District News
കൽപ്പറ്റ: കുട്ടികളുടെ വളർച്ച, വികാസം, പഠനം എന്നിവയിൽ ആരോഗ്യത്തിനുള്ള സ്ഥാനം തിരിച്ചറിഞ്ഞ് സ്കൂൾതലത്തിൽ സമഗ്ര ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആരോഗ്യ വകുപ്പ് ജില്ലയിൽ അ ആ അക്ഷരം ആരോഗ്യം പദ്ധതി നടപ്പാക്കുന്നു.
ശാരീരിക, മാനസിക, ലൈംഗികപ്രത്യുത്പാദന ആരോഗ്യം, സാമൂഹ്യ സുസ്ഥിരത എന്നീ മേഖലകളിൽ 11 ഉപമേഖലകൾ ഉൾക്കൊള്ളുന്ന സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിയാണ് അ ആ അക്ഷരം ആരോഗ്യം പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
വിദ്യാർഥികളുടെ ആരോഗ്യ വിവരങ്ങൾ കാലികമാക്കി സൂക്ഷിക്കാൻ ഹെൽത്ത് കാർഡ് മുഖേന വിവരങ്ങൾ ശേഖരിക്കും. പ്രാഥമികതലം മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്ക് പദ്ധതിയിലുടെ പ്രയോജനം ലഭിക്കും. ആദ്യഘട്ടത്തിൽ എൽപി വിദ്യാർഥികളിലാണ് ആരോഗ്യ പരിശോധനകൾ നടത്തുന്നത്.
മാനന്തവാടി ദ്വാരക എയുപി സ്കൂൾ, സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ സംയുക്തമായി നടത്തിയ ജില്ലാതല പരിപാടി ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജെറിൻ എസ്.
ജെറോഡ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനധ്യാപിക സിജി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ട് ശ്രീനിവാസൻ, സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക ബിജി ഏബ്രഹാം, മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. കെ.എൻ. അശ്വതി, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് മജോ ജോസഫ്, മാനന്തവാടി നൂണ് മീൽ ഓഫീസർ പി.സി. സന്തോഷ്, പൊതുജനാരോഗ്യ വിഭാഗം ടെക്നിക്കൽ അസിസ്റ്റന്റ് എ. ശിവദാസൻ, പൊരുന്നന്നൂർ പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ പ്രീത, ഹെൽത്ത് സൂപ്പർവൈസർ മഞ്ജുനാഥ്, പബ്ലിക് ഹെൽത്ത് നഴ്സ് ലാലി, കൗണ്‍സിലർ ജാസ്മിൻ ബേബി, അക്ഷരം ആരോഗ്യം മെന്റർ അധ്യാപിക സീന വർഗീസ് എന്നിവർ പ്രസംഗിച്ചു
National
പൂനെ: മുൻ കേന്ദ്രമന്ത്രിയും എൻസിപി-എസ്പി അധ്യക്ഷനുമായ ശരത് പവാർ ആശുപത്രിയിൽ. ചുമ, ജലദോഷം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടർന്നു തിങ്കളാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ പുനെയിലെ റൂബി ഹാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബാരാമതിയിലെ വസതിയില്‍ നിന്നാണ് പൂനെയിലെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ പ്രതിഭ പവാറും മകള്‍ സുപ്രിയ സുലെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പവാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പവാറിനെ ഐസിയുവിൽ കിടത്തേണ്ട ആവശ്യമില്ലെന്നും ആശുപത്രിയിലെ ഒരു സ്വകാര്യ മുറിയിലേക്ക് മാറ്റിയെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ അഭിജീത് ലോധ പറഞ്ഞു.
National
ഇംഫാല്‍: മണിപ്പുരില്‍ 2023ലുണ്ടായ കലാപത്തില്‍ പരിക്കേറ്റ ബിജെപി എംഎല്‍എ വുംഗ്സാഗിന്‍ വാല്റ്റെയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് വിദഗ്ധചികിത്സയ്ക്കായി ഡെല്‍ഹിയിലെത്തിച്ചു.
മുഖ്യമന്ത്രി വൈ. ഖേംചന്ദ് വിമാനത്താവളത്തിലെത്തി എംഎല്‍എയെ കണ്ടു. വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. താൻലോൺ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ വിജയിച്ചാണ് വാൽറ്റെ നിയമസഭയിലെത്തിയത്.
2023 മേയില്‍ ജനക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് എംഎൽഎയ്ക്കു പരിക്കേറ്റത്. രണ്ടുവര്‍ഷത്തോളം ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു.
Health
കാൻസർ പലപ്പോഴും ഇന്ത്യയിൽ ഒരു പ്രധാന സാമൂഹിക മിഥ്യാധാരണയായി നിലനിൽക്കുന്നു. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മൂലം രോഗികളും അവരുടെ കുടുംബങ്ങളും വിവേചനവും ഒറ്റപ്പെടലും നേരിടേണ്ടി വന്നേക്കാം.
ഇത് രോഗനിർണയത്തിനും ചികിത്സയ്ക്കും കാലതാമസം വരുത്താൻ ഇടയാക്കും. ഈ മിഥ്യാധാരണകളെ ഇല്ലാതാക്കുന്നതിലും ദേശീയ കാൻസർ അവബോധ ദിനം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഇന്ത്യയിൽ, ആയുർവേദം, പ്രകൃതിചികിത്സ, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗതവും ബദൽ ചികിത്സകളും ശക്തമായ സാംസ്കാരിക സാന്നിധ്യമാണ്. ഈ ചികിത്സകൾ കാൻസർ ലക്ഷണങ്ങളിൽ നിന്നും പരമ്പരാഗത ചികിത്സകളുടെ പാർശ്വഫലങ്ങളിൽ നിന്നും കുറച്ച് ആശ്വാസം പ്രദാനം ചെയ്യുമെങ്കിലും, അവ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വൈദ്യ പരിചരണത്തിന് പകരമാവില്ല.
ആരോഗ്യ സംരക്ഷണ വിദഗ്ധരുമായി കൂടിയാലോചിക്കുകയും സാധാരണ കാൻസർ ചികിത്സകൾക്കൊപ്പം യോഗ, ഫിസിയോതെറാപ്പി പോലുള്ള ചികിത്സകൾ ആവശ്യമെങ്കിൽ ചെയ്യാവുന്നതുമാണ്.
രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനും രോഗികളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ഇതര ചികിത്സകൾ സഹായിക്കുമെങ്കിലും, അവ കാൻസറിനുള്ള പ്രാഥമിക ചികിത്സയായി ഒരിക്കലും കണക്കാക്കരുത്.
കാൻസർ ഒരു സങ്കീർണ രോഗമാണ്, അതിന്റെ ചികിത്സയ്ക്ക് സാധാരണയായി ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവയുടെ സംയോജനം ആവശ്യമാണ്.
കാൻസറിനെ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* പുകയിലയുടെ ഉപയോഗവും മദ്യപാനവും വർജിക്കുക.
* ഭക്ഷണത്തിൽ ധാരാളം പച്ചക്കറിയും പഴവർഗങ്ങളും ഉൾപ്പെടുത്തുക. ചുവന്ന വിഭാഗത്തിൽപ്പെട്ട ഇറച്ചിയുടെ (ബീഫ്, മട്ടൻ, പോർക്ക്) ഉപയോഗം കുറയ്ക്കുക.
* എല്ലാ ദിവസവും ഒരു മണിക്കൂർ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. മാനസിക പിരിമുറുക്കം ഒഴിവാക്കിയുള്ള ദിനചര്യ പാലിക്കാൻ ശ്രദ്ധിക്കുക.
* കൃത്യമായ വിശ്രമം, ആറ് മുതൽ എട്ടു മണിക്കൂർ വരെ രാത്രി സുഖനിദ്ര ശീലമാക്കുക.
* ശരീരത്തിൽ മാറ്റം വരുന്ന മുഴകൾ, ശരീരത്തിലെ വിവിധ ദ്വാരങ്ങളിൽ നിന്നുണ്ടാകുന്ന രക്തസ്രാവം, ദീർഘമായുള്ള അസാധാരണ മലമൂത്ര വിസർജനം തുടങ്ങിയവ കണ്ടാൽ ഉടനെ പരിശോധന നടത്തുക.
* സ്ത്രീകൾ എല്ലാ മാസവും സ്വയം സ്തന പരിശോധന ശീലമാക്കുക, 40 വയസ് കഴിഞ്ഞ സ്ത്രീകൾ മാമോഗ്രാം പരിശോധന നടത്തുക.
* മാസത്തിലൊരിക്കൽ വായ പരിശോധിച്ചു വെള്ളയോ ചുമപ്പോ ആയ പാടുകളോ വ്രണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
* 21 വയസ് കഴിഞ്ഞ സ്ത്രീകൾ ഗർഭാശയഗള കാൻസർ പരിശോധന മൂന്നുവർഷത്തിലൊരിക്കൽ നടത്തുക.
9 വയസ് കഴിഞ്ഞ കുട്ടികൾ എച്ച്.പി. വി വാക്സിൻ കുത്തിവയ്ക്കുക. 40 വയസ് കഴിഞ്ഞവർ സ്ക്രീനിംഗ് നടത്തി രോഗസാധ്യത അറിയുക.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്, ഓൺക്യൂർ
ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ
താണ, കണ്ണൂർ.
ഫോൺ: 6238265965
Health
എല്ലാ വർഷവും ഫെബ്രുവരി നാലിന് ആഗോളതലത്തിൽ ലോക കാൻസർ ദിനം ആചരിച്ചു വരുന്നു. ജനങ്ങളിൽ അവബോധം വളർത്തുന്നതിനും കാൻസറിനെതിരായ പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കുന്നതിനുമാണ് ദിനാചരണം.
"യുണൈറ്റഡ് ബൈ യുണീക്ക് " എന്നതാണ് 2026ലെ തീം. കാൻസറിനെതിരായ പോരാട്ടത്തിൽ വ്യക്തിഗത അനുഭവങ്ങൾ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ഈ തീം എടുത്തുകാണിക്കുന്നു.
ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്തെ ഏറ്റവും രൂക്ഷമായ വെല്ലുവിളികളിൽ ഒന്നാണു കാൻസർ. ഭയപ്പെടുത്തുന്ന സ്ഥിതിവിവരക്കണക്കുകൾ വർധിച്ചു വരുന്ന കാൻസർ നിരക്കുകളെ സൂചിപ്പിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 2022ൽ കാൻസറിന്റെ ആഗോളഭാരം 20 ദശലക്ഷം പുതിയ കേസുകളിലും ഏകദേശം 10 ദശലക്ഷം മരണങ്ങളിലും എത്തി.
ഈ സംഖ്യകൾ കാൻസർ തോത് ഇനിയും വർധിക്കുമെന്നു പ്രവചിക്കപ്പെടുന്നു. ഇന്ത്യയിൽ, 2022ൽ ഏകദേശം 1.46 ദശലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജനസംഖ്യയെ ബാധിക്കുന്ന, ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് സ്തനാർബുദം, ശ്വാസകോശം, ഓറൽ, സെർവിക്കൽ കാൻസറുകൾ.
അത്യാധുനിക ആരോഗ്യ സംരക്ഷണ സംവിധാനത്തിന് പേരുകേട്ട കേരളത്തിലും ക്യാൻസറുകളുടെ എണ്ണം കൂടി വരികയാണ് .
എന്താണ് കാൻസർ?
യാതൊരു നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങൾ പെറ്റുപെരുകുന്ന അസുഖങ്ങൾക്ക് പൊതുവെ പറയുന്ന പേരാണ് കാൻസർ.
പ്രധാന ലക്ഷണങ്ങൾ
-ശരീരദ്വാരങ്ങളിലൂടെ രക്തസ്രാവം
-ശരീരത്തില്‍ കാണുന്ന മുഴകള്‍
-ദീർഘകാലം ഉണങ്ങാതെ നില്ക്കുന്ന വ്രണങ്ങള്‍
-അരിമ്പാറ, കാക്കാപ്പുളി എന്നിവയില്‍ മാറ്റം കാണുക
-വിഴുങ്ങുവാനുള്ള വിഷമം
-മൂത്രസംബന്ധമായ ലക്ഷണങ്ങള്‍, രക്തം പോക്ക്
-മലശോധനസംബന്ധമായ തകരാറുകള്‍
-കൂടിക്കൂടിവരുന്ന ശബ്ദമടപ്പ്
-കാരണം ഇല്ലാത്ത ശരീര മെലിച്ചിൽ.
-കാരണമൊന്നുമില്ലാതെ നീണ്ടുനില്കുന്ന പനി
കാൻസർ കണക്കുകൾ
നാഷണൽ കാൻസർ രജിസ്റ്ററി പഠനങ്ങൾ പ്രകാരം 2022ൽ ഇന്ത്യയിൽ കാൻസർ ബാധിച്ചവരുടെ എണ്ണം കണക്കാക്കിയിരിക്കുന്നത് 14,61,427 എന്നാണ് (ക്രൂഡ് നിരക്ക്: 100,000 ന് 100.4).
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷ്യലിസ്റ്റ്, ഓൺക്യൂർ
ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ
താണ, കണ്ണൂർ.
ഫോൺ: 6238265965
Health
ഡിമെന്‍ഷ്യ പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും കൃത്യമായ മരുന്നുകള്‍ ഉപയോഗിച്ചു രോഗലക്ഷണങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ആന്റിഡിപ്രസന്റ്, ആന്റി സൈക്കോട്ടിക്ക്, അന്സിയോലൈറ്റിക് മരുന്നുകളാണ് ഡോക്ടറുടെ നിര്‍ദേശപ്രകാരം സാധാരണയായി നല്‍കുന്നത്.
മരുന്നുകള്‍ ഇല്ലാതെ ചികിത്സ സാധ്യമോ?
മരുന്നുകളോടൊപ്പമാണ് മാനസികാരോഗ്യ വിദഗ്ധന്‍ മറ്റു ചികിത്സാരീതികള്‍ പാലിക്കുന്നത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, തുടര്‍ന്ന് വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടായാല്‍ reminiscence therapy, റിയാലിറ്റി ഓറിയന്റേഷൻ തെറാപ്പി എന്നിവയാണ് മരുന്നിനോടൊപ്പം രോഗനിയന്ത്രണത്തിന് പ്രയോജനപ്രദമാകുന്നത്.
രോഗികളെ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുക, (സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുക, പാട്ട് കേള്‍ക്കുക, ചെടിക്ക് വെള്ളം ഒഴിക്കുക, തുടങ്ങിയവ) വ്യായാമം ശീലിക്കുക എന്നിവ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ വളരെയധികം സഹായകമാണ്.
രോഗിയെ പരിചരിക്കുന്നവർക്ക് ബോധവത്കരണം
രോഗിയെ പരിചരിക്കുന്നവരെ മാനസികമായി പിന്തുണയ്ക്കേണ്ടത് അനിവാര്യമാണ്. പരിചരണം നല്കുമ്പോള് സ്വയം സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ പ്രാപ്തരായിരിക്കണം. അതിനായി രോഗത്തെപ്പറ്റിയുള്ള കൃത്യമായ ബോധവത്കരണം അവരില്‍ ഉണ്ടാക്കിയെടുക്കേണ്ടതാണ്.
മനോരോഗ വിദഗ്ധനുമായിട്ടുള്ള ഫലപ്രദമായ ആശയവിനിമയത്തിലൂടെ ഇത് സാധ്യമാകുന്നു. ഇതുകൂടാതെ ഇവരെ പിന്തുണയ്ക്കുന്നതിനായി നിരവധി സപ്പോര്‍ട്ട് ഗ്രൂപ്പുകളും നിലവിലുണ്ട്.
സമഗ്രമായ സമീപനം
ഡെമെന്‍ഷ്യ രോഗത്തിന്റെ പരിചരണത്തിന് മെഡിക്കല്‍, മനഃശാസ്ത്രപരം, സാമൂഹിക ഇടപെടലുകള്‍ എന്നിവയുടെ സമഗ്രമായ സമീപനമാണ് ആവശ്യമായിട്ടുള്ളത്. രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് ചികിത്സാ രീതികള്‍ ആസൂത്രണം ചെയ്യേണ്ടതാണ്.
രോഗികള്‍ക്കും പരിചരണം നല്കുന്നവര്ക്കും വേണ്ട പിന്തുണ നല്കുന്നതില് മനോരോഗ വിദഗ്ധര്‍, നാഡീവിദഗ്ധര്, സാമൂഹിക പ്രവര്‍ത്തകര്‍, മറ്റ് ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ കൂട്ടായ പരിചരണവും നിര്‍ദേശങ്ങളും അനിവാര്യമാണ്.
കൃത്യമായി അറിയാം
ഡിമെന്‍ഷ്യ എന്ന രോഗത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കുക. രോഗത്തെപ്പറ്റിയുള്ള കൃത്യമായ അറിവുണ്ടെങ്കില്‍ രോഗലക്ഷണങ്ങളുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ അതു തിരിച്ചറിഞ്ഞ് ഡോക്ടറുടെ സഹായം തേടാന്‍ സാധിക്കുന്നു.
ഓര്‍ക്കുക, രോഗിയോടൊപ്പം തന്നെ രോഗിയെ പരിചരിക്കുന്നവരെയും പിന്തുണയ്ക്കേണ്ടത് അനിവാര്യമാണ്.
വിവരങ്ങൾ: ഡോ. ശ്രീലക്ഷ്മി എസ്.
ജൂണിയർ കൺസൾട്ടന്റ്, സൈക്യാട്രി
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
ശരീരത്തിന് അത്യന്താപേക്ഷിതമായ മൂലകമാണ് അയൺ അഥവാ ഇരുമ്പ്. എന്നാൽ അയൺ സപ്ലിമെന്റുകൾ കഴിക്കുന്ന കാര്യത്തിൽ നമ്മളിൽ പലരും അശ്രദ്ധരാകാറുണ്ട്. അയൺ ഗുളികകൾ ദിവസവും കഴിക്കുന്നതിനേക്കാൾ ഗുണകരം ഒന്നിടവിട്ട ദിവസങ്ങളിൽ കഴിക്കുന്നതാണെന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സാധാരണഗതിയിൽ 40എംജിയിൽ കൂടുതൽ അയൺ ഉള്ളിൽ ചെല്ലുമ്പോൾ ശരീരം ഹെപ്സിഡിൻ എന്നൊരു ഹോർമോൺ പുറപ്പെടുവിക്കുന്നു. ഈ ഹോർമോൺ അയണിന്റെ ആഗിരണം താത്കാലികമായി തടയുന്നു.
ഒന്നിടവിട്ട ദിവസങ്ങളിൽ മരുന്നു കഴിക്കുമ്പോൾ, അടുത്ത ഡോസ് എടുക്കുന്നതിന് മുൻപ് ഹെപ്സിഡിന്റെ അളവ് കുറയാൻ ശരീരത്തിനു സമയം ലഭിക്കുന്നു. ഇത് അയൺ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ സഹായിക്കും. ദിവസവും കഴിക്കുമ്പോഴുണ്ടാകുന്ന വയറിലെ അസ്വസ്ഥതകൾ ഒഴിവാക്കാനും ഈ രീതി സഹായിക്കും.
ശരീരത്തിലെ ഓക്സിജൻ വിതരണം, ഊർജസ്വലത, മെറ്റബോളിസം എന്നിവയ്ക്ക് അയൺ അത്യാവശ്യമാണ്. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്റെ പ്രധാന ഘടകമാണിത്.
അയണിന്റെ കുറവുണ്ടെങ്കിൽ കടുത്ത ക്ഷീണവും തളർച്ചയും ശ്വാസംമുട്ടൽ, ഹൃദയമിടിപ്പ് കൂടുക, ഏകാഗ്രത കുറയുക, മുടികൊഴിച്ചിൽ, വിളറിയ ചർമം തുടങ്ങിയവ അനുഭവപ്പെടാം.
റെഡ് മീറ്റ്, മുട്ട, ചിക്കൻ തുടങ്ങിയവ അയണിന്റെ മികച്ച സ്രോതസുകളാണ്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണത്തിലെ ചില ഘടകങ്ങൾ അയൺ ആഗിരണത്തെ തടസപ്പെടുത്താറുണ്ട്. ചായ, കാപ്പി, കൊക്കോ, പയറുവർഗങ്ങൾ എന്നിവയിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ അയൺ ആഗിരണം കുറയ്ക്കും.
അതിനാൽ ഇവ അയൺ ഗുളികകൾക്കൊപ്പം ഒഴിവാക്കുന്നതാണ് നല്ലത്. അയൺ കുറവുള്ള ഒരാൾ ഗുളിക കഴിച്ചുതുടങ്ങിയാൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ തന്നെ മാറ്റങ്ങൾ കണ്ടുതുടങ്ങും. എന്നാൽ ചിലരിൽ ഇത് മാസങ്ങൾ എടുത്തേക്കാം.
കഠിനമായ വിളർച്ച ഉള്ളവർ സ്വയം ചികിത്സയ്ക്കു നിൽക്കാതെ ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടത് അനിവാര്യമാണ്.
Kerala
തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം ഗണ്യമായി വർധിപ്പിച്ച് 2500.31 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജുകൾക്കായി 259.93 കോടി രൂപ നീക്കിവച്ചു. ആരോഗ്യ മേഖലയിൽ നടന്നു വരുന്ന തുടർ വികസന പ്രവർത്തനങ്ങൾക്കും പുതിയ വികസന പ്രവർത്തനങ്ങൾക്കും ഇത് സഹായിക്കും.
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യത്തെ അഞ്ച് ദിവസം പണരഹിത ചികിത്സ നൽകുന്ന പദ്ധതിയ്ക്കായി 15 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യമുണ്ടാകും.
കേരളത്തിലെ വയോധികർക്കിടയിൽ ന്യൂമോകോക്കൽ വാക്സിനേഷൻ പരിപാടിയ്ക്കായി 50 കോടി രൂപ വകയിരുത്തി. ബിപിഎൽ കുടുംബങ്ങളിലെ 60 വയസ്സും അതിൽ കൂടുതലുമുള്ള പ്രായമായ വ്യക്തികൾക്ക് സഹായകരമാകും.
ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്ക് തല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി 14.20 കോടി രൂപ വകയിരുത്തി. ഇതോടെ താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.
മലബാർ കാൻസർ സെന്ററിന് 50 കോടി രൂപ, കൊച്ചിൻ കാൻസർ സെന്ററിന് 30 കോടി രൂപ, ആർസിസിക്ക് 90 കോടി രൂപ, മെഡിക്കൽ കോളജുകൾ വഴിയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി രൂപ, ജില്ലാ/താലൂക്ക് ആശുപത്രികൾക്ക് മൂന്ന് കോടി രൂപ എന്നിവ ഉൾപ്പെടെ കാൻസർ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ആകെ 203 കോടി രൂപ നീക്കിവച്ചു.
കഴിഞ്ഞ വർഷത്തെ വിഹിതത്തെക്കാൾ എംസിസി, ആർസിസി, എന്നിവയ്ക്ക് 15 കോടി രൂപ വീതവും സിസിആർസിക്ക് 12 കോടി രൂപയും മെഡിക്കൽ കോളജുകൾക്ക് 10 കോടി രൂപയും അധികമായി വകയിരുത്തി.
പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന പദ്ധതിയിൽ 6.50 കോടി രൂപ നീക്കിവച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കായി (കാസ്പ്) 900 കോടി രൂപ നീക്കിവച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് സ്ഥാപിക്കുന്നതിന് 12 കോടി രൂപ വകയിരുത്തി.
ആർദ്രം മിഷൻ രണ്ടാം ഘട്ടം സുസ്ഥിരമാക്കുന്നതിനായി 70.92 കോടി വകയിരുത്തി. മെഡിക്കൽ കോളജ് ആശുപത്രികളിലെ ആശുപത്രി മാലിന്യ സംസ്കരണത്തിനായി 22 കോടി രൂപ നീക്കിവച്ചു. ഇതിനു പുറമെ ആരോഗ്യ സേവന വകുപ്പിന് 3.10 കോടി രൂപയും വകയിരുത്തി.
ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽ, പാരാമെഡിക്കൽ കോളേജ് ഹോസ്റ്റലുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി 10 കോടി രൂപ വകയിരുത്തി. ഡിഎച്ച്എസിന് കീഴിലുള്ള ആശുപത്രികളിൽ കാത്ത് ലാബും ഐസിയുവും സ്ഥാപിക്കുന്നതിന് ഏഴ് കോടി രൂപ.
ഗോത്ര-തീരദേശ-ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആശുപത്രികളുടെയും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെയും സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 13 കോടി രൂപ. ഡിഎംഇയുടെ കീഴിലുള്ള മെഡിക്കൽ കോളജുകൾക്കായി 259.93 കോടി രൂപയും നീക്കിവച്ചതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Health
കുട്ടികളെ ആദ്യമായി ദന്ത ഡോക്ടറെ കാണിക്കേണ്ടത് ആദ്യപല്ലു വരുമ്പോൾ അല്ലെങ്കിൽ ഒരു വയസിനു മുമ്പായി. പല്ലുകൾ വരുന്നതിനു മുന്‍പായി രോഗാണുവിമുക്തമായ ഒരു തുണി ഉപയോഗിച്ച് കുട്ടിയുടെ മോണ വ്യത്തിയാക്കണം.
രാത്രിയിൽ പാൽ കുടിച്ചാൽ
രാത്രിയിൽ പാൽ കൊടുത്ത് ഉറക്കുന്നത് പല്ലുകൾക്കും മോണയ്ക്കും ദോഷമുണ്ടാക്കും. ഇത്തരത്തിൽ പാലു കൊടുക്കേണ്ടതായി വന്നാൽ രോഗാണുവിമുക്തമായ തുണി ഉപയോഗിച്ച് കുട്ടിയുടെ മോണയും പല്ലുകളും വൃത്തിയാക്കണം.
ടൂത്ത് പേസ്റ്റ് എപ്പോൾ?
കുഞ്ഞ് തുപ്പാൻ തുടങ്ങുമ്പോൾ തൊട്ട് ടൂത്ത്പേസ്റ്റ് ഉപയോഗിക്കാം. മൂന്നു വയസിൽ താഴെയുള്ള കുട്ടികൾക്ക് പേസ്റ്റിന്റെ ഒരു മയം മതിയാവും. ഒരു പയർമണി വലിപ്പത്തിൽ പേസ്റ്റ് മൂന്ന് വയസിന് ശേഷം ഉപയോഗിപ്പിക്കാം.
ബ്രഷിംഗ് എപ്പോൾ?
ശരിയായ രീതിയിൽ ദിവസത്തിൽ രണ്ടുനേരം ബ്രഷ് ചെയ്യിപ്പിക്കാൻ ചെറുപ്പം മുതലേ ശീലിപ്പിക്കുക. ചെറുതും വലുതുമായി എന്ത് കഴിച്ചാലും കഴുകാൻ പരിശീലിപ്പിക്കുക. മാതാപിതാക്കൾ കുട്ടിയെ മടിയിലിരുത്തി ഒരു കണ്ണാടിക്ക് അഭിമുഖമായി ബ്രഷ് ചെയ്യാൻ പഠിപ്പിക്കണം.
ദൈർഘ്യം മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ ആകാം. ആറു വയസു മുതൽ ഫ്ലോസ്റ്റിംഗും പഠിപ്പിക്കണം.
പോട് ഒഴിവാക്കാൻ
പല്ലുകളിൽ പോട് ഉണ്ടാകാതിരിക്കുവാൻ പിറ്റ് & ഫിഷർ സീലാൻഡ് ചികിൽസയും ഫ്ലൂറൈഡ് ആപ്ലിക്കേഷനും നടത്തേണ്ടതാണ്.
ആറു മാസത്തിലൊരിക്കൽ
സമയോചിതമായ നിർദ്ദേശങ്ങൾക്ക് ആറുമാസത്തിലൊരിക്കൽ ദന്തഡോക്ടറെ കാണണം. കുട്ടികൾക്ക് മറ്റെന്തെങ്കിലും അസുഖങ്ങളോ ഏതെങ്കിലും മരുന്നുകളോ കഴിക്കുന്നുണ്ടെങ്കിൽ അത് ഡോക്ടറെ അറിയിക്കണം.
ചില ശീലങ്ങൾ തുടർന്നാൽ
നിലനിൽക്കുന്ന ശീലങ്ങൾ ആയിട്ടുള്ള വായ തുറന്നു ഉറക്കം, വിരൽ കുടി, ചുണ്ട് കടി, നാക്ക് തള്ളൽ ഇവയ്ക്ക് സമയത്ത് പരിഹാരം കാണണം.
അലർജിയുണ്ടെങ്കിൽ
ഏതെങ്കിലും തരത്തിലുള്ള ദന്ത ചികിത്സ നടത്തുന്നതിന് മുമ്പ് മരുന്നുകൾക്ക് അലർജിയോ ഇഞ്ചക്ഷൻ അലർജിയോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഡോക്ടറോട് പറയേണ്ടതാണ്.
ഭയപ്പെടുത്തരുത്
വളരെ വൈദഗ്ധ്യമുള്ള ഡോക്ടർമാർ പരിശോധിച്ച് ചികിത്സ നടത്തി കുട്ടികളുടെ ദന്ത ചികിത്സാ ഭീതി മാറ്റിയെടുത്താണ് ചികിത്സ നടത്തുന്നത്. ഇത് തുടർന്നുള്ള ചികിത്സയ്ക്കും പ്രയോജനം ചെയ്യും.
കുട്ടികൾ ഏതെങ്കിലും തരത്തിൽ വീട്ടിൽ വഴക്കുകൾ ഉണ്ടാക്കുന്ന സമയത്ത് ഡോക്ടറുടെ അടുത്തു കൊണ്ടു പോയി കുത്തിവയ്പ്പിക്കും എന്നു പറഞ്ഞ് ഭയപ്പെടുത്തരുത്.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല 9447219903
Health
സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പുവരുത്തണം.
ജലനഷ്ടം കാരണം നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ചൂടുമൂലമുള്ള ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്.
താപനിയന്ത്രണം തകരാറിലായാൽ...
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും.
നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെയും ഉണ്ടാകുകയും ചെയ്യുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം.
ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളംതെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണംവരെ സംഭവിച്ചേക്കാം.
ഇതൊക്കെ ശ്രദ്ധിക്കാം
* തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാവേളയില്‍ വെള്ളം കരുതുന്നത് നല്ലത്.
* കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തുക.
കുടിവെള്ളത്തിന്റെ ശുദ്ധിയും ഉറപ്പുവരുത്തുക.
* വീട്ടിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും ഭക്ഷണപാനീയങ്ങൾ തയാറാക്കാൻ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തുക.
* നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
* കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
* 11 മുതല്‍ മൂന്ന് വരെയുള്ള സമയം നേരിട്ടുള്ള വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
* പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
* കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
* വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
* ചൂട് പുറത്തു പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടുക.
* ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാല്‍ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
* വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.
* ഫാന്‍, എസി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
* പഴങ്ങളും സാലഡുകളും കഴിക്കുക.
* ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന് വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുക.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം ആൻഡ് സംസ്ഥാന ആരോഗ്യ വകുപ്പ്.
Health
ഏകദേശം പതിനഞ്ച് കോടി ജനങ്ങളാണ് ഇന്ത്യയിൽ കാൽമുട്ടുകളിൽ നീർക്കെട്ടും വേദനയും അതോടനുബന്ധിച്ചുള്ള ദുരിതങ്ങളും അനുഭവിക്കുന്നത്.
ദിനചര്യകൾ ചെയ്യാൻപോലും ബുദ്ധിമുട്ടും അംഗവൈകല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ നാലാം സ്ഥാനത്താണ് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന പേരിൽ അറിയപ്പെടുന്ന സന്ധിവാതരോഗത്തിന്റെ ഭാഗംകൂടിയായ കാൽമുട്ടുവേദന.
വില്ലൻ അമിതഭാരമോ?
കാൽമുട്ടുകളുടെ പ്രവർത്തനം കൂടുതലാകുന്നത് ഈ രോഗം വരുന്നതിന് ഒരു പ്രധാന കാരണമാണ്. കൂടുതൽ സമയം കാൽമുട്ടിൽ അമിതമായ അധ്വാനഭാരം ചെലുത്തുന്ന സ്വഭാവമാണ് മറ്റൊന്ന്. കൂടുതൽ സമയം കുത്തിയിരിക്കുന്നതും ചമ്രംപടിഞ്ഞിരിക്കുന്നതും കാൽമുട്ടുകളിൽ കൂടുതൽ അധ്വാനഭാരം വരുത്തുന്ന പ്രവർത്തനങ്ങളാണ്.
ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, പൊണ്ണത്തടി, കാൽമുട്ടിലേൽക്കുന്ന പരിക്കുകൾ, അസ്ഥികളിൽ കാത്സ്യത്തിന്റെ ശേഖരത്തിലുണ്ടാകുന്ന കുറവ് (പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ) എന്നിവയാണ് കാരണങ്ങൾ.
പ്രായം കൂടുന്നതിന്റെ ഭാഗമായി അസ്ഥിസന്ധികളുടെ ധർമങ്ങൾ ക്ഷയിച്ചുകൊണ്ടിരിക്കുന്നത് വേറൊരു പ്രധാന കാരണമാണ്.
ആർത്തവവിരാമം പ്രശ്നമാകുമോ?
ശരിയായ രീതിയിലുള്ള രോഗനിർണയവും ബോധവത്കരണവും മൂലം രോഗവ്യാപനം തടയാനാവും. ഈ പ്രശ്നം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്.
ആർത്തവവിരാമശേഷം അസ്ഥികളിലെ കാത്സ്യം ശേഖരത്തിൽ കാര്യമായ കുറവ് സംഭവിക്കുന്നതാണ് ഇതിനു കാരണം. ഗർഭാശയം നേരത്തേ നീക്കം ചെയ്യുന്നവരിൽ ഇതിന്റെ ഗൗരവം കൂടുതലാകാവുന്നതാണ്.
സ്വയംചികിത്സ അപകടമോ?
കാൽമുട്ടുകളിൽ വേദന ആരംഭിക്കുന്ന അവസരത്തിൽ കൂടുതൽ പേരും അതു വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാറില്ല. മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുവാങ്ങി കഴിച്ചും തൈലമോ ഓയിന്റ്മെന്റോ പുരട്ടിയും പലരും താത്കാലികാശ്വാസം കണ്ടെത്തുകയാണു ചെയ്യാറുള്ളത്.
എന്നാൽ, അതോടൊപ്പം രോഗം മുന്നോട്ടുസഞ്ചരിക്കുന്നുണ്ടാവും. അക്കാര്യം ഇവരൊന്നും അറിയുകയില്ല. അവസാനം വെറുതെ ഇരിക്കുമ്പോൾപോലും വേദന ബുദ്ധിമുട്ടിക്കുമ്പോഴാവും പലരും ഡോക്ടറെ കാണണോ എന്നുപോലും ചിന്തിക്കാറുള്ളത്.
പടികൾ കയറാനും കൂടുതൽ സമയം നിൽക്കാനും പ്രയാസം നേരിടുന്ന അവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് പലരും ഇപ്പോഴും ഡോക്ടർമാരെ കാണാറുള്ളത്.
പരിഹാരമെന്ത്?
അമിത ശരീരഭാരവും പൊണ്ണത്തടിയും ഉണ്ടെങ്കിൽ കുറയ്ക്കുക എന്നതാണ് ചികിത്സയുടെ ഏറ്റവും പ്രധാന ഭാഗം. കുത്തിയിരിക്കുന്ന ശീലം പൂർണമായി ഒഴിവാക്കണം.
കയറ്റം കയറുക, ഓടുക, ഇറക്കം ഇറങ്ങുക, പടികൾ കയറുക, ചമ്രംപടിഞ്ഞിരിക്കുക എന്നിവ പ്രശ്നം സങ്കീർണമാക്കുമെന്ന് രോഗികൾ അറിഞ്ഞിരിക്കണം.
ഡോക്ടർ നിർദേശിക്കുന്ന വ്യായാമങ്ങൾ കൃത്യമായി ചെയ്യണം. ആർത്തവവിരാമശേഷം സ്ത്രീകളിൽ അസ്ഥികളിലെ കാത്സ്യം ശേഖരം കുറയുന്നതിന് കാരണമാകുന്നത് ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അഭാവമാണ്. മരുന്നുകൾ ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രമേ ആകാവൂ.
ഡോക്ടറുടെ നിർദേശങ്ങൾ രോഗികൾ അനുസരിക്കാൻ തയാറാവുകയാണെങ്കിൽ വളരെ ലളിതമായ ചികിത്സയിലൂടെ കാൽമുട്ടിലെ വേദനയും പ്രശ്നങ്ങളും വളരെ ചെറിയ കാലയളവിനകം പൂർണമായും സുഖമാക്കാനാവും.
ആശുപത്രിയിൽ കിടക്കേണ്ടിവരികയുമില്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം.പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393.
District News
മലപ്പുറം: ജില്ലയിലെ എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ പദ്ധതികളും വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതല എയ്ഡ്സ് നിയന്ത്രണ പ്രതിരോധ സമിതി അവലോകനയോഗം ചേർന്നു.
ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹന്റെ അധ്യക്ഷതയിൽ അസിസ്റ്റന്റ് കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലയിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി. സംയോജിത ആരോഗ്യ കാന്പയിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി യോഗം ചർച്ച ചെയ്തു.
എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി സംയോജിത ആരോഗ്യ കാന്പയിനുകൾ ജില്ലയിൽ സംഘടിപ്പിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായുള്ള "പ്രോഗ്രാമാറ്റിക് മാപ്പിംഗ്’, ജനസംഖ്യാ കണക്കെടുപ്പ് എന്നിവയുടെ റിപ്പോർട്ടുകൾ കമ്യൂണിറ്റി അഡ്വൈസറി ബോർഡ് യോഗം എന്നിവ വിലയിരുത്തി.
എച്ച്ഐവി/എയ്ഡ്സ് ആക്ട് 2017 സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾക്കായി ബോധവത്കരണം സംഘടിപ്പിക്കാനും എൻഎസ്എസ് വിദ്യാർഥികൾക്കായുള്ള "ഉണർവ്’ കാന്പയിൻ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. ജില്ലാ എച്ച്ഐവി പോസിറ്റീവ് നെറ്റ് വർക്കും ടിഐ പ്രോജക്ടുകളും നേരിടുന്ന ചികിത്സാ സംബന്ധമായ ബുദ്ധിമുട്ടുകൾ, ഫണ്ട് ലഭ്യത തുടങ്ങിയ പരാതികൾ ചർച്ച ചെയ്തു. ഇവ പരിഹരിക്കാൻ ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം മെച്ചപ്പെടുത്താനും തീരുമാനമായി.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. ജയന്തി, ജില്ലാ എയ്ഡ്സ് കണ്ട്രോൾ ഓഫീസർ ഡോ. നൂനമർജ, ദിശ ക്ലസ്റ്റർ പ്രോഗ്രാം മാനേജർ എസ്. സുനിൽകുമാർ, ദിശ ക്ലിനിക്കൽ സർവീസ് ഓഫീസർ സപ്ന രാജ്, ജില്ലാ പഞ്ചായത്ത് പ്രതിനിധി, സമിതിയിലെ വിവിധ അംഗങ്ങൾ, വിവിധ വകുപ്പുകളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Health
ഹൃദയാരോഗ്യം-1
സന്തോഷം കണ്ടെത്താം,ഹൃദയത്തിനു കാവലാകാം
വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ വൺ നിശബ്ദ കൊലയാളിയായി ഹൃദ്രോഗം തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെയും തടയാനാകും എന്നതാണു വസ്തുത. പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്താൽ നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാം.
ആരോഗ്യകരമായ ജീവിതശൈലി
ആരോഗ്യകരമായ ജീവിതശൈലി എന്നാല്‍ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണ രീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം തുടങ്ങിയവ സ്വീകരിക്കുക എന്നതാണ്.
ആരോഗ്യകരമായ ഭക്ഷണരീതി
പച്ചക്കറി, പഴങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുക.
ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
പൂരിത കൊഴുപ്പ് കുറയ്ക്കുക, കൃത്രിമ കൊഴുപ്പ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
വ്യായാമം
ജീവിതം ചലനാത്മകമാവട്ടെ... ഒറ്റയ്ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ആയിക്കോട്ടെ - ഓട്ടമോ, നടത്തമോ, കളികളോ ആവാം. അവനവനായി സമയം കണ്ടെത്തുക. മനസിന് സന്തോഷം തരുന്ന കാര്യത്തില്‍ ദിവസത്തില്‍ കുറച്ചു സമയമെങ്കിലും ഏര്‍പ്പെടുക. മാനസിക സമ്മര്‍ദം കുറയട്ടെ.
വിവരങ്ങൾ: ഡോ. രാജലക്ഷ്മി എസ്.
MD DM FACC FESC FICC
സീനിയർ കൺസൾട്ടന്റ്, കാർഡിയോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
District News
പാലക്കാട്: ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകി പുതുവർഷത്തിൽ സംസ്ഥാനത്തൊട്ടാകെ ആരോഗ്യം ആനന്ദം വൈബ് 4 വെൽനസ് കാന്പയിൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള പ്രീലോഞ്ച് ആക്റ്റിവിറ്റീസിന് ജില്ലയിൽ തുടക്കം കുറിച്ചു.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ രവി മീണ നിർവഹിച്ചു.
വിളംബരറാലി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീഷ്് ഫ്ളാഗ് ഓഫ് ചെയ്തു. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ.പി.റീത്ത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.വി. റോഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ മാരായ ഡോ.കെ.പി. അഹമ്മദ് അഫ്സൽ, ഡോ.കാവ്യ കരുണാകരൻ, ജില്ലാ എഡ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ എസ്. സയൻ, ഫോർട്ട് വാക്കേഴ്സ് ക്ലബ് വൈസ് പ്രസിഡന്റ് എം. ചെന്താമരാക്ഷൻ എന്നിവർ പ്രസംഗിച്ചു.
നാഷണൽ ആയുഷ് മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന യോഗ ക്ലബുകളുടെ നേതൃത്വത്തിൽ യോഗ അവതരണം, പാലക്കാട് ഫസീസ് ഫിറ്റ്നസ് വേൾഡ് കോച്ച് ഫസിയുടെ നേതൃത്വത്തിൽ സൂംബ അവതരണം, ജില്ലയിലെ മേജർ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ഡയറ്റീഷ്യ·ാരുടെ നേതൃത്വത്തിൽ പോഷകാഹാര പ്രദർശനം, ഓലശേരി നാട്ടരങ്ങ് സംഘം അവതരിപ്പിച്ച പൊറാട്ട് നാടകം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസിലെയും ദേശീയ ആരോഗ്യദൗത്യം ഓഫീസിലേയും പ്രോഗ്രാം ഓഫീസർമാർ, ഫോർട്ട് വാക്കേഴ്സ് ക്ലബ് അംഗങ്ങൾ, എസ്പിആർടിസി ട്രെയിനിംഗ്
വിദ്യാർഥികൾ, വിവിധ ഹെൽത്ത് ബ്ലോക്കുകളിലെ ആരോഗ്യ പ്രവർത്തകർ, ശാ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
District News
കാസർഗോഡ്: പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനുള്ള സന്ദേശവുമായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ആരോഗ്യം ആനന്ദം - വൈബ് ഫോർ വെല്‍നെസ് ക്യാമ്പയിന്റെ വിളംബര ജാഥ നാളെ മഞ്ചേശ്വരത്തു നിന്നാരംഭിക്കും. ആരോഗ്യകരമായ ഭക്ഷണം, പ്രായത്തിനനുസരിച്ച വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ ഘടകങ്ങൾ ഉള്‍പ്പെടുത്തിയാണ് സമഗ്ര ബോധവത്കരണ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. ജാഥ ജനുവരി ഒന്നിന് തിരുവനന്തപുരത്ത് എത്തിച്ചേരും.
രാവിലെ 8.30ന് മഞ്ചേശ്വരം ഹൊസങ്കടിയില്‍ നടക്കുന്ന പരിപാടി എ.കെ.എം. അഷ്റഫ് എംഎല്‍എയും രാവിലെ 10 ന് കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന പരിപാടി എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എയും ഉദ്ഘാടനം ചെയ്യും. കളക്ടര്‍ കെ. ഇമ്പശേഖര്‍, സിനിമാതാരം ഉണ്ണിരാജ എന്നിവർ പങ്കെടുക്കും. വൈകുന്നേരം നാലിന് ബേക്കല്‍ ബീച്ചില്‍ നടക്കുന്ന പരിപാടി സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും.
5.30 ന് കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30 ന് ഉദിനൂരില് നടക്കുന്ന കോലായക്കൂട്ടം പരിപാടിയുടെ ഉദ്ഘാടനം എം. രാജഗോപാലന്‍ എംഎല്‍എ നിര്‍വഹിക്കും. സിനിമാ താരം പി.പി. കുഞ്ഞികൃഷ്ണന് വിശിഷ്ടാതിഥിയാകും.
വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗാതുരത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികള്‍, സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍ തുടങ്ങി വിവിധ വിഭാഗം ജനങ്ങളെയും ഫുഡ് വ്ളോഗര്‍മാര്‍, ഭക്ഷ്യ ഉത്പന്ന നിര്‍മാണ-വിതരണക്കാര്‍, ഹോട്ടലുകള്‍, ഫിറ്റ്നസ് ക്ലബുകള്‍, മറ്റ് കലാകായിക ക്ലബുകള്‍ എന്നി വിഭാഗങ്ങളെയും ബോധവത്കരണ പരിപാടികളിൽ പങ്കാളികളാക്കും. പരിപാടിയുടെ ഭാഗമായി സൈക്കിള്‍ റാലി, കൂട്ടയോട്ടം, വ്യായാമ- യോഗ പ്രദര്‍ശനം, ഫ്ളാഷ് മോബ്, കോല്‍ക്കളി, ദഫ്മുട്ട്, മംഗലംകളി, പൂരക്കളി, കളരിപ്പയറ്റ്, ഹെല്‍ത്ത് ടോക്ക് എന്നിവയും സംഘടിപ്പിക്കും.
Health
കറികളിലും മരുന്നുകളിലും ഇവകളിൽ അല്ലാതെയും വെളുത്തുള്ളി തലമുറകളായി ഉപയോഗിച്ചുവരുന്നു. വെളുത്തുള്ളിയെക്കുറിച്ച് ആയുർവേദത്തിൽ നല്ല വിവരണങ്ങളുണ്ട്.
തേളോ അതുപോലുള്ള മറ്റ് ജീവികളോ കീടങ്ങളോ കടിച്ചാൽ കടിച്ച സ്ഥലത്ത് വെളുത്തുള്ളിനീരു തേച്ചുപിടിപ്പിക്കുന്ന ശീലം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.
വേദന കുറയുന്നതിനും വിഷം നിർവീര്യമാക്കുന്നതിനും വെളുത്തുള്ളിക്കു കഴിവുള്ളതായി നമ്മുടെ പൂർവികർ വിശ്വസിച്ചിരുന്നു.
ജലദോഷം കുറയും
അർശസ്, ജലദോഷം, അപസ്മാരം എന്നീ രോഗങ്ങൾ അനുഭവിക്കുന്നവരിൽ വെളുത്തുള്ളി നല്ല ഫലം ചെയ്യും എന്നു ചില വിവരണങ്ങളിൽ പറയുന്നുണ്ട്.
പ്രമേഹ പ്രതിരോധം
ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പുശേഖരം കുറയ്ക്കാൻ വെളുത്തുള്ളിക്കു കഴിവുണ്ട്. ശരീരത്തിൽ അമിതമായി ശേഖരിച്ചുവയ്ക്കുന്ന കൊഴുപ്പാണു പ്രമേഹം ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമായി വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും പുതിയ അറിവുകളിൽ പറയുന്നത്.
അതുപ്രകാരം പ്രമേഹം ഉണ്ടാകുന്നതു പ്രതിരോധിക്കാനും വെളുത്തുള്ളിക്കു കഴിയണം.
ഫംഗസിനെതിരേ
വെളുത്തുള്ളിയിൽ നിരവധി രാസയൗഗികങ്ങൾ അടങ്ങിയിരിക്കുന്നു. ബാക്ടീരിയ, ഫംഗസ് എന്നീ രോഗാണുക്കൾ, കുടലിലെ വിരകൾ, കൃമികൾ എന്നിവയുടെ ശല്യം ഇല്ലാതാക്കാനും വെളുത്തുള്ളിക്കു കഴിയും.
വെളുത്തുള്ളി വായിലിട്ടു ചവയ്ക്കുമ്പോൾ അതിന്റെ നീരിലുള്ള ഫൈറ്റോൺസൈഡ്സ് എന്ന ഔഷധവീര്യമുള്ള രാസഘടകം പുറത്ത് എത്തുകയും വായ്ക്കകത്തെ രോഗാണുക്കളുടെ വളർച്ച തടയുകയും ചെയ്യുന്നു. ഫംഗസ് വളർച്ചയും തടയും.
ഹൃദയസംരക്ഷണം
വയറിനകത്തും കുടലിലും ഉണ്ടാകുന്ന അണുബാധകൾ, സന്ധിവാത രോഗങ്ങൾ, വിശപ്പില്ലായ്മ, ദഹനക്ഷയം, ഹൃദ്രോഗങ്ങൾ, വൃക്കയിലെ കല്ല് എന്നീ പ്രശ്നങ്ങളിലെല്ലാം വെളുത്തുള്ളി ഔഷധമായി ഉപയോഗിക്കാവുന്നതാണ്.
നാട്ടറിവുകളിൽ...
വയറ്റുവേദനയും വയറുവീർപ്പും ഉണ്ടാകുമ്പോൾ വെളുത്തുള്ളിയും ഇന്തുപ്പും കൂടി ചവച്ചിറക്കിയാൽ ആശ്വാസം കിട്ടുമെന്നു നാട്ടറിവുണ്ട്. പൊണ്ണത്തടി കുറയ്ക്കാൻ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചതച്ച് അൽപം പാലിൽ ചേർത്തു കഴിക്കുന്നതു ഫലപ്രദം.
കഫക്കെട്ടിനും ചുമയ്ക്കും വെളുത്തുള്ളി പരിഹാരമാണ്. കാൽ ടീസ്പൂൺ വെളുത്തുള്ളിനീര് രണ്ട് ടേബിൾ സ്പൂൺ പാലിൽ ചേർത്തു കഴിക്കാനാണു നിർദേശം.
ചെവിവേദന ഉണ്ടാകുമ്പോൾ രണ്ടുതുള്ളി വെളുത്തുള്ളിനീര് ചെവിയിൽ ഒഴിച്ചാൽ വേദന കുറയും. വെളുത്തുള്ളി ഔഷധമായി ഉപയോഗിക്കുന്നതു ഡോക്ടറുടെ ഉപദേശം അനുസരിച്ചായിരിക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393
Health
ഓട്സ് ദോശ ഔഷകഗുണങ്ങളേറെയുള്ള ഓട്സ് പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമം. ഓട്സ് പോഷകപ്രദവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമായി വിദഗ്ധര്‍ പറയുന്നു.
പ്രാതലില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നത് ദിവസം മുഴുവന്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തുകയും ചെയ്യുന്നു. ഓട്സില്‍ ബീറ്റാ ഗ്ലൂക്കന് അടങ്ങിയിട്ടുണ്ട്.
പ്രഭാത ഭക്ഷണത്തിനു ദിവസവും ഓട്സ് കഴിക്കുമ്പോള്‍ ശരീരഭാരം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവയുടെ അളവ് ഗണ്യമായി കുറയ്ക്കുന്നു.
നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ഓട്സ് വിവിധ രൂപത്തില്‍ ഉള്‍പ്പെടുത്താം. ഓട്സ് കൊണ്ട് ഇനി മുതല്‍ ദോശ തയാറാക്കിയാലോ. വളരെ കുറച്ചു ചേരുവകള്‍കൊണ്ട് രുചികരമായ ഓട്സ് ദോശ എളുപ്പം തയാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ഓട്സ് - 1 കപ്പ്
വെള്ളം - 1 കപ്പ്
തക്കാളി - 1 എണ്ണം (ചെറുതായി അരിഞ്ഞത്)
സവാള - 1/2 ടീ സ്പൂണ്‍
മുളകു പൊടി - 1/2 ടീ സ്പൂണ്‍
ജീരകം - 1/2 ടീ സ്പൂണ്‍
ഉപ്പ് - മല്ലിയില - ആവശ്യത്തിന്
എങ്ങനെ തയാറാക്കാം
ആദ്യം ഓട്സ് 30 മിനിറ്റ് നേരം വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടുക. ശേഷം കുതിര്‍ത്ത ഓട്സ്, തക്കാളി, സവാള, ജീരകം, മുളകു പൊടി, ഉപ്പ് എന്നിവ ഒരുമിച്ച് ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക.
ശേഷം ദോശ കല്ലില്‍ പരത്തി ഉണ്ടാക്കി എടുക്കുക. ഓട്സ് ദോശ തയാര്‍.
Health
വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ വൺ നിശബ്ദ കൊലയാളിയായി ഹൃദ്രോഗം തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെയും തടയാനാകും എന്നതാണു വസ്തുത.
പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്താൽ നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാം.
ആരോഗ്യകരമായ ജീവിതശൈലി എന്നാല്‍ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണ രീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം തുടങ്ങിയവ സ്വീകരിക്കുക എന്നതാണ്.
ആരോഗ്യകരമായ ഭക്ഷണരീതി
വ്യായാമം
ജീവിതം ചലനാത്മകമാവട്ടെ.. ഒറ്റയ്ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ആയിക്കോട്ടെ - ഓട്ടമോ, നടത്തമോ, കളികളോ ആവാം. അവനവനായി സമയം കണ്ടെത്തുക. മനസിന് സന്തോഷം തരുന്ന കാര്യത്തില്‍ ദിവസത്തില്‍ കുറച്ചു സമയമെങ്കിലും ഏര്‍പ്പെടുക. മാനസിക സമ്മര്‍ദം കുറയട്ടെ.
ഐടി മേഖലയില്‍ വാശിയോടെ മത്സരിച്ച് ജോലി ചെയ്യുന്നവര്‍ കുത്തിയിരുന്ന് രോഗം വിലയ്ക്കു വാങ്ങുന്ന സ്ഥിതിയാണ്. ജിം, സൂംബ ഡാന്‍സ്, വ്യായാമം ചെയ്യാനുള്ള സൗകര്യം എന്നിവ പല തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.
ജീവിതശൈലീരോഗങ്ങള്‍ കടന്നുവരുന്ന പ്രായം ഗണ്യമായി കുറഞ്ഞു വരികയാണ്. ഹൃദ്രോഗ കാരണങ്ങളായ പ്രമേഹം, അമിത രക്തസമ്മര്‍ദം, അമിത കൊളസ്ട്രോള്‍ എന്നിവ ആഹാരക്രമം, വ്യായാമം, ഡോക്ടറുടെ നിര്‍ദേശാനുസരണമുള്ള മരുന്നുകള്‍ എന്നിവയിലൂടെ നിയന്ത്രിക്കുക.
നെഞ്ചുവേദന അനുഭവപ്പെട്ടാൽ...
നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ സംശയം തീര്‍ക്കാന്‍ നിര്‍ദേശപ്രകാരം പരിശോധനകള്‍ക്ക് വിധേയമാവുക - ഇസിജി, ട്രോപോനിന്‍ ടെസ്റ്റ് എന്നിവ ആദ്യഘട്ടത്തിലും ആവശ്യമെങ്കില്‍ ട്രെഡ്മില് ടെസ്റ്റ്, എക്കോ കാര്‍ഡിയോഗ്രാഫി, ആന്‍ജിയോഗ്രാം മുതലായ പരിശോധനകളിലൂടെയും രോഗം കണ്ടുപിടിക്കാനാവും.
രോഗമുള്ളവര്‍ക്ക് ചികിത്സാ സംവിധാനങ്ങളെല്ലാം സര്‍വസാധാരണമായി ലഭ്യമാണ്. മരുന്നുകള്‍ കൂടാതെ ചിലര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി, ബൈപാസ് സര്‍ജറി എന്നിവയും ആവശ്യമായി വന്നേക്കാം.
ഇതു കൂടാതെ അതിനൂതനമായ ചില ചികിത്സാ രീതികള്‍ - അതായത് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവയ്ക്കുന്നത് (TAVI), മുറിവില്ലാതെ പേസ്മേക്കര്‍ വയ്ക്കുന്നത് (Leadless pacemaker) തുടങ്ങിയവ വരെ ഇപ്പോള്‍ ലഭ്യമാണ്.
എന്നിരുന്നാലും അസുഖം വരാതെയുള്ള ഹൃദയസംരക്ഷണം തന്നെയാണ് ഏറ്റവും ഉചിതം.
വിവരങ്ങൾ: ഡോ. രാജലക്ഷ്മി എസ്.
MD DM FACC FESC FICC
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണാൻ വൈകരുത്. ചികിത്സ വൈകിയാൽ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കു വഴിവച്ചേക്കാം.
ശാരീരത്തിനേറ്റ പരിക്കുകള്‍, അണുബാധകള്‍, വീക്കം, ആരോഗ്യപരമായ അവസ്ഥകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ഘടകങ്ങള്‍ വൃഷണ വേദനയ്ക്കു കാരണമാകാം.
വൃഷണങ്ങള്‍ക്കു നേരിട്ടുള്ള പരിക്കുകള്‍ ഉടനടി വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും.
നേരിട്ടുള്ള പ്രഹരം, സ്പോര്‍ട്സുമായി ബന്ധപ്പെട്ട അപകടങ്ങള്‍, അല്ലെങ്കില്‍ ഗ്രോയിന്‍ ഏരിയ ഉള്‍പ്പെടുന്ന അപകടങ്ങള്‍ എന്നിവ പോലെ വൃഷണങ്ങള്‍ക്കുണ്ടാകുന്ന ആഘാതം അല്ലെങ്കില്‍ പരിക്കുകള്‍ വൃഷണ വേദനയിലേക്കു നയിച്ചേക്കാം.
വൃഷ്ണങ്ങൾക്കു വേദന അനുഭവപ്പെട്ടാൽ നിസാരമായി കാണരുത്. ഉടൻതന്നെ ഡോക്ടറെ ഉപദേശം തേടണം.
അണുബാധകള്‍
എപ്പിഡിഡൈമിറ്റിസ് അല്ലെങ്കില്‍ ഓര്‍ക്കിറ്റിസ് പോലെയുള്ള വൃഷണങ്ങളിലോ ചുറ്റുമുള്ള ഘടനകളിലോ ഉണ്ടാകുന്ന അണുബാധകള്‍ കടുത്ത അസ്വാസ്ഥ്യവും വേദനയും സൃഷ്ടിക്കും.
വൃഷണത്തിലേക്കുള്ള രക്തവിതരണം തടസപ്പെടുന്ന, ബീജകോശം വളയുന്ന ഒരു മെഡിക്കല്‍ എമര്ജന്സിയാണിത്. ടെസ്റ്റിക്യുലാര്‍ ടോര്‍ഷന്‍ കഠിനവും പെട്ടെന്നുള്ളതുമായ വേദനയ്ക്കു കാരണമാകുന്നു.
ചിലപ്പോള്‍, വൃക്കയിലെ കല്ലുകള്‍ വൃഷണ മേഖലയിലേക്കു പ്രസരിക്കുന്ന വേദനയിലേക്കു നയിച്ചേക്കാം, ഇത് അസ്വസ്ഥത ഉണ്ടാക്കുന്നു. വൃഷണത്തിനു പിന്നിലെ ചുരുണ്ട കുഴലായ എപ്പിഡിഡൈമിസിലെ സിസ്റ്റുകള്‍ വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും.
വൃഷണത്തിനു ചുറ്റും ദ്രാവകം അടിഞ്ഞുകൂടുന്നത് വൃഷണസഞ്ചി വീര്‍ക്കുന്നതിനും വേദനാജനകമായതിനും കാരണമാകും. ഹെര്‍ണിയ വൃഷണ വേദനയ്ക്കു കാരണമായേക്കാം, പ്രത്യേകിച്ച് ഹെര്‍ണിയ വൃഷണസഞ്ചിയിലേക്കു നീണ്ടുനില്‍ക്കുമ്പോള്‍.
ലൈംഗികമായി പകരുന്ന അണുബാധകള്‍-ഗൊണോറിയ അല്ലെങ്കില്‍ ക്ലമീഡിയ പോലുള്ളവ ചികിത്സിച്ചില്ലങ്കില്‍ വൃഷണ വേദനയ്ക്കു കാരണമാകും.
ഒരേസമയം രണ്ട് വൃഷണങ്ങളെയും ബാധിക്കാം.
എളുപ്പത്തിൽ കണ്ടുപിടിക്കാം
നിലവിലുള്ള അസുഖങ്ങള്‍, പരിക്കുകളുടെ ചരിത്രം, ലക്ഷണങ്ങള്‍ എന്നിവയെക്കുറിച്ചു ഡോക്ടര്‍ ചോദിക്കും. വൃഷണസഞ്ചി, വൃഷണം, ഉദരം എന്നിവയുടെ സൂക്ഷ്മപരിശോധന, വീക്കം, ആര്‍ദ്രത, അല്ലെങ്കില്‍ അസാധാരണതകള്‍ എന്നിവ വിലയിരുത്തുന്നു.
അള്‍ട്രാസൗണ്ട് ഇമേജിംഗ് സാധാരണയായി വൃഷണങ്ങളും ചുറ്റുമുള്ള ഘടനകളും ദൃശ്യവത്കരിക്കാന്‍ ഉപയോഗിക്കുന്നു, ഇത് അണുബാധകള്‍, ഹെര്ണിയകള് അല്ലെങ്കില്‍ വൃഷണങ്ങളുടെ ടോര്‍ഷന്‍ പോലുള്ള പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു.
അണുബാധയുടെയോ വീക്കത്തിന്റെയോ ലക്ഷണങ്ങള്‍ പരിശോധിക്കാന്‍ മൂത്രപരിശോധന നടത്താം. മറ്റ് അടിസ്ഥാന പരിശോധനകള്‍ക്കൊപ്പം രക്തപരിശോധനയും നടത്താം.
Health
ചുരക്കയെ അറിയൂ... ഔഷധഗുണമുള്ള പച്ചക്കറി പ്രമേഹത്തിനും ആർത്തവപ്രശ്നങ്ങൾക്കും ഉത്തമം. ചുരക്കയോട് മലയാളികൾക്കു പൊതുവേ ഇഷ്ടക്കുറവുണ്ട്. ചൂടുകാലത്ത് കഴിക്കണ്ട പച്ചക്കറിയാണ് ചുരക്ക.
സവാളയും കടല പരിപ്പും പച്ചമുളകും അൽപ്പം മഞ്ഞൾപ്പൊടിയും ചുരക്കയും ഒരുമിച്ചു വറ്റിച്ചെടുക്കുന്ന ചുരക്കക്കറി വടക്കേ ഇന്ത്യയിൽ പ്രിയമേറിയ ഡിഷ് ആണ്. നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ, ചെരവക്കായ എന്നൊക്കെ പ്രാദേശികമായി വിളിക്കുന്നു.
ചുരക്കകൾ വിവിധതരം
പാൽച്ചുരക്ക, കുംഭച്ചുരക്ക, കയ്പ്പച്ചുരക്ക എന്നിങ്ങനെ മൂന്നു വിധത്തിൽ ചുരക്കയുണ്ട്. ഇതിൽ പാൽച്ചുരക്കയും കുംഭച്ചുരക്കയുമാണ് (കുമ്മട്ടിക്കായ) കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടുവരുന്നത്.
90 ശതമാനവും ജലം
ചുരക്കയിൽ തൊണ്ണൂറു ശതമാനത്തോളം ജലാംശം അടങ്ങിയിരിക്കുന്നു. ഇതിൽ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഊർജവും കൊഴുപ്പും ചുരക്കയിൽ കുറവാണ്. ശരീരഭാരം കുറയ്ക്കാൻ രാവിലെ പ്രാതലിനു മുന്‍പായി ചുരക്കനീർ കുടിക്കുന്നത് ഫലപ്രദമാണ്.
കൃഷിചെയ്താൽ നല്ല വിളവു തരുന്ന വിളയാണ് ചുരക്ക. ആർക്ക ബഹാർ എന്ന ഇനം ആണ് സാധാരണ ചുരക്ക കൃഷിക്ക് ഉപയോഗിച്ച് വരുന്നത്. ഇളം പച്ച നിറത്തിൽ ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കൾ ആണിവയ്ക്ക്. ശരാശരി ഒരു ചുരക്കക്ക് ഒരു കിലോ ഗ്രാം തൂക്കം ഉണ്ടാവും.
ഒരു ഹെക്ടറിൽനിന്ന് 2530 ടണ്‍ ശരാശരി ലഭിക്കും. രണ്ട് സീസണ് ആയി ഇതു കൃഷിചെയ്യാം. നടീൽ സമയം സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയും ജനുവരി ഫെബ്രുവരി മാസത്തിലും ആണ്. ഒരു ഹെക്ടർ സ്ഥലത്തേയ്ക്ക് 2.5 3 കി.ഗ്രാം വിത്ത് ആവശ്യമാണ്.
ആരോഗ്യകരം
ചുരക്കത്തണ്ട് ആയുർവേദ മരുന്നുനിർമാണത്തിന് ഉപയോഗിക്കുന്നു. ചുരക്ക കോൽപുളി ചേർത്ത് പാകം ചെയ്ത് കഴിച്ചാൽ പിത്തകോപത്താലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും നല്ലതാണ്. പ്രത്യേകിച്ചും മഞ്ഞപ്പിത്തം, മഹോദരം എന്നീ രോഗങ്ങൾക്കു നല്ല ഫലം ചെയ്യും.
ചുരക്ക പിഴിഞ്ഞടുക്കുന്ന നീര് തലവേദനയ്ക്ക് അത്യുത്തമമാണ്. സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആർത്തവസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കു വളരെ ഗുണംചെയ്യുന്നതാണ് ചുരക്ക.
ചുരക്ക ബാർലി കൂട്ടിയരച്ച് ഗോതന്പുമാവ് ചേർത്തു പാകപ്പെടുത്തി പഞ്ചസാര കൂട്ടിക്കഴിച്ചാൽ തലപുകച്ചിൽ, ചെങ്കണ്ണ് മുതലായ രോഗങ്ങൾക്ക് അത്യുത്തമമാണ്.
ഇതു ശോധനയുണ്ടാക്കുന്നതും ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലുമുണ്ടാകുന്ന തടസങ്ങളെ നീക്കുന്നതുമാണ്. ചുരക്കയുടെ ഉള്ളിലെ കാന്പ് വേവിച്ച് കഴിച്ചാൽ വൃക്കരോഗത്തിന് ഏറ്റവും ഫലപ്രദമാണ്.
ചുരക്കനീര് ഒലീവെണ്ണ ചേർത്ത് കാച്ചി അരിച്ചെടുത്ത എണ്ണ തേച്ചാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടും. ചുരക്കയിലെ മൂന്നാമത്തെ ഇനമായ കൈപ്പച്ചുരക്ക നല്ല ഔഷധഫലം നൽകുന്നതാണ്.
കൈപ്പച്ചുരക്ക കഷായമാക്കി പിഴിഞ്ഞരിച്ച് പഞ്ചസാര ചേർത്ത് പാകമാക്കി ഉപയോഗിച്ചാൽ മഞ്ഞപ്പിത്തവും എല്ലാ വിധത്തിലുള്ള നീരുവീഴ്ചയും പനിയും ഭേദമാകുന്നതാണ്.
ചുരക്കാത്തോട് ഉണക്കിയെടുത്ത് അതിൽ വെള്ളം വച്ച് 24 മണിക്കൂറിന് ശേഷം കഴിച്ചാൽ പ്രമേഹത്തിനു ശമനം കിട്ടും.
Health
ആവാസവ്യവസ്ഥ നിലനില്‍ക്കുന്നത് അതിസൂക്ഷ്മമായ ഒരു സന്തുലിതാവസ്ഥയിലാണ്. അതിനുള്ളില്‍ തന്നെ ജീവിതം മരണവുമായി സന്തുലിതമായിരിക്കണം. എല്ലാ ജീവജാലങ്ങളും വ്യവസ്ഥിതിയില്‍ ചില സമയത്ത് വേട്ടക്കാരായും ചില സമയത്ത് ഇരയായും (പോഷക ഉറവിടങ്ങള്‍) നിലനില്ക്കുന്നു.
നിര്‍ജീവ ജൈവവസ്തുക്കളെ ഒരു പോഷക സ്രോതസായി പരിസ്ഥിതിയിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് സൂക്ഷ്മാണുക്കള്‍ ആവാസവ്യവസ്ഥയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഇങ്ങനെ ഉള്ള ആതിഥ്യക്ഷേമത്തിൽ ഉത്കണ്ഠപ്പെടാനുള്ള കഴിവ് സൂക്ഷ്മാണുക്കള്‍ക്ക് ഇല്ല.
ഒരു ജീവിയുടെ ജീവിതകാലത്ത് അത്തരം പ്രതികൂല അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതിനുള്ള കഴിവ് നല്‍കുക എന്നതാണ് ശരീര പ്രതിരോധ വ്യവസ്ഥയുടെ (Immune System) ജോലി. കൂടാതെ, രോഗപ്രതിരോധവ്യവസ്ഥയുടെ പ്രവര്‍ത്തനം പാരിസ്ഥിതിക നിരീക്ഷണം നടത്തുക എന്നതാണ്.
അതായത്, ആവാസ വ്യവസ്ഥയ്ക്കുള്ളില്‍ കണ്ടുമുട്ടുന്ന വിവിധ വസ്തുക്കളെയും സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്തുന്നതും പ്രയോജനകരവുമായവയും എന്നു തരം തിരിക്കുക.
ഈ പ്രക്രിയയ്ക്ക് പ്രധാനമായ ഒരു ഘടകം ശരീരത്തിന്റെ സ്വന്തം കോശങ്ങളെയും പുറത്തു നിന്നുള്ള വസ്തുക്കളേയും വേര്‍തിരിക്കാനുള്ള രോഗപ്രതിരോധ ശേഷിയുടെ കഴിവാണ്.
അതുപോലെ തന്നെ പുറത്തു നിന്നുള്ള വസ്തുക്കളെ പ്രയോജനകരമായവ (പോഷകങ്ങള്‍), ദോഷകരമായവ (ബാക്ടീരിയ, വൈറസ് എന്നിവ) എന്നിങ്ങനെ വേര്‍തിരിച്ചറിയാനും ഇതിനു കഴിയണം.
എന്താണ് അലർജി?
പ്രായോഗിക അര്‍ഥത്തില്‍, രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു തകരാറാണ് അലര്‍ജി. യഥാര്‍ഥത്തില്‍ ശരീരത്തിന് ഒരു ഭീഷണിയുമില്ലാത്ത ഒരു വസ്തുവിനെ ഈ പ്രതിരോധ വ്യവസ്ഥ അപകടകാരിയായി കണക്കാക്കുമ്പോള്‍ അത് അലര്‍ജിക്ക് കാരണമാകുകയും, പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു.
ഈ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ രീതിയും തീവ്രതയും ഇതിനെടുക്കുന്ന സമയവും അനുസരിച്ച് അലര്‍ജിയെ നാലു ടൈപ്പുകളായി തരം തിരിക്കാറുണ്ട്. എന്നാല്‍ പ്രാവര്‍ത്തികമായി അലര്‍ജിയെ സ്ഥിരമായത് (Fixed), ചാക്രികമായത് (Cyclical) എന്നിങ്ങനെ രണ്ടായി തിരിക്കാം.
എല്ലാത്തിനോടും അലർജിയോ?
കുറച്ചു കാലം മുമ്പ് വരെ, പലരും ഈ അലര്‍ജിയെ സംശയാസ്പദമായ ഒരു അവസ്ഥയായി കണക്കാക്കിയിരുന്നു. അലര്‍ജി ആയി ഒരു രോഗനിര്‍ണയം നടത്തുമ്പോള്‍ "അതെല്ലാം ഒരു തോന്നലാണ് " എന്ന അഭിപ്രായം പലപ്പോഴും പ്രകടിപ്പിക്കപ്പെട്ടിരുന്നു.
എന്നാല്‍ നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ അലര്‍ജി ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോകജനസംഖ്യയിലെ 30% അല്ലെങ്കില്‍ അതില്‍ കൂടുതലോ ആളുകളില്‍ കണ്ടുവരുന്നു.
മിക്ക അലര്‍ജി രോഗികളും ഒന്നില്‍ കൂടുതല്‍ വസ്തുക്കളോട് പ്രതികരിക്കുന്നുവെന്നത് സത്യമാണെങ്കിലും, "ഒരാള്‍ക്ക് എല്ലാത്തിനോടും അലര്‍ജി" എന്നൊരു കാര്യം നിലവിലില്ല.
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണമായ ഇടപെടല്‍ വഴി നിര്‍ണയിക്കപ്പെടുന്ന രോഗങ്ങളാണ് അലര്‍ജിക് രോഗങ്ങള്‍.
ലോകമെമ്പാടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഭൂമിശാസ്ത്രപരമായ വലിയ വ്യതിയാനങ്ങള്‍ അലര്‍ജിയുടെ കാര്യത്തില്‍ നിലവിലുണ്ട്.
വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്റ് ഇഎൻടി സർജൻ, ലൂർദ് ആശുപത്രി എറണാകുളം.
National
ന്യൂഡൽഹി: ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് ഈ വർഷം ആദ്യമായി ‘അതീവ ഗുരുതരം' എന്ന നിലയിലേക്ക് മാറി. ചൊവ്വാഴ്ച വൈകുന്നേരം എയർ ക്വാളിറ്റി ഇൻഡക്സ് രേഖപ്പെടുത്തിയത് 428 ആണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ‘വളരെ മോശം' വിഭാഗത്തിലായിരുന്ന വായു ഗുണനിലവാരം അന്തരീക്ഷത്തിലെ കാറ്റിന്റെ കുറവും പ്രാദേശികമായി വർധിച്ച മലിനീകരണവും കാരണം ചൊവ്വാഴ്ച അതിരാവിലെ ‘അതീവ ഗുരുതര' മേഖലയിലേക്കെത്തുകയായിരുന്നു.
ഈ വർഷം ആദ്യമായാണ് ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് ‘അതീവ ഗുരുതരമായ' പരിധിയിൽ എത്തുന്നത്. സിപിസിബി ഡാറ്റ അനുസരിച്ച് ഇതിനുമുമ്പ് 2024 ഡിസംബറിലാണ് നഗരത്തിലെ വായു ഗുണനിലവാരം ഇത്രയും മോശമായിരുന്നത്.
എയർ ക്വാളിറ്റി ഇൻഡക്സ് 0 നും 50 നും ഇടയിൽ ‘നല്ലത്', 51 - 100 ‘തൃപ്തികരം', 101 - 200 ‘മിതമായത്', 201-300 #മോശം', 301-400 ‘വളരെ മോശം', 401-500 ‘അതീവ ഗുരുതരം' എന്നിങ്ങനെയാണ് കണക്കാക്കുന്നത്. 401 നും 500 നും ഇടയിലുള്ള എയർ ക്വാളിറ്റി ഇൻഡക്സ് ആരോഗ്യവാന്മാരെ പോലും ദോഷകരമായി ബാധിക്കുകയും നിലവിലുള്ള രോഗങ്ങളുള്ളവരിൽ ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
ഇതോടെ ഡൽഹി-എൻസിആറിലെ വായു മലിനീകരണം പരിഹരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി സ്ഥാപിച്ച നിയമപരമായ സ്ഥാപനമായ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് അടിയന്തിര നടപടികൾ പ്രഖ്യാപിച്ചു. നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹൈബ്രിഡ് മോഡിലേക്ക് ക്ലാസുകൾ മാറ്റുകയും ഇതിൽ ഉൾപ്പെടുന്നു.
Movies
ശരീരം നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്ന് സ്ട്രോക്ക് ഉണ്ടായ അനുഭവം പങ്കുവച്ച് സംവിധായകൻ അനിൽ രാധാകൃഷ്ണൻ. സ്വന്തം ആരോഗ്യത്തെ ലാഘവത്തോടെ കണ്ടതാണ് രോഗത്തിന് വഴിവച്ചതെന്നും ശരീരത്തിന്റെ മുന്നറിയിപ്പുകൾ ആരും അവഗണിക്കരുതെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
അനില്‍ രാധാകൃഷ്ണമേനോന്റെ കുറിപ്പ്
എല്ലാവർക്കും നമസ്കാരം, വളരെ വ്യക്തിപരമായ ഒരു കാര്യം നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് ഞാൻ കുറെ കാലമായി ആഗ്രഹിക്കുന്നു. ഇതെല്ലാം ഉള്ളിലൊതുക്കി വയ്ക്കുന്നത് ചിലപ്പോൾ മറ്റൊരു ആരോഗ്യപ്രശ്നത്തിലേക്ക് നയിച്ചേക്കാം, അതിനാൽ ഞാൻ അത് തുറന്നുപറയുകയാണ്.
അടുത്തിടെ എനിക്ക് നേരിയ രീതിയിലുള്ള ഒരു സ്ട്രോക്ക് സംഭവിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ, ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു അത് എന്നെ ബാധിച്ചത്. എങ്കിലും സ്നേഹത്തിന്റെയും പരിചരണത്തിന്റെയും നടുവിൽ ഞാൻ നന്നായി സുഖം പ്രാപിച്ചു വരുന്നു.
ഒരുപക്ഷേ എന്നെ സ്നേഹിക്കുന്ന എന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമായിരിക്കും ഈ സംഭവം കൂടുതൽ ബാധിച്ചിട്ടുണ്ടാവുക. എന്നാൽ, ആരോഗ്യത്തെ നമ്മൾ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന ഒരു ശക്തമായ കണ്ണുതുറപ്പിക്കലായിരുന്നു ഈ സംഭവം.
ശരീരം ഒരു കടുത്ത മുന്നറിയിപ്പ് നൽകാൻ തീരുമാനിക്കുന്നത് വരെ നമ്മൾ നമ്മുടെ ശരീരത്തെ പരിധിവിട്ട് ബുദ്ധിമുട്ടിക്കുന്നു, മാനസിക സമ്മർദ്ദത്തെ അവഗണിക്കുന്നു, വിശ്രമം മാറ്റിവയ്ക്കുന്നു, എന്നിട്ട് നമ്മൾ സുഖമായിരിക്കുന്നു എന്ന് സ്വയം വിശ്വസിപ്പിക്കുന്നു.
നമ്മളിൽ പലരും ശരീരം തരുന്ന മുന്നറിയിപ്പ് ലക്ഷണങ്ങളെ നിസാരമായി തള്ളിക്കളയും. തലകറക്കം, മരവിപ്പ്, തലവേദന എന്നിവയെയൊന്നും കാര്യമാക്കുന്നില്ല. നമ്മൾ അതിന് ക്ഷീണം, കാലാവസ്ഥ, അമിത ജോലി എന്നിങ്ങനെ എന്തെങ്കിലും കാരണം കണ്ടെത്തും. പക്ഷേ യഥാർഥ കാരണം തേടിപ്പോകില്ല. ഞാനും അങ്ങനെ ചെയ്തു.
ശരീരം ഈ സിഗ്നലുകൾ തമാശയ്ക്ക് വേണ്ടി അയക്കുന്നതല്ലെന്ന് ഞാൻ പിന്നീടാണ് മനസിലാക്കിയത്. അതുകൊണ്ട് സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നത് ഇതാണ്, ദയവായി നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുക. പതിവായുള്ള ആരോഗ്യ പരിശോധനകളെ ഗൗരവമായി കാണുക. നിങ്ങളുടെ ജീവിത കഥയിലെ ഒരു പശ്ചാത്തല കഥാപാത്രത്തെപ്പോലെ ആരോഗ്യത്തെ കണക്കാക്കരുത്. നിങ്ങളുടെ ആരോഗ്യമാണ് പ്രധാന കഥാപാത്രം.
മറ്റെല്ലാം അതിനെ പിന്തുടരുന്നതാണ്. വിശ്രമം എന്നത് മടിയല്ല അത് ശരീരത്തിന്റെ പരിപാലനമാണ്. വെള്ളം കുടിക്കുക. ആവശ്യത്തിന് ഉറങ്ങുക. മനസിലുള്ള കാര്യങ്ങൾ മറ്റുള്ളവരുമായി സംസാരിക്കുക. അടുപ്പമുള്ള ആളുകളോടൊപ്പം സമയം ചെലവഴിക്കുക. ജീവിതം ഉറക്കെ ഓർമ്മിപ്പിക്കുന്നത് വരെ കാത്തിരിക്കരുത്. എനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവനാണ് കൂടുതൽ ബാലൻസോടുകൂടി, സൗമ്യതയോടെ മുന്നോട്ട് പോകാൻ ഞാൻ ഉദ്ദേശിക്കുന്നു. സ്വന്തം കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കുക. ജീവിതം അമൂല്യമാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ സമഗ്ര സ്ട്രോക്ക് സെന്ററുകൾക്ക് 18.87 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം, കണ്ണൂർ എന്നീ മെഡിക്കൽ കോളജുകളിലാണു സ്ട്രോക്ക് സെന്ററുകൾ വിപുലീകരിക്കുന്നത്.
സ്വകാര്യ ആശുപത്രികളിലും അപെക്സ് ആശുപത്രികളിലും മാത്രം ലഭ്യമായിട്ടുള്ള ത്രോംബോലൈസിസ് ചികിത്സ മെഡിക്കൽ കോളജുകൾക്കു പുറമേ ആരോഗ്യ വകുപ്പിലെ 12 സ്ട്രോക്ക് യൂണിറ്റുകളിലൂടെയും നൽകിവരുന്നുണ്ട്. സംസ്ഥാനത്തെ ആറ് സ്ട്രോക്ക് സെന്ററുകളെ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ (ഡബ്ല്യുഎസ്ഒ), എൻഎബിഎച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഈ വർഷത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ട്രോക്ക് ചികിത്സ ആരംഭിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിന് 1.53 കോടി, കോട്ടയം മെഡിക്കൽ കോളജിന് 1.55 കോടി, തൃശൂർ മെഡിക്കൽ കോളജിന് 4.78 കോടി, എറണാകുളം മെഡിക്കൽ കോളജിന് 5.49 കോടി, കണ്ണൂർ മെഡിക്കൽ കോളജിന് 5.50 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.
Kerala
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ചികിത്സ കിട്ടാതെ മരിച്ച വേണു ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയാണെന്നു സതീശൻ പറഞ്ഞു.
സിസ്റ്റം തകര്‍ത്ത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. ശബ്ദ സന്ദേശം മരണമൊഴിയായി പരിഗണിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സതീശന് പറഞ്ഞു.
കൊല്ലം സ്വദേശി വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണ്.
മരണ ശേഷവും, തന്നെ മരണത്തിലേക്ക് തള്ളിവിടുന്നവരെ കുറിച്ച് വേണു കേരളത്തോട് സംസാരിക്കുകയാണ്. ഒരു നിവൃത്തിയും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന കേരളത്തിലെ നിസഹായരായ ഓരോ സാധാരണക്കാരന്റെയും സങ്കടങ്ങളും ആത്മരോഷവുമാണ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലുള്ളതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
അടിയന്തര ആന്‍ജിയോഗ്രാമിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേണുവിന് ആറു ദിവസമായിട്ടും ചികിത്സ നല്‍കിയില്ല. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നു വേണു തന്നെ ശബ്ദ സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.
ആരോഗ്യമന്ത്രി പറഞ്ഞതു പോലെ ഇതും സിസ്റ്റത്തിന്റെ തകരാറാണ്. എന്നാല്‍ തകരാര്‍ പരിഹരിക്കാനുള്ള ഒരു ശ്രമവും മന്ത്രിയുടെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ആരോഗ്യ വകുപ്പിന്റെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ ഇതേ മെഡിക്കല്‍ കോളജിലെ വകുപ്പ് തലവന്‍ ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്താനും നിശബ്ദനാക്കാനും ശ്രമിച്ചതും ഇതേ മന്ത്രിയാണ്.
നിങ്ങളുടെ കെടുകാര്യസ്ഥതയുടെയും കഴിവില്ലായ്മയുടെയും ഇരകളായി മാറുന്നത് സാധാരണക്കാരാണെന്നത് മന്ത്രിയും സര്‍ക്കാരും മറക്കരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.
Health
വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സുലഭമായ പഴവര്ഗങ്ങളില് ഒന്നാണ് തണ്ണിമത്തന്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തല്‍ മുതല്‍ നിരവധി ഗുണങ്ങള്‍ തണ്ണിമത്തനുണ്ട്.
കുക്കുര്‍ബിറ്റേസീ കുടുംബത്തില്‍പ്പെട്ട പഴമാണ് തണ്ണിമത്തന്. തണ്ണിമത്തനില്‍ ഏകദേശം 92 ശതമാനം വെള്ളമാണ്. അതുപോലെ കലോറി കുറവും. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ് തണ്ണിമത്തന്.
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ തണ്ണിമത്തന് വളരെ ഉപകാരപ്രദമാണ്. തണ്ണിമത്തന്റെ പ്രത്യേകതയും ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം...
92 ശതമാനം ജലാംശം
തണ്ണിമത്തനില്‍ 92 ശതമാനത്തോളം ജലാംശമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും വരള്‍ച്ച തടയുന്നതിനും ഇത് ഉപകാരപ്രദമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചര്‍മത്തിന്റെ കണക്റ്റീവ് ടിഷ്യുകളെ ശക്തിപ്പെടുത്തും. ഇത് മുറിവ് ഉണങ്ങാന്‍ സഹായികമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍, അര്‍ജിനൈന്‍ എന്നിവയ്ക്ക് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും ചര്‍മ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
കൊളാജന്‍, ആന്റിഓക്സിഡന്റ് സമ്പന്നം
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്ന ലൈക്കോപീന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ചുളിവുകള്‍, വരകള്‍ തുടങ്ങിയ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇതിന് കഴിയും.
ചര്‍മത്തിന്റെ ഘടനയും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി ധാരാളം തണ്ണിമത്തനിലുണ്ട്.
തണ്ണിമത്തനില്‍ കുക്കുര്‍ബിറ്റാസിന്‍ ഇ, ല്യൂട്ടോലിന്‍ എന്നീ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മത്തിലെ വീക്കം, ചുവന്നു തടിക്കല്‍ എന്നിവയ്ക്ക് പ്രതിവിധിയാണ്.
അള്‍ട്രാവയലറ്റ് സംരക്ഷണം
തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ശരീരത്തിനു സംരക്ഷണം നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തണ്ണിമത്തന് പതിവായി കഴിക്കുന്നത് സൂര്യപ്രകാശം മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ശരീരത്തെ സഹായിക്കും.
മാത്രമല്ല, തണ്ണിമത്തന് ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.
തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കും. മെച്ചപ്പെട്ട രക്തചംക്രമണം ചര്‍മകോശങ്ങളിലേക്ക് അവശ്യ പോഷകങ്ങള്‍ എത്തിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാന്‍
തണ്ണിമത്തനില്‍ കലോറി കുറവാണ്. നാരുകളാല്‍ സമ്പന്നവും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ജലാംശം, മെച്ചപ്പെട്ട കൊളാജന്‍ ഉത്പാദനം, നീര് കുറയ്ക്കല്‍, പോഷണം തുടങ്ങിയവ നല്‍കിക്കൊണ്ട് ചര്‍മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് തണ്ണിമത്തന് ഉപകാരപ്രദമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തണ്ണിമത്തന് മാത്രം ഒന്നിനും പ്രതിവിധിയല്ല. മൊത്തത്തിലുള്ള ഭക്ഷണക്രമം, ജീവിതശൈലി, ചര്‍മസംരക്ഷണ ദിനചര്യ തുടങ്ങിയവയെല്ലാം സുപ്രധാനമാണ്. മാത്രമല്ല, ആവശ്യമെങ്കില്‍ ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടതുമുണ്ട്.
District News
പുലാമന്തോൾ : പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ കട്ടുപ്പാറ ജനകീയ ആരോഗ്യകേന്ദ്രത്തിനായി ഗ്രാമപഞ്ചായത്ത് നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി.സൗമ്യ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.ടി. നസീറ, വികസന സ്ഥിരം സമിതി അധ്യക്ഷ ടി. സാവിത്രി, ബ്ലോക്ക് ഡിവിഷൻ മെംബർ പി. ഉമ്മുസൽമ്മ, ഗ്രാമപഞ്ചായത്ത് മെംബർമാരായ രവി കോഴിത്തൊടി, കെ.ഹസീന, ടി. മുഹമ്മദ്കുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി. ഗോപാലൻ, ഷാജി കട്ടുപ്പാറ, ഉണ്ണീൻകുട്ടി (മുത്തു), വി. വാസുദേവൻ, ഹംസ പാലൂർ, മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഫൈസൽ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.പി. മുഹമ്മദ് ഹനീഫ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.
Leader Page
നിഴലായ് മരണം
കേൾക്കുന്പോൾ ഞെട്ടിയേക്കാം. പക്ഷേ ഇതാണ് യാഥാർഥ്യം. നമ്മുടെ രാജ്യത്ത് മൂവായിരത്തോളം പേർ ഒരു ദിവസം കുഴഞ്ഞുവീണു മരിക്കുന്നു. അതും 18നും 50 വയസിനുമിടയിലുള്ളവർ. പെട്ടെന്നുള്ള കുഴഞ്ഞുവീണുമരണം ലോക വ്യാപകമായി ആശങ്കയുണർത്തുന്പോൾ 145 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ ഈ കണക്ക് ഒട്ടും ചെറുതല്ല. വിവരസാങ്കേതികവിദ്യയും ആർട്ടിഫിഷൽ ഇന്റലിജൻസുമൊക്കെ മാനവരാശിയുടെ ഗതിതന്നെ മാറ്റിമറിക്കുന്ന നവീനയുഗത്തിൽ പക്ഷേ, മനുഷ്യനൊപ്പം നിഴലായ് കൂടുന്ന ഈ മരണങ്ങളെക്കുറിച്ച് കൃത്യമായ ഉത്തരം നൽകാൻ ശ്രമിക്കുകയാണ് ആരോഗ്യമേഖല.
മഹാമാരികൾ പലതിനെയും തരണം ചെയ്യാനും, പ്രതിവിധി കണ്ടെത്താനും വൈദ്യശാസ്ത്രത്തിനു കഴിയുന്നുണ്ടെങ്കിലും കുഴഞ്ഞു വീണു മരണം എന്നു പൊതുവായി വിളിക്കുന്ന പെട്ടെന്നുള്ള മരണം എന്തുകൊണ്ട് എന്നതിനു വ്യക്തമായ ഉത്തരം നൽകാൻ ആർക്കുമാകുന്നില്ല. പ്രായ-ലിംഗ വ്യത്യാസമില്ലാതെ ഇത്തരം മരണങ്ങൾ നമ്മുടെ സമൂഹത്തിൽ വർധിച്ചുവരികയാണ്.
ആരോഗ്യം പരിപാലിക്കാൻ ജിമ്മിൽ പോകുന്നവർ മുതൽ കോളജ് വിദ്യാർഥികളും മധ്യവയസ്കരുമെല്ലാം ഈ ദുർവിധിക്ക് വിധേയരാകുന്ന വാർത്തകൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ എഴുപതിലധികം കുഴഞ്ഞുവീണു മരണങ്ങളാണ് കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. റിപ്പോർട്ട് ചെയ്യാത്തത് വേറെയും. പ്രത്യക്ഷത്തിൽ യാതൊരു ആരോഗ്യപ്രശ്നങ്ങളില്ലാത്തവരും യുവാക്കളുമെല്ലാം ഇരകളാകുന്പോൾ പൊതുസമൂഹം ഇനി എന്തുകരുതലാണ് എടുക്കേണ്ടത്? ജീവിതശൈലിയിലുള്ള മാറ്റങ്ങളും ഭക്ഷണക്രമങ്ങളും മാത്രമാണോ ഇവിടെ വില്ലൻ?
കോവിഡ് അനന്തര പ്രതിഭാസം എന്നാണ് ഇത്തരം മരണങ്ങളെക്കുറിച്ച് വൈദ്യശാസ്ത്രം ഇപ്പോൾ പറയുന്നത്. എന്നാൽ, സാധാരണക്കാർ സംശയിക്കുന്നതുപോലെ കോവിഡ് വാക്സിനും ഹൃദ്രോഗവുമായി ബന്ധമില്ലെന്നും ഗവേഷണങ്ങൾ അടിവരയിടുന്നു.
ഉത്തരമില്ല ഈ മരണങ്ങൾക്ക്...
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ സംസ്ഥാനത്തുണ്ടായ ചില മരണങ്ങൾ ഇവിടെ കുറിക്കുന്നു.
നമ്മൾ പല ദിവസങ്ങളിലായി കണ്ടും കേട്ടും അറിഞ്ഞതാണ് ഈ വാർത്തകൾ. രോഗബാധയോ ആശുപത്രിവാസമോ ഇല്ലാതെയുള്ള മരണങ്ങളായതിനാൽ പലപ്പോഴും ഇതിനു വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല. വെറും കുഴഞ്ഞുവീണു മരണം എന്ന ലേബലിൽ മാത്രം ഒതുങ്ങുന്നു. പക്ഷേ, ആരോഗ്യകേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ആശങ്കയായി ഈ മരണങ്ങൾ മാറുന്നുവെന്നതാണ് യാഥാർഥ്യം.
അൽഫോൻസ ജേക്കബ് (17)
ചെന്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥിനി ഉളിക്കൽ നെല്ലിക്കാംപോയിൽ കാരാമയിൽ അൽഫോൻസാ ജേക്കബ് ക്ലാസിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മലീഹ (16)
മണ്ണാർക്കാട് അലനല്ലൂരിൽ കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ കുഴഞ്ഞുവീണു മരിച്ചു. മണ്ണാർക്കാട് എംഇഎസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
എഡ്വിൻ ലിജോ (16)
തകഴി വിരുപ്പാല തൈപ്പറമ്പിൽ ലിജോയുടെ മകൻ എഡ്വിൻ ലിജോ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
ഹസൻ റാസ (10)
കാസർഗോഡ് സ്കൂൾ കായിക മത്സരത്തിനിടെയാണ് നാലാം ക്ലാസുകാരനായ ഹസൻ റാസ കുഴഞ്ഞുവീണു മരിച്ചത്. മംഗൽപാടി എൽപി സ്കൂൾ വിദ്യാർഥിയായിരുന്നു. ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ തളർന്നുവീഴുകയായിരുന്നു.
സരുൺ സജി (20)
മാന്നാനം കെഇ കോളേജിലെ ബികോം അവസാന വർഷ വിദ്യാർഥിയായിരുന്ന മുടിയൂർക്കര പട്ടത്താനത്ത് സരുൺ സജി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സരുൺ കുഴഞ്ഞുവീഴുകയായിരുന്നു.
സിബി സേവ്യർ (45)
ഡ്യൂട്ടിക്ക് പോയ കെഎസ്ആർടിസി ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. പുതുപ്പള്ളി പെരുങ്കാവ് വാഴഞ്ഞറ സിബി സേവ്യറാണ് മരിച്ചത്. കോട്ടയം മാങ്ങാനത്തെ വീട്ടില്‍നിന്ന് കെഎസ്ആർടിസി ഡിപ്പോയിലേക്ക് ബൈക്കിൽ പോയ സിബി പെട്രോൾ തീർന്നതിനെത്തുടർന്ന് ബൈക്ക് തള്ളിക്കൊണ്ടുപോയ വഴി കുഴഞ്ഞുവീഴുകയായിരുന്നു.
ജുനൈസ് അബ്ദുള്ള( 46)
നിയമസഭയില്‍ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ജുനൈസ് അബ്ദുള്ള നിയമസഭാ ജീവനക്കാരുടെ ഓണാഘോഷ പരിപാടിയിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.
വൃന്ദ (20)
തിരുവനന്തപുരം വെങ്ങാനൂരിൽ നഴ്സിംഗ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായ സതീശന്റെ മകള്‍ വൃന്ദയാണ് മരിച്ചത്. വീട്ടിൽ ആഹാരം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
പ്രിൻസ് ലൂക്കോസ് (53)
കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് ട്രെയിനിൽ കുഴഞ്ഞുവീഴുകയായിരുന്നു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി തിരികെയുള്ള യാത്രയിൽ തെങ്കാശിക്കു സമീപം വച്ചാണ് കുഴഞ്ഞുവീണത്. ഉടൻ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഴൂർ സോമൻ എംഎൽഎ( 72)
പീരുമേട് എംഎൽഎ ആയിരുന്ന വാഴൂർ സോമൻ തിരുവനന്തപുരത്ത് പൊതുപരിപാടിയിൽ പങ്കെടുക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഡോ. ഗാഡ് ലിൻ റോയ് (39)
ചെന്നൈയിൽ രോഗികളെ പരിശോധിക്കുന്നതിനിടയിലാണ് യുവഡോക്ടർ ഗാഡ് ലിൻ റോയ് കുഴഞ്ഞുവീണു മരിച്ചത്. ചെന്നൈ സവിത മോഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയ വിദഗ്ധനായിരുന്നു ഡോ. ഗാഡ് ലിൻ റോയ്.
ഫിറ്റ്നെസ് സെന്ററിലും രക്ഷയില്ല
ആരോഗ്യപാലനത്തിനായി ജിമ്മിൽപോയി വർക്ക്ഔട്ട് ചെയ്യുന്നത് ഇന്ന് സാധാരണമായിരിക്കുന്നു. പക്ഷേ, അവിടെയും പെട്ടെന്നുള്ള മരണങ്ങൾ സംഭവിക്കുന്നുവെന്നത് യുവതലമുറയെ ഞെട്ടിക്കുകയാണ്. രാജ്യത്താകമാനം ഒന്നിനുപിറകേ ഒന്നായി ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജിമ്മിൽ വ്യായാമം ചെയ്യുന്ന ഫിറ്റ് ശരീരമുള്ളവരെക്കുറിച്ചുള്ള പൊതുധാരണ മാറുകയാണ്. ഇവിടെയും പ്രായവ്യത്യാസമില്ല. ചെറുപ്പക്കാരും മധ്യവയസ്കരുമെല്ലാം ജിമ്മിൽ കുഴഞ്ഞുവീണു മരിക്കുന്നു.
എറണാകുളം മുളന്തുരുത്തിയിൽ രാജ് (42) പതിവായി ജിമ്മിൽ വർക്ക്ഔട്ട് നടത്തുന്നയാളായിരുന്നു. എന്നാൽ, വ്യായാമം തുടങ്ങി അരമണിക്കൂറിനുള്ളിൽ അദ്ദഹം കുഴഞ്ഞുവീണു മരിച്ചു. പരപ്പനങ്ങാടി ബാറിലെ അഭിഭാഷകനായിരുന്ന കെ.പി.എച്ച്. സുൽഫിക്കർ മരിച്ചതും ജിമ്മിലെ വർക്ക്ഔട്ടിനിടെയാണ്.
എറണാകുളം എളമക്കരയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. എളമക്കര ആർഎംവി റോഡ് ചിറക്കപറമ്പിൽ ശാരദാനിവാസിൽ അരുന്ധതിയാണ് (24) മരിച്ചത്. പതിവായി ജിമ്മിൽ പോയി വ്യായാമം ചെയ്യാറുള്ള ആളായിരുന്നു അരുന്ധതി. വ്യായാമം ചെയ്തു തുടങ്ങിയതിനു ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടെന്നുതന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ സൂചിപ്പിച്ച മരണങ്ങൾ ചില ഉദാഹരണങ്ങൾ മാത്രമാണ്. 2020നും 2025നുമിടയ്ക്ക് ഇത്തരം മരണങ്ങളുടെ നിരക്ക് രാജ്യത്താകമാനം ഗണ്യമായി വർധിക്കുകയാണ്. കേരളത്തിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. ഓരോ ദിവസവും ഇത്തരം വാർത്തകളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. കോവിഡിനു ശേഷമുള്ള ആരോഗ്യ സാഹചര്യങ്ങളാണ് ഇതിനു കാരണമായി പല പഠനങ്ങളും വ്യക്തമാക്കുന്നത്. കോവിഡിനുശേഷം യുവാക്കളിലെ കുഴഞ്ഞുവീണു മരണനിരക്ക് കൂടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്തുകൊണ്ട് കുഴഞ്ഞുവീണു മരണം?
കുഴഞ്ഞുവീണു മരണത്തിനു കാരണങ്ങൾ നിരവധിയുണ്ട്. പ്രത്യക്ഷത്തിൽ ആരോഗ്യവാന്മാരായി തോന്നുന്നവർക്ക് ഇത് എന്തുകൊണ്ട് ഉണ്ടാകുന്നുവെന്ന സംശയവും ന്യായമാണ്. പക്ഷേ, എല്ലാം ചെന്നെത്തുന്നത് ഹൃദയതാളത്തിൽ തന്നെ. കുഴഞ്ഞുമരണങ്ങളിൽ ഭൂരിഭാഗവും ഹൃദയസ്തംഭനം മൂലമാണ്. കൊളസ്ട്രോളോ പ്രമേഹമോ പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാത്തവർക്കും ഈ അവസ്ഥയുണ്ടാകാം.
നമ്മുടെ ഹൃദയതാളമാണ് എല്ലാറ്റിലും പ്രധാനം. ഇതു തെറ്റുന്നതിനെ കാർഡിയാക് അറിതിമിയ (Cardiac Arrhythmia) എന്ന അവസ്ഥയിലേക്ക് എത്തിക്കും. പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്കു നയിക്കുന്നതിന് ഇതു പ്രധാനകാരണമാണ്. ഹൃദയത്തിന്റെ ഇടതു വെന്‍ട്രിക്കിള്‍ മിടിക്കുമ്പോഴാണ് രക്തം ഹൃദയത്തിലേക്കു പമ്പു ചെയ്യപ്പെടുന്നത്. ഇതിന്റെ താളം തെറ്റുമ്പോള്‍ ഹൃദയതാളവും തെറ്റുന്നു. ഹൃദയത്തിന്റെ മസിലുകള്‍ക്ക് വലിപ്പമേറുകയും മരണത്തിലേക്കു നയിക്കുകയും ചെയ്യും.
ശരീരത്തിലെ ഇലക്ട്രോളൈറ്റിക് പ്രവര്‍ത്തനമാണ് മറ്റൊരു പ്രധാന കാര്യം. ഇലക്ട്രോളൈറ്റുകളുടെ ധര്‍മം നിര്‍വഹിക്കുന്നത് സോഡിയം, പൊട്ടാസ്യം എന്നിവയാണ്. ഇതിലുണ്ടാകുന്ന വ്യതിയാനത്താലും കുഴഞ്ഞുവീഴാം. ശരീരത്തിലെ ജലാംശം കുറയുന്നത് സോഡിയം, പൊട്ടാസ്യം കുറവിലേക്കു നയിക്കാം.
പൊട്ടാസ്യം കൂടിയാലും ഹൃദയം പെട്ടെന്നുതന്നെ നില്ക്കുന്ന അവസ്ഥയുണ്ടാകും.അരോട്ടിക് സ്റ്റെനോസിസ് എന്ന അവസ്ഥയും ഇത്തരം മരണങ്ങള്‍ക്കു കാരണമാകാം. അരോട്ടിക് വാല്‍വ് ചുരുങ്ങി രക്തം ഹൃദയത്തിന് ആവശ്യത്തിനു ലഭിക്കാത്ത അവസ്ഥയാണിത്. പക്ഷേ, ഇവ എന്തുകൊണ്ട് ഇപ്പോൾ സാധാരണമായി എന്ന ചോദ്യത്തിന് കോവിഡ് അനന്തര പ്രതിഭാസം എന്നതിലേക്കാണ് ഗവേഷകർ എത്തുന്നത്.
യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയാളജി ഇതു സംബന്ധിച്ച് നടത്തിയ ഗവേഷണത്തിന്റെ ഫലം ആശങ്കയുളവാക്കുന്നതാണ്. കോവിഡ് ബാധിതർക്ക് ഹൃദ്രോഗ സാധ്യത മറ്റുള്ളവരേക്കാൾ വളരെക്കൂടുതലാണെന്ന് വിശദമായ പഠനങ്ങളിലൂടെ അവർ തെളിയിച്ചുകഴിഞ്ഞു. ഇതേക്കുറിച്ച് പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. ടി.കെ. ജയകുമാറിന്റെ വീക്ഷണങ്ങൾ നാളെ.
Kerala
തിരുവനന്തപുരം: തമിഴ്നാട് സർക്കാർ ലൈസന്‍സ് മരവിപ്പിച്ചതിനെ തുടർന്ന് ശ്രീശൻ ഫാര്‍മസ്യൂട്ടിക്കൽസിന്റെ കേരളത്തിലെ മരുന്ന് വിൽപ്പന നിരോധിച്ചെന്ന് മന്ത്രി വീണാ ജോർജ്. സ്ഥാപനത്തിനെതിരെ തമിഴ്നാട് ഡ്രഗ്സ് കണ്ട്രോളര് ആരംഭിച്ച നടപടികളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
Respifresh TR, 60ml syrup, Batch. No. R01GL2523 എന്ന മരുന്നിന് ഗുണനിലവാരമില്ലെന്ന് ഗുജറാത്ത് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് അഞ്ച് വിതരണക്കാരാണ് ഈ മരുന്ന് വിതരണം നടത്തുന്നത്.
അവർക്ക് മരുന്ന് വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ മരുന്ന് വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൈവശമുള്ളവർ ഉപയോഗിക്കരുത്. ഈ മരുന്നുകൾ സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിനു താഴെയുള്ള കുട്ടികൾക്ക് വേണ്ടി മരുന്ന് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
Kerala
തിരുവനന്തപുരം: ശ്വാസകോശ അണുബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ യുഡിഎഫ് മുൻ കൺവീനർ പി.പി. തങ്കച്ചന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.
ആരോഗ്യനില അൽപം മെച്ചപ്പെട്ടതോടെ വെന്റിലേറ്റർ പിന്തുണ മാറ്റിയതായി രാജഗിരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
പക്ഷേ രോഗം മൂർഛിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മെഡിക്കൽ ഐസിയുവിൽ തുടരാനാണ് തീരുമാനം.
Health
ഫാസ്റ്റ് ഫുഡ് എന്നാൽ പെട്ടെന്നു തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം; ജീവിതത്തിരക്കിനിടയിൽ സൗകര്യപ്രദമായി കഴിക്കാവുന്ന ഭക്ഷണം(കണ്‍വീനിയന്റ് ഫുഡ്)എന്നർഥം; പത്തു മിനിറ്റിനകം തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം. ഉദാഹരണത്തിനു പൊറോട്ട ഫാസ്റ്റ് ഫുഡാണ്.
അതിന്റെ കൂടെ കഴിക്കുന്ന ചില്ലി ബീഫ്, ചിക്കൻ ഫ്രൈ എന്നിവയും ഫാസ്റ്റ് ഫുഡാണ്. ചപ്പാത്തി ഫാസ്റ്റ് ഫുഡ് അല്ല. എന്നാൽ അതിനൊപ്പം കഴിക്കുന്ന ബട്ടർ ചിക്കൻ, ചില്ലി ചിക്കൻ തുടങ്ങിയവ ചൈനീസ് വിഭവങ്ങളാണെങ്കിലും അവയെയും ഫാസ്റ്റ് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്താം.
മധുരം, കൊഴുപ്പ്
ബർഗർ, പിസ തുടങ്ങിയവയും കോള ഡ്രിംഗ്സും ഫാസ്റ്റ് ഫുഡ് പരിധിയിൽ വരുന്നു. ഒരു കപ്പ് കോള കുടിച്ചാൽ 200 കലോറി ഊർജം കിട്ടുന്നു. അതിനെ എംറ്റി കാലറി എന്നു പറയുന്നു. അതിൽ ഊർജം മാത്രമേയുളളു.
ശരീരത്തിനാവശ്യമായ യാതൊരുവിധ പോഷകങ്ങളുമില്ല. മധുരം അധികമായാൽ ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടും. ഫലത്തിൽ തടി കൂടും. അരക്കെട്ടിന്റെ വണ്ണം കൂടും. വയറിൽ കൊഴുപ്പടിയുന്നത് അമിതഭാരത്തിന്റെ സൂചനയാണ്.
അതാണു ക്രമേണ പ്രമേഹത്തിനിടയാക്കുന്നത്. പുരുഷൻമാർക്ക് അരക്കെട്ടിന്റെ ചുറ്റളവ് 90 സെന്റി മീറ്ററിൽ കൂടാൻ പാടില്ല. സ്ത്രീകളിൽ അത് 80 സെന്റിമീറ്ററിൽ കൂടുതലാകരുത്.
ആവർത്തിച്ച് ചൂടാക്കിയ എണ്ണ
ഫാസ്റ്റ് ഫുഡിൽ കൊഴുപ്പിന്റെ അളവു കൂടുതലാണ്. അതാണു പ്രധാന പ്രശ്നം. മിക്കപ്പോഴും ആവർത്തിച്ചുപയോഗിച്ച എണ്ണയിലാകും മിക്കവരും ഫാസ്റ്റ് ഫുഡ് തയാറാക്കുന്നത്. ഫാസ്റ്റ് ഫുഡിൽ മായം ചേർക്കാനുളള സാധ്യതയും കൂടുതലാണ്.
പഴകിയ ഭക്ഷ്യവസ്തുക്കൾ ചൂടാക്കി മസാലക്കൂട്ടും അജിനോമോട്ടോയും ചേർത്തു പത്തു മിനിട്ടിനുളളിൽ പുതിയ ഭക്ഷണമാക്കി കൊടുക്കുന്ന രീതിയാണു മിക്കപ്പോഴും ഫാസ്റ്റ് ഫുഡ് ശാലകളിൽ നടക്കുന്നത്.
മിക്കവാറും ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ ഗ്രേവി ഇല്ല. ഏറെയും ഡ്രൈ ആണ്. ചിക്കൻ പോലെ എണ്ണയിൽ പാകം ചെയ്യുന്ന വിഭവങ്ങൾ.
ചെറുപ്പക്കാരിൽ
സംസ്കരിച്ച ഭക്ഷ്യധാന്യങ്ങളാണു ഫാസ്റ്റ് ഫുഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്്. പച്ചക്കറികളുടെ തോതും തീരെ കുറവാണ്. അതിനാൽ ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ നാരിന്റെ അംശം തീരെ കുറവാണ്.
ഇത്തരം വിഭവങ്ങൾ ഉപയോഗിക്കുന്ന ചെറുപ്പക്കാർ നേരിടുന്ന പ്രധാനം പ്രശ്നം അമിതഭാരമാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഭാരം കൂടും. ചെറുപ്പക്കാരിൽ കൊളസ്ട്രോൾ ലെവലും ബിപിയും കൂടുന്നതായി റിപ്പോർട്ടുണ്ട്.
പലപ്പോഴും മറ്റ് ആവശ്യങ്ങൾക്കായി രക്തപരിശോധന നടത്തുന്പോഴാണ് അധിക കൊളസ്ട്രോൾ ഉളളതായി തിരിച്ചറിയുന്നത്. അരക്കെട്ടിന്റെ വണ്ണം കൂടുന്നതും ഇതിന്റെ സൂചനയാണ്. അത് അബ്ഡമൻ ഒബീസിറ്റി എന്നറിയപ്പെടുന്നു.
കൂടുതൽ നടക്കുന്പോൾ ക്ഷീണം, തലകറക്കം എന്നിവയുണ്ടാകുന്നു. ആരോഗ്യജീവിതത്തിന് അവശ്യമായ മറ്റു വിറ്റാമിനുകളുടെ കുറവും ഇവരിൽ കാണപ്പെടുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Health
ഹെപ്പറ്റൈറ്റിസ് എന്ന നിശബ്ദവും അപകടകാരിയുമായ ആരോഗ്യ പ്രശ്നത്തിനെതിരേ ആഗോളതലത്തിൽ പ്രതിരോധം തീർക്കാൻ വർഷം തോറും ജൂലൈ 28ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു.
പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്ന ഈ രോഗം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നു.
2025-ലെ ഹെപ്പറ്റൈറ്റിസ് ദിനം "ഹെപ്പറ്റൈറ്റിസ്: നമുക്കതിനെ തകർക്കാം' (Hepatitis: Let's Break It Down) എന്ന പ്രമേയത്തിലൂടെ ഈ രോഗത്തെ ഇല്ലാതാക്കാൻ തടസമായി നിൽക്കുന്ന സാമ്പത്തിക, സാമൂഹിക, വ്യക്തിപരമായ വെല്ലുവിളികളെ തകർത്തെറിയാൻ ലോകത്തിന് ആഹ്വാനം നൽകുന്നു.
നേരത്തെയുള്ള രോഗനിർണയവും ചികിത്സയും പ്രതിരോധവുമാണ് ഈ മാരകമായ രോഗത്തെ മറികടക്കാൻ നമുക്കുള്ള ഏറ്റവും വലിയ ആയുധങ്ങൾ.
എന്തുകൊണ്ട് നേരത്തെയുള്ള രോഗനിർണയം പ്രധാനം?
ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ പ്രകടമല്ലാത്തതിനാൽ പലപ്പോഴും തിരിച്ചറിയപ്പെടുന്നത് രോഗം ഗുരുതരമായ ഘട്ടത്തിലെത്തുമ്പോൾ മാത്രമാണ്. എന്നാൽ, കൃത്യസമയത്തുള്ള രോഗനിർണയം കരളിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് തടയാനും രോഗമുക്തി വേഗത്തിലാക്കാനും സഹായിക്കും.
ഹെപ്പറ്റൈറ്റിസിന്റെ വൈറൽ, നോൺ-വൈറൽ രൂപങ്ങളെ ചെറുക്കാൻ രോഗത്തെക്കുറിച്ചുള്ള അവബോധവും രോഗനിർണയ പരിശോധനകളും ആവശ്യമാണ്.
അപകടസാധ്യതകളെ അറിയുക
രോഗം ബാധിക്കാനുള്ള സാധ്യതകൾ ഹെപ്പറ്റൈറ്റിസിന്റെ തരമനുസരിച്ച് (എ, ബി, സി, ഡി, ഇ) വ്യത്യാസപ്പെട്ടിരിക്കും.
പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെക്കൊടുക്കുന്നു:
മലിനമായ ഭക്ഷണവും വെള്ളവും: വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ, മലിനമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ പകരാം.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവും സിറിഞ്ചുകളുടെ പങ്കുവയ്ക്കലും: ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പകരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്.
അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്: ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവായ അമ്മയിൽ നിന്ന് നവജാത ശിശുവിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്.
ചികിത്സാപരമായ കാരണങ്ങൾ: മതിയായ അണുബാധ നിയന്ത്രണമില്ലാത്ത രക്തപ്പകർച്ച, ശസ്ത്രക്രിയ തുടങ്ങിയ വൈദ്യനടപടികളിലൂടെയും രോഗം പകരാം.
മറ്റ് കരൾ രോഗങ്ങൾ: ഫാറ്റി ലിവർ രോഗങ്ങൾ (എസ്എൽഡി), മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗങ്ങൾ (എഎൽഡി) എന്നിവയും ഹെപ്പറ്റൈറ്റിസിലേക്ക് നയിച്ചേക്കാം.
ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങൾ: തിരിച്ചറിയാം, ചികിത്സ തേടാം
കഠിനമായ ക്ഷീണവും ഉന്മേഷക്കുറവും
മഞ്ഞപ്പിത്തം: കണ്ണുകളിലും ചർമ്മത്തിലും മഞ്ഞനിറം, വയറുവേദന, പ്രത്യേകിച്ചും വയറിന്റെ മുകൾ ഭാഗത്ത് കടുത്ത നിറമുള്ള മൂത്രവും വിളറിയ മലവും
വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, പനി, പ്രത്യേകിച്ചും അക്യൂട്ട് ഹെപ്പറ്റൈറ്റിസിൽ സന്ധിവേദനകൾ (പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ് സിയോടൊപ്പം).
രോഗനിർണയവും പരിശോധനകളും
ഒരു വിശദമായ മെഡിക്കൽ ഹിസ്റ്ററി എടുക്കുന്നതിലൂടെയാണ് രോഗനിർണയം ആരംഭിക്കുന്നത്. യാത്രാവിവരങ്ങൾ, മുൻകാല അണുബാധകൾ, വാക്സിനേഷൻ വിവരങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
രക്തപരിശോധന: ആന്റിബോഡികളുടെയും വൈറൽ ലോഡിന്റെയും അളവ് കണ്ടെത്താൻ രക്തപരിശോധന നിർണായകമാണ്.
അൾട്രാസൗണ്ട് സ്കാനിംഗ്: കരൾരോഗത്തിന്റെ തീവ്രതയും മറ്റ് സങ്കീർണതകളും വിലയിരുത്താൻ ഇത് സഹായിക്കുന്നു.
ലിവർ ബയോപ്സി: അപൂർവമായി മാത്രം ആവശ്യമായി വരുന്ന ഒരു പരിശോധനയാണിത്. ചില സന്ദർഭങ്ങളിൽ കൂടുതൽ കൃത്യമായ രോഗനിർണയത്തിനായി ലിവർ ബയോപ്സി ആവശ്യമായി വന്നേക്കാം.
ചികിത്സാ രീതികൾ
ഹെപ്പറ്റൈറ്റിസിന്റെ തരവും തീവ്രതയും അനുസരിച്ച് ചികിത്സാരീതികൾ വ്യത്യാസപ്പെടാം.
അക്യൂട്ട് ഹെപ്പറ്റൈറ്റിസ് (എ, ബി, ഇ): മിക്കവാറും പേർക്കും അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ചികിത്സ മതിയാകും.
ആന്റിവൈറൽ മരുന്നുകൾ കൂടാതെ തന്നെ ഭൂരിഭാഗം ആളുകളും രോഗമുക്തി നേടുന്നു. എന്നാൽ അപൂർവമായി കരളിന് തകരാർ സംഭവിക്കുകയാണെങ്കിൽ അത് അടിയന്തര വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണ്.
ക്രോണിക് ഹെപ്പറ്റൈറ്റിസ് (ബി, സി): ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കുള്ള ആന്റിവൈറൽ മരുന്നുകൾ വൈറസിനെ നിയന്ത്രിക്കാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരൾ കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും.
ഫാറ്റി ലിവർ രോഗം (NAFLD): ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ് ഈ രോഗത്തിന്റെ ചികിത്സയിലെ പ്രധാന ഘടകം. ഗുരുതരമായ കരൾ സിറോസിസ് ഉള്ളവർക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
പുതിയ മരുന്നുകൾ വന്നതോടെ ഹെപ്പറ്റൈറ്റിസ് സിയുടെ ചികിത്സ കൂടുതൽ ലളിതവും ഫലപ്രദവുമാണ്.
പ്രതിരോധം: നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്
വാക്സിൻ എടുക്കുക: ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്ക് ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്. ഉയർന്ന അപകടസാധ്യതയുള്ളവർ കൃത്യസമയത്ത് വാക്സിൻ എടുക്കാൻ ശ്രദ്ധിക്കുക.
സുരക്ഷിതമായ ലൈംഗികബന്ധം: സുരക്ഷിതമായ ലൈംഗികബന്ധത്തിൽ ഏർപ്പെടുക, ഒന്നിലധികം പങ്കാളികളുമായുള്ള ബന്ധം ഒഴിവാക്കുക.
വ്യക്തിപരമായ സാധനങ്ങൾ പങ്കുവയ്ക്കാതിരിക്കുക: സിറിഞ്ചുകൾ, റേസർ ബ്ലേഡുകൾ, ടൂത്ത് ബ്രഷ് തുടങ്ങിയ വ്യക്തിപരമായ സാധനങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കുക.
സുരക്ഷിതമായ രക്തദാനം: രോഗാണു വിമുക്തമായ ചികിത്സാ രീതികളും സുരക്ഷിതമായ രക്തം സ്വീകരിക്കലും ഉറപ്പാക്കുക.
മദ്യം ഒഴിവാക്കുക: കരൾ രോഗങ്ങളുള്ളവർ പ്രത്യേകിച്ചും മദ്യപാനം പൂർണമായും ഒഴിവാക്കണം.
ആരോഗ്യകരമായ ജീവിതശൈലി: സമീകൃതാഹാരവും ചിട്ടയായ വ്യായാമവും ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ സഹായിക്കും.
കൈകൾ വൃത്തിയാക്കുക: വൃത്തിയില്ലാത്ത ഭക്ഷണവും വെള്ളവും ഒഴിവാക്കുക.
തുടർച്ചയായ പരിശോധന: കുടുംബത്തിൽ രോഗമുള്ളവരും മറ്റ് രോഗങ്ങളോ രോഗം ബാധിക്കാനുള്ള സാധ്യതയോ ഉള്ളവർ കൃത്യമായ പരിശോധനകൾ നടത്തുക.
ഇന്ന് കൃത്യമായ രോഗനിർണയത്തിനുള്ള വഴികളും ഫലപ്രദമായ മരുന്നുകളും നമ്മുടെ കൈകളിലുണ്ട്.
എന്നാൽ ഈ രംഗത്ത് ഏറ്റവും ശക്തമായ ആയുധം അവബോധവും കൃത്യസമയത്തുള്ള ഇടപെടലുകളുമാണ്. ഹെപ്പറ്റൈറ്റിസ് മുക്തമായ ഒരു ഭാവിക്കായി നമുക്ക് കൈകോർക്കാം.
ഡോ. രാജേഷ് ഗോപാലകൃഷ്ണ
സീനിയർ കൺസൾട്ടന്റ് - ഗ്യാസ്ട്രോഎന്ററോളജി & ഹെപ്പറ്റോളജി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ
Health
വായ, ചുണ്ടുകൾ, ഉമിനീർ ഗ്രന്ഥികൾ, ടോൺസിലുകൾ, വോക്കൽ കോഡുകൾ, തൈറോയ്ഡ് ഗ്രന്ഥി തുടങ്ങിയ വിവിധ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകളാണു പൊതുവായി ഹെഡ് ആൻഡ് നെക്ക് കാൻസർ വിഭാഗത്തിൽ പെടുന്നത്.
കാരണങ്ങൾ
ഹെഡ് ആൻഡ് നെക്ക് കാൻസറുകൾക്കു പല കാരണങ്ങൾ ഉണ്ടെങ്കിലും പുകയിലയും മദ്യപാനവുമാണ് പ്രധാന അപകടകാരികൾ. എച്ച്പിവി അണുബാധ, അൾട്രാവയലറ്റ് വികിരണങ്ങൾ, ജനിതക മാറ്റങ്ങൾ, പാരമ്പര്യം എന്നിവ മറ്റു കാരണങ്ങളാണ്.
പ്രാരംഭ ലക്ഷണങ്ങൾ
തുടർച്ചയായ തൊണ്ടവേദന, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, പരുക്കൻ ശബ്ദം, വിശദീകരിക്കാനാവാത്ത പനി, ഭാരം കുറയൽ, ഉണങ്ങാത്ത വ്രണങ്ങൾ, വിട്ടുമാറാത്ത ചുമ, ശബ്ദത്തിന്റെ മാറ്റങ്ങൾ, ചെവിവേദന, കഴുത്തിലെ കഴലകൾ എന്നിവ തലയിലെയും കഴുത്തിലെയും കാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങളാവാം.
വിദഗ്ധ പരിശോധന...
ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയുംപെട്ടെന്ന് ഡോക്ടറെ സമീപിക്കണം. അതേസമയം ഈ ലക്ഷണങ്ങളെല്ലാം കാൻസറിന്റേതാവണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷേ, ഇത്തരം സാഹചര്യത്തിൽ വിദഗ്ധ പരിശോധന അനിവാര്യമാണ്.
രോഗനിർണയം
ഫൈൻ നീഡിൽ ആസ്പിറേഷൻ സൈറ്റോളജി (FNAC), ബയോപ്സി എന്നിവയാണ് വിദഗ്ധ പരിശോധനയിൽ വരുന്നത്. കൂടാതെ കമ്പ്യൂട്ടഡ് ടോമോഗ്രഫി (CT), മാഗ്നെറ്റിക് റസനൻസ് ഇമേജിങ്, പോസിട്രോൺ എമിഷൻ ടോമോഗ്രാഫി(PET) തുടങ്ങിയ ഇമേജിംഗ് ടെക്നിക്കുകൾ രോഗത്തിന്റെ വ്യാപ്തി നിർണയിക്കാനും രോഗപകർച്ച തിരിച്ചറിയാനും സഹായിക്കുന്നു.
സ്റ്റേജിംഗ് സിസ്റ്റം
ഇത്തരം കാൻസറുകളുടെ ഉചിതമായ ചികിത്സ വിവിധ സ്റ്റേജിംഗ് വഴിയാണു നിർണയിക്കുന്നത്. ട്യൂമറിന്റെ വലുപ്പം, നോഡുകളുടെ (കഴലകളുടെ) ഇടപെടൽ, രോഗ പടർച്ച എന്നിവ പരിഗണിച്ച് TNM വർഗീകരണമാണ് സാധാരണയായി ഉപയോഗിക്കുന്ന സ്റ്റേജിംഗ് സിസ്റ്റം.
സ്റ്റേജ് ഒന്ന് (ആദ്യം)മുതൽ സ്റ്റേജ് നാലു(അവസാനം) വരെയാണ് ഇത്.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്, ഓൺക്യൂർ ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ
കണ്ണൂർ, കോഴിക്കോട്. ഫോൺ: 6238265965.
Health
മൂത്രത്തില്‍ പ്രോട്ടീന്റെ അംശം കൂടുന്നതു വൃക്ക തകരാറിന്റെ ആദ്യലക്ഷണമാണ്. മിക്ക ലാബുകളിലും ഡിപ്സ്റ്റിക് (Dipstick) അല്ലെങ്കില്‍ ഹീറ്റ് ആൻഡ് അസറ്റിക് ആസിഡ് (Heat and Acetic acid) പരിശോധനയിലൂടെയാണു പ്രോട്ടീനൂറിയ കണ്ടുപിടിക്കുന്നത്.
എന്നാല്‍ ഒരു ദിവസത്തെ മൂത്രത്തില്‍ 300mg ല്‍ കൂടുതല്‍ ആണെങ്കില്‍ മാത്രമാണ് ഈ പരിശോധനകള്‍ പോസിറ്റീവ് ആകുന്നത്.
മൈക്രോ ആല്ബുമിന് പരിശോധന
ഇതുകൂടാതെ മൂത്രത്തില്‍ ചെറിയ അളവിലുള്ള പ്രോട്ടീന്റെ അംശം അറിയുന്നതിനായി മൈക്രോ ആല്ബുമിന് പരിശോധന നടത്താവുന്നതാണ്.
യൂറിയയുടെയും ക്രിയാറ്റിനിന്റെയും അളവ്
മൈക്രോസ്കോപ് സഹായത്തോടെ മൂത്രത്തില്‍ രക്തമോ പഴുപ്പോ ഉണ്ടോയെന്നു മനസിലാക്കാം. വൃക്കരോഗം 50 ശതമാനത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ രക്ത പരിശോധനയില്‍ യൂറിയയുടെയും ക്രിയാറ്റിനിന്റെയും അളവ് കൂടുതലായിരിക്കും.
ഈ അവസ്ഥയ്ക്കു മുമ്പായി എസ്റ്റിമേറ്റഡ് ഗ്ലോമെറുലാർ ഫിൽട്രേഷൻ റേറ്റ്-Estimated Glomerular Filtration Rate (EGFR)- മൂല്യനിര്‍ണയത്തിലൂടെ വൃക്കരോഗം മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കുന്നു.
അള്‍ട്രാസൗണ്ട് സ്കാന്‍, ബയോപ്സി
വയറിന്റെ അള്‍ട്രാസൗണ്ട് സ്കാന്‍, ബയോപ്സി എന്നീ പരിശോധനകളിലൂടെ വൃക്കതകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കുന്നു.
വൃക്ക തകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിന്റെ പ്രാധാന്യമെന്ത്?
വൃക്കതകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിലൂടെ രോഗം മൂര്‍ച്ഛിക്കുന്നതു തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
കടപ്പാട്: ഡോ. ജേക്കബ് ജോർജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
District News
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ജില്ലയിൽ പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കി. മന്ത്രിയുടെ വീട്ടിലേക്കുൾപ്പെടെ ഇന്നലെയും സമരം നടന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രകടനങ്ങളും യോഗങ്ങളും നടന്നു.
പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് വൈകുന്നേരം കപ്പലും കപ്പിത്താനുമായി നടത്തിയ പ്രതീകാത്മക സമരം ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി വീണാ ജോർജിന്റെയും മുഖംമൂടി ധരിച്ച് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുന്നിൽ നിർത്തിയായിരുന്നു പ്രകടനം. കപ്പൽ ഉരുട്ടിയുള്ള സമരം നഗരത്തിനു പുതുമയായി.
ഇതിനിടെ ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്കിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട തുടങ്ങിയവരുടെ നേതൃത്വത്തിൽ ചുവരുകളിൽ തൂണു നാട്ടി പ്രതിഷേധിച്ചു.
ശോച്യാവസ്ഥ കാരണം കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇളകിത്തുടങ്ങിയിട്ടുണ്ട് . കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൂണുകളുമായി എത്തി കെട്ടിടത്തിന് താങ്ങു കൊടുത്ത് നിർത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ. ജാസിംകുട്ടി, കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി സുഹൈൽ നജീബ്, ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക് മുരിങ്ങമംഗലം, നസീം കുമ്മണ്ണൂർ, ബാബുജി ഈശോ, അബ്ദുൽ ഷുക്കൂർ, അജ്മൽ കരിം, സജി അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി.
Health
തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണ് കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു. എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്ഥി എന്ന പേരില്‍ കട്ടികുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്.
ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്. തേയ്മാനം മൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോഴാണ് കാല്‍മുട്ടില്‍ വേദന അനുഭവപ്പെടുന്നത്.
പ്രാരംഭഘട്ടത്തിൽ
പ്രാരംഭഘട്ടത്തിലുള്ള തേയ്മാനം ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാവുന്നതാണ്. കാല്‍മുട്ടുകള്‍ക്കായുള്ള പ്രത്യേക വ്യായാമങ്ങള്‍ പരിശീലിച്ച് പേശികളുടെ ബലം കൂട്ടുന്നതാണ് ഇതിനായുള്ള ശാസ്ത്രീയ മാര്‍ഗം.
സർജറി
കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ എന്താണു ചെയ്യുന്നത് എന്ന സംശയം പൊതുവേ രോഗികള്‍ക്കുണ്ട്. മുട്ടുവേദന അകറ്റുകയും വളവ് നിവര്‍ത്തുകയും ചെയ്യുക എന്നതാണു കാല്‍മുട്ട് ശസ്ത്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി എല്ലുകളുടെ അഗ്രഭാഗം അവശേഷിക്കുന്ന തരുണാസ്തിയോടുകൂടി മുറിച്ചുമാറ്റുന്നു.
പകരം ലോഹനിര്‍മിത ഇംപ്ലാന്റുകള്‍ ബോണ്‍ സിമന്റ് ഉപയോഗിച്ച് ഘടിപ്പിക്കുന്നു. ശേഷം അവയുടെ ഇടയില്‍ ചലനം സുഗമമാക്കാന്‍ മിനുസമേറിയതും എന്നാല്‍ കട്ടി കൂടിയതുമായ പോളി എത്തീലീന് പ്ലാസ്റ്റിക് ഘടിപ്പിക്കുന്നു.
പേശികളുടെയും ലിഗമെന്റുകളുടെയും മുറുക്കം അയച്ചുവിടാന്‍ ആവശ്യമായ കാര്യങ്ങളും അതോടൊപ്പം ചെയ്യുന്നു. വളവു നിവര്‍ത്താന്‍ ആനുപാതികമായ അളവിലായിരിക്കും ഇതു ചെയ്യുക.
സ്പൈനല്‍ അനസ്തേഷ്യ
മുട്ട് തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് സന്ധി മാറ്റിവയ്ക്കുന്നത്. ഇതിനായി അരയ്ക്കു താഴെ മരവിപ്പിക്കുന്ന സ്പൈനല്‍ അനസ്തേഷ്യയാണു പൊതുവെ നല്‍കാറുള്ളത്.
സാധാരണഗതിയില്‍ അടുത്ത ദിവസം തന്നെ രോഗിക്ക് കാല് ഊന്നി നടക്കാവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞ് തുന്നലുകള്‍ എടുത്തതിനുശേഷം മുറിവിന്റെ ഭാഗം നനയ്ക്കാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ഉണ്ണിക്കുട്ടൻ .ഡി
കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Leader Page
ബ്രെയിന്‍ ട്യൂമര്‍ അഥവാ മസ്തിഷ്ക ട്യൂമര്‍ പ്രായ-ലിംഗ വ്യത്യാസമില്ലാതെ ഏതൊരാളെയും ബാധിക്കുന്ന അപകടകരവും സങ്കീര്‍ണവുമായ അവസ്ഥയാണ്. സ്ത്രീകളിലുണ്ടാകുന്ന ബ്രെയിന്‍ ട്യൂമറുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകൾ ഈയിടെ വലിയ ചർച്ചയായിരുന്നു. ആഗോളതലത്തില്‍ ജൂണ്‍, ബ്രെയിന്‍ ട്യൂമര്‍ ബോധവത്കരണ മാസമായി ആചരിക്കുന്ന സാഹചര്യത്തില്‍ സ്ത്രീകളിലെ ബ്രെയിന്‍ ട്യൂമറിനെക്കുറിച്ചുള്ള ചിലകാര്യങ്ങൾ നമുക്കു പരിശോധിക്കാം.
1. ബ്രെയിന്‍ ട്യൂമറിനു ചികിത്സാ പരിമിതികളുണ്ടോ?
പുരുഷന്മാരിലേതുപോലെ തന്നെ സ്ത്രീകളിലും ബ്രെയിന്‍ ട്യൂമറിന് ഒട്ടനവധി ചികിത്സാരീതികള്‍ നിലവിലുണ്ട്. ശസ്ത്രക്രിയ, റേഡിയേഷന് തെറാപ്പി, കീമോ തെറാപ്പി, ടാര്‍ഗെറ്റഡ് തെറാപ്പി തുടങ്ങി മറ്റു ക്ലിനിക്കല്‍ ട്രയലുകളും ഇതിലുള്‍പ്പെടുന്നു. ട്യൂമറിന്റെ പ്രകൃതം, ഘട്ടം, രോഗിയുടെ ആരോഗ്യനില എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഉചിതമായ ചികിത്സാ പദ്ധതിയുടെ നിര്‍ണയം. പുത്തന്‍ ഗവേഷണങ്ങളും പഠനങ്ങളും മികച്ച ചികിത്സ ഉറപ്പാക്കാനുള്ള അവസരങ്ങളാണു തുറക്കുന്നത്.
2. പ്രധാന ലക്ഷണം തലവേദനയോ?
സാധാരണഗതിയില്‍ മസ്തിഷ്ക ട്യൂമറിന്റെ ലക്ഷണമായി അറിയപ്പെടുന്നത് തലവേദനയാണ്. മസ്തിഷ്ക ട്യൂമറുകള്‍ക്ക് വേറെയും പല ലക്ഷണങ്ങളും ഉണ്ടാകാം. ഉദാഹരണത്തിന് ഓര്‍മക്കുറവ്, കാഴ്ചസംബന്ധമായ പ്രശ്നങ്ങള്‍, ശാരീരിക ബലഹീനത, മരവിപ്പ് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ സ്ഥിരമായി കാണിക്കുന്നെങ്കില്‍ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. പെരുമാറ്റത്തിലെ മാറ്റങ്ങളും ആശയക്കുഴപ്പവും രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ തലവേദന ബ്രെയിന്‍ ട്യൂമറാണെന്നോ അല്ലെന്നോ സ്വയം തീരുമാനിക്കാന്‍ പാടില്ല. പരിശോധനകളിലൂടെ രോഗനിര്‍ണയം നടത്തുക.
3. ബ്രെയിന്‍ ട്യൂമര്‍ എല്ലായ്പ്പോഴും മറ്റുവൈകല്യങ്ങള്ക്കു കാരണമാകുമോ?
മസ്തിഷ്ക ട്യൂമര്‍ ഓര്മ, ഭാഷ തുടങ്ങിയ വൈജ്ഞാനിക പ്രക്രിയകള്‍ക്ക് സഹായകമായ തലച്ചോറിന്റെ ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. എന്നിരുന്നാലും, അത് സൃഷ്ടിക്കാന്‍ സാധ്യതയുള്ള വൈകല്യത്തിന്റെ വ്യാപ്തി ഓരോരുത്തരുടെയും രോഗാവസ്ഥയ്ക്ക് അനുസരിച്ചു വ്യത്യാസപ്പെടാം. ഇങ്ങനെ ഏതവസ്ഥയിലേക്കും പോകുന്ന രോഗിക്ക് അനുയോജ്യമായ ചികിത്സാ രീതികളിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതയുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ.
4.എല്ലാ ബ്രെയിന്‍ ട്യൂമറുകളും കാന്‍സറാണോ?
ബ്രെയിന്‍ ട്യൂമറുകള്‍ രണ്ടു തരമുണ്ട്. എല്ലാ ട്യൂമറുകളും കാന്സറാകുന്നില്ല. മൂന്നിലൊന്ന് ബ്രെയിന്‍ ട്യൂമറുകള്‍ മാത്രമാണ് കാന്‍സറായി മാറുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ബ്രെയിന്‍ ട്യൂമറുകളില്‍ ചിലത് അതിവേഗം പടരുന്നതായിരിക്കാം, മറ്റു ചിലതാകട്ടെ സാവധാനത്തില്‍ വളരുകയും പതിയെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യും. കാന്സറസല്ലാത്ത ബ്രെയിന്‍ ട്യൂമറുകള്‍ താരതമ്യേന അപകടസാധ്യത കുറഞ്ഞതും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പടരാന്‍ സാധ്യതയില്ലാത്തവയുമാണ്.
5. പ്രായമായവരില്‍ മാത്രമേ ബ്രെയിന്‍ ട്യൂമറുകള്‍ ഉണ്ടാകൂ?
ഇത് സംബന്ധിച്ച് നിലനില്‍ക്കുന്ന മറ്റൊരു തെറ്റിദ്ധാരണയാണ് പ്രായമായവരില്‍ മാത്രമേ ബ്രെയിന്‍ ട്യൂമര്‍ വരൂ എന്നത്. ബ്രെയിന്‍ ട്യൂമറുകള്‍ എല്ലാ പ്രായക്കാരിലും വരാമെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, പ്രായം കൂടുന്നതിനനുസരിച്ച് ഹോര്‍മോണ്‍ ബാലൻസിലെ മാറ്റങ്ങളും ജീവിതശൈലീ മാറ്റങ്ങളും ബ്രെയിന്‍ ട്യൂമറുകൾ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. കുട്ടികളിലും ബ്രെയിന്‍ ട്യൂമറുകൾ സ്ഥിരീകരിക്കുന്ന കേസുകള്‍ വര്‍ധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
7. ഹോര്‍മോണുകള്‍ ഉപയോഗിക്കുന്നത് മസ്തിഷ്ക ട്യൂമര്‍ വര്‍ധിക്കാന്‍ കാരണമാകുമോ?
ഹോര്‍മോണ്‍ തെറാപ്പി ഉപയോഗിച്ച് തുടര്‍ച്ചയായി ഗര്‍ഭനിരോധന മുറകള്‍ ഉപയോഗിക്കുന്നത് ചില സ്ത്രീകളില്‍ ട്യൂമറുകളുടെ വളര്‍ച്ചയെ ബാധിക്കാമെങ്കിലും നിലവില്‍ ഇത് നിരീക്ഷണത്തിന്റെയും ഗവേഷണത്തിന്റെയും വിഷയമാണ്. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ഹോര്‍മോണ്‍ തെറാപ്പി ഉപയോഗിക്കുന്നതു തികച്ചും സുരക്ഷിതമാണ്.
8. മസ്തിഷ്ക ട്യൂമര്‍ ജനിതകമാണോ?
കുടുംബത്തില്‍ ഒരാള്‍ക്ക് മസ്തിഷ്ക ട്യൂമര്‍ സ്ഥിരീകരിച്ചതുകൊണ്ട് അത് ജനിതകമായി പകര്‍ന്നുവന്നതാണ് എന്നു പറയാന്‍ കൃത്യമായ തെളിവുകളൊന്നുമില്ല. ബ്രെയിന്‍ ട്യൂമറിന്റെ പ്രധാന കാരണങ്ങള്‍ പാരിസ്ഥിതിക ഘടകങ്ങളോ ജീവിതശൈലീഘടകങ്ങളോ ആണ്. പക്ഷേ, ജനിതക പാരമ്പര്യം രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാമെന്നു കണ്ടെത്തലുകളുണ്ട്. ബ്രെയിന്‍ എംആര്‍ഐ, ബയോപ്സി തുടങ്ങിയ പ്രത്യേക പരിശോധനകള്‍ മസ്തിഷ്ക മുഴകളുടെ കുടുംബചരിത്രമുള്ള ആളുകള്‍ക്ക് ഈ അവസ്ഥയുടെ സാധ്യത കണ്ടെത്തുന്നതിനു സഹായകരമാകാറുണ്ട്.
മസ്തിഷ്ക ട്യൂമര്‍ വരാനുള്ള സാധ്യതകളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതുപോലെതന്നെ പ്രധാനമാണ് അതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളെക്കുറിച്ചുള്ള അവബോധവും. ട്യൂമറുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കി ശാസ്ത്രീയമായ യാഥാര്‍ഥ്യങ്ങള്‍ അറിയുക എന്നത് അത്യാവശ്യമാണ്.
(ലേഖകൻ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ ന്യൂറോസർജറി വിഭാഗത്തിലെ
സീനിയർ കൺസൾട്ടന്റാണ്)
Health
വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന മുട്ടുവേദനകള്‍ കൂടുതലും തേയ്മാനം മൂലമാണ്. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണു കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു.
എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്തി എന്ന പേരില്‍ കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്.
തേയ്മാനം മൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോഴാണ് കാല്‍മുട്ടില്‍ വേദന അനുഭവപ്പെടുന്നത്.
സന്ധിവാതം പലവിധം
പ്രായാനുപാതികമായ മാറ്റങ്ങളും അമിത ശരീരഭാരവും പേശികളുടെ ബലക്കുറവും മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് തേയ്മാനത്തിന്റെ ഏറ്റവും സാധാരണ കാരണം.
ഇതുകൂടാതെ രക്തസംബന്ധമായ ആര്‍ത്രൈറ്റിസ് (rheumatoid arthritis), അണുബാധ (septic arthritis), പരിക്കുകള്‍ എന്നിവയും തേയ്മാനത്തിനു കാരണമാകാം.
രോഗലക്ഷണങ്ങളും ചികിത്സയും
കാല്‍മുട്ടില്‍ അനുഭവപ്പെടുന്ന കഠിനമായ വേദനയും നീരുമാണ് പ്രധാന ലക്ഷണം. ഇതുകൂടാതെ കാല്‍മുട്ട് മടക്കുന്നതിനും കയറ്റം കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ടും അനുഭവപ്പെടുന്നു.
വേദനയ്ക്കു മാത്രമല്ല, കാൽ വളയുന്നതിനും ഇതു കാരണമാകുന്നു. ഏതെങ്കിലും ഒരു ഭാഗത്തുള്ള തരുണാസ്തി കൂടുതലായി തേയുന്നതാണ് വളവിന്റെ കാരണം.
തുടക്കത്തിൽ ചികിത്സിച്ചാൽ
പ്രാരംഭഘട്ടത്തിലുള്ള തേയ്മാനം ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാവുന്നതാണ്. കാല്‍മുട്ടുകള്‍ക്കായുള്ള പ്രത്യേക വ്യായാമങ്ങള്‍ പരിശീലിച്ച് പേശികളുടെ ബലം കൂട്ടുന്നതാണ് ഇതിനായുള്ള ശാസ്ത്രീയ മാര്‍ഗം.
അമിത ശരീരഭാരം നിയന്ത്രിക്കുന്നതു തേയ്മാനം തടയാന്‍ സഹായകം. രക്തസംബന്ധമായതും അണുബാധ മൂലവുമുള്ള ആര്‍ത്രൈറ്റിസുകള്‍ തുടക്കത്തിലെ തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പുവരുത്തണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ഉണ്ണിക്കുട്ടൻ .ഡി
കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.
Health
നമ്മുടെ പച്ചക്കറി ലിസ്റ്റില്‍ ബീന്‍സ്(ഗ്രീന്‍ ബീന്‍സ്) ഒരു സ്ഥിരം സാന്നിധ്യമാണോ...? അല്ലെങ്കില്‍ ഉടന്‍തന്നെ ബീന്‍സിന് നമ്മുടെ അടുക്കളയിലും തീന്മേശയിലും സ്ഥാനം നല്കേണ്ടിയിരിക്കുന്നു.
കാരണം, ഗര്‍ഭിണികള്‍ മുതല്‍ പ്രമേഹരോഗികള്വരെ അറിഞ്ഞിരിക്കേണ്ട നിരവധി ഗുണങ്ങള്‍ ഉള്ള പച്ചക്കറിയാണ് ബീന്‍സ്. നിരവധി പോഷകങ്ങളുടെ ഉറവിടമായ ഗ്രീന്‍ ബീന്‍സ് ആരോഗ്യ ഗുണങ്ങള്‍ ഏറെ നല്കുന്നു.
പച്ച ബീന്സിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളില്‍ ചിലതിനെ കുറിച്ച്...
പോഷകസമൃദ്ധം
നിരവധി പോഷകങ്ങളുടെ സംഗമവേദിയാണ് പച്ച ബീന്‍സ് എന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം, വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം എന്നിങ്ങനെ വിറ്റാമിനുകളും ധാതുക്കളും പച്ച ബീന്‍സില്‍ അടങ്ങിയിരിക്കുന്നു.
ഈ പോഷകങ്ങള്‍ ശരീരത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായ പങ്ക് വഹിക്കുകയും ചെയ്യുന്നു.
ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന ഫ്ലേവനോയ്ഡുകളും കരോട്ടിനോയ്ഡുകളും ഗ്രീന്‍ ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മര്‍ദവും വീക്കവും കുറയ്ക്കാന്‍ സഹായിക്കും.
ഹൃദയാരോഗ്യം, എല്ലുകളുടെ കരുത്ത്
ഹൃദയത്തിന്റെ ആരോഗ്യത്തിനും എല്ലുകളുടെ കരുത്തിനും ഈ പച്ചക്കറി സഹായകമാണ്. ഗ്രീന്‍ ബീന്‍സിലെ നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയുടെ അളവ് രക്തസമ്മര്‍ദം നിയന്ത്രിക്കും.
അതുപോലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും സഹായിക്കും.
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ കെ, മാംഗനീസ് എന്നിവയും പച്ച ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ഓസ്റ്റിയോപൊറോസിസ് രോഗത്തിന്റെ സാധ്യത കുറയ്ക്കും.
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ദഹനം
ഗ്രീന്‍ ബീന്‍സിലെ നാരുകളുടെ അളവ് ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രമേഹമുള്ള വ്യക്തികള്‍ക്ക് ഇത് ഗുണകരമാണ്.
മാത്രമല്ല, പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ദഹന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനും മലബന്ധം തടയുന്നതിനും ബീന്‍സ് സഹായകമാണ്.
കുടല് ബാക്ടീരിയകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കും, ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് ഉത്തമമാണ്.
ശരീരഭാര നിയന്ത്രണം, കണ്ണിന്റെ ആരോഗ്യം
കലോറി കുറവും നാരുകള്‍ കൂടുതലുള്ളതുമായ പച്ചക്കറിയാണ് ബീന്‍സ്. കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
അതുപോലെ കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍ എന്നിങ്ങനെയുള്ള കരോട്ടിനോയിഡുകള്‍ ഗ്രീന്‍ ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. നേത്രരോഗങ്ങളില്നിന്ന് സംരക്ഷിക്കാന്‍ ഈ സംയുക്തങ്ങള്‍ സഹായിക്കും.
പച്ച ബീന്‍സിലെ വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ധിക്കാനും ഇത് സഹായകമാണ്.
ഗര്‍ഭണികള്‍ക്ക് ഗുണകരം
ഗര്‍ഭിണികള്‍ക്ക് നിര്‍ണായകമായ ഒരു പോഷകമാണ് ഫോളേറ്റ്. പച്ച ബീന്‍സില്‍ ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ ധാരാളം ഫോളേറ്റ് കഴിക്കുന്നത് ന്യൂറല്‍ ട്യൂബ് വൈകല്യങ്ങള്‍ തടയും.
അതുപോലെ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വികാസത്തെ സഹായിക്കാനും ഇതിനു സാധിക്കും. എന്നിരുന്നാലും ഡോക്ടറുടെ നിര്‍ദേശം എല്ലാ കാര്യങ്ങളിലും സ്വീകരിക്കുന്നത് ഉത്തമമാണ്.
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് ഡോക്ടര്‍മാരുമായും ന്യൂട്രീഷന്മാരുമായും ചര്‍ച്ചചെയ്യുന്നത് ഗുണകരമാണെന്നത് പ്രത്യേകം ഓര്‍ക്കുക...
Health
ഡിമെന്‍ഷ്യ/മേധാക്ഷയം എന്നത് വര്‍ധിച്ചുവരുന്ന ഒരു നാഡീവ്യവസ്ഥാരോഗമാണ്. സ്വാഭാവിക ഓര്‍മക്കുറവില്‍ നിന്നു വളരെയധികം വിഭിന്നമാണ് ഡിമെന്‍ഷ്യ എന്ന അവസ്ഥ. രോഗിക്ക് ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് പ്രാരംഭഘട്ടത്തില്‍ പ്രകടമാകുന്നത്
രോഗം വർധിക്കുന്ന അവസ്ഥയില്‍ ഓര്മ, യുക്തി, പെരുമാറ്റം എന്നിവയെ ഡിമെന്‍ഷ്യ സാരമായി ബാധിക്കുന്നു. ഡിമെന്‍ഷ്യ / മേധാക്ഷയം ഗണത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥയാണ് ആൽസ്ഹൈമേഴ്സ്.
പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍
ഇത് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്കും കാര്യമായ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഇതു കൂടാതെ സ്വതസിദ്ധമായ പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാം.
മേധാക്ഷയത്തില്‍ സാധാരണയായി കേട്ടുവരാറുള്ള സ്മൃതിനാശം / ഓര്‍മക്കുറവ് മാത്രമായിരിക്കില്ല, മറിച്ച് (Attention / Concentration Difficulties) ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്യാനുള്ള ബുദ്ധിമുട്ട്, ഭാഷാസംബന്ധമായ ബുദ്ധിമുട്ടുകള്‍, സ്ഥലവും കാലവും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്,
ചിന്തകളിലെ വ്യതിയാനങ്ങള്‍, സാഹചര്യത്തിനൊത്തവണ്ണം തീരുമാനങ്ങള്‍ എടുക്കാനുള്ള ബുദ്ധിമുട്ട്, മറവിമൂലം സ്വന്തം ജോലിയിലോ ദൈനംദിന ജീവിതത്തിലോ പ്രശ്നങ്ങള്‍ ഉണ്ടാവുക, സ്വതവേയുള്ള സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം സംഭവിക്കുക (ദേഷ്യം, സങ്കടം, വൈഷമ്യം, മൗനം എന്നിവ) എന്നിവയും ഉള്‍പ്പെടും.
അകാരണമായ ദേഷ്യം, പേടി
സാധനങ്ങള്‍ സൂക്ഷിച്ചുവച്ചിട്ട് മറന്നുപോവുക, മറ്റാരെങ്കിലും മോഷ്ടിച്ചെന്ന് ആരോപിക്കുക, അടുത്തകാലത്തുനടന്ന കാര്യങ്ങള്‍ മറന്നുപോവുക, ഭക്ഷണം കഴിച്ചിട്ടും അത് മറന്നു പോവുക, അകാരണമായ ദേഷ്യം, പേടി തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാം. ഈ അവസരത്തില്‍ സമഗ്രമായ മാനസിക പരിചരണം ആവശ്യമാണ്.
മുന്‍കൂട്ടിയുള്ള പരിശോധനയും രോഗ നിര്‍ണയവും
ഫലപ്രദമായി രോഗം നിയന്ത്രിക്കുന്നതിന് മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം അനിവാര്യമാണ്. ഡിമെന്‍ഷ്യ നിര്‍ണയിക്കുന്നതിനും അതിനു സമാനമായ മറ്റു രോഗലക്ഷണങ്ങളില്‍ നിന്നു വേര്‍തിരിക്കുന്നതിനും മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടതാണ്.
ഇതിനായി കൊഗ്നിറ്റീവ് ടെസ്റ്റുകൾ, ക്ലിനിക്കൽ ഇവാല്യുവേഷൻ, ന്യൂറോ ഇമേജിംഗ് എന്നിവ ചെയ്യേണ്ടതായിവരും. രോഗനിര്‍ണയം മുന്‍കൂട്ടി നടത്തുന്നതിലൂടെ രോഗം പുരോഗമിക്കുന്നത് നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നു.
വിവരങ്ങൾ: ഡോ. ശ്രീലക്ഷ്മി .എസ്
ജൂണിയർ കൺസൾട്ടന്റ് , സൈക്യാട്രി എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
ബാക്ടീരിയ, എന്‍സൈമുകള്‍ എന്നിവ ചേര്‍ത്ത് പാലില്‍നിന്ന് നിര്‍മിക്കുന്ന പോഷകസമൃദ്ധമായ ഒരു ഉത്പന്നമാണ് ചീസ്. കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചീസ്.
നിരവധി ആരോഗ്യഗുണങ്ങള്‍ ചീസിലൂടെ ലഭിക്കും. അത്തരം ആരോഗ്യഗുണങ്ങളില്‍ ചിലത് ഇവയാണ്...
കാല്‍സ്യം, പ്രോട്ടീന്‍ ഉറവിടം
കാല്‍സ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ് ചീസ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് കാല്‍സ്യം. അസ്ഥികളുടെ സാന്ദ്രതയും ശക്തിയും നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
സ്ഥിരമായ കാല്‍സ്യം ഉപഭോഗം ഓസ്റ്റിയോപൊറോസിസ്, ദന്തപ്രശ്നങ്ങള്‍ എന്നിവ തടയുകയും ആജീവനാന്ത അസ്ഥിആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യും. ശരീരത്തില്‍ ടിഷ്യൂകള്‍ നിര്‍മിക്കുന്നതിനും നന്നാക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍ ചീസില്നിന്ന് ലഭിക്കുന്നു.
മതിയായ പ്രോട്ടീന്‍ ഉപഭോഗം പേശികളുടെ കരുത്ത്, മെറ്റബോളിസം, ശരീരഭാരം നിയന്ത്രിക്കല്‍ തുടങ്ങിയവയ്ക്ക് സഹായകമാണ്.
വിറ്റാമിന്‍, കൊഴുപ്പ്, സിങ്ക്
ചീസില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ബി 12 ന്യൂറോളജിക്കല്‍ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ആവശ്യമാണ്. പതിവായി ചീസ് കഴിക്കുന്നത് വിളര്‍ച്ച തടയുകയും തലച്ചോറിന്റെ സജീവ പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യും.
കാഴ്ച, രോഗപ്രതിരോധ പ്രവര്‍ത്തനം, ചര്‍മത്തിന്റെ ആരോഗ്യം എന്നിവയ്ക്ക് ചീസിലെ വിറ്റാമിന്‍ എ പ്രധാനമാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്ന ചീസ് വിറ്റാമിനുകള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും.
കൊഴുപ്പുകള്‍ സുസ്ഥിരമായ ഊര്‍ജ നിലവാരത്തെയും മൊത്തത്തിലുള്ള പോഷക സന്തുലിതാവസ്ഥയെയും പരിപോഷിപ്പിക്കുന്നു. ഇത് മെച്ചപ്പെട്ട ഉപാപചയം നല്‍കും.
രോഗപ്രതിരോധ പ്രവര്‍ത്തനം, ഡിഎന്‍എ സിന്തസിസ്, കോശവിഭജനം എന്നിവയ്ക്ക് ചീസ് അടങ്ങിയിരിക്കുന്ന സിങ്ക് അത്യാവശ്യമാണ്. പതിവായി കഴിക്കുന്നത് ശക്തമായ രോഗപ്രതിരോധവും മുറിവ് ഉണക്കുന്നതിനും ഉപകരിക്കും.
കുടലിന്റെ ആരോഗ്യം, ഫോസ്ഫറസ്
ചീസുകളില്‍ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനം വര്‍ധിപ്പിക്കും. അതുപോലെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ദഹനനാളരോഗങ്ങള്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ചീസില്‍ ഫോസ്ഫറസ് ധാരാളമായി അടങ്ങിയിരിക്കുന്നു. അസ്ഥി, പല്ല് എന്നിവയുടെ കരുത്തിന് ഫോസ്ഫറസ് കാല്‍സ്യവുമായി പ്രവര്‍ത്തിക്കുന്നു.
എല്ലുകളുടെയും പല്ലുകളുടെയും ഘടനാപരമായ സമഗ്രത ഉറപ്പാക്കുകയും ഒടിവുകളും ക്ഷയവും തടയുകയും ചെയ്യാനും ഫോസ്ഫറസ് സഹായകമാണ്.
ശരീരഭാരം നിയന്ത്രിക്കാം
ചീസിലെ ഉയര്‍ന്ന പ്രോട്ടീനും കൊഴുപ്പും വിശപ്പ് നിയന്ത്രിക്കുകയും കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനെ പിന്തുണയ്ക്കുകയും ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തടയുകയും ചെയ്യും.
അതുപോലെ ഭക്ഷണത്ത ഊര്‍ജമാക്കി മാറ്റാന്‍ സഹായിക്കുകയും ആന്റിഓക്സിഡന്റായും ചീസ് പ്രവര്‍ത്തിക്കുന്നു. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും.
Health
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിച്ചുകൊണ്ടിരിക്കുകയാണ്, കേരളത്തിലാണ് നിലവിൽ ഏറ്റവും കൂടുതൽ സജീവ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് പൊതുജനാരോഗ്യ രംഗത്ത് പുതിയ ആശങ്കകൾക്ക് വഴിയൊരുക്കുന്നുണ്ട്.
നിലവിൽ റിപ്പോർട്ട് ചെയ്യുന്ന പല കോവിഡ് കേസുകളും നേരിയ തോതിലുള്ള രോഗലക്ഷണങ്ങൾ മാത്രമാണ് കാണിക്കുന്നത്. എന്നാൽ, പ്രായമായവർക്കും കുട്ടികൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും (പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ) ഇത് ഗുരുതരമാകാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ, ഈ വിഭാഗങ്ങളിൽപ്പെട്ടവർ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പാലിക്കേണ്ടത് അത്യാവശ്യമാണ്.
XFG, NB.1.8.1, LF.7 തുടങ്ങിയ പുതിയ കോവിഡ് വകഭേദങ്ങൾ രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദങ്ങൾക്ക് കൂടുതൽ വേഗത്തിൽ പടരാനുള്ള കഴിവുണ്ടെങ്കിലും, പൊതുവെ തീവ്രത കുറഞ്ഞവയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. എങ്കിലും, വൈറസിന്റെ ജനിതകമാറ്റങ്ങൾ നിരന്തരം നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്.
കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാവിയിലെ ഏത് സാഹചര്യത്തെയും നേരിടാൻ ആശുപത്രികൾ സജ്ജമാണോ എന്ന് ഉറപ്പാക്കാൻ mock drill-കൾ ഉൾപ്പെടെയുള്ള നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിൽ പൊതുജനങ്ങൾക്ക് വലിയ പങ്കുണ്ട്. മാസ്ക് ധരിക്കുന്നത്, കൈകൾ ശുചിയാക്കുന്നത്, തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നത്, രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ സ്വയം ഐസൊലേറ്റ് ചെയ്യുന്നത് എന്നിവയൊക്കെ നിർബന്ധമായും തുടരണം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നത് സമൂഹത്തിൽ രോഗം പടരുന്നത് തടയാൻ സഹായിക്കും.