National
ന്യൂഡൽഹി: പാകിസ്ഥാൻ 72 തീവ്രവാദ ലോഞ്ച്പാഡുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥർ. ഓപ്പറേഷൻ സിന്ദൂറിനുശേഷമാണ് അതിർത്തിക്കടുത്തുള്ള ലോഞ്ച്പാഡുകൾ പാകിസ്ഥാൻ മാറ്റിയത്. കേന്ദ്ര സർക്കാർ ഉത്തരവിട്ടാൽ ശത്രുക്കൾക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്താൻ ബിഎസ്എഫ് തയാറാണ്.
സിയാൽകോട്ടിലെയും സഫർവാളിലെയും ഉൾപ്രദേശങ്ങളിൽ ഏകദേശം 12 ലോഞ്ച്പാഡുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മറ്റ് പ്രദേശങ്ങളിൽ 60 ലോഞ്ച്പാഡുകൾ സജീവമാണെന്നും ബിഎസ്എഫ് ഡിഐജി വിക്രം കുൻവർ പറഞ്ഞു. ഈ ലോഞ്ച്പാഡുകൾ സ്ഥിരമല്ലെന്നും സാധാരണയായി തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനു മുമ്പ് മാത്രമേ ഇവ സജീവമാകൂ എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ അതിർത്തിക്ക് സമീപം പരിശീലന ക്യാമ്പുകളില്ല. മുമ്പ് ജെയ്ഷെ മുഹമ്മദും ലഷ്കർ അംഗങ്ങളും വ്യത്യസ്ത മേഖലകളിലാണ് പ്രവർത്തിച്ചിരുന്നതെന്ന് ഡിഐജി കുൻവർ വിശദീകരിച്ചു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിനുശേഷം തീവ്രവാദികൾക്ക് ഒരുമിച്ച് പരിശീലനം നൽകുന്നുണ്ടെന്ന് ഡിഐജി കുൻവർ വിശദീകരിച്ചു. ഇത് ഏത് ഗ്രൂപ്പിനും സമ്മിശ്ര രീതിയിൽ പരിശീലനം നേടാൻ അനുവദിക്കുന്നു.
ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കാൻ സർക്കാർ ഉത്തരവിട്ടാൽ ബിഎസ്എഫ് പൂർണമായും സജ്ജമാണെന്ന് ജമ്മു ഫ്രോണ്ടിയർ ഐജി ശശാങ്ക് ആനന്ദ് പറഞ്ഞു.
National
ഗുജറാത്ത്: ഒളിച്ചോടിയെത്തിയ കമിതാക്കളെ ഇന്ത്യൻ അതിർത്തിയിൽ കടക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി. പോപത് കുമാർ (24), ഗൗരി (20) എന്നിവരെയാണ് ബിഎസ്എഫ് പിടികൂടി പോലീസിന് കൈമാറിയത്. പാക്കിസ്ഥാനിൽ നിന്ന് രാത്രി മുഴുവൻ നടന്നാണ് ഇവർ അതിർത്തിയിലെത്തിയത്.
അതിർത്തിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള മിഥി എന്ന ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. വീട്ടുകാർ എതിർത്തതിനാലാണ് ഒളിച്ചോടിയതെന്ന് ഇവർ പോലീസിനോടു പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും ഭുജിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലുണ്ടായ സമാനമായ രണ്ടാമത്തെ സംഭവമാണിതെന്ന് പോലീസ് പറഞ്ഞു. ഒക്ടോബർ എട്ടിന് സിന്ധ് പ്രവിശ്യയിൽ നിന്നുള്ള താര രൺമാൽ ഭിൽ എന്ന യുവാവിനെയും മീന എന്ന യുവതിയെയും ഇതുപോലെ പോലീസ് പിടികൂടിയിരുന്നു.
National
കോൽക്കത്ത: വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പൗരന്മാർ തിരിച്ചുപോകുന്നു. ബംഗാളില്‍ അതിര്‍ത്തി വഴി ബംഗ്ലാദേശിലേക്കു കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
തെക്കന്‍ ബംഗാള്‍ മേഖലയില്‍ അതിര്‍ത്തി വഴി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശ് പൗരന്മാരുടെ എണ്ണം കൂടുന്നതിനു കാരണം വോട്ടർപട്ടികയിലെ തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട കണക്കെടുപ്പാണെന്നും വിലയിരുത്തുന്നു.
അതിർത്തിയിലെ നോർത്ത് 24 പർഗനാസ്, മുർഷിദാബാദ്, മാൽഡ ജില്ലകളിലൂടെയാണ് മടക്കയാത്ര. രണ്ടുവർഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തിയാൽ അതിർത്തികടക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണിപ്പോൾ. മുന്‍പ് ഇത്തരം തിരിച്ചുപോക്കുകള്‍ വല്ലപ്പോഴുമേ രണ്ടക്കത്തില്‍ തൊടുമായിരുന്നുള്ളൂ. നൂറോ നൂറ്റമ്പതോ ആളുകൾ വീതമാണ് ഇപ്പോൾ അതിർത്തി കടക്കുന്നത്. ചില ദിവസങ്ങളിൽ മുന്നൂറുവരെ ആകാറുണ്ട്.
അതിര്‍ത്തി കടക്കുന്ന ആളുകളുടെ പരിശോധനകള്‍ രണ്ട് അതിര്‍ത്തിയിലും നടത്തുന്നുണ്ട്. ബയോമെട്രിക് പരിശോധന കൂടാതെ ചോദ്യം ചെയ്യലും പരിശോധനയുമാണു പുരോഗമിക്കുന്നത്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുണ്ടായ സ്ഫോടനത്തിന് പിന്നാലെ രാജ്യത്ത് കനത്ത ജാഗ്രതാ നിർദേശം. മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റ് പ്രധാനസ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസി വൃത്തങ്ങൾ പറഞ്ഞു.
ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും എല്ലാ ജില്ലകളിലും പോലീസ് അതീവ ജാഗ്രതാ നിർദേശം നൽകി. ഈ സംസ്ഥാനങ്ങളിലെ ചില പ്രത്യേക മേഖലകളിൽ പട്രോളിംഗും പരിശോധനയും വർധിപ്പിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്.
രാജസ്ഥാനിലും വലിയ ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്. എല്ലാ റേഞ്ച് ഇൻസ്പെക്ടർ ജനറൽമാർക്കും ജില്ലാ സൂപ്രണ്ടുമാർക്കും ചില പ്രത്യേക പോലീസ് സ്റ്റേഷനുകൾക്കും അതീവ ജാഗ്രത പാലിക്കാൻ ഡിജിപി രാജീവ് ശർമ നിർദേശം നൽകി.
രാജസ്ഥാനിലെ അതിർത്തി ജില്ലകളിലെ പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
ഇന്ത്യ-നേപ്പാൾ അതിർത്തിയിലും സുരക്ഷ വർധിപ്പിച്ചു. അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന അതിർത്തി സുരക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) പുറമേ, പ്രാദേശിക പോലീസിനും ജാഗ്രതാ നിർദേശം നൽകി.
നേപ്പാൾ അതിർത്തി കടക്കുന്ന എല്ലാവരെയും ബിഎസ്എഫും രഹസ്യാന്വേഷണ വിഭാഗവും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
CAREER DEEPIKA
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് കായികതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 391 ഒഴിവുണ്ട് (പുരുഷൻ-197, വനിത-194). വിവിധ കായികയിനങ്ങൾ പരിഗണിക്കും. പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത.
കായികയിനങ്ങൾ: ആർച്ചറി, അത്ലറ്റിക്സ്, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൺ, ബോക്സിംഗ്, സൈക്ലിംഗ്, ഡൈവിങ്, ഇക്വസ്ട്രിയൻ, ഫെൻസിംഗ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹാൻഡ് ബോൾ, ഹോക്കി, കബഡി, ജൂഡോ, കരാട്ടെ, സെപക് താക്രോ, സ്വിമ്മിംഗ്, ഷൂട്ടിംഗ്, ടേബിൾ ടെന്നീസ്, തായ്ക്വാ ണ്ടോ, വോളിബോൾ, വാട്ടർ പോളോ, വെയ്റ്റ് ലിഫ്റ്റിംഗ്, റസലിംഗ് (ഫ്രീ സ്റ്റൈൽ/ ജിആർ), വാട്ടർ സ്പോർട്സ്, വുഷു, യോഗ.
ശമ്പളസ്കെയിൽ: 21,700-69,100 രൂപ. പുറമേ മറ്റ് അലവൻസുകളും. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം. പ്രായം: 2025 ഓഗസ്റ്റ് ഒന്നിന് 18-23 വയസ്. ഉയർന്ന പ്രായപരിധിയിൽ എസ്സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒബിസി. (എൻസിഎൽ) വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും.
കായികയോഗ്യത: ഇന്റർനാഷണൽ ഒളിംപിക് അസോസിയേഷൻ അംഗീകരിച്ച അന്തർദേശീയ ചാമ്പ്യൻഷിപ്പുകളിലോ ഇന്ത്യയിലെ സ്പോർട്സ്, യുവജനകാര്യ മന്ത്രാലയം/ സ്പോർട്ട് അസോസിയേഷൻ അംഗീകരിച്ച ദേശീയ ചാമ്പ്യൻഷിപ്പ്/ മേളകളിലോ പങ്കെടുത്തവർ/മെഡൽ നേടിയവരായിക്കണം.
2023 നവംബർ നാല് മുതൽ 2025 നവംബർ നാലുവരെയുള്ള പങ്കാളിത്തം/ മെഡൽ നേട്ട മാണ് പരിഗണിക്കുക (അംഗീകൃത ചാമ്പ്യൻഷിപ്പുകളെ സംബന്ധിച്ച കൂടുതൽവിവരങ്ങൾക്ക് വിജ്ഞാപനം കാണുക).
ശാരീരികയോഗ്യത: പുരുഷൻമാർക്ക് 170 സെന്റിമീറ്ററും (എസ്ടി വിഭാഗക്കാർക്ക് 162.7 സെ.മീ) വനിതകൾക്ക് 157 സെന്റിമീറ്ററും (എസ്ടി വിഭാഗക്കാർക്ക് 150 സെ.മീ.) ഉയരം വേണം. പുരുഷന്മാർക്ക് 80 സെ.മീ നെഞ്ചളവും (എസ്ടി വിഭാഗക്കാർക്ക് 76 സെമീ) അഞ്ച് സെമീ. നെഞ്ചളവ് വികാസവും ഉണ്ടായിരിക്കണം.
മികച്ച കാഴ്ചശക്തിയും പ്രായത്തിനനുസരിച്ച തൂക്കവും ഉണ്ടായിരിക്കണം. തെരഞ്ഞെടുപ്പ്: സർട്ടിഫിക്കറ്റ് പരിശോധന, കായികക്ഷമതാപരീക്ഷ, മെഡിക്കൽ പരിശോധന എന്നിവ നടത്തിയാവും തെരഞ്ഞെടുപ്പ്.
അപേക്ഷാഫീസ്: വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഫീസ് ഇല്ല. മറ്റുള്ളവർ 159 രൂപ ഓൺലൈനായി അടയ്ക്കണം. അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 4.
വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും https://rectt.bsf.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകളും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
National
ജമ്മു: അന്താരാഷ്ട്ര അതിർത്തിക്കു സമീപം പാക് ഡ്രോൺ നിക്ഷേപിച്ച മയക്കുമരുന്ന് ബിഎസ്എഫ് കണ്ടെത്തി.
അന്താരാഷ്ട്ര വിപണിയിൽ 25 കോടി രൂപ വിലമതിക്കുന്ന അഞ്ചു കിലോഗ്രാം ഹെറോയിൻ അടങ്ങിയ രണ്ട് ബാഗുകളാണ് ആർഎസ് പുരയിലെ ബോർഡർ ഔട്ട്പോസ്റ്റിന്റെ സമീപത്തുനിന്നു കണ്ടെടുത്തത്.
പത്ത് പാക്കറ്റുകൾ ഇവയിൽ അടങ്ങിയിരുന്നുവെന്നാണ് വിവരം. ഇന്നലെ പുലർച്ചെ ആറോടെയാണ് ബിഎസ്എഫും പോലീസും ചേർന്ന് മേഖലയിൽ തെരച്ചിൽ ആരംഭിച്ചത്.
ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിവിടാനുള്ള പാക്കിസ്ഥാന്റെ ശ്രമമാണു വ്യക്തമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലൂടെ സേന പരാജയപ്പെടുത്തിയതെന്ന് ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നു പോലീസ് അറിയിച്ചിട്ടുണ്ട്.