കോഴിക്കോട്: ഒരിക്കല്‍ കൂടി രാജ്യത്തിന് മാതൃകയാവുകയാണ് കേരളത്തിന്‍റെ ആരോഗ്യമേഖല. രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചേവായൂരില്‍ തറക്കല്ലിട്ടത്.
ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലത്താണ് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നിര്‍മിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികള്‍ക്ക് 299 കോടി രൂപയാണ് ചെലവ്. ഇതിന് പുറമെ ഉപകരണങ്ങള്‍ക്കായി 99 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഐസിയു, എച്ച്ഡിയു സൗകര്യങ്ങള്‍, ഡയാലിസിസ് സെന്‍റര്‍, 10 ഓപറേഷന്‍ തിയേറ്ററുകള്‍ എന്നിവ ഉള്‍പ്പെടെ 350 കിടക്കകളുണ്ടാകും.
14 സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റുകളും ഡിവിഷനുകളും ഉണ്ടാകും. എട്ട് നിലകളിലായാണ് നിര്‍മാണം. ട്രാന്‍സ്പ്ലാന്‍റേഷന്‍ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കും. 31 അക്കാദമിക് കോഴ്‌സുകള്‍ക്കും പദ്ധതിയുണ്ട്.
അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
വര്‍ഷം തോറും 1,100 കോര്‍ണിയ ട്രാന്‍സ്പ്ലാന്റുകള്‍, 520 വൃക്ക ട്രാന്‍സ്പ്ലാന്‍റുകള്‍, 320 കരള്‍ ട്രാന്‍സ്പ്ലാന്‍റുകള്‍, 15 ആന്ത്ര (ഇന്‍റസ്‌റ്റൈനല്‍) ട്രാന്‍സ്പ്ലാന്‍റുകള്‍, 15 പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്‍റുകള്‍, 50 ഹൃദയ ട്രാന്‍സ്പ്ലാന്‍റുകള്‍, 40 ശ്വാസകോശ ട്രാന്‍സ്പ്ലാന്‍റുകള്‍, 120 ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റുകള്‍, 300 സോഫ്റ്റ്ടിഷ്യു/വിരല്‍/കൈ/എല്ല്/മുഖം ട്രാന്‍സ്പ്ലാന്‍റുകള്‍ എന്നിങ്ങനെ നടത്താനാണ് ലക്ഷ്യമിടുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിര്‍മാണം.
Tags : hospital transplant organ country