National
മുംബൈ: ഇന്ത്യയില്‍ ആദ്യമായി കളര്‍ കോയിന് പുറത്തിറക്കി. ഇന്ത്യന്‍ റെയില്‍വേയില്‍ ഇലക്ട്രിഫിക്കേഷന് നടത്തിയതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഓര്‍മക്കായാണ് നൂറുരൂപയുടെ കളര്‍ കോയില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്.
1925 മുബൈ-കുര്‍ള റൂട്ടിലാണ് ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക്ക് ട്രെയിന്‍ ഓടി തുടങ്ങിയത്. ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ മുഖമായ വന്ദേഭാരത് ട്രെയിനിന്റെ വര്‍ണ്ണ ചിത്രമാണ് ഈ നാണയത്തിന്റെ ഒരു ഭാഗത്ത് ആലേഖനം ചെയ്തിട്ടുള്ളത്.
ഇന്ത്യന്‍ റെയില്‍വേയുടെ വൈദ്യുതീകരണ യാത്ര പ്രതിനിധീകരിക്കുന്ന ഇലക്ട്രിക്ക് ലോക്കോമോട്ടോവിന്റെ രൂപകല്പനയും ഈ നാണയത്തില്‍ കാണാം. ഇന്ത്യയില്‍ വിവിധ തരത്തിലുള്ള നാണയങ്ങള്‍ ഏറെ പുറത്തിറക്കിയെങ്കിലും ആദ്യമായിട്ടാണ് വൈവിധ്യങ്ങള്‍ നിറഞ്ഞ നൂറു രൂപയുടെ കളര്‍ നാണയം പുറത്തിറക്കിയത്.
കോൽക്കത്തയിലെ നാണയ കമ്മട്ട ശാല പുറത്തിറക്കിയ 35 ഗ്രാം തൂക്കം വരുന്ന ഈ നാണയത്തില്‍ 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും അഞ്ച് ശതമാനം നിക്കലും അഞ്ച് ശതമാനം സിങ്കുമാണ് അടങ്ങിയിട്ടുള്ളത്. പുരാവസ്തു ശേഖരണത്തിലൂടെ ശ്രദ്ധേയനായ തൃപ്പനച്ചി എയുപി സ്കൂള്‍ അധ്യാപകന് എം.സി. അബ്ദുൾ അലിയുടെ ശേഖരണത്തില്‍ ഈ നാണയം എത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ആരോഗ്യം, പരിസ്ഥിതി, സുസ്ഥിരത എന്നീ മേഖലകളില്‍ സൂക്ഷ്മാണുക്കളുടെ പങ്ക് ശാസ്ത്രീയമായി പഠിക്കുന്നതിനും സമൂഹത്തിന്റെ ഗുണത്തിനായി ഉപയോഗിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിക്കും.
നാളെ കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സെന്ററിന്റെ സമര്‍പ്പണവും സംസ്ഥാന സൂക്ഷ്മാണുവിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
ഇതോടെ സ്വന്തം സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും.
മനുഷ്യാരോഗ്യം, പോഷണം, രോഗപ്രതിരോധം എന്നിവയ്ക്കൊപ്പം കൃഷി, മത്സ്യസമ്പത്ത്, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലെല്ലാമുള്ള മൈക്രോബയോം അധിഷ്ഠിത ട്രാന്‍സ്ലേഷണല്‍ ഗവേഷണങ്ങള്‍ ഒറ്റക്കുടക്കീഴില്‍ എത്തിക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനം എന്ന പ്രത്യേകതയും സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോമിനുണ്ട്.
Business
ന്യൂഡൽഹി: ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ലോകബാങ്കിന്റെ ഉയർന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ ഉയരുമെന്ന് എസ്ബിഐ റിപ്പോർട്ട്.
2030ഓടെ രാജ്യത്തിന്റെ ശരാശരി പ്രതിശീർഷ വരുമാനം 4000 ഡോളർ (3.63 ലക്ഷം രൂപ) തൊടുമെന്നും ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളടങ്ങുന്ന പട്ടികയിലേക്ക് നാലുവർഷത്തിനകം എത്തുമെന്നും എസ്ബിഐയുടെ റിസർച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2028ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സന്പദ്വ്യവസ്ഥയായി മാറുന്നതിന്റെ പാതയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മൊത്ത ദേശീയവരുമാനത്തെ (ജിഎൻഐ) അടിസ്ഥാനമാക്കിയുള്ള പ്രതിശീർഷവരുമാനം കണക്കിലെടുത്ത് 1,135 ഡോളറിൽ താഴെ പ്രതിശീർഷവരുമാനമുള്ള രാജ്യങ്ങൾ കുറഞ്ഞ വരുമാനമുള്ള രാജ്യമായും 1136-4495 ഡോളറിനിടയിലുള്ളത് കുറഞ്ഞ-ഇടത്തരം വരുമാനമുള്ള രാജ്യമായും 4496-13935 ഡോളർ വരുമാനമുള്ള രാജ്യങ്ങൾ ഉയർന്ന-ഇടത്തരം വരുമാനമുള്ള രാജ്യമായും 13935 ഡോളറിനുമുകളിൽ വരുമാനമുള്ളവയെ ഉയർന്ന വരുമാനമുള്ള രാജ്യ മായുമാണ് ലോകബാങ്ക് പട്ടികപ്പെടുത്തുന്നത്.
Kerala
കോട്ടയം: സംശുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ കേരള കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നാടിന് അഭിമാനമായി മാറണമെന്ന് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ.
കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന കണ്‍വന്‍ഷനും തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികള്‍ ഭരണപരമായ തീരുമാനങ്ങളെടുക്കുമ്പോള്‍ ഏറ്റവും പാവപ്പെട്ടവരുടെ മുഖം എപ്പോഴും ഓർമയുണ്ടായിരിക്കണമെന്നും പൊതു ആവശ്യങ്ങള്‍ക്കൊപ്പം ചുറ്റുപാടുമുള്ളവരുടെ കണ്ണീരൊപ്പുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി.
വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ മോന്‍സ് ജോസഫ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ടി.യു. കുരുവിള, ജോയ് എബ്രഹാം, ജോസഫ് എം. പുതുശേരി, തോമസ് ഉണ്ണിയാടന്, അപു ജോണ്‍ ജോസഫ്, ജയ്സണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: രാജ്യത്ത് ഇപ്പോൾ നിലനില്‍ക്കുന്നത് ഭയത്തിന്റെ അന്തരീക്ഷമാണെന്നും ഭരണഘടനാ മൂല്യങ്ങളെ മറികടന്ന് രാജ്യത്ത് ഏകാധിപത്യ പ്രവണതകൾ വർധിക്കുകയാണെന്നും കെ.സി. വേണുഗോപാൽ എംപി.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ‘കെഎൽഐബിഎഫ് ഡയലോഗ്’ സെഷനിൽ ‘രാഷ്ട്രീയം, സംസ്കാരം, ഫാസിസം’ എന്ന വിഷയത്തിലായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.
സ്വാതന്ത്ര്യ സമര ചരിത്രം പുതിയ തലമുറ പഠിക്കണമെന്ന താത്പര്യം അധികാരകേന്ദ്രങ്ങൾക്ക് ഇല്ല. ചരിത്രത്തെ വളച്ചൊടിക്കുകയും രാഷ്ട്രനായകന്മാരെ തമസ്കരിക്കുകയും ചെയ്യുന്നത് കൃത്യമായ അജൻഡയുടെ ഭാഗമാണെന്ന് വേണുഗോപാൽ പറഞ്ഞു.
യഥാർത്ഥ പ്രശ്നങ്ങളായ തൊഴിലില്ലായ്മയും വിലക്കയറ്റവും ചർച്ചയാകാതിരിക്കാൻ മതത്തെയും വിദ്വേഷത്തെയും രാജ്യത്ത് ആയുധമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യം രാജ്യത്ത് ഏറ്റവും താഴ്ന്ന നിലയിലാണ്. കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള മുഖ്യധാരാ മാധ്യമങ്ങൾ അധികാരശക്തികൾക്ക് കുടപിടിക്കുകയാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: രാജ്യത്തെ സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണത്തിന്റെ ചുമതല ഉടൻ സ്വകാര്യ ഏജൻസികൾക്ക് തുറന്നുനൽകുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ സംരക്ഷിത സ്മാരകങ്ങൾ രണ്ടാഴ്ചയ്ക്കകം കോർപറേറ്റുകൾക്ക് നിക്ഷേപത്തിനായി തുറന്നുനൽകുമെന്ന് ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
ദേശീയ പ്രാധാന്യമുള്ള ഈ സ്മാരകങ്ങളിൽ നിക്ഷേപം നടത്താൻ കോർപറേറ്റുകളെ അനുവദിക്കുന്നതിലൂടെ സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണം ഇനി സ്വകാര്യ ഏജൻസികൾക്കും നിർവഹിക്കാം.
നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കു കീഴിലുള്ള 3500ലധികം സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണത്തിനു സ്വകാര്യ ഫണ്ടുകൾ ഉപയോഗിച്ചിരുന്നെങ്കിലും സംരക്ഷണച്ചുമതല പൂർണമായും എഎസ്ഐക്ക് കീഴിലായിരുന്നു.
സ്മാരകങ്ങളുടെ സംരക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തമുണ്ടാകുന്നതിലൂടെ സ്മാരകങ്ങളുടെ സംരക്ഷണപ്രവർത്തനം കൂടുതൽ വേഗത്തിലും മെച്ചപ്പെട്ട രീതിയിലും നടപ്പിലാക്കുമെന്ന് കേന്ദ്രസർക്കാർ കരുതുന്നു.
അടിയന്തര സംരക്ഷണം ആവശ്യമുള്ള 250 സ്മാരകങ്ങളുടെ പട്ടിക കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. നിക്ഷേപം നടത്താൻ താത്പര്യമുള്ള കോർപറേറ്റുകൾക്ക് ഇതിൽനിന്ന് താത്പര്യമുള്ള സ്മാരകങ്ങൾ തെരഞ്ഞെടുക്കാം.
National
അഹമ്മദാബാദ്: മലേറിയ രോഗബാധിതരുടെ എണ്ണത്തിൽ 97 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സമീപഭാവിയിൽ രാജ്യം മലേറിയ മുക്തമാകുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
“ആയുഷ്മാൻ ഭാരത്, മിഷൻ ഇന്ദ്രധനുഷ് പോലുള്ള ക്ഷേമപദ്ധതികൾക്കാണു നന്ദിപറയേണ്ടത്. മലേറിയ രോഗബാധിതരുടെ എണ്ണത്തിൽ നമ്മൾ 97 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിക്കഴിഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളിൽ മലേറിയയ പൂർണമായും തുടച്ചുനീക്കാനാകും”-അദ്ദേഹം പറഞ്ഞു.
ഡെങ്കി ബാധിതരുടെ മരണനിരക്ക് ഒരു ശതമാനത്തിലേക്ക് എത്തിക്കാനും രാജ്യത്തിനു കഴിഞ്ഞു. ദേശീയ മാതൃമരണ അനുപാതത്തിൽ 25 ശതമാനം കുറവ് രേഖപ്പെടുത്തിയതായും അമിത് ഷാ പറഞ്ഞു.
2014 ൽ 37,000 കോടിരൂപയായിരുന്ന കേന്ദ്രത്തിന്റെ ആരോഗ്യ ബജറ്റ് ഇന്ന് മോദി ഭരണത്തിൽ 1.28 ലക്ഷംകോടിയിലെത്തി. പദ്ധതികൾ താഴെത്തട്ടിൽ നടപ്പാക്കിയാണ് ലക്ഷ്യത്തിലെത്തിയത്-ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഖിലേന്ത്യ മെഡിക്കൽ കോൺഫറൻസായ ഐഎംഎ നാറ്റ്കോൺ 2025 ൽ സംസാരിക്കവേ ആഭ്യന്തരമന്ത്രി പറഞ്ഞു.
ജനറിക് മരുന്നുകൾ കുറഞ്ഞവിലക്ക് ലഭ്യമാക്കി, ജിഎസ്ടി എടുത്ത് കളഞ്ഞ് ഒട്ടേറെ മരുന്നുകളുടെ വില താഴ്ത്തി, മെഡിക്കൽ കോളജുകളിലെ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ വ്യാപ്തി വർധിപ്പിച്ചു. പ്രൈമറി ഹെൽത്ത് സെന്ററുകൾക്കും കമ്യുണിറ്റി ഹെൽത്ത് സെന്ററുകൾക്കുമായി എയിംസിന്റെ സഹായത്തോടെ ഉടൻ ടെലിമെഡിസിൻ സേവനം ഏർപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു.
International
കീവ്: തെരഞ്ഞെടുപ്പിന് രാജ്യം തയാറാണെന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി.
റഷ്യയുമായുള്ള യുദ്ധം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുകയാണെന്ന വാദം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ഉയർത്തിയതോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2024 മേയിൽ സെലെൻസ്കിയുടെ കാലാവധി അവസാനിക്കാനിരുന്നതാണെങ്കിലും രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിനു തടസമായി. യുഎസ് സുരക്ഷ നൽകുമെങ്കിൽ അടുത്ത 60-90 ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്താം. താൻ പ്രസിഡന്റ് പദവിയിൽ കടിച്ചുതൂങ്ങുന്നുവെന്ന വ്യാഖ്യാനം ഒട്ടും ന്യായമല്ലെന്നും സെലെൻസ്കി പറഞ്ഞു.
അതേസമയം, റഷ്യയുമായി പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർക്കും സംഘർഷം മൂലം രാജ്യത്തിന് വെളിയിൽ കഴിയുന്ന 57 ലക്ഷം യുക്രെയ്ൻ പൗരന്മാർക്കും വോട്ട് ചെയ്യാൻ സാധിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പ് നീതിയുക്തമാകൂവെന്ന് ഒരു പ്രതിപക്ഷ എംപി ബിബിസിയോട് പ്രതികരിച്ചു.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിനിയായ 56 വയസുള്ള സ്ത്രീക്കാണ് രോഗബാധ. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാൾ മരിച്ചിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗം ബാധിച്ച് 11 പേരാണ് ചികിത്സയിലുള്ളത്.
അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.