Education
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ഓണ്‍ട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് (എൻഐഎഫടിഇഎം) രാജ്യത്ത് എത്ര എണ്ണം ഉണ്ട്? ഈ സ്ഥാപനങ്ങൾ ഓഫർ ചെയ്യുന്ന പ്രോഗ്രാമുകൾ ഏതെല്ലാമാണ്?
അരുണ്‍ കുമാർ, തലശേരി.
നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ഓണ്‍ട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റിനു രാജ്യത്ത് രണ്ടു സ്ഥാപനങ്ങളാണുള്ളത്.
ദേശീയപ്രാധാന്യമുള്ള ഈ പഠന കേന്ദ്രങ്ങളിൽ ഫുഡ് ടെക്നോളജിയുമായി ബന്ധപ്പെട്ടു ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും ഗവേഷണ രംഗത്തും വിവിധങ്ങളായ പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. ഭാരത സർക്കാരിന്റെ മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസിന്റെ കീഴിൽ വരുന്നതാണ് ഈ സ്ഥാപനങ്ങൾ.
ഇതിൽ ഒന്നാമത്തെ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ഓണ്‍ട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് ഹരിയാനയിലെ സോനാപേട്ടിലാണ് പ്രവർത്തിക്കുന്നത്. 2012ലാണു സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. സ്ഥാപനത്തിന്റെ മികവന്റെ അടിസ്ഥാനത്തിൽ 2019 പാർലമെന്റിൽ ബില്ല് അവതരിപ്പിച്ച് ഈ സ്ഥാപനത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് ആയി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
എൻഐഎഫടിഇഎം സോനാപേട്ട് ഒരു കൽപിത സർവകലാശാലയാണ്.
സ്ഥാപനം ഓഫർ ചെയ്യുന്ന പ്രോഗ്രാമുകൾ ഇവയാണ്.
1) നാലു വർഷത്തെ ബാച്ച്ലർ ഓഫ് ടെക്നോളജി ഇൻ ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്.
വളരെ മികവാർന്ന ഈ പ്രോഗ്രാം ടെക്നോളജിക്കൽ സ്കില്ലും മാനേജർ സ്കില്ലും പഠിതാവിൽ സൃഷ്ടിക്കുന്ന വിധമാണ് ഈ പ്രോഗ്രാമിന്റെ സിലബസ് രൂപപ്പെടുത്തിയിട്ടുള്ളത്.
2) രണ്ടുവർഷത്തെ മാസ്റ്റർ ഓഫ് ടെക്നോളജി വ്യത്യസ്തങ്ങളായ അഞ്ചു സ്പെഷലൈസേഷനുകളോടെ ഈ സ്ഥാപനം പഠിതാക്കൾക്ക് ഓഫർ ചെയ്യുന്നു
a)എംടെക് ഇൻ ഫുഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
b) ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റ്
c) ഫുഡ് പ്രോസസ് എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ്
d)ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്
e)ഫുഡ് പ്ലാൻസ് ഓപ്പറേഷൻസ് മാനേജ്മെന്റ്
f)പിഎച്ച്ഡി പ്രോഗ്രാമും എംബിഎയും എൻഐഎഫടിഇഎം, സോനാപേട്ട് ഓഫർ ചെയുന്നുണ്ട്.
ബിടെക് ബിരുദത്തിനു പ്രവേശനം ലഭിക്കാനായി പഠിതാവ് ജെഇഇ മെയിൻ പരീക്ഷയിൽ ഉയർന്ന റാങ്ക് ഉണ്ടാകണം. എംടെക് ആണ് ഇവിടെ പഠിക്കുന്നതെങ്കിൽ പ്രവേശനം ഗേറ്റ് പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും.
എംബിഎ പ്രോഗ്രാം ഈ സ്ഥാപനം ഓഫർ ചെയ്യുന്നത് രണ്ടു വർഷകാല ദൈർഘ്യമുള്ള പൂർണ സമയ പഠനമായിട്ടാണ്. 25 സീറ്റുകളാണ് ഈ പ്രോഗ്രാമായി സർവകലാശാല നൽകുന്നത്.
തമിഴ്നാട്ടിലെ തഞ്ചാവൂരിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ഓണ്‍ട്രപ്രണർഷിപ്പ് മാനേജ്മെന്റ് പ്രവർത്തിക്കുന്നുണ്ട്.
1967ൽ കൃഷി അനുബന്ധമായ പഠനവുമായി ബന്ധപ്പെട്ട സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം 2021ൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ബില്ലിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓണ്‍ട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് ആയി മാറിയത്.
തഞ്ചാവൂരിലെ എൻഐഎഫടിഇഎം ബിടെക് പ്രോഗ്രാമും എംടെക് പ്രോഗ്രാമും പിഎച്ച്ഡി പ്രോഗ്രാമും വിദ്യാർഥികൾക്കായി ഓഫർ ചെയ്യുന്നുണ്ട്. ബിടെക് പ്രോഗ്രാമിലേക്ക് പ്രവേശനം നൽകുന്നത് ജെഇഇ മെയിൻ പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലാണ്. തഞ്ചാവൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓണ്‍ട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് തമിഴ്നാട് സർക്കാരിന്റെ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലാണ് അഫിലിയേഷൻ
Education
മഹാത്മാഗാന്ധി സർവകലാശാല കോട്ടയത്തിന്റെ യൂത്ത് ഫെസ്റ്റിവൽ പങ്കെടുത്ത ആളാണ് ഞാൻ. കോൽകളിയിൽ ഞങ്ങളുടെ ടീമിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. അന്ന് സർവകലാശാല നൽകിയ സർട്ടിഫിക്കറ്റ് എന്റെ പക്കൽനിന്നും നഷ്ടമായി. ആ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
മുഹമ്മദ് കാസിൽ, എറണാകുളം.
സർവകലാശാലയുടെ യുവജനോത്സവത്തിൽ സമ്മാനാർഹരാകുന്ന വിദ്യാർഥികൾക്ക് നൽകുന്ന മെറിറ്റ് സർട്ടിഫിക്കറ്റ് നഷ്ടമായാൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭി ക്കുന്നതിനു പ്രത്യേകമായ നിയമമില്ല. മഹാത്മാഗാന്ധി സർവകലാശാല നൽകുന്ന ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നഷ്ടമായാൽ ഡ്യൂപ്ലികേറ്റ് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുന്നതിനു സർവകലാശാല പിന്തുടരുന്ന നിയമം തന്നെയാണ് കലോത്സവത്തിൽ പങ്കെടുത്ത് ലഭിച്ച മെറിറ്റ് സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനും സർവകലാശാല പിന്തുടരുന്ന നടപടി. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മഹാത്മാഗാന്ധി സർവകലാശാല നിർദേശിച്ചിട്ടുള്ള നിയമങ്ങൾ താഴെ പറയുന്നവയാണ്.
ഏതെങ്കിലും ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് നഷ്ടമായാൽ നഷ്ടമായ കാര്യത്തെ ബോധ്യപ്പെടുത്തി ഒരു നോട്ടറി പബ്ലിക്കിന്റെ സത്യവാംഗ് മൂലം അഥവാ അഫിഡവിറ്റ് 200 രൂപ മുദ്രപത്രത്തിൽ വാങ്ങണം. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് ഒരിക്കലും ലഭിക്കാത്ത വിധം (Irrecoverably lost) നഷ്ടമായി എന്ന് നിർബന്ധമായും രേഖപ്പെടുത്തിയിട്ടുണ്ടാകണം.
ഒരു ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു സർവകലാശാല നിശ്ചയിച്ചിട്ടുള്ള ഫീസ് സർവകലാശാല ഫിനാൻസ് ഓഫീസറുടെ അക്കൗണ്ടിൽ ‘ഇ പേ’ വഴി അടച്ച് അതിന്റെ റെസിപ്റ്റ് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷയുടെ രേഖകൾക്കൊപ്പം ഹാജരാക്കണം. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് സർവകലാശാല നിശ്ചയിച്ചിട്ടുള്ള ഫീസ് കൂടാതെ സർവകലാശാല നിശ്ചയിച്ചിട്ടുള്ള തുക സെർച്ച് ഫീസ് ആയി സർവകലാശാല അക്കൗണ്ടിൽ അടയ്ക്കണം. സെർച്ച് ഫീ നിശ്ചയിക്കുന്നത് സർട്ടിഫിക്കറ്റ് ലഭിച്ച് എത്ര വർഷം കഴിഞ്ഞാണ് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന സമയവുമായി ബന്ധപ്പെട്ടായിരിക്കും.
ഈ ഫീസ് വിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ നല്‍കിയിട്ടുണ്ട്.
മുകളിൽ പറഞ്ഞിട്ടുള്ള ഡോക്യുമെന്റുകളോടൊപ്പം അപേക്ഷകൻ/അപേക്ഷക സർവകലാശാലയുടെ കണ്ട്രോളർ ഓഫ് എക്സാമിനേഷൻസിന് അഡ്രസ് ചെയ്തുകൊണ്ട് വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൂടി സമർപ്പിക്കണം.
ഡ്യൂപ്ലിക്കേറ്റ് ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുന്പോൾ മുകളിൽ പറഞ്ഞ രേഖകളോടൊപ്പം അപേക്ഷകൻ/ അപേക്ഷക പഠിച്ച കോളജിലെ പ്രിൻസിപ്പൽ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതുണ്ട്. ഈ വിധം സർവകലാശാലയിൽ ലഭിക്കുന്ന അപേക്ഷകളിലാണ് പൊതുവേ മഹാത്മാഗാന്ധി സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്.
മുകളിൽ പറഞ്ഞ നടപടിക്രമങ്ങൾ തന്നെയാണ് മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ പങ്കെടുത്തു വിജയികളായവർക്ക് സർവകലാശാല നൽകിയ മെറിറ്റ് സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനും പിന്തുടരുന്നത്.
രണ്ടു കാര്യങ്ങൾ ഇവിടെ പ്രത്യേകമായി ഓർക്കേണ്ടതുണ്ട്. പ്രിൻസിപ്പലിന്റെ പക്കൽനിന്ന് ആവശ്യമുള്ള എൻഒസി കലോത്സവത്തിന്റെ മെറിറ്റ് സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റിനായി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല. ഡിഗ്രി സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിന് വെള്ളക്കടലാസിൽ അപേക്ഷകൻ കണ്ട്രോളർ ഓഫ് എക്സാമിനേഷനാണ് അപേക്ഷയിൽ അഡ്രസ് ചെയ്യേണ്ടത്. എന്നാൽ, കലോത്സവത്തിന് ലഭിച്ച മെറിറ്റ് സർട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിന് സമർപ്പിക്കുന്ന വെള്ളക്കടലസിലുള്ള അപേക്ഷയിൽ ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എന്നായിരിക്കണം അഡ്രസ് ചെയ്യേണ്ടത്.
ഈ വിധത്തിൽ പൂർണമായും പൂരിപ്പിച്ച് ലഭിച്ചിട്ടുള്ള അപേക്ഷ പരിശോധിച്ച് സർവകലാശാല സത്യമാണെന്ന് ബോധ്യപ്പെട്ടാൽ കലോത്സവത്തിന് സർവകലാശാല നൽകിയ ഒർജിനൽ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് നൽകും.
Kerala
തിരുവനന്തപുരം: വിദ്യാർഥികളിൽ അറിവിന്റെയും ബോധത്തിന്റെയും പുതിയ ഉണർവ് സൃഷ്ടിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ആരംഭിക്കുന്നു. സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്കും സർവകലാശാലകോളജ് വിദ്യാർഥികൾക്കും പ്രത്യേകം വിഭാഗങ്ങളിലായാണു മത്സരം സംഘടിപ്പിക്കുക.
സ്കൂൾ തല മത്സരങ്ങളിൽ ഒന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്നു ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും നൽകും. കോളജ് തല മത്സരങ്ങളിൽ ഒന്നാം സമ്മാനമായി മൂന്നു ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. ഇതിനു പുറമേ മെമന്റോയും പ്രശസ്തിപത്രവും വിജയികൾക്ക് സമ്മാനമായി നൽകും.
സ്കൂൾ വിഭാഗത്തിൽ സ്കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കും. സ്കൂൾ തലത്തിൽ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതൽ ടീം അടിസ്ഥാനത്തിലായിരിക്കും മത്സരം.
സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ അന്തിമ വിജയിയെ കണ്ടെത്തും. കോളജ് വിഭാഗത്തിൽ കോളജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരങ്ങൾ. കോളജ് തലത്തിൽ വ്യക്തിഗതമായും തുടർന്ന് ടീമായും മത്സരിക്കാവുന്ന രീതിയിലാണു ക്രമീകരണം.
ജനുവരി 12 മുതൽ മത്സരങ്ങൾ ആരംഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും. ജില്ലാതല മത്സര വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ശരി ഉത്തരങ്ങൾ നൽകുന്ന കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ജില്ലാതലം മുതൽ പരിപാടി സംഘടിപ്പിക്കുന്നത്.
Kerala
തൃശൂർ: സഹകരണമേഖലയിൽ തൃശൂരിലടക്കം മൂന്നിടങ്ങളിൽകൂടി നഴ്സിംഗ് കോളജുകൾ ആരംഭിക്കുമെന്നു മന്ത്രി വി.എൻ. വാസവൻ. 72-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം കോവിലകത്തുംപാടം ജവഹർലാൽ കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വടക്കാഞ്ചേരി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണു കോളജുകൾ ആരംഭിക്കുക. ഗവേഷണങ്ങൾ നടത്താൻ സഹകരണ മേഖലയിൽ സർവകലാശാല വേണമെന്ന് വിഷൻ 2031 സെമിനാറിന്റെ ഭാഗമായി ഉയർന്നിരുന്നു. അതു യാഥാർഥ്യമാക്കും. നെല്ലു സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹകരണമേഖലയിൽ രണ്ടു മില്ലുകൾ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ഒരുമിപ്പിക്കുന്ന പദ്ധതികളുടെ പ്രാഥമിക ചർച്ച നടക്കുകയാണ്.
പുതുതലമുറ നാടുവിട്ടുപോകുന്നതു തടയാൻ കഴിയുന്ന രീതിയിൽ ഇടപെടാനാകണം. വലിയ സംരംഭങ്ങൾ തുടങ്ങാനാകണം. ഇവന്റ് മാനേജ്മെന്റ് മുതൽ ഐടിവരെ ഇതിലൂടെ സാധ്യമാക്കുന്നുണ്ട്. പ്രാഥമിക സഹകരണസംഘങ്ങൾക്കും ഇത്തരം ഇടപെടലുകൾക്കു കഴിയണമെന്നും പുതിയ സാധ്യതകൾകൂടി ഉപയോഗപ്പെടുത്തി പ്രവർത്തനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മേയർ ഡോ. നിജി ജസ്റ്റിൻ, എംഎൽഎമാരായ പി. ബാലചന്ദ്രൻ, യു.ആർ. പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
National
ബംഗളൂരു: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ ബംഗളൂരു ക്രിസ്തുജയന്തി കോളജ് പുതുചരിത്രംകുറിച്ച് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയായി.
ക്രിസ്തുജയന്തി കാമ്പസിൽ ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ദ ഹിന്ദു പബ്ലിഷിംഗ് ഗ്രൂപ്പിന്റെ ഡയറക്ടറും മുൻ ചീഫ് എഡിറ്ററുമായ പത്മഭൂഷൻ ഡോ. എൻ. റാം മുഖ്യാതിഥിയായിരുന്നു. ക്രിസ്തുജയന്തിയുടെ വിദ്യാഭ്യാസമേഖലയിലെ നേട്ടങ്ങൾ എടുത്തുപറഞ്ഞ അദ്ദേഹം ഉത്തമ വിദ്യാഭ്യാസം സമൂഹത്തിനു നൽകുന്നതിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് ഊന്നിപ്പറഞ്ഞു.
പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ സിഎംഐ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ആംസ്ട്രോംഗ് പാമേ വിശിഷ്ടാതിഥിയായി. യൂണിവേഴ്സിറ്റി ചാൻസലറും കോട്ടയം പ്രൊവിൻഷ്യലുമായ റവ. ഡോ. ഏബ്രഹാം വെട്ടിയാങ്കൽ സിഎംഐ, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ റവ. ഡോ. അഗസ്റ്റിൻ ജോർജ് സിഎംഐ, പ്രോവൈസ് ചാൻസലർ റവ. ഡോ. ലിജോ പി. തോമസ് സിഎംഐ, ചീഫ് ഫിനാൻസ് ഓഫീസർ റവ. ഡോ. ജെയ്സ് വി. തോമസ് സിഎംഐ, യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. അലോഷ്യസ് എഡ്വേർഡ് എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽനിന്നുള്ള വൈസ് ചാൻസലർമാരും കമ്പനി സിഇഒമാരും വിവിധ രാഷ്ട്രീയ-വിദ്യാഭ്യാസ-സാമൂഹിക-ആത്മീയ മേഖലകളിൽനിന്നുള്ള ഉന്നതരും ഉദ്ഘാടന ചടങ്ങിനു സാക്ഷ്യം വഹിച്ചു.ക്രിസ്തു ജയന്തിയുടെ വളർച്ചയിൽ നിർണായക സംഭാവനകൾ നൽകിയ വൈദികരെ ചടങ്ങിൽ ആദരിച്ചു.
യൂണിവേഴ്സിറ്റി ലോഗോയുടെ ഔദ്യോഗികമായ പ്രകാശനവും യൂണിവേഴ്സിറ്റിയുടെ 25 വർഷത്തെ ചരിത്രം ഉൾക്കൊള്ളിച്ചുകൊണ്ട് വൈസ് ചാൻസലർ റവ. ഡോ. അഗസ്റ്റിൻ ജോർജും ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ ഫാ. ജോഷി മാത്യുവും ചേർന്നു രചിച്ച ‘ലൂമിനസൻസ്: ദ സിൽവർ ജേർണി ഓഫ് ക്രിസ്തു ജയന്തി യൂണിവേഴ്സിറ്റി’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും നടന്നു.
രണ്ടായിരത്തിൽപ്പരം വിശിഷ്ടാതിഥികൾ പങ്കെടുത്ത ആഘോഷ പരിപാടിയുടെ സമാപനത്തിൽ ക്രിസ്തുജയന്തി ഡാൻസ് അക്കാദമിയും ക്രിസ്തുജയന്തി മ്യൂസിക് അക്കാഡമിയും ചേർന്നൊരുക്കിയ കലാവിരുന്നുമുണ്ടായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഞായറാഴ്ച നടന്ന ഫെലിസിറ്റേഷൻ സെറിമണിയിൽ സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച്ബിഷപ്പുമായി ഡോ. അനിൽ ജോസഫ് കൂട്ടോ മുഖ്യാതിഥിയായിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് ക്രിസ്തുജയന്തി കോളജിനെ യൂണിവേഴ്സിറ്റിയായി ഉയർത്തിയത്. സിഎംഐ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസിന്റെ മേൽനോട്ടത്തിൽ ബംഗളൂരുവിലെ കൊത്തന്നൂർ ആസ്ഥാനമായി കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന ക്രിസ്തുജയന്തി കോളജിൽ പതിനാറായിരത്തിൽപ്പരം വിദ്യാർഥികളാണു പഠിക്കുന്നത്.
National
ന്യൂഡൽഹി: അൽഫലാ സർവകലാശാലയ്ക്കെതിരെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനുമാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്. രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് സർവകലാശാലയ്ക്ക് ഡൽഹി പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
സ്ഫോടനത്തില്‍ ഇന്ന് പിടിയിലായ ഡോക്ടർക്ക് പ്രതികളുമായി ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. പഠാൻകോട്ടിൽ നിന്ന് പിടിയിലായ സർജൻ ഡോക്ടർ റയീസ് അഹമ്മദ് അൽഫലാ സർവകലാശാലയിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. ഉമർ നബിയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്നും സൂചനയുണ്ട്.
രാജ്യത്തെ നടുക്കിയ സ്ഫോടനത്തിനുശേഷം ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് ഇന്ന് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തിട്ടുണ്ട്. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ എല്ലാം നീക്കം ചെയ്ത ശേഷമാണ് നേതാജി സുഭാഷ് മാർഗ് വീണ്ടും ജനങ്ങൾക്കായി തുറന്നു കൊടുത്തത്.
University News
കാലിക്കട്ട് സര്‍വകലാശാലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ (ഐഇടി) ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് പഠനവകുപ്പ് നടത്തുന്ന ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 17 മുതല്‍ 22 വരെയാണ് പരിശീലനം. എഐസിടിഇ ട്രെയിനിംഗ് ആൻഡ് ലേണിംഗാണ് പ്രോഗ്രാം സ്പോണ്സര് ചെയ്യുന്നത്. വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന എന്‍ജിനിയറിംഗ് ബിരുദധാരികള്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍, ഗവേഷകര്‍, കോളജ് / പോളിടെക്നിക് അധ്യാപകര്‍, സാങ്കേതിക വ്യവസായ മേഖലയിലുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ കോളജ് വെബ്സൈറ്റില്‍ https://iet.uoc.ac.in/.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
ഒന്നാം വര്‍ഷം മുതല്‍ നാലാം വര്‍ഷം വരെ ബിഎസ്സി - മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (2012 സ്കീം - 2015, 2016 പ്രവേശനം) സെപ്റ്റംബര്‍ 2025 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഡിസംബര്‍ 12 വരെ അപേക്ഷിക്കാം. ലിങ്ക് നവംബര്‍ 13 മുതല്‍ ലഭ്യമാകും.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ ബിപിഎഡ്. (2023 പ്രവേശനം) ഏപ്രില്‍ 2025 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.
Education
ലോകത്ത് വലിയ കരിയർ സാധ്യത നൽകുന്ന പഠന മേഖലയാണല്ലോ മാനേജ്മെന്റ് പഠനം. മാനേജ്മെന്റ് പഠനം ഇന്ന് കാണുന്ന രീതിയിൽ ലോകത്തും, ഇന്ത്യയിലും ആരംഭിച്ചതിനെ സംബന്ധിച്ച് വിവരിക്കാമോ? ഇപ്പോൾ മാനേജ്മെന്റ് പഠനത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഏതെന്നും വിശദീകരിക്കാമോ?
വിഷ്ണു കുമാർ, ദേശം, ആലുവ.
ഇന്നു കാണുന്ന ആധുനിക രൂപത്തിലുള്ള മാനേജ്മെന്റ് പഠനം ആരംഭിക്കുന്നത് 18-ാം നൂറ്റാണ്ടിൽ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും രൂപക്കൊണ്ട വ്യവസായിക വിപ്ലവത്തോടെയാണ്.
മാനേജ്മെന്റ് പഠനത്തിന്റെ ഇന്ത്യൻ ചരിത്രമെന്നു പറയുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ പാതിക്കുശേഷം മാത്രമാണ്.
1956ൽ ഓൾ ഇന്ത്യ മാനേജ്മെന്റ് ബോർഡ് ഡൽഹി യൂണിവേഴ്സിറ്റിയിയുടെ ഫാക്കൾറ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ജമനാ ലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് മുംബൈ, കൽക്കട്ടയിൽ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സോഷ്യൽ വെൽഫെയർ ആൻഡ് ബിസിനസ്, മദ്രാസ് സർവകലാശാലയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ബിസിനസ് മാനേജ്മെന്റ് എന്നിവ മൂന്നുവർഷം പഠനകാലയളവുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ ബിസിനസ് മാനേജ്മെന്റ് ഫോർ വർക്കിംഗ് എക്സിക്യൂട്ടീവ്സ് ആരംഭിച്ചു. ഈ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം ഇന്ത്യയിലെ ബിസിനസ് ഇൻഡസ്ട്രി മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മാനേജ്മെന്റ് പഠനത്തിന്റെ പ്രാധാന്യം പരിചയപ്പെടുത്തുക എന്നതായിരുന്നു. ഇവിടെനിന്നാണ് പിന്നീട് മാനേജ്മെന്റ് പഠനത്തിലേക്കുള്ള ഇന്ത്യൻ യാത്ര ആരംഭിക്കുന്നത്.
1961ൽ രാജ്യത്തെ ആദ്യ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഐഎഎം കൽക്കട്ട പ്രവർത്തനം ആരംഭിച്ചു. യുഎസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹായത്തോടെയാണ് ആരംഭിക്കുന്നത്. 1963ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ് യുഎസിലെ ഹാർവാർഡ് ബിസിനസ് സ്കൂളിന്റെ സഹായത്തോടെ ആരംഭിക്കുകയും ചെയ്തതോടുകൂടി മാനേജ്മെന്റ് പഠനത്തിന് കൃത്യമായ ഒരു ദിശാബോധം രാജ്യത്തുണ്ടായി.
ഇന്ത്യയുടെ മാനേജ്മെന്റ് പഠനത്തിന്റെ സ്വകാര്യ അഹങ്കാരമായി വിശേഷിപ്പിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകൾ (ഐഐഎം) രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മാനേജ്മെന്റ് പഠന കേന്ദ്രങ്ങളാണ്. ഈ സ്ഥാപനങ്ങളെല്ലാം ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് നാഷണൽ ഇംപോർട്ടൻസ് എന്ന പ്രത്യേക പദവി ലഭിച്ചിട്ടുള്ളവയാണ്.
രാജ്യത്ത് ഇപ്പോൾ 21 ഐഐഎമ്മുകളാണുള്ളത്. ഈ ഐഐഎമ്മുകളെ അതിന്റെ സ്ഥാപന നാളുകളുമായി ബന്ധപ്പെടുത്തി മൂന്ന് ഗണമായി തിരിക്കാം.
ഒന്നാമത്തെ തലമുറ എന്ന് പറയുന്നത് രാജ്യത്ത് ഏറ്റവും പഴക്കം ചെന്ന ഐഐഎമ്മുകളായ അഹമ്മദാബാദ്, കൽക്കട്ട, ബാംഗ്ലൂർ, ഇൻഡോർ,കോഴിക്കോട്, ലക്നോ എന്നിവയാണ്.
രണ്ടാമത്തെ ഗണത്തിൽ- റാഞ്ചി, റോഹ്്തക്ക്, റായ്പുർ, ഉദയപുർ, ട്രിച്ചി. ഇവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് 2008 -2011 കാലയളവിലാണ്. മൂന്നാമത്തെ ഗണത്തിൽപ്പെടുന്നവ- അമൃത്സർ, ബുദ്ധഗയ, ജമ്മു, നാഗ്പുർ അടക്കമുള്ള മറ്റ് ഐഎംഎമ്മുകൾ. ഇവ 2015ന് ശേഷം മാത്രം സ്ഥാപിക്കപ്പെട്ടവയാണ്.
ഇതുകൂടാതെ സ്വകാര്യമേഖലയിലുള്ള സർവകലാശാലകളും ഡീംഡ് ടു ബി യൂണിവേഴ്സിറ്റികളും നടത്തുന്ന മികച്ച മാനേജ്മെന്റ് പഠന സ്ഥാപനങ്ങളുമുണ്ട്.
സേവ്യേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, സിംബോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, അമിറ്റി ബിസിനസ് സ്കൂൾ, രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് കൊച്ചി എന്നിവ എടുത്തു പറയേണ്ടവയാണ്.
മാനേജ്മെന്റ് പഠനത്തിൽ വന്ന മാറ്റങ്ങൾ
മാനേജ്മെന്റ് പഠനത്തിൽ പ്രധാനമായും മൂന്നു കാര്യങ്ങളിലാണ് മാറ്റങ്ങളുണ്ടായിരിക്കുന്നത്.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്([email protected])
Education
ഫുഡ് ടെക്നോളജി, ഫുഡ് സയൻസ് പോലുള്ള പ്രോഗ്രാമുകളുടെ പഠനം ഈ സമയത്ത് തൊഴിലവസരങ്ങൾ നൽകുന്നതാണോ? ഏതൊക്കെ മേഖലയിലാണ് തൊഴിലവസരങ്ങൾ ലഭിക്കുക?
റെജി ബ്ലാക്കൽ, മുതലക്കോടം, തൊടുപുഴ.
ഫുഡ് ടെക്നോളജി, ഫുഡ് സയൻസ് മേഖലയിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും ഒക്കെ ഉള്ളവർക്ക് വലിയ തൊഴിലവസരങ്ങൾ ഇന്ന് ലഭ്യമാണ്.
എന്താണ് ഫുഡ് ടെക്നോളജി/ ഫുഡ് സയൻസ് പ്രോഗ്രാമുകളിലൂടെ പൊതുവെ പഠിക്കുന്നത്?
ഭക്ഷ്യവസ്തുക്കളുടെ ഭൗതിക, രാസ, മൈക്രോബയോളജിക്കൽ ഗുണനിലവാരങ്ങളെക്കുറിച്ചും അവയുണ്ടാക്കുന്ന മാറ്റങ്ങൾ. അവ ഭക്ഷ്യപദാർത്ഥങ്ങളിൽ ഉണ്ടാക്കുന്ന ഗുണങ്ങൾ, ദോഷങ്ങളുണ്ടാക്കിയാൽ അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം മിക്കവാറും എല്ലാ ഫുഡ് ടെക്നോളജി /ഫുഡ് സയൻസ് പ്രോഗ്രാമുകളിലും കോർ കണ്ടന്റ് ആയി പഠിക്കേണ്ടതുണ്ട്.
ഭക്ഷണ, പാനീയങ്ങൾ എങ്ങനെ വിപണിയിൽ വിറ്റഴിക്കുന്നു എന്നത് അടക്കമുള്ള വ്യത്യസ്തങ്ങളായ വിഷയങ്ങൾ ഫുഡ് ടെക്നോളജിയിലുള്ള ബിരുദ പഠനത്തിലും ബിരുദാനന്തര പഠനത്തിലും ഗവേഷണത്തിലും ഉൾപ്പെടുന്നുണ്ട്.
ടെക്നോളജി/ ഫുഡ് സയൻസ് പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെക്കുറിച്ചും മൂന്നുവർഷത്തെ അല്ലെങ്കിൽ നാലു വർഷത്തെയോ ഡിഗ്രിയോ, ഓണേഴ്സ് പഠനമോ അല്ലെങ്കിൽ നാലു വർഷത്തെ ബിടെക് പഠനത്തിലുണ്ടാകും.
ഫുഡ് ടെക്നോളജി പഠനം പ്രഫഷണൽ പ്രോഗ്രാം എന്നതുപോലെ ബിടെക് ഫുഡ് ടെക്നോളജി ഒരു എൻജിനിയറിംഗ് പഠനമായും ബിഎസ് സി ഫുഡ് സയൻസ്, ബിഎസ് സി ക്വാളിറ്റി കണ്ട്രോൾ എന്ന പേരിൽ സാധാരണ സയൻസ് ജനറിക് ഡിഗ്രിയായും ഇന്ത്യയിലെ വിവിധ സർവകലാശാലകളിലും കോളജുകളിലും പഠിക്കാൻ കഴിയും.
കേരളത്തിലെ എൻജിനിയറിംഗ് കോളജുകൾ പ്രവേശനം ലഭിക്കുന്നതിനുള്ള എൻട്രൻസ് പരീക്ഷ വഴി കേരളത്തിലെ കാർഷിക/ ഫിഷറീസ് /വെറ്റിനറി സർവകലാശാലകളിലും, സംസ്ഥാനത്ത് സർക്കാർ സ്വകാര്യ മേഖലയിലുള്ള എൻജിനിയറിംഗ് കോളജുകളിലും ബിടെക് ഫുഡ് ടെക്നോളജി പഠനത്തിനുള്ള അവസരമുണ്ട്.
കേരളത്തിലെ വിവിധ സർവകലാശാലകളിൽ മൾട്ടി ഡിസിപ്ലിനറി സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിലും ബിഎസ് സി ഫുഡ് സയൻസ്, എംഎസ് സി ഫുഡ് സയൻസ് അടക്കമുള്ള പ്രോഗ്രാമുകൾ ലഭ്യമാണ്. ഇവയെല്ലാം റെഗുലറായി പഠിക്കാവുന്ന പ്രോഗ്രാമുകൾ ആണെങ്കിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി,ന്യൂഡൽഹി വിദൂര വിദ്യാഭ്യാസം വഴി പിജി ഡിപ്ലോമ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റ് എന്ന പ്രോഗ്രാം ഓഫർ ചെയ്യുന്നുണ്ട്.
തൊഴിൽ സാധ്യതകൾ
ഫുഡ് ടെക്നോളജിസ്റ്റ്, ക്വാളിറ്റി കണ്ട്രോളർ, ഫുഡ് ഇൻസ്പെക്ടർ, ന്യൂട്രീഷൻ, ഡയറ്റിഷൻ, റെഗുലേറ്ററി അഫയർ ഓഫീസർ അടക്കം വ്യത്യസ്തങ്ങളായ ജോബ് റോളുകളാണ് ഗവണ്മെന്റ് സെക്ടറുകളിലും സ്വകാര്യ മൾട്ടി നാഷണൽ കന്പനികളിലും ഫുഡ് ടെക്നോളജി /ഫുഡ് സയൻസ് പഠിച്ചവർക്ക് ലഭിക്കുന്നത്.
രാജ്യത്തെ പ്രധാന തൊഴിൽ ദാതാക്കൾ
സർക്കാർ സംവിധാനത്തിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസ്. കൂടാതെ ഗവേഷണരംഗവുമായി ബന്ധപ്പെട്ട ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് വിവിധ പൊട്ടൻഷ്യൽ ഏരിയകളിൽ വിവിധങ്ങളായ ഫുഡ് ടെക്നോളജി ഫുഡ് സയൻസ് റിലേറ്റഡ് മേഖലകളിൽ ജോലിയും ഗവേഷണം ചെയ്യുന്നുള്ള അവസരവും ലഭ്യമാണ്.
കേരള സർക്കാരിന്റെ ലോക്കൽ ബോഡികളിൽ ഫുഡ് ഇൻസ്പെക്ടർ, അഷ്വറൻസ് ഇൻസ്പെക്ടർ അടക്കമുള്ള ജോലികൾക്കും ഫുഡ് ടെക്നോളജി പഠനം വഴി തുറക്കുന്നു.
ഫുഡ് പ്രോസസിംഗും അനുബന്ധ പ്രവർത്തനങ്ങളും വലിയ വ്യാവസായിക അടിസ്ഥാനത്തിൽ നടക്കുന്നതിനാൽ കൂടുതൽ കരിയർ സാധ്യതകൾ മൾട്ടി നാഷണൽ കന്പനികളിലാണ്.
ക്യുക്ക് സർവീസ് റസ്റ്ററന്റുകളിൽ ഫുഡ് ടെക്നോളജി/ ഫുഡ് സയൻസ് പ്രോഗ്രാമുകൾ നല്ല രീതിയിൽ പഠിച്ചു പാസായവർക്ക് ധാരാളം അവസരമുണ്ട്. ഇതിനു മുൻപന്തിയിൽ നിൽക്കുന്ന കന്പനികളാണ് ഡോമിനോസ് , കെഎഫ്സി, മാക് ഡൊണാൾഡ് പോലുള്ള സ്ഥാപനങ്ങൾ.
ഫാർമസ്യൂട്ടികൽ കന്പനികൾ, പാക്കിംഗ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും. ഹോസ്പിറ്റലിൽ മേഖലകളിലും വലിയ ഹോട്ടലുകളിലും ഫുഡ് പ്രോസസിംഗ് സ്ഥാപനങ്ങളിലും ഫുഡ് ടെക്നോളജി /ഫുഡ് സയൻസ് പ്രോഗ്രാമുകൾ പഠിച്ചവർക്ക് അവസരങ്ങളുണ്ട്.
ഇതിനൊക്കെ പുറമേ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനും ഫുഡ് ടെക്നോളജിയിലും ഫുഡ് സയൻസിലും ബിരുദവും ബിരുദാനന്തര ബിരുദവും റിസർച്ച് പരിശീലനവും ലഭിച്ചവർക്ക് അവസരങ്ങൾ ധാരാളമുണ്ട്. വളരെ വേഗം വികസനം ആകുന്ന പുതിയ കാലഘട്ടത്തിലും മാർക്കറ്റിംഗ് കൾച്ചറിലും വലിയ സാധ്യതകളുടെ ഒരു ചക്രവാളം തുറക്കുന്നതാണ് ഫുഡ് പ്രോസസിംഗ് ഫുഡ് സയൻസ് ഫുഡ് ടെക്നോളജി പഠന മേഖല.
രാജ്യത്തെ പ്രധാനപ്പെട്ട ഫുൾ ടെക്നോളജി/ ഫുഡ് സയൻസ്പഠനകേന്ദ്രങ്ങൾ
നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓണ്ട്രപെണർഷിപ്പ് ആൻഡ് മാനേജ്മെന്റ്, ഹരിയാന.
രാജ്യത്തെ ഫുഡ് ടെക്നോളജി പഠന മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനം. ഇവിടെ ബിടെക്, എംടെക്, പി എച്ച് ഡി പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നുണ്ട്.സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,മൈസൂർ.
എംഎസ് സി ഫുഡ് ടെക്നോളജി ഓഫർ ചെയ്യുന്നു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ്പ് പ്രോസസിംഗ് ടെക്നോളജി, തഞ്ചാവൂർ, തമിഴ്നാട്.ബിടെക്, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നു.തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, കോയന്പത്തൂർ.
ഫുഡ് ടെക്നോളജിയിൽ ബിടെക് പോഗ്രാം ഓഫർ ചെയ്യുന്നു.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])
NRI
സൗത്ത് കാരോലിന: സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ ശനിയാഴ്ച രാത്രി നടന്ന രണ്ട് വ്യത്യസ്ത വെടിവയ്പുകളിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവങ്ങളെത്തുടർന്ന് കാമ്പസിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
വിദ്യാർഥി റസിഡൻഷ്യൽ കോംപ്ലക്സായ ഹ്യൂഗൈൻ സ്യൂട്ട്സ് പ്രദേശത്തിന് സമീപമാണ് ആദ്യ വെടിവയ്പ് നടന്നതെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. ഇവിടെ വെടിയേറ്റ ഒരു വനിതയെ ഉടൻതന്നെ ഏരിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിച്ചത് സലുഡ സ്വദേശിയായ 19 വയസുള്ള ജാലിയ ബട്ട്ലർ ആണെന്ന് ഓറഞ്ച്ബർഗ് കൗണ്ടി കൊറോണർ സ്ഥിരീകരിച്ചു. രണ്ടാമത്തെ വെടിവയ്പിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് വെടിവയ്പുകളും തമ്മിൽ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം തുടരുകയാണെന്നും സൗത്ത് കാരോലിന ലോ എൻഫോഴ്സ്മെന്റ് ഡിവിഷൻ സ്ഥിരീകരിച്ചു.
Kerala
കൊച്ചി: സ്ഥിരം വിസിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും സർവകലാശാലകളുടെ ചാൻസിലറായ ഗവർണറെയും കോടതി വിമർശിച്ചു. കേരള സർവകലാശാല വിസിയുടെ അധിക ചുമതല ഡോ. മോഹന്‍ കുന്നുമ്മലിന് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ഇതിലെ വിധിപ്പകർപ്പിലാണ് കോടതിയുടെ വിമർശനം.
ഡോ.മോഹൻ കുന്നുമ്മലിന് കേരള സർവകലാശാല വിസിയുടെ താത്കാലിക ചുമതല നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. സ്ഥിരം വിസി നിയമനം വൈകിയത് കൊണ്ടാണ് സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ടി താത്കാലിക വിസിയെ നിയമിച്ചതെന്ന ഗവർണറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.