Movies
നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ വന്നത് അന്തിമവിധി അല്ലെന്നും ഇനിയും കോടതികളുണ്ടെന്നും നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. പാലക്കാട്ട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
ദിലീപ് നിരപരാധിയെന്നു സുപ്രീംകോടതി പറയണം. നിലവില്‍ വിധിപറഞ്ഞതു കീഴ്ക്കോടതി മാത്രമാണ്. വിധി ഇങ്ങനെയാകാന്‍ കാരണം എന്താണെന്നു പഠിച്ചുകൊണ്ടിരിക്കുകയാണ്. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് രാത്രിയിരുന്നു കണ്ടിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഹാഷ് വാല്യൂ മാറിയിട്ടുണ്ട്. കൂറുമാറിയിട്ടുണ്ട്. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ കേസിലുണ്ടായിട്ടുണ്ട്.
ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ്. എതിരാളി ശക്തനും സമ്പന്നനും സ്വാധീനമുള്ളവനുമാണ്. വിധിക്കുശേഷം അയാള്‍ക്കു വേണ്ടിയൊരുക്കിയ സ്വീകരണങ്ങളും വാക്കുകളുമെല്ലാം വേദനിപ്പിച്ചു.
മഞ്ജുവിന്റെ പേര് ഇന്നലെ പറഞ്ഞതിനുപിന്നില്‍ ഭയമുണ്ട്. മഞ്ജുവിനോട് എതിരാളി ശക്തനെന്നും കരുതിയിരിക്കണമെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയക്കാരും സംഘടനകളും എല്ലാം അയാള്‍ക്കൊപ്പമാണ്. സൂപ്പര്‍ സ്റ്റാറുകളൊന്നും അവള്‍ക്കൊപ്പമായിരുന്നില്ല.
ഫെഫ്കയില്‍നിന്ന് താന്‍ ഔദ്യോഗികമായി രാജിവച്ചു. ഇതല്ലാതെ മറ്റൊന്നും ചെയ്യാനില്ല. നടന് ദിലീപിനെ സംഘടനകളിലേക്കു തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഫെഫ്കയില്നിന്നു രാജിവച്ചത്. ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ല. അമ്മ സംഘടനയ്ക്കെതിരേയും ഭാഗ്യലക്ഷ്മി രൂക്ഷ ആരോപണങ്ങൾ ഉയര്‍ത്തി. അന്ന് അവള്‍ക്കുവേണ്ടി യോഗം ചേര്‍ന്നില്ലെന്നും, എന്നാല്‍ കഴിഞ്ഞദിവസം അടിയന്തരയോഗം ചേര്‍ന്നെന്നും അവർ പറഞ്ഞു.
ശരിയോടൊപ്പവും തെറ്റിനോടൊപ്പവും എങ്ങനെ ഒരുമിച്ചുനില്ക്കാനാവുമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. സംഘടനയില്‍നിന്ന് എന്നെ ആരും വിളിച്ചില്ല. ഞങ്ങളുണ്ട് നിന്റെകൂടെ എന്നുപോലും അവളോട് സംഘടനയിലെ ആരും പറഞ്ഞില്ല. അമ്മയില്‍ സ്ത്രീകള്‍ തലപ്പത്തിരുന്നതുകൊണ്ട് കാര്യമില്ലെന്നും മനസിലായി. അയാള്ക്കൊപ്പംതന്നെയെന്നു പറയാതെ പറയുന്നു.
യുഡിഎഫ് വേട്ടക്കാര്‍ക്കൊപ്പമാണു നില്‍ക്കുന്നതെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വാക്കില്‍നിന്നു മനസിലായെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞതില്‍ വലിയ അദ്ഭുതമില്ല. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ ഇങ്ങനെയാകുമോ പെരുമാറുക. ഇതാണ് ദിലീപിന്റെ ധൈര്യം. രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരമുള്ളവര്‍ അയാളുടെ ഒപ്പമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍പോലും യുഡിഎഫ് നടപടിയെടുത്തത് എങ്ങനെയാണെന്നു കണ്ടതാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി.
ദിലീപിനെതിരെയുള്ളത് അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.
അതിജീവിതയെ വിളിക്കാനോ അവരോടൊന്ന് സംസാരിക്കാനോ സംഘടന ശ്രമിച്ചില്ല. കമ്മിറ്റിയിലുള്ളവരോട് പോലും തീരുമാനിക്കാതെയാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ദിലീപിന്റെ അംഗത്വത്തെ സംബന്ധിച്ചുള്ള തുടർനടപടികൾ ഡയറക്ടേഴ്സ് യൂണിയനോട് ആലോചിക്കാൻ ആവശ്യപ്പെടുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വിധി വന്നതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി.
Movies
ഫിലിം എംപ്ലോയിസ് ഫെഡറേഷ(ഫെഫ്ക)നിൽ നിന്നും രാജിവച്ച് നടിയും ഡബ്ബിംഗ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ നടനെ ഫെഫ്കയിലേയ്ക്ക് തിരിച്ചെടുക്കാൻ നീക്കം നടക്കുന്നതിനിടെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി.
അതിജീവിതയെ വിളിക്കാനോ അവരോടൊന്ന് സംസാരിക്കാനോ സംഘടന ശ്രമിച്ചില്ലെന്നും കമ്മിറ്റിയിലുള്ളവരോട് പോലും തീരുമാനിക്കാതെയാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ദിലീപിന്റെ അംഗത്വത്തെ സംബന്ധിച്ചുള്ള തുടർനടപടികൾ ഡയറക്ടേഴ്സ് യൂണിയനോട് ആലോചിക്കാൻ ആവശ്യപ്പെടുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വിധി വന്നതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരണവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വളരെ നേരത്തെ എഴുതിവച്ച വിധിയാണ്. നാലുവർഷം മുമ്പ് ഞാൻ പറഞ്ഞതു തന്നെയാണ്. ഇതിനപ്പുറം ഒന്നും പ്രതീക്ഷിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇത്രയധികം തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും അതെല്ലാം കണ്ടില്ലെന്നു നടിച്ച് ഒരു വിധി പറയുമോ എന്ന് സംശയം തോന്നിയിരുന്നു. ആരൊക്കെ നിഷ്കളങ്കരെന്ന് പറഞ്ഞാലും ഞങ്ങൾ അത് വിശ്വസിക്കില്ല. എന്തുകൊണ്ട് ഈ വിധി എന്നത് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
അതിജീവിതയും നീതി നിഷേധത്തിന്റെ ഷോക്കിലാണ്. മരണം വരെ അവൾക്ക് ഒപ്പമാണ്. ഇനി എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കുകയാണ്. അടുത്ത ദിവസം അതിജീവിത തന്നെ അത് പറയുമെന്നും അവർ വ്യക്തമാക്കി. തൃശൂരിൽ അതിജീവിതയുടെ വീട്ടിൽ വച്ചാണ് ഭാഗ്യലക്ഷ്മി മാധ്യമങ്ങളോടു പ്രതികരിച്ചത്.
Movies
തരുൺ മൂർത്തി സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായ തുടരും സിനിമയിൽ ശോഭനയുടെ കഥാപാത്രം മുഴുവൻ ഭാഗവും ആദ്യം ഡബ്ബ് ചെയ്തത് താനാണെന്നും എന്നാൽ തന്റെ ശബ്ദം മാറ്റിയില്ലെങ്കിൽ പ്രമോഷന് വരില്ലെന്ന ശോഭനയുടെ നിലപാടുകൊണ്ട് തന്റെ ഡബ്ബിംഗ് ഒഴിവാക്കിയെന്നും വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി.
ശോഭനയുടെ മിക്ക സിനിമകള്‍ക്കും ഞാനാണ് ഡബ്ബ് ചെയ്തിട്ടുള്ളതെന്ന് എല്ലാവര്ക്കും അറിയാം. എല്ലാവരും പറയും ഏറ്റവും കൂടുതല്‍ ചേരുന്നത് എന്റെ ശബ്ദമാണെന്ന്. തുടരും സിനിമ സത്യത്തില്‍ ഞാന്‍ ഡബ്ബ് ചെയ്തതാണ്.
വിളിച്ചപ്പോള്‍ തമിഴ് കഥാപാത്രം ആണെന്ന് പറഞ്ഞു. അവര്‍ നന്നായി തമിഴ് പറയുമല്ലോ അതിനാല്‍ അവരെക്കൊണ്ട് തന്നെ ഡബ്ബ് ചെയ്യിപ്പിച്ചൂടേ എന്ന് ഞാന്‍ ചോദിച്ചു. ശോഭനയ്ക്ക് സ്വന്തമായി ഡബ്ബ് ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷെ നമ്മളെല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ചു, സംവിധായകന് തരുണ്‍ മൂര്‍ത്തിയും തിരക്കഥാകൃത്ത് സുനിലുമെല്ലാം, ഭാഗ്യ ചേച്ചി മതി എന്ന്. എന്നായിരുന്നു മറുപടി.
അങ്ങനെ ഞാന്‍ പോയി. മുഴുവന്‍ സിനിമയും ഞാന്‍ ഡബ്ബ് ചെയ്തു. ക്ലൈമാക്സൊക്കെ അലറി നിലവിളിച്ച്, ഭയങ്കരമായി എഫേര്‍ട്ട് എടുത്താണ് ചെയ്തത്. പറഞ്ഞ പ്രതിഫലവും തന്നു. ഒരു മാസം കഴിഞ്ഞും സിനിമ റിലീസായില്ല.
ഒരു ദിവസം ഞാന്‍ രഞ്ജിത്തിനെ അങ്ങോട്ട് വിളിച്ചു. ചേച്ചി, എങ്ങനെ പറയണമെന്ന് അറിയില്ല. ചേച്ചിയുടെ ശബ്ദം മാറ്റി. ശോഭന തന്നെ ഡബ്ബ് ചെയ്തുവെന്ന് പറഞ്ഞു.
എന്നെ വിളിച്ച് പറയാനുള്ള മര്യാദ നിങ്ങള്‍ക്കില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ ഡബ്ബ് ചെയ്തില്ലെങ്കില്‍ പ്രൊമോഷന് വരില്ലെന്ന് ശോഭന പറഞ്ഞുവെന്ന് അവര്‍ എന്നോട് തുറന്നു പറഞ്ഞു. അഭിനയിച്ച വ്യക്തിയ്ക്ക് അവരുടെ ശബ്ദം നല്‍കാനുള്ള എല്ലാ അവകാശമുണ്ട്.
ആര് ശബ്ദം നല്‍കണമെന്നത് സംവിധായകന്റെ തീരുമാനമാണ്. ആര്‍ട്ടിസ്റ്റിന് ആത്മവിശ്വാസമുണ്ടെങ്കില്‍ അവര്‍ക്ക് ചെയ്യാനുള്ള അവകാശവുമുണ്ട്. അതിലൊന്നും എനിക്കൊരു എതിര്‍പ്പുമില്ല.
പക്ഷെ, എന്നോട് ഒരു വാക്ക് പറയാമായിരുന്നു. ഇത്രയും സിനിമകള്‍ ചെയ്തൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ശോഭനയ്ക്ക് എന്നെ വിളിച്ച് ഒരു വാക്ക് പറയാമായിരുന്നു. അവര്‍ പറഞ്ഞില്ല.
നിര്‍മാതാവും സംവിധായകനും പറഞ്ഞില്ല. ഇതേ സംവിധായകന് പ്രൊമോഷന് ഇന്റര്‍വ്യുവിലിരുന്ന് പറയുന്നുണ്ടായിരുന്നു, ശോഭനയാണെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ അവരുടെ ഓണ്‍ വോയ്സ് ആയിരിക്കുമെന്നും തീരുമാനിച്ചിരുന്നുവെന്ന്.
അത് നുണയാണ്. സിനിമ ആദ്യ ദിവസം തന്നെ ഞാന്‍ കണ്ടിരുന്നു. ക്ലൈമാക്സില്‍ അവര്‍ എന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. കാരണം ശോഭനയ്ക്ക് അത്ര അലറി നിലവിളിച്ച് ചെയ്യാനാകില്ല, അവര്‍ക്ക് അത്രയും എക്സ്പീരിയന്‍സില്ല. ഡയലോഗ് ഒക്കെ അവര്‍ പറഞ്ഞിട്ടുണ്ടാകും, പക്ഷേ അലറലും നിലവിളിയും എന്റേതാണ്. അവര്‍ എന്നോട് എത്തിക്സ് കാണിച്ചില്ലെന്ന എന്ന സങ്കടം എനിക്കുണ്ട്’.– ഭാഗ്യലക്ഷ്മി പറഞ്ഞു.
Movies
നടി ശ്വേത മേനോനെതിരെയുള്ള പരാതിക്ക് പിന്നിൽ അമ്മയിൽ മത്സരിക്കുന്ന ചില പുരുഷൻമാരെണെന്ന് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കേസിൽ സംഭവിച്ചത് അനീതിയാണെന്നും അവർ തുറന്നടിച്ചു.
""കേസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അനീതിയാണ്. വർഷങ്ങൾക്ക് മുമ്പ് ഇറങ്ങി വിജയിച്ച സിനിമകൾ, വ്യാജമായി മാറ്റം വരുത്തി പോൺസൈറ്റുകളിൽ ഇട്ടിട്ടുണ്ടെങ്കിൽ അതിനുത്തരവാദി ശ്വേത മേനോൻ അല്ല.
ആ കുറ്റകൃത്യം ചെയ്തയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനുപകരം അതിൽ ശ്വേതയുടെ മുഖമാണെന്നു പറഞ്ഞ അവർക്കെതിരെ പരാതി കൊടുക്കുന്നതിൽ എന്ത് അടിസ്ഥാനമാണുള്ളത്? ഇത് മനഃപൂർവം ഒരാൾ മത്സരിക്കാതിരിക്കാൻ വേണ്ടി ചെയ്യുന്ന ദുഷ്പ്രവൃത്തിയാണ്.
അമ്മയിലെ ചില പുരുഷൻമാരുടെ നേരിട്ടും അല്ലാതെയുമുള്ള പങ്ക് ഇതിനുപുറകിലുണ്ട്. അതിൽ സംശയമില്ല. ആരോപണങ്ങൾ നിലനിൽക്കുന്നതുകൊണ്ട് പത്രിക പിൻവലിച്ചവരുണ്ടിവിടെ.
അതുകൊണ്ട് മറ്റൊരാളും മത്സരിക്കണ്ട എന്ന വാശിയാണ് ഈ പരാതിയുടെ പുറകിൽ. തനിക്ക് മുകളിൽ ഒരു സ്ത്രീ വരുന്നതും അവർ പറയുന്നത് കേൾക്കേണ്ടിവരുമെന്നതും സഹിക്കാനാവാത്ത ആളുകളുടെ ഫ്യൂഡൽ മനോഭാവമാണ് ഇവിടെ കാണാനാവുന്നത്.
ശ്വേത മേനോൻ മത്സരരംഗത്തുണ്ടാകുമെന്ന് അംഗങ്ങൾക്ക് നേരത്തെ അറിവുള്ളതാണ്. ഒരു മാസം മുൻപേ ഇത് എല്ലാവരും അറിഞ്ഞിട്ടുള്ളതാണ്. മത്സരത്തിൽ നിന്നും പേര് പിൻവലിക്കേണ്ട അവസാന ദിവസംവരെ പരാതി കൊടുക്കാതിരുന്നതും എന്തുകൊണ്ടാണ്?
ഇത് സ്ത്രീകൾ ജയിക്കും എന്ന് ഉറപ്പായപ്പോൾ സംഘടനയിലെ ഒരുകൂട്ടം പുരുഷന്മാർ ചേർന്ന് ഒത്തുകളിക്കുന്നതാണ്. ഇവർക്കൊപ്പം ചില സ്ത്രീകളും ഒത്തുചേർന്നിട്ടുണ്ട്. നാണം കെടുത്തിയായാലും സ്ഥാനത്തുനിന്ന് ഇറക്കും എന്ന മനോഭാവമാണ് അവർക്ക്. ക്വട്ടേഷന്‍ സംഘം പോലെയാണിവരുടെ പ്രവർത്തനം.
മുൻനിരയിലുള്ള പ്രമുഖരും, കുറച്ചുദിവസമായി മീഡിയയ്ക്കുമുന്നിൽ വരുന്ന സ്ത്രീകളും ശ്വേതക്കെതിരെ തിരിഞ്ഞിട്ടുണ്ടായിരുന്നു. കാലാകാലങ്ങളായി സംഘടനയിലെ സ്ത്രീകൾ അടിമകളെപോലെയാണ് നിലനിന്നിരുന്നത്.
പുരുഷന്മാർക്ക് കിട്ടിയിരുന്ന പ്രശസ്തി, സ്വാധീനം ഇതെല്ലാമാണ് അവരെ നിയന്ത്രിച്ചിരുന്നത്. ഈയൊരു സന്ദർഭത്തിൽ ശ്വേതയുടെ കൂടെ അഭിനയിച്ച മമ്മൂട്ടിയടക്കമുള്ള നടന്മാർക്കെതിരെ കേസ് ഇല്ലാതെ സ്ത്രീയുടെ പേരിൽ മാത്രം നൽകിയിരിക്കുന്ന കേസ് നിഗൂഢലക്ഷ്യങ്ങൾ ഉള്ളതാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ''. ഭാഗ്യലക്ഷ്മി പ്രതികരിച്ചു.