ശാരീരികന്യൂനതകളെ നിശ്ചയദാർഢ്യത്തിൽ തോൽപിച്ച് ജീവിതവിജയം നേടിയ ഒരു നിര വനിതകൾ. ജന്മം ഇരുൾമുറിയിൽ ഒതുങ്ങിപ്പോകാമായിരുന്ന ഇവരിൽ പലരും വലിയ സംരംഭകരും സേവകരുമായി അനവധി പേർക്ക് കരുതലും മാതൃകയുമായി മാറിയിരിക്കുന്നു.
കാഴ്ചയില്ലാത്തവരും തളർന്നുപോയവരും കൈകളില്ലാത്തവരുമൊക്കെയാണ് വിസ്മയനേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. പരിമിതികളെയും പ്രതിബന്ധങ്ങളെയും കീഴടക്കിയ ഇവരുടെ നേട്ടങ്ങൾ ഇന്നു മുതൽ ദീപികയിൽ. പ്രിൻസിപ്പൽ കറസ്പോണ്ടന്റ് റെജി ജോസഫ് തയാറാക്കിയ പരന്പര: പാഠമാകണം ഇവരുടെ വിസ്മയനേട്ടങ്ങൾ...
വീൽചെയറിൽ സൽമയുടെ വിസ്മയജീവിതം
സൽമയുടെ ജീവിതം ഒരുപാട് അനുഭവങ്ങൾ സമ്മാനിക്കുന്ന പാഠപുസ്തകമാണ്. ഒന്നര വയസുള്ളപ്പോൾ കാലുകളെ പോളിയോ തളർത്തിയെങ്കിലും പ്രതീക്ഷയും പ്രത്യാശയുമാണ് സൽമയെ മുന്നോട്ടു നയിച്ചത്.
സൽമ ഇന്നൊരു സംരംഭകയും പൊതുപ്രവർത്തകയും തന്നെപ്പോലെ ക്ലേശിക്കുന്നവർക്ക് കരുതലാളുമാണ്. തളരരുതെന്നു പറയാനും താങ്ങിനിർത്താനും കുടുംബം കൂടെനിന്നപ്പോൾ സൽമ വിസ്മയമായി വളരുകയായിരുന്നു. മലപ്പുറം താനൂർ അയനിക്കാട് തറയിൽ ഉമ്മുകുൽസുവിന്റെയും കിഴക്കേത്തൊടി ഹൈദറിന്റെയും ആറു മക്കളിൽ ഇളയവളാണ് സൽമ. ഉമ്മയുടെയും ബാപ്പയുടെയും മാത്രമല്ല മൂന്നു സഹോദരങ്ങളുടെയും പിൻതുണയും പ്രോത്സാഹനങ്ങളും വലിയ ബലമായി.
ഒറ്റപ്പെടുകയും ഒറ്റപ്പെടുത്തുകയും ചെയ്യപ്പെടുന്ന ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കാനുതകുന്ന പ്രവർത്തനങ്ങൾക്കു പിന്നിലെ ചാലകശക്തിയായി മാറിയിരിക്കുന്നു നാൽപത്തൊന്നുകാരിയായ സൽമ.
വീൽചെയറിന്റെ ചുറ്റുവട്ടത്തിൽ ഒതുങ്ങിയ സൽമയെ തിരൂരിലെ കാരുണ്യ പെയിൻ ആന്ഡ് പാലിയേറ്റീവ് കെയർ യൂണിറ്റാണ് കാര്യപ്രാപ്തിയുടെ ലോകത്തെത്തിച്ചത്.
തിരൂർ മങ്ങാട്ടുള്ള കിൻഷിപ്പ് ഫിസിയോ തെറാപ്പി സെന്ററിൽ ചികിത്സയ്ക്കെത്തിയപ്പോൾ തന്നെപ്പോലെ പരിമിതികളുള്ള നിരവധിപേരെ കാണാനിടയായി. ഒരു ടെയ്ലറിംഗ് യൂണിറ്റ് തുടങ്ങാനായാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന ആഗ്രഹം സൽമ കിൻഷിപ്പ് പ്രവർത്തകരെ അറിയിച്ചപ്പോൾ ഫിസിയോതെറാപ്പി സെന്ററിനോടു ചേർന്ന ഒരു മുറി ഇവർക്കു നൽകി. ആ ചെറിയ മുറിയും തയ്യൽ കേന്ദ്രവും ഇന്ന് സൽമയ്ക്കു മാത്രമല്ല സമാനസാഹചര്യത്തിലുള്ള ഏഴു വനിതകൾക്ക് ജീവിതമാർഗമായി മാറിയിരിക്കുന്നു.
തയ്യലിൽ മാത്രം ജീവിതത്തെ ഒതുക്കാൻ സൽമ തയാറായിരുന്നില്ല. എഴുത്തും വായനയും പഠിക്കുക മാത്രമല്ല ഇവർ എഴുത്തുകാരിയാവുകയും ചെയ്തു. സഹോദരങ്ങളും മലപ്പുറം സ്വദേശി സരോജിനി ടീച്ചറും അധ്യാപകരായി കൂടെനിന്നു. സ്കൂളിൽ പോയി പഠിക്കാൻ സാധിക്കാതെ വന്നതിനാൽ വീട്ടിൽ പഠനം തുടർന്നു.
സഹോദരങ്ങളുടെ സഹായത്തോടെ എസ്എസ്എൽസിയും പ്ലസ് ടുവും പൂർത്തിയാക്കി. വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ഇനിയും പഠിക്കാനാണ് തീരുമാനം. ശാരീരിക ന്യൂനതകളാൽ മനസും ശരീരവും തകർന്നും തളർന്നും ജീവിക്കുന്ന അനേകം പേർക്ക് ആശ്വാസം പകരാൻ സൽമയുണ്ട്. വരം കൂട്ടായ്മ, ജെസിഐ, സ്നേഹതീരം എന്നീ സംഘടനകളുടെ പ്രതിനിധിയായി മോട്ടിവേഷൻ സ്പീക്കറുമാണ്. ത്രീ വീലർ സ്കൂട്ടറിൽ നാട്ടിലുടനീളം സഞ്ചരിച്ച് ഏവർക്കും സഹായങ്ങൾ എത്തിക്കുന്നു.
നാഷണൽ വിമൻ ഫെഡറേഷൻ സംസ്ഥാന അവാർഡ്, ജെസിഐ പുരസ്കാരം, ഇടം മോട്ടിവേഷൻ പുരസ്കാരം, ഐസിഡിഎസ് അവാർഡ്, അർഹിത സംസ്ഥാന അവാർഡ്, പീസ് ഫൗണ്ടേഷൻ ഇൻസ്പെയർ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ തേടിയെത്തി. ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷന്റെ മലപ്പുറം ജില്ലയുടെ സാരഥി കൂടിയാണ് സൽമ. ഭിന്നശേഷിക്കാർക്ക് സാഹിത്യ ക്യാന്പ് സംഘടിപ്പിച്ചും മാസികകൾ പുറത്തിറക്കിയും ഇവർ പ്രചോദനമേകുന്നു.
വീൽചെയറിൽ കഴിയുന്നവരുടെ സ്നേഹസംഗമവും വിനോദയാത്രയും എല്ലാ വർഷവും സംഘടിപ്പിക്കുന്നു. യാത്രാവിവരണം, അനുഭവക്കുറിപ്പ്, കവിത എന്നിവയൊക്കെ പതിവായി എഴുതുന്നു. ‘പെയ്തൊഴിയാതെ’ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് സൽമ.
കഠിന പരിശ്രമങ്ങൾക്കും പരിശീലനത്തിനും ശേഷം ഭിന്നശേഷിക്കാർ സ്വന്തം കാര്യങ്ങളെങ്കിലും നിർവഹിക്കുന്നതു കാണുന്പോൽ സൽമ അനുഭവിക്കുന്ന സന്തോഷം ചെറുതല്ല. ഇത്തരത്തിൽ പലയിടങ്ങളിൽ വീൽചെയറുകളിൽ മാത്രം ചലിക്കുന്നവരെ മൊബൈൽ ഫോണിലും വാട്സ്ആപ്പിലും ഒരുമിച്ചുകൂട്ടി വിപുലമായ സൗഹൃദങ്ങളുടെ ആത്മബന്ധം വളർത്തുന്നു. അർഹിക്കുന്നവരെ ആവതു സഹായിച്ചും ആശ്വസിപ്പിച്ചും നാടിനു കരുതലാളായി മാറിയിരിക്കുന്നു. ഒരു നിമിഷം പോലും വെറുതെ കളയാതിരിക്കുക, ഒരിക്കൽപോലും തകർച്ചയെപ്പറ്റി ചിന്തിക്കാതിരിക്കുക. മനസുവച്ചാൽ എല്ലാ പരിമിതികളെയും തരണം ചെയ്യാനാകും, തളരാതിരിക്കുക- സൽമയ്ക്ക് പറയാനുള്ള സന്ദേശം ഇതാണ്.
ഫോണ്:9947858126.
തോൽവികളിൽ പതറാതെ മനീഷ
കോഴഞ്ചേരി അയിരൂർ സ്വദേശിനി മനീഷ ഫിലിപ്പിന് ജനനം മുതൽ പ്രതിസന്ധികളെയും വെല്ലുവിളികളെയുമാണ് നേരിടേണ്ടിവന്നത്. തലച്ചോറിലേക്കുള്ള ഞരന്പുകൾക്ക് പ്രശ്നങ്ങളുണ്ടെന്നായിരുന്നു വൈദ്യശാസ്ത്രത്തിന്റെ കണ്ടെത്തൽ. മനീഷ കമിഴ്ന്ന് വീണത് ഒന്നര വയസുള്ളപ്പോഴാണ്. നടന്നു തുടങ്ങിയത് ആറാം വയസിൽ.
പത്താം വയസിലും ഒരു വയസുള്ള കുഞ്ഞിനു നൽകേണ്ട കരുതലാണ് പിതാവ് ഫിലിപ്പ് സൈമണിനും അധ്യാപികയായ അമ്മ ലളിതയ്ക്കും നൽകേണ്ടിവന്നത്. സ്കൂൾ പഠനം ദുരിതപൂർണമായതോടെ മനീഷയ്ക്ക് വീട്ടിൽതന്നെ കഴിയേണ്ടിവന്നു. കൃഷി ഒരു ആശ്വാസ തെറാപ്പിയാണെന്നും ചെടികളുടെയും പച്ചക്കറികളുടെയും ലോകത്തേക്ക് മനസു മാറിയാൽ വിരസതയ്ക്ക് മാറ്റം വരുമെന്നും കേട്ടതോടെ കുറെയേറെ ഗ്രോ ബാഗുകൾ വാങ്ങി. ചെടികൾക്ക് വെള്ളമൊഴിക്കാനും പരിചരിക്കാനും മനീഷയെ പരിശീലിപ്പിച്ചു. എന്നാൽ, കൃഷി കാര്യമായ ലാഭം ഉണ്ടാക്കാതെ വന്നതോടെ നിർത്തി.
പക്ഷികളോടും വളർത്തുമൃഗങ്ങളോടുമുണ്ടായിരുന്ന മനീഷയുടെ അടുപ്പം മറ്റൊരു പ്രതീക്ഷയായി. പരിമിതികളുള്ള കുട്ടികളിൽ പെറ്റ്സ് തെറാപ്പി പ്രയോജനം ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയിരിക്കേയാണ് പത്തനംതിട്ട കൃഷി വിജ്ഞാൻ കേന്ദ്രയുടെ മുയൽ വളർത്തലിനെക്കുറിച്ച് അറിയാൻ കഴിഞ്ഞത്.
കൃഷി വിജ്ഞാൻ കേന്ദ്രയിൽ മുയൽക്കുഞ്ഞുങ്ങളെ മനീഷ ലാളിക്കുന്നതു കണ്ടപ്പോൾ മാതാപിതാക്കൾക്കു തോന്നി മുയൽ യൂണിറ്റ് തുടങ്ങിയാൽ അതു മുന്നോട്ടു കൊണ്ടുപോകാൻ മനീഷയ്ക്കു കഴിയുമെന്ന്. പക്ഷേ, മുയൽ വളർത്തലിനെക്കുറിച്ച് തങ്ങൾക്ക് കാര്യമായ വിവരവും അറിവുമില്ല. തുടർന്ന് വീട്ടിൽ എല്ലാവരും മുയൽവളർത്തൽ പരിശീലനം നേടി. അങ്ങനെയാണ് വീടിനോടു ചേർന്ന് ദീപം റാബിറ്റ് ബ്രീഡിംഗ് ഫാമിനു തുടക്കം. തൂക്കിയിടുന്ന മുയൽക്കൂടുണ്ടാക്കിയതുതന്നെ മനീഷയ്ക്ക് വൃത്തിയാക്കാനുള്ള സൗകര്യം പരിഗണിച്ചാണ്.
വെള്ളം കൊടുക്കാൻ നിപ്പിൾ സിസ്റ്റം കൊണ്ടുവന്നു. പുല്ലു കൊടുക്കാൻ കൂടിനരികിൽ സൗകര്യമുണ്ടാക്കി. ഇതെല്ലാം മനീഷയുടെ ജോലി എളുപ്പമാക്കി. അങ്ങനെ മുയൽ ഫാം മോശമല്ലാതെ വളർന്നു. തൃപ്തികരമായ വരുമാനവും ലഭിച്ചു. ഇതിനിടയിലാണ് മികച്ച സംരംഭകയ്ക്കുള്ള കേന്ദ്ര സർക്കാർ പുരസ്കാരം മനീഷയെ തേടിയെത്തിയത്. അത് മനീഷയുടെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ ദേശീയ സംഘടനയായ പരിവാറിന്റെ ജനറൽ സെക്രട്ടറി കൂടിയായിരുന്നു ഫിലിപ്പ് സൈമണ്. 2019ൽ അപ്രതീക്ഷിതമായി രോഗം ബാധിച്ച ഫിലിപ്പ് 2022ൽ മരിച്ചത് കുടുംബത്തിനൊന്നാകെ വലിയ ആഘാതമായി. മാത്രവുമല്ല മുയലിറച്ചി വിൽപ്പനയിൽ നിയന്ത്രണങ്ങളും വന്നു. പിന്നീട് കോഴിവളർത്തൽ ആരംഭിച്ചെങ്കിലും മുട്ടയുടെ വിൽപ്പന തടസമായി.
എല്ലാറ്റിനും പിൻതുണയായിരുന്ന സഹോദരൻ മനു കുവൈറ്റിലേക്ക് ജോലിക്കു പോയതും പരിമിതിയായി. ഇപ്പോൾ വീട്ടിൽ പാചകത്തിൽ ശ്രദ്ധയൂന്നി മനീഷ അമ്മയോടൊപ്പം കഴിയുന്നു. ജീവിതത്തിൽ തനിച്ചല്ലെന്നും പരിമിതികളിൽ തളരരുതെന്നുമുള്ള സന്ദേശമാണ് മനീഷയുടെ ജീവിതം.
ചെറുകൈകളിൽ ശാന്തയുടെ വൻനേട്ടം
ശോഷിച്ച രണ്ട് കൈകളിൽ പാൽപാത്രം തൂക്കി ക്ഷീരസംഘത്തിലേക്ക് തിരക്കിട്ടു പോകുന്ന ശാന്ത ചെറിയൊരു ക്ഷീരകർഷകയല്ല. പാലക്കാട് പട്ടഞ്ചേരി വട്ടച്ചിറയിൽ ആറുവിന്റെയും പാറുവിന്റെയും മകൾ ശാന്ത രാവിലെ 14 ലിറ്ററും വൈകുന്നേരം എട്ടു ലിറ്ററും ക്ഷീരസംഘത്തിലെത്തിച്ച് മികച്ച ക്ഷീരകർഷകയ്ക്കുള്ള പുരസ്കാരജേതാവുകൂടിയാണ്.
ശാന്തയുടെ ഇരുകൈകൾക്കും കൈമുട്ടു വരെയേ വലിപ്പമുള്ളൂ. ഇടതു കൈയ്ക്ക് സ്വാധീനവുമില്ല. ചെറുപ്പം മുതൽ പരാധീനതകളുടെ ജീവിതമായിരുന്നു. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മറ്റാരും ജോലി നൽകാതായതോടെ വായ്പയെടുത്താണ് പശുവിനെ വാങ്ങാൻ തീരുമാനിച്ചത്. അപ്പോഴൊരു ചോദ്യം.
ശോഷിച്ചതും സ്വാധീനമില്ലാത്തതുമായ കൈകൾകൊണ്ട് എങ്ങനെ പാൽ കറന്നെടുക്കും. സഹോദരൻ വേലുച്ചാമിയും കുടുംബവും സഹായത്തിനെത്തിയതോടെ ആശങ്കയും അനിശ്ചിതത്വവും മാറി. തൊഴുത്തിലുള്ള രണ്ടു പശുക്കളെ മേയാൻ കൊണ്ടുപോകുന്നതും കുളിപ്പിക്കുന്നതും തീറ്റ നൽകുന്നതുമെല്ലാം ശാന്ത തനിച്ചാണ്. പട്ടഞ്ചേരി ക്ഷീരസംഘത്തിന്റെ ഡയറക്ടറുമാണ് നാൽപത്തിരണ്ടുകാരിയായ ശാന്ത. കൂടാതെ, വീട്ടിൽ അൻപതോളം കോഴികളെ വളർത്തി മുട്ട വിറ്റും വരുമാനമുണ്ടാക്കുന്നു. പാലും മുട്ടയും വിറ്റുകിട്ടിയ വരുമാനത്തിൽനിന്നാണ് സഹോദരിയുടെ വിവാഹം നടത്തിക്കൊടുത്തത്. ഒരു പശുവിനെക്കൂടി വാങ്ങണമെന്നാണ് ശാന്തയുടെ മോഹം.
ഫോണ്-9947094811.
(തുടരും)
Tags : amazing achievements