മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകൾ നടത്തുന്ന എംഎ /എംഎസ്സി ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഏകജാലകം വഴിയാണല്ലോ പ്രവേശനം. ഇതേ വിധത്തിൽ തന്നെയാണോ മഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ എംഎ /എംഎസ്സി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം?
കെ.എൻ. രാജേഷ് കുമാർ, പയ്യന്നൂർ.
മഹാത്മാഗാന്ധി സർവകലാശാല കോട്ടയത്തിന്റെ കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ഡിപ്പാർട്ട്മെന്റുകൾ നടത്തുന്ന ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് സർവകലാശാല ഓരോ അധ്യായന വർഷം ആരംഭിക്കുന്നതിനു മുന്പ് തന്നെ ഈ പ്രോഗ്രാമുകളിലേക്കുള്ള പഠിതാക്കളെ തെരഞ്ഞെടുക്കുന്നതിനായി പ്രവേശന പരീക്ഷ നടത്താറുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലെയും കുട്ടികൾക്ക് പരീക്ഷ എഴുതുന്ന വിധത്തിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി പരീക്ഷാ കേന്ദ്രങ്ങളും നൽകാറുണ്ട്. ഈ വിധത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ മികവ് തെളിയിക്കുന്ന കുട്ടികളുടെ റാങ്ക് ലിസ്റ്റ് തയാറാക്കി ഓരോ വ്യത്യസ്ത ഡിപ്പാർട്ട്മെന്റുകളും അവർ ഓഫർ ചെയ്യുന്ന പ്രോഗ്രാമുകൾക്ക് അനുയോജ്യരാണോയെന്ന് പരിശോധിക്കുന്നതിനുള്ള ഇന്റർവ്യൂ/ഗ്രൂപ്പ് ഡിസ്കഷൻ മുതലായവ കൂടി നടത്തി അന്തിമമായ ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ എല്ലാ വിധ സർക്കാർ നിശ്ചയിച്ചിട്ടുള്ള സംവരണ തത്വങ്ങളും പാലിക്കപ്പെട്ടാണ് യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ടറി ഡിപ്പാർട്ട്മെന്റുകൾ വ്യത്യസ്ത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത്.
ഓരോ പ്രോഗ്രാമിനും നിശ്ചയിക്കപ്പെട്ടിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അടിസ്ഥാന യോഗ്യതയുടെ അവസാന വർഷ പഠനം നടത്തിക്കൊണ്ടിരിക്കുന്നവർക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇതിനുള്ള വിജ്ഞാപനം സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
എന്നാൽ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിൽ (ഓട്ടോണമസ് കോളജുകൾ ഒഴികെ )നൽകുന്ന എല്ലാ ബിരുദാനന്തര പ്രോഗ്രാമിലേക്കും പ്രവേശനം നൽകുന്നത് കോമണ് അലോട്ട്മെന്റ് പ്രോസസിലൂടെയാണ്. ഇത് രണ്ടും വ്യത്യസ്തങ്ങളായ രീതികളാണ്.