ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 പ്ലേ ഓഫിന്റെ ആദ്യ റൗണ്ടില്‍ പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫികയെ തോല്‍പ്പിച്ച് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് കണക്കു തീര്‍ത്തു.
വിനീഷ്യസ് ജൂണിയര്‍ 50-ാം മിനിറ്റില്‍ നേടിയ ഗോളില്‍ 1-0നായിരുന്നു റയല്‍ മാഡ്രിഡിന്റെ എവേ ജയം. മൂന്ന് ആഴ്ച മുമ്പ് ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഇതേ ഗ്രൗണ്ടില്‍വച്ച് 4-2ന് റയല്‍ പരാജയപ്പെട്ടിരുന്നു. അതോടെയാണ് നേരിട്ട് പ്രീക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റ് റയല്‍ മാഡ്രിഡിനു ലഭിക്കാതിരുന്നതും പ്ലേ ഓഫ് കളിക്കേണ്ടിവന്നതും.
വംശീയാധിക്ഷേപം
മത്സരത്തില്‍ ബ്രസീല്‍ താരം വിനീഷ്യസ് ജൂണിയര്‍ വംശീയാധിക്ഷേപം നേരിട്ടു. ഗോള്‍ നേടിയശേഷം കോര്‍ണര്‍ ഫ്ളാഗിന്റെ അടുത്തെത്തി വിനീഷ്യസ് നടത്തിയ ആഹ്ലാദ പ്രകടനം ബെന്‍ഫിക ആരാധകരെ ചൊടിപ്പിച്ചു. അതോടെ ആരാധകര്‍ ബോട്ടിലും മറ്റു സാധനങ്ങളും ഗ്രൗണ്ടിലേക്കു വലിച്ചെറിഞ്ഞു. അതോടെ, റഫറി മത്സരം നിര്‍ത്തിവച്ചു. ഇതിനിടെ ബെന്‍ഫിക താരം ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി വാപൊത്തിപ്പിടിച്ച് വിനീഷ്യസിനോടായി എന്തോ പറഞ്ഞു. ഉടനടി റഫറിയുടെ അടുത്തേക്ക് ഓടിയ വിനീഷ്യസ്, പ്രെസ്റ്റിയാനി തന്നെ വംശീയമായി അധിക്ഷേപിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.
മത്സരശേഷം ബെന്‍ഫിക കോര്‍ണര്‍ ഫ്ളാഗിനടുത്തുവച്ചുള്ള തന്റെ ഗോളാഘോഷ ചിത്രം വിനീഷ്യസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. “വംശീയവാദികള്‍ എല്ലാറ്റിനുമുപരി ഭീരുക്കളാണ്. അവര്‍ എത്രത്തോളം ദുര്ബലരാണെന്നു കാണിക്കാന്‍ ഷര്‍ട്ട് കൊണ്ട് വായ മൂടുന്നു. ഇന്നു സംഭവിച്ചതൊന്നും എന്റെ ജീവിതത്തിലും കുടുംബത്തിനും പുതിയതല്ല. ഒരു ഗോള്‍ നേടിയതിന്റെ ആഘോഷത്തിന് എനിക്ക് എന്തുകൊണ്ട് മഞ്ഞക്കാര്‍ഡ് ലഭിച്ചെന്ന് ഇപ്പോഴും അറിയില്ല’’ - വിനീഷ്യസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Tags : Real Madrid UEFA Champions League Benfica