മഹാത്മാഗാന്ധി സർവകലാശാല കോട്ടയത്തിന്റെ യൂത്ത് ഫെസ്റ്റിവൽ പങ്കെടുത്ത ആളാണ് ഞാൻ. കോൽകളിയിൽ ഞങ്ങളുടെ ടീമിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. അന്ന് സർവകലാശാല നൽകിയ സർട്ടിഫിക്കറ്റ് എന്റെ പക്കൽനിന്നും നഷ്ടമായി. ആ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
മുഹമ്മദ് കാസിൽ, എറണാകുളം.
സർവകലാശാലയുടെ യുവജനോത്സവത്തിൽ സമ്മാനാർഹരാകുന്ന വിദ്യാർഥികൾക്ക് നൽകുന്ന മെറിറ്റ് സർട്ടിഫിക്കറ്റ് നഷ്ടമായാൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭി ക്കുന്നതിനു പ്രത്യേകമായ നിയമമില്ല. മഹാത്മാഗാന്ധി സർവകലാശാല നൽകുന്ന ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നഷ്ടമായാൽ ഡ്യൂപ്ലികേറ്റ് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുന്നതിനു സർവകലാശാല പിന്തുടരുന്ന നിയമം തന്നെയാണ് കലോത്സവത്തിൽ പങ്കെടുത്ത് ലഭിച്ച മെറിറ്റ് സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനും സർവകലാശാല പിന്തുടരുന്ന നടപടി. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മഹാത്മാഗാന്ധി സർവകലാശാല നിർദേശിച്ചിട്ടുള്ള നിയമങ്ങൾ താഴെ പറയുന്നവയാണ്.
ഏതെങ്കിലും ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് നഷ്ടമായാൽ നഷ്ടമായ കാര്യത്തെ ബോധ്യപ്പെടുത്തി ഒരു നോട്ടറി പബ്ലിക്കിന്റെ സത്യവാംഗ് മൂലം അഥവാ അഫിഡവിറ്റ് 200 രൂപ മുദ്രപത്രത്തിൽ വാങ്ങണം. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് ഒരിക്കലും ലഭിക്കാത്ത വിധം (Irrecoverably lost) നഷ്ടമായി എന്ന് നിർബന്ധമായും രേഖപ്പെടുത്തിയിട്ടുണ്ടാകണം.
ഒരു ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു സർവകലാശാല നിശ്ചയിച്ചിട്ടുള്ള ഫീസ് സർവകലാശാല ഫിനാൻസ് ഓഫീസറുടെ അക്കൗണ്ടിൽ ‘ഇ പേ’ വഴി അടച്ച് അതിന്റെ റെസിപ്റ്റ് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷയുടെ രേഖകൾക്കൊപ്പം ഹാജരാക്കണം. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് സർവകലാശാല നിശ്ചയിച്ചിട്ടുള്ള ഫീസ് കൂടാതെ സർവകലാശാല നിശ്ചയിച്ചിട്ടുള്ള തുക സെർച്ച് ഫീസ് ആയി സർവകലാശാല അക്കൗണ്ടിൽ അടയ്ക്കണം. സെർച്ച് ഫീ നിശ്ചയിക്കുന്നത് സർട്ടിഫിക്കറ്റ് ലഭിച്ച് എത്ര വർഷം കഴിഞ്ഞാണ് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന സമയവുമായി ബന്ധപ്പെട്ടായിരിക്കും.
ഈ ഫീസ് വിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ നല്കിയിട്ടുണ്ട്.
മുകളിൽ പറഞ്ഞിട്ടുള്ള ഡോക്യുമെന്റുകളോടൊപ്പം അപേക്ഷകൻ/അപേക്ഷക സർവകലാശാലയുടെ കണ്ട്രോളർ ഓഫ് എക്സാമിനേഷൻസിന് അഡ്രസ് ചെയ്തുകൊണ്ട് വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൂടി സമർപ്പിക്കണം.
ഡ്യൂപ്ലിക്കേറ്റ് ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുന്പോൾ മുകളിൽ പറഞ്ഞ രേഖകളോടൊപ്പം അപേക്ഷകൻ/ അപേക്ഷക പഠിച്ച കോളജിലെ പ്രിൻസിപ്പൽ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതുണ്ട്. ഈ വിധം സർവകലാശാലയിൽ ലഭിക്കുന്ന അപേക്ഷകളിലാണ് പൊതുവേ മഹാത്മാഗാന്ധി സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്.
മുകളിൽ പറഞ്ഞ നടപടിക്രമങ്ങൾ തന്നെയാണ് മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ പങ്കെടുത്തു വിജയികളായവർക്ക് സർവകലാശാല നൽകിയ മെറിറ്റ് സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനും പിന്തുടരുന്നത്.
രണ്ടു കാര്യങ്ങൾ ഇവിടെ പ്രത്യേകമായി ഓർക്കേണ്ടതുണ്ട്. പ്രിൻസിപ്പലിന്റെ പക്കൽനിന്ന് ആവശ്യമുള്ള എൻഒസി കലോത്സവത്തിന്റെ മെറിറ്റ് സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റിനായി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല. ഡിഗ്രി സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിന് വെള്ളക്കടലാസിൽ അപേക്ഷകൻ കണ്ട്രോളർ ഓഫ് എക്സാമിനേഷനാണ് അപേക്ഷയിൽ അഡ്രസ് ചെയ്യേണ്ടത്. എന്നാൽ, കലോത്സവത്തിന് ലഭിച്ച മെറിറ്റ് സർട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിന് സമർപ്പിക്കുന്ന വെള്ളക്കടലസിലുള്ള അപേക്ഷയിൽ ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എന്നായിരിക്കണം അഡ്രസ് ചെയ്യേണ്ടത്.
ഈ വിധത്തിൽ പൂർണമായും പൂരിപ്പിച്ച് ലഭിച്ചിട്ടുള്ള അപേക്ഷ പരിശോധിച്ച് സർവകലാശാല സത്യമാണെന്ന് ബോധ്യപ്പെട്ടാൽ കലോത്സവത്തിന് സർവകലാശാല നൽകിയ ഒർജിനൽ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് നൽകും.
Tags : University Doubts