Kerala
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.
കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം.
പ്രതിയ്ക്ക് ജാമ്യം നൽകരുതെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് യാത്രക്കിടെ ലൈംഗികാതിക്രമം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഷിംജിത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നത്.
പ്രതിയ്ക്ക് സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ച് ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തു എന്നാണ് പോലീസ് റിപ്പോർട്ട്. സംഭവം നടന്നത് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
Kerala
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഈ മാസം 27ന് വിധി പറയും. കുന്ദമംഗലം കോടതിയാണ് കേസ് പരിഗണിച്ചത്.
ആത്മഹത്യ പ്രേരണാ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഷിംജിതയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിര്‍ത്തു.
പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും മോണിമെന്ററി ബെനഫിറ്റും ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തുവെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
കോഴിക്കോട്: സ്വകാര്യ ബസ്സില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കുന്ദമംഗലം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
ബസിൽ വച്ച് ലൈംഗികാതിക്രമം നടന്നെന്ന ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യം കോടതിയിലും ആവർത്തിക്കും. സംഭവം നടന്ന ബസിലെ സിസിടിവിയിൽ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പോലീസിന്റെ റിപ്പോർട്ട്. ഇക്കാര്യമുൾപ്പെടെ ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷന്റെ വാദം.
ഷിംജിതയ്ക്ക് നേരെ ബസിൽ വച്ച് ലൈംഗികാതിക്രമം ഉണ്ടായെന്ന് കഴിഞ്ഞ ദിവസം സഹോദരൻ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റിലായ പ്രതി നിലവിൽ മഞ്ചേരി വനിതാ ജയിലിലാണുള്ളത്.
Kerala
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്.
ഷിംജിത ഫോണിൽ ഏഴ് വീഡിയോകൾ ചിത്രീകരിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായ ഒന്നും കണ്ടെത്തിയിട്ടില്ല. ദീപക് ആത്മഹത്യ ചെയ്തത് മനോവിഷമത്തിൽ എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഷിംജിത ജാമ്യാപേക്ഷ സമർപ്പിച്ചു. അസിസ്റ്റന്റ് പ്രഫസറായ ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു.
എന്നിട്ടും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ നിയമാധികാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുളള വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഷിംജിതയുടെ ഫോൺ പരിശോധിച്ചപ്പോൾ, ബസിൽ വച്ച് ദീപക്കിനെ അസ്വീകാര്യമായ രീതിയിൽ ഉൾപ്പെടുത്തി പലതവണ വീഡിയോ ചിത്രീകരിച്ചെന്ന് വ്യക്തമാകുന്നുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഷിംജിതയും ദീപകും യാത്ര ചെയ്ത ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബസിൽ നിന്ന് സ്വാഭാവികമായി, ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങി പോയത്. ബസ് ജീവനക്കാരോട് ഒരു പരാതിയും പറഞ്ഞിട്ടില്ല.
ഷിംജിത വടകര, പയ്യന്നൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലോ മറ്റ് അധികാരപ്പെട്ട നിയമ കേന്ദ്രങ്ങളിലോ യാതൊരു വിധ പരാതികളും നൽകിയതായും കാണുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ, ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചാൽ മറ്റ് സ്ത്രീകളും ഇത്തരം പ്രവർത്തികളിലേർപ്പെട്ട്, കൂടുതൽ ആത്മഹത്യകളുണ്ടാകുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Kerala
കോഴിക്കോട്: ബസിലെ ലൈംഗീകാരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ പുറത്തുവിട്ട വടകര സ്വദേശിനി ഷിംജിത മുസ്തഫ അറസ്റ്റിൽ. ബന്ധു വീട്ടിൽ നിന്നും മെഡിക്കൽ കോളജ് പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
നേരത്തെ, പോലീസ് ഇവർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ഒളിവിൽ പോയ ഷിംജിത മുസ്തഫയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു.
തുടർന്ന് ഷിംജിത മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ചു. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഷിംജിതയെ പിടികൂടാനായതോടെ ഇനി ഇവരുടെ മൊബൈല്‍ കണ്ടെത്തി അതിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. ഫോണിലെ ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ അവ വീണ്ടെടുക്കും.
ബസില്‍ വച്ച് ഷിംജിത ചിത്രീകരിച്ച യഥാർഥ വീഡിയോ എഡിറ്റ് ചെയ്ത് ലൈംഗിക അതിക്രമം എന്ന പേരില്‍ പ്രചരിപ്പിക്കുകയായിരുന്നുവോയെന്ന് പോലീസ് പരിശോധിക്കും. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ അസ്വാഭാവികമായി ഒന്നും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണിലെ വീഡിയോയിലും ആരോപിക്കപ്പെടുന്ന ദൃശ്യം ഇല്ലെങ്കില്‍ ഷിംജിതക്ക് കുരുക്ക് മുറുകും.
സ്റ്റേഷനു മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം
കോഴിക്കോട്: ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട് കേസിലെ പ്രതി ഷിംജിതയെ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍.
നടപടികള്‍ രഹസ്യമാക്കി വച്ച് പോലീസ് ഒളിച്ചുകളി നടത്തി പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രതിയെ സ്വകാര്യ വാഹനത്തിലാണ് കൊണ്ടുപോയതെന്നും ആരെയും അറിയിക്കാതെ തിടുക്കത്തില്‍ വൈദ്യ പരിശോധന നടത്തി പോലീസ് ഒത്തുകളി നടത്തുകയാണെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
Kerala
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി. കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതികളിൽ പറയുന്നു.
Kerala
കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം മണല്‍ത്താഴം ഉള്ളാട്ടുതൊടി ദീപക് ഹൗസില്‍ ദീപക് (42) ജീവനൊടുക്കിയ സംഭവത്തില്‍ വടകര സ്വദേശിനി ഷിംജിത മുസ്തഫ (35) മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതിനു പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ദീപക്കിന്റെ അമ്മ കന്യക കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്കിയ പരാതിയിലാണ് നടപടി. ഇന്നലെ ദീപക്കിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.
മുൻ ജനപ്രതിനിധി
അതേസമയം, ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും നിയമപോരാട്ടം നടത്തുമെന്നും ദീപക്കിന്റെ പിതാവ് ചോയി പറഞ്ഞു. ഓള് കേരള മെന്‍സ് അസോസിയേഷനു വേണ്ടി രാഹുല്‍ ഈശ്വറും മറ്റു സംഘടനകളും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ദീപക്കിനെതിരേ വീഡിയോ പ്രചരിപ്പിച്ച ഷിംജിത സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറും പൊതുപ്രവര്‍ത്തകയുമാണ്. മലപ്പുറം അരീക്കോട് കഴിഞ്ഞ തവണ യുഡിഎഫ് ജനപ്രതിനിധിയായിരുന്നു. സ്വന്തം വീടായ വടകര ചേറോടാണ് കുറച്ചു കാലമായി ഇവര്‍ താമസിക്കുന്നത്. നേരത്തെ വിദേശത്തു പോയിട്ടുള്ള യുവതി അവിടെനിന്നു നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചാണ് ശ്രദ്ധിക്കപ്പെട്ടത്.
വീഡിയോ പിൻവലിച്ചു
ദീപക്കിന്റെ മരണത്തില്‍ പ്രതിഷേധം രൂക്ഷമായതോടെ, ഷിംജിത ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രൈവറ്റാക്കി പിന്‍വലിഞ്ഞു. അക്കൗണ്ടുകളില്‍നിന്നു വീഡിയോ പിന്‍വലിച്ചുവെങ്കിലും ഇതു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷിംജിതക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ആക്രമണം രൂക്ഷമായതോടെ, ദീപക്കിന്റെ മരണ ശേഷവും തന്റെ നടപടിയെ ന്യായീകരിച്ചു ഷിംജിത ഞായറാഴ്ച പങ്കുവച്ച വീഡിയോയും അക്കൗണ്ടില്‍നിന്ന് അപ്രത്യക്ഷമായി. യുവതി വീഡിയോ പ്രചരിപ്പിച്ചതു മൂലമുള്ള അപമാനവും മാനസിക സംഘർഷവുമാണ് ദീപക് ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം.
കുടുംബത്തിന്റെ ആശ്രയം
കണ്ണൂര്‍ പയ്യന്നൂരില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ദീപക് ദുരുദ്ദേശ്യത്തോടെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന ആരോപണത്തോടെയാണ് ഷിംജിത കഴിഞ്ഞ ദിവസം വീഡിയോ പ്രചരിപ്പിച്ചത്. കോഴിക്കോടെ ഒരു വസ്ത്രശാലയില്‍ മാനേജരായിരുന്ന ദീപക് ജോലി ആവശ്യാര്‍ഥമാണ് കണ്ണൂരില്‍ എത്തിയത്. വീഡിയോ പ്രചരണത്തിനു ശേഷം ദീപക് മാനസികമായി തളര്‍ന്നിരുന്നുവെന്ന് അമ്മ കന്യക പറഞ്ഞു. ഒറ്റ മകനായിരുന്നു ദീപക്. ദീപക്കിന്റെ മരണത്തോടെ മാതാപിതാക്കള്‍ക്ക് ആശ്രയമില്ലാതായി.
പരാതി പറഞ്ഞെന്നും ഇല്ലെന്നും
ബസില്‍ അനുഭവം സംബന്ധിച്ച് എന്തുകൊണ്ട് പോലീസില്‍ പരാതി നല്‍കിയില്ല ചോദ്യം ഉയർന്നതോടെ, വടകര പോലീസില്‍ വിവരം അറിയിച്ചിരുന്നുവെന്നു ഷിംജിത കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നു പോലീസ് പറഞ്ഞു. പരിചയമുള്ള പോലീസുകാരനോടു വിവരം പറഞ്ഞതായാണ് ഏറ്റവും ഒടുവില്‍ ഷിംജിത പറയുന്നത്. അക്കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ദീപക് മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നത്. പുരുഷ അസോസിയേഷൻ ദീപക്കിന്റെ കുടുംബത്തിനു സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ആക്ടിവിസ്റ്റുകള്‍ ദീപക്കിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് നിയമപോരാട്ടത്തിനു പിന്തണ അറിയിക്കുകയും ചെയ്തു.
Kerala
കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍ പോയതായി സൂചന. വടകര സ്വദേശി ഷിംജിതയ്ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു.
ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. മരിച്ച ഗോവിന്ദാപുരം സ്വദേശിയായ ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന് സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്പെക്ടര്‍ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു.
Kerala
കോഴിക്കോട്: സമൂഹമാധ്യമത്തിലെ ലൈംഗീകാരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി ദീപക്കിന്റെ കുടുംബത്തിന് സാമ്പത്തിക, നിയമസഹായം വാഗ്ദാനം ചെയ്ത് രാഹുൽ ഈശ്വർ.
ദീപക്കിന്റെ കുടുംബത്തിന് മലബാർ ഫൈസൽ ഒരു ലക്ഷം രൂപ നൽകുമെന്ന് രാഹുൽ ഈശ്വർ അറിയിച്ചു. മെൻസ് കമ്മീഷൻ മിഷൻ, ദീപക്കിന്റെ കുടുംബത്തിന് എല്ലാ വിധ സഹായവും എത്തിക്കുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
അതേസമയം, യുവതിയെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും പുരുഷ കമ്മിഷൻ ഭാരവാഹിയായ രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.
സംഭവത്തിൽ, ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിൽ വടകര സ്വദേശിനി ഷിംജിത മുസ്തഫയ്ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളജ് പോലീസ് ആണ് കേസെടുത്തത്.
Kerala
കോഴിക്കോട്: സമൂഹമാധ്യമത്തിലെ ലൈംഗീക ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫയ്ക്കെതിരെ പോലീസ് കേസ്. ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിൽ ആത്മഹത്യാപ്രേരണയ്ക്ക് മെഡിക്കൽ കോളജ് പോലീസ് ആണ് കേസെടുത്തത്.
ഇന്ന് വൈകുന്നേരം പോലീസ് ദീപക്കിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. അതേസമയം, വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്.
സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു. അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി.
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക്(42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു.
Kerala
കോഴിക്കോട്: ലൈംഗീകാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസാണ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്.
ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്ന് മകൻ സൂചിപ്പിച്ചെന്നും മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. ഒപ്പം ദീപക്കിന്റെയും സഹോദരന്റെ മൊഴിയും രേഖപ്പെടുത്തി.
ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
Kerala
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും പൊതുപ്രവര്‍ത്തകയുമായ യുവതി വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരേ സൈബർ ആക്രമണം കടുത്തു. മാനക്കേട് കാരണം കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് (41) ജീവനൊടുക്കിയ സംഭവത്തിലാണ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫാമുകളില്‍ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നത്.
പാവപ്പെട്ട യുവാവിനെ കൊലയ്ക്കു കൊടുത്തുവെന്ന് ആരോപിച്ചു പ്രമുഖ സോഷ്യല്‍ മീഡിയ താരങ്ങളും ജനപ്രതിനിധികളും സെലിബ്രിറ്റികളും യുവതിക്കെതിരേ രംഗത്തുവന്നതോടെ അവര്‍ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പ്രൈവറ്റാക്കി.
കല്‍പ്പറ്റ എംഎല്‍എ ടി. സിദീഖ്, നടിയും ഡബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, സന്തോഷ് പണ്ഡിറ്റ്, രാഹുല്‍ ഈശ്വര്‍, മെന്‍സ് അസോസിയേഷന് പ്രതിനിധി അജിത് തുടങ്ങിയവര്‍ യുവതിയുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. സംഭവത്തില്‍ യുവതിക്കെതിരെ പരാതി പ്രവാഹമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പോലീസിനുമാണ് പരാതികള്‍ ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കാൻ കാരണം അപമാനവും മാനസിക സംഘര്‍ഷവുമെന്നാണ് പരാതിയില്‍ പറയുന്നത്. അന്വേഷണം നടത്താനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസിന്റെ നീക്കം.
Kerala
കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹ മാധ്യമങ്ങളില്‍ യുവതി വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയതില്‍ നിയമ നടപടിക്ക് ഒരുങ്ങി കുടുംബം. ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം സ്വദേശി ദീപക്കി(38)ന്റെ പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു.
സംഭവത്തില്‍ യുവതിക്കെതിരെ പരാതി പ്രവാഹമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പോലീസിനുമാണ് പരാതികള്‍ ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കാൻ കാരണം അപമാനവും മാനസിക സംഘര്‍ഷവുമെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയിൽ അന്വേഷണം നടത്താനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസിന്റെ നീക്കം. കോഴിക്കോട് അരീക്കാട് സ്വദേശിയായ യുവതിയാണ് ദീപക്കിനെതിരെ വീഡിയോ ഇട്ടത്. ഇന്നു പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും.
ദീപക് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തിരക്കുള്ള ബസില്‍ വച്ച് യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നു പരാതികളിൽ പറയുന്നു.
ബന്ധുക്കൾ രംഗത്ത്
വസ്തുതാ വിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതന്നും ദീപക് കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. വീട്ടില്‍ അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്നു വീട്ടുകാര്‍ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും മുറി തുറന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നു വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ ദീപക്കിനെ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തിലുള്ള വീഡിയോ പ്രചരിച്ചത്. ദീപക് വളരെ മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നത്. പൊതുപ്രവര്‍ത്തകയാണ് വീഡിയോ പ്രചരിപ്പിച്ചത്.
ദീപക്കിന്റെ ജീവനൊടുക്കിയതോടെ യുവതി വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ആവര്‍ത്തിച്ചിരുന്നു. ഇവര്‍ക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
Kerala
കോഴിക്കോട്: ഗോവിന്ദപുരത്ത് ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരേ ഗുരുതര ആരോപണവുമായി യുവാവിന്റെ സുഹൃത്തുക്കളും കുടുംബവും.
സോഷ്യൽ മീഡിയയിൽ നല്ല റീച്ച് കിട്ടി പ്രശസ്തയാകാൻ കണ്ടന്റ് ക്രിയേഷന് വേണ്ടി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ യുവതി ദീപക്കിനെ ഉപയോഗിച്ചെന്ന് സുഹൃത്ത് അഷ്കര്‍ ആരോപിച്ചു. ദീപക് മോശം സ്വഭാവക്കാരനല്ല. പരാതിയുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു. അതിനു പകരം കണ്ടന്റ് കിട്ടിയല്ലോ എന്നു ചിന്തിച്ച് വീഡിയോ എടുക്കാൻ അവന്റെ അടുത്ത് പോയി നിന്നു. അവര്‍ കാരണമാണ് അവന് ജീവനൊടുക്കിയതെന്നും അഷ്കര്‍ പറഞ്ഞു.
വീഡിയോ പ്രചരിപ്പിച്ച യുവതി ശിക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ദീപക്കിന്റെ പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് മകന് ജീവന് നഷ്ടമായതെന്ന് അമ്മ കനിഹ പറഞ്ഞു.
ഒരു ചീത്തപ്പേര് പറയിപ്പിച്ചിട്ടില്ല. മകന് ഇത് താങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ഒരമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കനിഹ പറഞ്ഞു. ഒരു മോശം സ്വഭാവവും ഇല്ലാത്തവന് ആണ് ദീപക്. ദൃശ്യം പ്രചരിച്ചതോടെ വലിയ വിഷമത്തില്‍ ആയിരുന്നു. മകന് പാവമായിരുന്നു. കര്‍ശ നടപടി ഉണ്ടാകണം. രണ്ടുദിവസമായി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. രാവിലെ വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. തള്ളിത്തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക മകനാണ് നഷ്ടമായതെന്നും പിതാവ് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.