District News
കടുത്തുരുത്തി: കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡില്‍ വീണ്ടും പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകി നശിക്കുന്നു. ഇതു അഞ്ചാമത്തെ തവണയാണ് ഇതേ സ്ഥലത്തുതന്നെ പൈപ്പ് പൊട്ടുന്നത്. വലിയ ശക്തിയിലാണ് വെള്ളം കുത്തിയൊഴുകുന്നത്.
റോഡില്‍ മീറ്ററുകളോളം ഒഴുകുന്ന വെള്ളം വലിയതോട്ടിലേക്കാണ് എത്തുന്നത്. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. റോഡിലെ വലിയ കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു.
തകര്‍ന്നുകിടക്കുന്ന തീരദേശ റോഡിനെ കൂടുതല്‍ തകര്ച്ചയിലാക്കുകയാണ് വാട്ടര്‍ അഥോറിറ്റിയുടെ പതിവ് പൈപ്പ് പൊട്ടല്‍. പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസം പിന്നിടുകയാണ്. റെയില്‍വേ മേല്‍പാലത്തിന് സമീപത്തായിട്ടാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്.
വെള്ളമൊഴുകുന്ന ഭാഗത്തുകൂടി വണ്ടികള്‍ കടന്നുപോയാല്‍ അപകടസാധ്യതയുമുണ്ട്. വാട്ടര്‍ അഥോറിറ്റിയുടെ അനാസ്ഥയെത്തുടര്‍ന്ന് കുടിവെള്ളം അളവില്ലാതെ ഒഴുകി നശിക്കുകയാണ്. തീരദേശ റോഡിലൂടെ കടത്തി വിട്ടിരിക്കുന്ന വാട്ടര്‍ അഥോറിറ്റിയുടെ പുതിയ പൈപ്പ് ലൈനില്‍ പല സ്ഥലത്തായി ഇതിനോടകം ജോയിന്റില്‍ ലീക്ക് വന്ന് വെള്ളം പൊട്ടിയൊഴുകി റോഡിന് നാശമുണ്ടാക്കിയിട്ടുണ്ട്.
വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്തതോടെയാണ് തകര്‍ന്നുകിടന്ന തീരദേശ റോഡിന്റെ നാശം പൂര്ണാവസ്ഥയിലായത്.
Kerala
കൊട്ടിയം: കൊല്ലം മൈലക്കാടും ദേശീയപാതയുടെ ഉയരപ്പാത ഇടിഞ്ഞു വീണു. ദേശീയപാതയുടെ പാര്‍ശ്വഭിത്തിയാണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു. മൈലക്കാട് പാലത്തിനു സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു.
ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. നൂറു മീറ്ററിലേറെ നീളത്തിലാണ് ഉയരപ്പാത തകർന്നത്. പത്ത് മീറ്ററിലധികം ഉയരത്തിലാണ് ഈ ഭാഗത്ത് ദേശീയപാതയുടെ പ്രധാന റോഡ് നിർമിക്കുന്നത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.
അപകടം സംഭവിക്കുമ്പോൾ സർവീസ് റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നു പൊയ്ക്കാണ്ടിരിക്കുകയായിരുന്നു.ഒരു സ്കൂൾ ബസും രണ്ടു കാറുകളും അപകടത്തിൽപ്പെട്ടു. ആർക്കും കാര്യമായ പരിക്കുകൾ ഇല്ല.
റോഡ് തകർന്നു സർവീസ് റോഡിൽ വലിയ കുഴികൾ ഉണ്ടായി. ഈ കുഴികളിലാണ് സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വീണത്. സ്കൂൾ ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തി കുട്ടികളെ ഞൊടിയിടയിൽ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. കുഴിയിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കൊട്ടിയത്തുനിന്നും ചാത്തന്നൂരിലേയ്ക്കുള്ള വഴിയിൽ മൈലക്കാട് ഇറക്കത്താണ് അപകടം. മൈലക്കാട് ഇറക്കം ജില്ലയിലെ തന്നെ വലിയ കയറ്റിറക്കമാണ്. ഈ കയറ്റിറക്കം ഒഴിവാക്കി റോഡ് നിരപ്പാക്കാനാണ് ഉയരപ്പാത നിർമിക്കുന്നത്. ഏലായുടെ മധ്യത്തിലൂടെയാണ് ദേശീയ പാതയും ഉയരപ്പാതയും കടന്നുപോകുന്നത്.
District News
മരട്: ജീർണാവസ്ഥയിലായിരുന്ന വീട് പൊളിക്കുന്നതിനിടെ, ഇടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയംപിള്ളി മൂസയുടെ മകൻ നിയാസ് (38) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മരട് ടി.വി ജംഗ്ഷനിലായിരുന്നു അപകടം.അപകടം നടന്നയുടൻ നിയാസിനെ മരട് പി.എസ്.മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അവിവാഹിതനാണ്.
കട്ടേമട്ടേൽ വേലുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. അപകടാവസ്ഥയിലായിരുന്നതിനാൽ വീട്ടുകാർ സമീപത്ത് തന്നെയുള്ള മറ്റൊരു വീട്ടിലായിരുന്നു താമസം.
അപകട സാധ്യതയുള്ളതിനാൽ പൊളിച്ചു കളയാൻ തീരുമാനിക്കുകയായിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Kerala
കൊച്ചി: എറണാകുളം മരടിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയംപിള്ളി നിയാസ് (37) ആണ് മരിച്ചത്
ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. പൊളിച്ചു കൊണ്ടിരുന്ന വീടിന്റെ ഭിത്തിയാണ് ഇടിഞ്ഞുവീണത്. മരട് ആറ്റുംപുറം റോഡിൽ വേലുവിന്റെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത വീട് പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞ് നിയാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
മൂന്ന് തൊഴിലാളികളാണ് കെട്ടിടം പൊളിക്കുന്നതിനായി ഉണ്ടായിരുന്നത്. ഭിത്തി ഇടിഞ്ഞുവീണപ്പോൾ മറ്റ് തൊഴിലാളികൾ ഓടിമാറി. എന്നാൽ, നിയാസിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പി എസ് മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
District News
പെരുവെമ്പ്: കല്ലഞ്ചിറ റോഡുതകർന്ന് മെറ്റലിളകി കിടക്കുന്നത് വാഹനയാത്രികർക്കു ദുരിതമായി. ചെറിയ, വലിയ വാഹനങ്ങളെല്ലാം നിരങ്ങിയാണ് ഇതിലൂടെ കടന്നുപോകുന്നത്.
പെരുവെമ്പിൽ നിന്നും തത്തമംഗലം, വണ്ടിത്താവളം, മേട്ടുപ്പാളയം, പട്ടഞ്ചേരി ഭാഗത്തേക്കുള്ള യാത്രക്കാർ ദൂരക്കുറവ് പരിഗണിച്ച് ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
റോഡ് നവീകരിച്ച് പത്തുവർഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ നടത്താതാണ് നിലവിലെ ശോചനീയാവസ്ഥക്കു കാരണം . ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടുമറിഞ്ഞ് നിരവധി അപകടങ്ങൾ നടന്നിട്ടും പൊതുമരാമത്ത് വകുപ്പ് നവീകരണത്തിനു മുതിരാത്തതിനാൽ ജനകീയ പ്രതിഷേധം വ്യാപകമാണ്. ചെറുമഴ പെയ്താൽപ്പോലും റോഡിലെന്പാടും വെള്ളക്കെട്ടുണ്ടാവും. പ്രതിദിനം നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റോഡിനാണ് ഈ ദുരവസ്ഥ.
District News
ചെറുതോണി: തടിയമ്പാട് - മരിയാപുരം റോഡ് കാൽനടയാത്ര പോലും അസാധ്യമായ വിധം തകർന്നു. തടിയമ്പാട് ചപ്പാത്തിന് സമീപത്തുനിന്ന് 300 മീറ്ററോളം ദൂരമാണ് യാത്ര ദുഷ്കരമായിരിക്കുന്നത്. നിരവധി സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകുന്ന റോഡാണ് തകർന്നിരിക്കുന്നത്.
വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലെ ഇളകിക്കിടക്കുന്ന കല്ലുകൾ തെറിച്ച് കൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്നതിനും ഇടയാവുന്നുണ്ട്. മഴക്കാലത്തു നിരവധി ഇരുചക്രവാഹനങ്ങൾ റോഡിലെ കുഴികളിൽ വീണ് അപകടത്തിൽപ്പെട്ടിരുന്നു.
തടിയമ്പാടുനിന്നു മരിയാപുരം വരെയുള്ള റോഡിന്റെ റീ ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ അടിയന്തരമായി നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമായിരിക്കയാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് റീടാറിംഗ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടി പ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം
District News
മീനച്ചില്‍: "ഈ പാലത്തിലൂടെ ഭാരവാഹനങ്ങളുടെ ഗതാഗതം തടഞ്ഞിരിക്കുന്നു.' പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലൊരു ഫ്ലക്സുണ്ട്. പക്ഷേ അതാരും ശ്രദ്ധിക്കാറില്ലെന്നുമാത്രം. രാത്രിയിൽ ഭാരവാഹനങ്ങൾ തടസമില്ലാതെ ഈ പാലത്തിലൂടെ കടന്നുപോകുന്നു.
കൊച്ചുകൊട്ടാരം- കൊങ്ങോലക്കടവ് പാലം അപകടാവസ്ഥയിലാണ്. 40 വർഷത്തെ പഴക്കമുണ്ട് മീനച്ചിൽ തോടിനു കുറുകെയുള്ള ഈ പാലത്തിന്. മീനച്ചിൽ, കൊഴുവനാൽ, അകലക്കുന്നം പഞ്ചായത്തുകളെ ഇണക്കുന്ന പാലമാണിത്.
പാലത്തിന്റെ അടിയിലെ കമ്പി മുഴുവന്‍ തെളിഞ്ഞിട്ടുണ്ട്. കോണ്‍ക്രീറ്റ് മുഴുവന്‍ അടര്‍ന്നുവീണു. ഭാരവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലത്തിന്റെ കുലുക്കം സമീപത്തു നിൽക്കുന്നവർക്കും അനുഭവപ്പെടും. ഈ പാലമെങ്ങാനും തകർന്നാലുണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയാവില്ല. അറ്റകുറ്റപ്പണിയോ പുതുക്കിപ്പണിയലോ അത്യാവശ്യമാണ്.
പാമ്പാടി, പള്ളിക്കത്തോട്, ചെങ്ങളം ഭാഗങ്ങളിലേക്ക് പാലാ ഭാഗത്തുനിന്നുള്ള എളുപ്പംമാര്ഗമാണിത്. വലിയ മഴയില്‍ റോഡിന് മുകളില്‍ വെള്ളമെത്തും. തോട്ടിലൂടെ ഒഴുകിയെത്തുന്ന തടികള്‍ ഇടിച്ചാണ് പാലത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നതെന്ന് പരിസരവാസികൾ പറയുന്നു. മൂന്ന് സ്പാനുകളിലായാണ് പാലം നില്‍ക്കുന്നത്. സംരക്ഷണഭിത്തികളും തകര്‍ച്ചയിലാണ്. പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കിപ്പണിയൽ ലിസ്റ്റില്‍ ഈ പാലം ഇല്ലെന്ന സൂചന ആശങ്ക കൂട്ടുന്നു.