങ്ങൾക്കു ജിലുമോളെ വിളിക്കാറുണ്ട്. എല്ലാ വേദികളിലും സ്വന്തം ജീവിതമാണ് സന്ദേശം. ആ വാക്കുകൾ കേട്ട് ആത്മഹത്യയിൽനിന്ന് പിൻമാറിയവരുണ്ട്. പ്രചോദിതരായി ജീവിതവിജയം നേടിയവരുണ്ട്.
കാറോടിക്കണം എന്നതായിരുന്നു വലിയ സ്വപ്നം. 2018ൽ നിയമപോരാട്ടം ആരംഭിച്ചു. ആറ് വർഷത്തെ കഠിനശ്രമത്തിലൂടെയാണ് ഡ്രൈവിംഗ് കാൽവരുതിയിലാക്കിയത്. കാറിൽ രൂപമാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ് അനുമതിയും ലഭിച്ചു. പക്ഷേ, നിയമം വീണ്ടും വില്ലനായി. ഒടുവിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ ഇടപെട്ടാണ് സ്വപ്നം യാഥാർഥ്യമാക്കിയത്. കാറിൽ കാലുകൾ ഉപയോഗിച്ച് ഡ്രൈവ് ചെയ്യാൻ കഴിയുന്നവിധം വോയ്സ് കണ്ട്രോൾ സംവിധാനം ഉൾപ്പെടെ സജ്ജമാക്കി. ഇൻഡിക്കേറ്ററും വൈപ്പറും വാതിലുമൊക്കെ ശബ്ദത്തിലൂടെ നിയന്ത്രിക്കുന്ന സംവിധാനമാണ് കാറിലുള്ളത്.
ഫോണ്: 7736216498.

കുംഭാമ്മ എന്ന വിസ്മയപ്പോരാളി
വെള്ളമുണ്ടയിലെ കുറിച്യരിൽ ഒരാളായ കുംഭാമ്മ വയനാട്ടിലെ ജൈവകർഷകർക്കിടയിലെ പോരാളിയാണ്. മൂന്നാം വയസിൽ പോളിയോ ബാധിച്ച് അരയ്ക്കു താഴേക്കു തളർന്ന കുംഭാമ്മ പിൽക്കാലത്ത് പടവെട്ടിയത് സ്തനാർബുദത്തോടാണ്. രാസവളമോ കീടനാശിനിയോ ഉപയോഗിക്കാതെ ജൈവികരീതിയിൽ കൃഷി ചെയ്യുന്ന മംഗലശേരി കരുവണശേരി കോളനിയിലെ കൊല്ലിയിൽ കുംഭാമ്മ എല്ലാ മനുഷ്യർക്കും മാതൃകയും പ്രചോദനവുമാണ്.
പതിനഞ്ചാം വയസിൽ അച്ഛനൊപ്പം കൃഷിയിടത്തിലിറങ്ങിയതാണ്. അച്ഛന്റെ മരണശേഷം ജീവിതവും വരുമാനവും കൃഷി മാത്രമായി. പതിനഞ്ച് സെന്റ് മണ്ണിൽ വാഴ, ചേന്പ്, ചേന, ഇഞ്ചി, മഞ്ഞൾ, വിവിധ പച്ചക്കറികൾ എന്നിവയെല്ലാം കൃഷി ചെയ്യുന്നുണ്ട്. മുമ്പ് കോഴി, ആട്, പശു എന്നിവയെയും വളർത്തിയിരുന്നു. കുട്ട നെയ്യാനും അറിയാം. ഇരുചക്രവാഹനം പോലുമെത്താത്ത വനഗ്രാമത്തിലാണ് ഈ അതിജീവന പോരാട്ടം.
സ്കൂളിൽ പോകാൻ സാധിച്ചില്ല. നിരങ്ങിപ്പോയി കിണറ്റിൽനിന്നു വെള്ളം കോരി കൊണ്ടുവരണം. ഒരു കൈ നിലത്തു കുത്തും. മറ്റേ കൈയിൽ തൂന്പ പിടിച്ച് ആഞ്ഞുകിളയ്ക്കും. കാട്ടിൽ പോയി വിറകു ശേഖരിച്ചു വരും. വളരെ വൈകിയായിരുന്നു വിവാഹം. ഹൃദയവാൽവിന് അസുഖമുണ്ടായിരുന്ന ഭർത്താവ് കുങ്കന്റെ പരിചരണവും ഏറ്റെടുത്തു.
പതിനഞ്ച് വർഷം മുമ്പ് ഭർത്താവ് മരിച്ചു. ജീവിതം അധ്വാനമാക്കിയ കുംഭാമ്മയെ രണ്ടു തവണ കാൻസർ ബാധിച്ചു. അതും അതിജീവിച്ചു. രണ്ട് ശസ്ത്രക്രിയകൾ വേണ്ടിവന്നു. അടുത്തയിടെ വലതുവശം തളർന്നതോടെ കൈകൾ ചലിപ്പിക്കാൻ കഴിയാതെയായി. ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. കൈക്ക് ബലം വന്നാൽ വീണ്ടും കൃഷിയിലേക്കിറങ്ങാൻതന്നെ കൊതി. സംസ്ഥാന കർഷക അവാർഡ്, സംസ്ഥാന ജൈവവൈവിധ്യ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളാണ് കുംഭാമ്മയുടെ കൊച്ചുവീടിനെ അലങ്കരിക്കുന്നത്.

കണ്ണുകളിൽ നേരിയ പ്രകാശം പോലുമില്ലെങ്കിലും ഗീത സലേഷിന്റെ ജീവിതവഴിയിൽ ഇരുളില്ല. മഞ്ഞളിന്റെ ഔഷധഗുണം കുർക്കുമീൽ എന്ന ഉത്പന്നത്തിലൂടെ വിപണിയിലെത്തിച്ചു നേട്ടം കൊയ്യുകയാണ് ഗീതയെന്ന സംരംഭക. മഞ്ഞളിന്റെ വിപണിസാധ്യത തെളിയിച്ചിരിക്കുന്നു ഗീതാസ് ഹോം ടു ഹോം. കാൻസർ ചികിത്സയ്ക്കുവരെ ഉപയോഗിക്കുന്ന മഞ്ഞളിലെ കുർക്കുമിനാണ് ഗീത കുർക്കുമീലിൽ ഉൾപ്പെടുത്തിയത്.
തൃശൂർ അമലനഗറിലെ വീട്ടുവളപ്പിൽ കൃഷി ചെയ്ത മഞ്ഞളിൽനിന്നാണ് കുർക്കുമീൽ ആദ്യം തയാറാക്കിയത്. ഇപ്പോൾ തൃശൂരിലും പത്തനംതിട്ടയിലും അൻപതിലേറെ കർഷകരെ ഉൾപ്പെടുത്തിയ മഞ്ഞൾകൃഷി കൂട്ടായ്മയായി. കേന്ദ്ര മഞ്ഞൾ ബോർഡിന്റെ സഹകരണത്തോടെ തെലുങ്കാനയിലെ നിസാമാബാദിൽ 500 ഏക്കറിൽ ഗീതയുടെ മഞ്ഞൾതോട്ടം വിളവെടുക്കാറായിരിക്കുന്നു. ഒരു ദിവസംപോലും മഞ്ഞളിന് ക്ഷാമം വരാതിരിക്കാനാണ് തെലുങ്കാനയിലേക്കും കടന്നുചെന്നത്.
തൃശൂർ അമല നഗറിലെ ഫാക്ടറിയിലാണ് ഇപ്പോൾ നിർമാണം. കഴിക്കുന്പോൾ മഞ്ഞളിന്റെ കുത്തൽ ഒഴിവാക്കാൻ ഈന്തപ്പഴം, തേങ്ങാപ്പാൽ, കുരുമുളക്, ബദാം, ശർക്കര എന്നിവകൂടി ചേർക്കുന്നു. 500 ഗ്രാം ബോട്ടിലുകളിൽ എത്തുന്ന കുർക്കുമീൽ പാലിൽ ചേർത്ത് എല്ലാ പ്രായക്കാർക്കും കഴിക്കാവുന്ന സൂപ്പർ സപ്ലിമെന്ററി ഫുഡാണെന്ന് ഗീത പറയുന്നു. 80 ടണ് മഞ്ഞളിന്റെ വിളവെടുപ്പാണ് ഇക്കൊല്ലം പ്രതീക്ഷിക്കുന്നത്. സുഗന്ധദ്രവ്യങ്ങൾ ചേർത്ത മഞ്ഞൾ ഫസ്റ്റ് ഡ്രിങ്കും മായമില്ലാത്ത മഞ്ഞൾപ്പൊടിയും വിറ്റുവരുന്നു. മഞ്ഞപ്പൊടിയല്ല മഞ്ഞൾപ്പൊടിയാണ് താൻ വിൽക്കുന്നതെന്ന് ഗീത പറയും.
കർഷകരിൽനിന്ന് കിലോയ്ക്ക് 35 രൂപ നിരക്കിലാണ് പച്ചമഞ്ഞൾ വാങ്ങുന്നത്. കർഷകർക്ക് കൂടുതൽ നേട്ടം ലഭിക്കാൻ കസ്തൂരിമഞ്ഞൾ കൃഷി പ്രോത്സാഹിപ്പിക്കുകയാണ്. അട്ടപ്പാടിയിൽനിന്ന് 120 രൂപ നിരക്കിൽ പച്ച കസ്തൂരിമഞ്ഞളും 900 രൂപ നിരക്കിൽ ഉണങ്ങിയതും സംഭരിക്കുന്നു.
പാലക്കാട് പനമണ്ണയ്ക്കടുത്ത് കുറ്റിപ്പാലയിൽ ഉണ്ണിക്കൃഷ്ണന്റെയും രാധയുടെയും മൂന്നു മക്കളിൽ മൂത്തയാളാണ് ഗീത. എട്ടാം ക്ലാസുവരെ കാഴ്ചശക്തിയുണ്ടായിരുന്നു. അപ്രതീക്ഷിതമായുണ്ടായ രോഗം കാഴ്ച കവർന്നു.
കാഴ്ച നഷ്ടപ്പെട്ടശേഷമാണ് എസ്എസ്എൽസി പരീക്ഷ പാസായത്. അധ്വാനിച്ച് ബ്രെയ്ലി ലിപി പഠിച്ചെടുത്തു. പ്ലസ് ടു പാസായശേഷം തൃശൂർ കേരളവർമ കോളജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദത്തിനു ചേർന്നു. കോളജ് പഠനകാലത്ത് കാന്പസിൽനിന്ന് ജീവിതത്തിലേക്ക് കടന്നുവന്ന സലേഷിന്റെ പിന്തുണയോടെയാണ് കുർക്കുമീൽ വിപണിയിലെത്തിച്ചത്. ബ്രെയ്ലി വശമാക്കിയതിനാൽ കംപ്യൂട്ടറും പ്രത്യേക ആപ്പിലൂടെ മൊബൈലും കൈകാര്യം ചെയ്യാനാകും. ഓണ്ലൈൻ ബുക്കിംഗും പണമിടപാടുകളും ഗീത ഈസിയായി കൈകാര്യം ചെയ്യുന്നു. മക്കളായ ഗസൽ, ഗയ എന്നിവരുണ്ട്, കരുതലായി ഒപ്പം.
ഫോണ്: 9946418035.
(തുടരും)
Tags : Jilumol Kumbhama Geetha amazing achievements