ബോദ (നോര്‍വെ): യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വി വഴങ്ങി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി.
എവേ പോരാട്ടത്തില്‍ നോര്‍വീജിയന്‍ ക്ലബ്ബായ ബോദ ഗ്ലിംന്റിനോട് 3-1നായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യന്മാര് തോറ്റത്. 58 മിനിറ്റിനുള്ളില്‍ ആതിഥേയര്‍ 3-0ന്റെ ലീഡ് സ്വന്തമാക്കി.
കാസ്പര്‍ വര്സ്റ്റ് ഹോഗ് (22, 24) ഇരട്ട ഗോളും ജെന്‍സ് ഹ്യൂഗ് (58) ഒരു ഗോളും സ്വന്തമാക്കി. റയാന് ചെര്‍ക്കിയുടെ (60) വകയായിരുന്നു സിറ്റിയുടെ ഗോള്‍.
62-ാം മിനിറ്റില്‍ റോഡ്രി ചുവപ്പ് കാര്‍ഡ് കണ്ടതോടെ സിറ്റിയുടെ അംഗബലം 10ലേക്ക് ചുരുങ്ങുകയും പോരാട്ടത്തിനു കടിഞ്ഞാണ്‍ വീഴുകയും ചെയ്തു.
2019ല്‍ ടോട്ടന്‍ഹാം ഹോട്ട്സ്പുറിന്റെ സണ്‍ ഹ്യൂങ് മിന് 10 മിനിറ്റിനുള്ളില്‍ രണ്ടു ഗോള്‍ നേടിയതിനുശേഷം, മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ ചാമ്പ്യന്‍സ് ലീഗില്‍ അതിവേഗം ഇരട്ട ഗോള്‍ നേടുന്ന താരമായി കാസ്പര്‍ ഹോഗ്.
പിഎസ്ജിയെ വീഴ്ത്തി
നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്നെ (പിഎസ്ജി) ഹോം മത്സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്പോര്‍ട്ടിംഗ് സിപി ഞെട്ടിച്ചു. കൊളംബിയന്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ (74, 90) ഇരട്ടഗോള്‍ ബലത്തിലായിരുന്നു സ്പോർട്ടിംഗിന്റെ ജയം. ഖ്വിച ക്വാരത്സ്ഖേലിയയുടെ (79) വകയായിരുന്നു പിഎസ്ജിയുടെ ഗോള്‍.
ഏഴ് മത്സരങ്ങളില്‍നിന്ന് 13 പോയിന്റുമായി പിഎസ്ജി ലീഗ് ടേബിളില്‍ അഞ്ചാമതും സ്പോര്‍ട്ടിംഗ് ആറാമതുമാണ്.

മാഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഏഴാം റൗണ്ടില്‍ വമ്പന്‍ ജയമാഘോഷിച്ചു.
ഫ്രഞ്ച് ക്ലബ്ബായ എഎസ് മൊണാക്കോയെ ഒന്നിന് എതിരേ ആറ് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡ് തകര്‍ത്തത്. സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ (5, 26) ഇരട്ടഗോള്‍ സ്വന്തമാക്കി. ഫ്രാങ്കോ മസ്താന്റുവോ (51), വിനീഷ്യസ് ജൂണിയര്‍ (63), ജൂഡ് ബെല്ലിങ്ഗം (80) എന്നിവരും സ്പാനിഷ് ക്ലബ്ബിനായി ലക്ഷ്യംകണ്ടു.
Tags : Manchester City UEFA football Champions League real madrid