Sports
കോല്‍ക്കത്ത: ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സിന് കടുത്ത ശിക്ഷ. 2027/28 സീസണ് വരെയുള്ള അടുത്ത രണ്ട് എഎഫ്സി ക്ലബ് മത്സരങ്ങളിൽനിന്ന് മോഹൻ ബഗാനെ അയോഗ്യരാക്കി.
സെപാഹാൻ എസ്സിയുമായുള്ള മത്സരത്തിനായി ഇറാനിലേക്ക് യാത്ര ചെയ്യാൻ താരങ്ങൾ വിസമ്മതിച്ചതിനെത്തുടർന്നാണ് നടപടി. ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ ഡിസിപ്ലിനറി, എത്തിക്സ് കമ്മിറ്റി ഇന്നലെ ചേർന്ന യോഗത്തിലാണ് നടപടി. വിലക്കിന് പുറമെ ക്ലബ് 100,729 ഡോളർ പിഴയായും നൽകണം.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരങ്ങൾ ഇറാനിലേക്ക് പോകാൻ തയാറാകാതിരുന്നത്.
തുടർച്ചയായ രണ്ടാം വർഷമാണ് സമാനമായ കാരണങ്ങളാൽ മോഹൻ ബഗാൻ എഎഫ്സി ചാന്പ്യൻസ് ലീഗ് ടുവിൽ നിന്ന് പിന്മാറുന്നത്. കഴിഞ്ഞ സീസണിൽ ട്രാക്ടർ എഫ്സിക്കെതിരായ മത്സരത്തിൽനിന്നും ക്ലബ് പിന്മാറിയിരുന്നു.
Sports
റയല്‍ മാഡ്രിഡ് മുഖ്യപരിശീലകന്‍ സാബി അലോണ്‍സോയുടെ ഇരിപ്പിടത്തില്‍ കൂടുതല്‍ സമ്മര്ദമായിരിക്കുകയാണ് ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരായ ഹോം പരാജയം.
ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണില്‍ ആറ് മത്സരങ്ങളില്‍ നാല് ജയവും രണ്ട് തോല്‍വിയുമാണ് റയലിന്റെ പ്രകടനം.
സ്പാനിഷ് ലാ ലിഗയില്‍ 16 മത്സരങ്ങളില്‍ 11 ജയം, മൂന്ന് സമനില, രണ്ട് തോല്‍വി എന്നിങ്ങനെ 36 പോയിന്റുമായി രണ്ടാമതാണ് ടീം. 2025-26 സീസണില്‍ വിവിധ കോമ്പറ്റീഷനുകളിലായി അവസാനം കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് റയലിനു നേടാന്‍ സാധിച്ചത്.
മാനേജര്‍ സ്ഥാനത്തുനിന്ന് സാബിയെ നീക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമായിട്ടുണ്ട്.
Sports
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ എഫ്സി ബാഴ്സലോണയെ തകർത്ത് ചെൽസി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.
എസ്റ്റേവയോയും ലിയാം ഡെലാപുമാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. ബാഴ്സ താരം ജൂൽസ് കോണ്ടെയുടെ ഓൺ ഗോളും ചെൽസിയുടെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ ചെൽസിക്ക് 10 പോയിന്റായി. ആദ്യ റൗണ്ടിലെ പോയിന്റ് ടേബിളിൽ ചെൽസി അഞ്ചാം സ്ഥാനത്താണ്.
Sports
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ജർമൻ ടീമായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്.
സിറ്റിക്ക് വേണ്ടി ഫിൽ ഫോഡൻ രണ്ട് ഗോളുകളും എർലിംഗ് ഹാലണ്ട് റയാൻ ചെർക്കി എന്നിവർ ഓരോ ഗോൾ വീതവും നേടി. ബൊറൂസിയയ്ക്ക് വേണ്ടി വാൾഡിമർ ആന്റൻ ആണ് ഗോൾ സ്കോർ ചെയ്തത്.
ജയത്തോടെ ലീഗ് പ്രാഥമിക ഘട്ടത്തിന്റെ പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്തെത്തി. നിലവിൽ 10 പോയിന്റാണ് സിറ്റിക്കുള്ളത്.