Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്.
ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. രണ്ടു കേസുകളിലും നൽകിയ ജാമ്യാപേക്ഷ 14-ാം തീയതി വിജിലൻസ് കോടതി പരിഗണിക്കും.
Kerala
കൊച്ചി: ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻ കവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി. വലിയ രീതിയിൽ കവർച്ച നടത്താനായി പങ്കജ് പണ്ടാരിയും, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനും സ്പോണ്സർ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ആസൂത്രണം നടത്തിയെന്നാണ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
ഗോവർധന്റെ ജാമ്യഹർജി എതിർത്ത് എസ്ഐടി നൽകിയ റിപ്പോർട്ടിലാണ് ആസൂത്രണത്തെ കുറിച്ച് പറയുന്നത്. 2025 ഒക്ടോബറിൽ പ്രതികൾ ബംഗളൂരുവിൽ ഗൂഢാലോചന നടത്തിയെന്നും ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇതെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് നിരവധി പണം അക്കൗണ്ടുകളിലേയ്ക്ക് വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ദുരൂഹമായ അക്കൗണ്ടുകളുണ്ട്. ഇത് കുറ്റകൃത്യം മറച്ചുവയ്ക്കാനുള്ള ശ്രമമാണ്. നടന്നത് വൻ കൊള്ളയാണെന്നും റിപ്പാർട്ടിൽ പറയുന്നു.
പിടിക്കപ്പെടാതിരിക്കാൻ ബംഗളൂരുവിൽ വൻ ആസൂത്രണം നടത്തിയെന്നും എസ്ഐടി പറയുന്നു. കൊള്ളയുടെ വ്യാപ്തി അറിയാൻ ശാസ്ത്രീയ പരിശോധനാഫലം വരണമെന്നും അതുവരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നുമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ വാദിച്ചത്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും.അന്ന് എസ്ഐടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും.
അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ ടീമിൽ ഉൾപ്പെടുത്താൻ എസ്പിക്ക് അനുമതി നല്കി. ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള മെല്ലെ പോക്കിനെ വിമർശിച്ചിരുന്നു.
വൻ തോക്കുകളിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടെന്ന് ചോദ്യവും ഉയർത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണസംഘം സ്വീകരിച്ച നടപടികൾ ഇന്നത്തെ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് അംഗമായ വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് പണ്ടാരി , ഗോവർധൻ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും കോടതിക്ക് കൈമാറി.
പ്രതിപക്ഷ നേതാവും, രമേശ് ചെന്നിത്തലയും ഉന്നയിച്ച അന്തർസംസ്ഥാന പുരാവസ്തുക്കള്ളക്കടത്ത് സംഘത്തിന് ശബരിമല കേസുമായി ബന്ധമുണ്ടോ എന്ന പരിശോധനയും നടത്തിയിരുന്നു. ചെന്നൈ വ്യാപാരി ഡി മണിയെ ചോദ്യം ചെയ്ത് ലഭിച്ച വിവരങ്ങളും കോടതിക്ക് കൈമാറി. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. പ്രശാന്തിനെയും ചോദ്യം ചെയ്ത വിവരങ്ങളും കൈമാറിയിട്ടുണ്ട്.
Kerala
ഗുരുവായൂർ: കെപിസിസിക്കും ഡിസിസിക്കും ഒറ്റ നിലപാടു മാത്രമാണുള്ളതെന്നും വർഗീയ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ശബരിമല സ്വർണക്കൊള്ളയിൽ ചോദ്യം ചെയ്യപ്പെടുന്നവർക്കു സൗകര്യമൊരുക്കുന്ന രീതിയിലാണ് എസ്ഐടി അന്വേഷം നടക്കുന്നത്. അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നത് കേരള സർക്കാരാണ്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഒരാളും അകത്താകുമായിരുന്നില്ല. സർക്കാരിനു ജനങ്ങൾ തിരിച്ചടി നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതികളിൽനിന്നു കണ്ടെടുത്തതിനേക്കാൾ കൂടുതൽ സ്വർണം ശബരിമലയിൽനിന്നും കടത്തിയെന്ന് എസ്ഐടി.
ഈ സ്വർണം കണ്ടെടുക്കേണ്ടതുണ്ടെന്നും അതിന് ഉണ്ണിക്കൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധനൻ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മൂവരും നേരത്തെ നൽകിയ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. ഇവരെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനും എസ്ഐടി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച എസ്ഐടി ചോദ്യം ചെയ്ത ഡിണ്ടിഗൽ സ്വദേശി ഡി. മണിയിൽ നിന്ന് ഇയാളുടെ സഹായി നൽകിയ മൊഴികളും എസ്ഐടി പരിശോധിക്കുകയാണ്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി. ദ്വാരപാലക ശില്പ കേസിലെ ജാമ്യാപേക്ഷയിൽ ജനുവരി ഏഴിനായിരിക്കും വിധി.
അതേസമയം, കോടതി വളപ്പിൽ പത്മകുമാർ മാധ്യമങ്ങളോടു പ്രതികരിച്ചു. എല്ലാം അയ്യപ്പൻ നോക്കിക്കോളും എന്നായിരുന്നു പത്മകുമാർ പ്രതികരിച്ചത്. ദൈവതൃല്യൻ ആരാണെന്നും കടകംപള്ളി സുരേന്ദ്രൻ ആണോയെന്നുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ശവംതീനികൾ അല്ലെന്നായിരുന്നു ഉത്തരം.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെയും പത്താം പ്രതി ഗോവർധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത്.
പത്മകുമാറിനെതിരെ ആദ്യമെടുത്ത കട്ടിളപ്പാളി കേസിലാണ് ഇന്ന് ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്നത്. രണ്ടാമത് പ്രതി ചേർത്ത ദ്വാരപാലക ശിൽപ കേസിൽ കൊല്ലം വിജിലൻസ് കോടതിയും പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കുന്നുണ്ട്.
റിമാൻഡിലുള്ള പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി അപേക്ഷ സമർപ്പിക്കും.
അതേസമയം, കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതുവരെ അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ, പുതിയ കണ്ടെത്തലുകൾ എല്ലാം കോടതി പരിഗണിക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്റ്റിൽ. എ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമാണ്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറിയതിൽ അടക്കം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു എന്നാണ് പത്മകുമാറിന്റെ മൊഴി.
കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ അറസ്റ്റിനുള്ള സാധ്യത മുന്നിൽകണ്ട് ഇരുവരും മുൻകൂർജാമ്യത്തിന് നീക്കം നടത്തവേയാണ് വിജയകുമാറിനെതിരേയുള്ള നടപടി.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
ശ്രീകോവിലിന്റെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശിപാർശ നൽകി എന്നതാണ് എൻ. വാസുവിനെതിരായ കേസ്.
സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികൾ എന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ മാറ്റിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിൽ കട്ടിളപ്പാളി കേസിൽ ആറാം പ്രതിയുമാണ് മുരാരി ബാബു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ രേഖകൾ ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും ഉൾപ്പെടെയുള്ള രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിലെ മുഴവൻ രേഖകളും കൈമാറുന്നതിൽ എസ്ഐടി എതിർപ്പ് അറിയിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ സമാന്തര അന്വേഷണം വേണ്ടെന്നുമാണ് എസ്ഐടിയുടെ നിലപാട്.
കേസിൽ കൂടുതൽ പ്രതികളിലേക്കെത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്ന് എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ വാദിച്ചിരുന്നു. അതേസമയം രേഖകൾ നൽകുന്നത് എങ്ങനെയാണ് എസ്ഐടിയുടെ അന്വേഷണത്തെ ബാധിക്കുന്നതെന്നായിരുന്നു ഇഡിയുടെ ചോദ്യം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയേയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വിശദമായ ചോദ്യം ചെയ്യലിന് ഇരുവരെയും രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് കൊല്ലം വിജിലൻസ് കോടതിയിൽ അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വർണ്ണക്കൊള്ളയിൽ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. കട്ടിളപ്പാളി കേസിലും ദ്വാരപലക കേസിലും മുരാരി ബാബു പ്രതിയാണ്. ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബോർഡിന്റെ തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് മുരാരി ബാബുവിന്റെ വാദം
എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ അടക്കം മുരാരി ബാബുവിന് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. മറ്റൊരു പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.
Kerala
കണ്ണൂർ: മുഖ്യമന്ത്രിയുടെ "സ്ത്രീലമ്പട' പരാമർശം അൽപ്പത്തരമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ എംപി. അദ്ദേഹത്തിന്റെ സംസ്ഥാനത്ത് അദ്ദേഹം തന്നെ അങ്ങനെ പറയുന്നു എന്ന് വെച്ചാൽ പിന്നെ എന്താണർഥം എന്നും സുധാകരൻ ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ, അടൂർ പ്രകാശ് വിവാദങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ലെന്നും സുധാകരൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും. ശബരിമല സ്വർണപ്പാളി കവർച്ച അടക്കമുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയായിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കൊപ്പമുള്ളവർ തന്നെ കവർച്ചയ്ക്ക് കൂട്ടി നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ട് സിപിഎം നേതാക്കൾ ജയിലിലും ആണല്ലൊയെന്നും സുധാകരൻ പറഞ്ഞു. കൂടുതൽ സിപിഎംകാർക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്നും സുധാകരൻ ആരോപിച്ചു. അന്വേഷണം പുരോഗമിക്കുന്പോൾ ഇത് വ്യക്തമാകുമെന്നും സുധാകരൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ പാർട്ടി നിലപാട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും താൻ പാർട്ടി നിലപാട് അംഗീകരിക്കുന്ന ആളാണെന്നും മുൻ കെപിസിസി അധ്യക്ഷൻ പറഞ്ഞു. വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സുധാകരൻ പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്റുമായ എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതി ആണ് ജാമ്യാപേക്ഷ തള്ളിയത്.
കട്ടിളപ്പാളി കേസിൽ എൻ.വാസു മൂന്നാം പ്രതിയാണ്. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് വാസുവിന് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഇതോടെ വാസു ജയിലിൽ തുടരും.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
കൂട്ടായെടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നാണ് ഹർജിയിൽ പത്മകുമാർ ഉന്നയിക്കുന്ന പ്രധാന ചോദ്യം. മിനുട്സിൽ ചെമ്പ് എന്നെഴുതിയത് മറ്റ് ബോർഡ് അംഗങ്ങളുടെയും അറിവോടെ ആണെന്നുമാണ് വാദം.
ബോർഡിൽ ഒപ്പമുണ്ടായിരുന്ന മറ്റ് അംഗങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് പത്മകുമാറിന്റെ ജാമ്യ ഹർജി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശിയ കട്ടിളപാളികൾ കൈമാറിയത് ഉൾപ്പടെ കൂട്ടായെടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ ഉത്തരവാദിയാകുമെന്നാണ് ജാമ്യഹർജിയിലെ ചോദ്യം.
മിനുട്സിൽ ചെമ്പ് എന്നെഴുതിയത് എല്ലാവരുടെയും അറിവോടെയാണെന്നും ഹർജിയിൽ പറയുന്നു. വീഴ്ച പറ്റിയെങ്കിൽ എല്ലാവർക്കും ഒരേ പോലെ ബാധ്യതയുണ്ടെന്നാണ് വാദം. തന്നെ മാത്രം വേട്ടയാടുന്നതിലെ അമർഷം കൂടിയാണ് പത്മകുമാർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി. ഇരുവരും എസ്ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിര്‍ന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി. സ്വര്‍ണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നൽകിയത്. അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് തന്ത്രിമാരുടെ നിര്‍ണായക മൊഴിയെടുത്തത്.
ദ്വാരപാലക ശിൽപ്പം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്നായിരുന്നു നേരത്തെ തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചിരുന്നത്. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു.
ശിൽപ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ഇങ്ങോട്ട് എഴുതി ചോദിച്ചതിന്റെ മറുപടി മാത്രമാണ് കൊടുത്തതെന്നും രാജീവര് വ്യക്തമാക്കിയിരുന്നു.
അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങൽ വന്നത്. ശബരിമലയിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയിൽ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തിരുന്നില്ല. സ്വർണം പൂശാൻ കൊണ്ടുപോയത് തന്റെ അനുമതി വാങ്ങാതെയാണ്. ഇപ്പോഴും സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയാണ്.
കൂടാതെ എല്ലാം സ്വർണം തന്നെയാണ്, ചെമ്പല്ല. താൻ നൽകിയ കത്തുകളിൽ എല്ലാം സ്വർണ്ണം എന്നാണ് എഴുതിയിരിക്കുന്നത്. ദ്വാരപാലകശില്പങ്ങൾ ഉൾപ്പെടെ എല്ലാം സ്വർണമാണ്. 2019ൽ ആയാലും ഇപ്പോഴായാലും പുറത്തുകൊണ്ടുപോയി സ്വർണം പൂശാൻ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: മന്ത്രിമാർ അറിയാതെ ശബരിമല സ്വർണ്ണക്കൊള്ള നടക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും ഇപ്പോഴത്തെ ദേവസ്വം മന്ത്രി മന്ത്രി വി.എൻ.വാസവനിലേക്കും അന്വേഷണം എത്തുമെന്നും മുരളീധരൻ പറഞ്ഞു.
ഹൈക്കോടതി നിരീക്ഷണം ഉള്ളതിനാലാണ് അന്വേഷണം ഇത്രയൊക്കെ എത്തിയത്. ഇല്ലെങ്കിൽ നേരത്തെ അന്വേഷണം ആവിയായി പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസെന്നും ഭക്തർക്ക് ഒപ്പമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡ് മുൻപ്രസിഡന്റെ എ. പത്മകുമാർ പലതും വിളിച്ച് പറയുമെന്ന് പലരും ഭയപ്പെടുന്നു. അതിനാലാണ് പത്മകുമാറിന്റെ കാര്യത്തിൽ പാർട്ടി നിലപാട് എടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി എ. പത്മകുമാറിന്റെ പാസ്പോര്‍ട്ട് എസ്ഐടി പിടിച്ചെടുത്തു. വീട്ടില്‍ നടന്ന റെയ്ഡിലാണ് പാസ്പോര്‍ട്ട് പിടിച്ചെടുത്തത്. പത്മകുമാറിന്റെയും ഭാര്യയുടെയും ആസ്തികൾ സംബന്ധിച്ച് പരിശോധന നടത്തുകയാണ്.നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി സാക്ഷിയാക്കുന്നതും എസ്ഐടി ആലോചിക്കുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി. എസ്.പി. ശശിധരനാണ് എൻ. വാസുവിന്റെ മൊഴിയെടുത്തത്.
വാസുവിന്റെ പിഎ സുധീഷ് കുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് വാസുവിനെ എസ്ഐടി ചോദ്യം ചെയ്തിരിക്കുന്നത്. എസ്ഐടിയുടെ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വെളിപ്പെടുത്തലുമായി കേസിലെ പ്രധാന ഇടനിലക്കാരനായ കൽപേഷ് രംഗത്ത്.
സ്മാർട്ട് ക്രിയേഷൻസിൽനിന്ന് പാക്കറ്റ് വാങ്ങി ബെല്ലാരിയിൽ ഗോവർധന് എത്തിച്ചുനൽകിയെന്നാണ് കൽപേഷിന്റെ വെളിപ്പെടുത്തൽ. രാജസ്ഥാൻ സ്വദേശിയായ കൽപേഷ് ചെന്നൈയിലെ സ്വർണക്കടയിലെ ജീവനക്കാരനാണ്.
ഉടമയുടെ നിർദേശമനുസരിച്ച് താൻ പല സ്ഥലങ്ങളിൽനിന്ന് സ്വർണവും മറ്റ് ഉരുപ്പടികളും എടുത്ത് മറ്റു സ്ഥലങ്ങളിൽ എത്തിക്കാറുണ്ടെന്നും കൽപേഷ് വെളിപ്പെടുത്തി.
അതേസമയം സ്വർണക്കൊള്ളയിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇതുവരെ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് കൽപേഷ് പറയുന്നത്. ചില ദൃശ്യമാധ്യമങ്ങൾ വഴിയാണ് കൽപേഷിന്റെ വെളിപ്പെടുത്തൽ പുറത്തു വന്നത്.