International
ബാർസലോണ: സ്പെയിനിൽ വീണ്ടും ട്രെയിൻ അപകടം. ബാർസലോണയ്ക്ക് സമീപം പാളത്തിലേയ്ക്ക് ഇടിഞ്ഞുവീണ മതിലേയ്ക്ക് ട്രെയിൻ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ലോക്കോ പൈലറ്റ് മരിച്ചു.
40 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. വടക്ക് കിഴക്കൻ സ്പെയിനിലെ കാറ്റലോണിയ മേഖലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.
മാഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 42 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിടും മുൻപാണ് നിലവിലെ അപകടം. 38 അഗ്നിശമനാ വാഹനങ്ങളും 20ലേറെ ആംബുലൻസുകളും മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതായാണ് അധികൃതർ വിശദമാക്കുന്നത്.
നിലവിൽ മതിലിന് അടിയിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് അധികൃതർ അറിയിച്ചത്. ആരെങ്കിലും പാളത്തിനും പൊട്ടിവീണ മതിലിനും ഇടയിൽ ഉണ്ടോയെന്ന് കണ്ടെത്താനുള്ള തെരച്ചിലും നടക്കുന്നുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. കാറ്റലോണിയ മേഖലയിൽ ഉണ്ടായ കനത്ത മഴയിൽ മതിൽ തകർന്നുവെന്നാണ് സ്പെയിനിലെ റയിൽ ഓപ്പറേറ്റർ വിശദമാക്കുന്നത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെതിരെ ഹൈക്കോടതി. ശങ്കരദാസിന്റെ അസുഖത്തെ സംബന്ധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ശങ്കരദാസിനെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ ആകുമോ എന്നും പരിശോധിക്കണമെന്നും റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ശങ്കരദാസ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ശങ്കരദാസ് അറസ്റ്റിലായത്. ശങ്കരദാസ് ചികിത്സയിലിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് എസ്ഐടി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
എസ്പി ശശിധരൻ ആശുപത്രിയിൽ നേരിട്ടെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ദ്വാരപാലക ശിൽപ കേസിലും കട്ടിളപാളി കേസിലും 11-ാം പ്രതിയാണ് ശങ്കരദാസ്.
Kerala
കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് പ്രൊവിഡന്‍സ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ യാഷികയ്ക്കാണ് കാലില്‍ കടിയേറ്റത്. രാവിലെ ഒന്‍പതോടെ സ്കൂളിലേയ്ക്ക് പോകവേയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.
അരീക്കാട് വച്ചാണ് സംഭവം നടന്നത്. സ്കൂളിലേയ്ക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് നടക്കവേ വിദ്യാര്‍ഥിനിയുടെ പിന്നാലെയെത്തിയ നായ കാലില്‍ കടിക്കുകയായിരുന്നു. യാഷിക പേടിച്ച് നിലവിളിച്ചതോടെ നായ മറ്റൊരു സ്ഥലത്തേയ്ക്ക് പോയി.
കാലില്‍ സാരമായി പരിക്കേറ്റ വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. കഴിഞ്ഞ ദിവസവും ഇതിന് സമീപപ്രദേശത്ത് തെരുവ്നായ ആക്രമണമുണ്ടായിരുന്നു.
Kerala
കൊച്ചി: എറണാകുളത്ത് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്.
കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഇതുവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ചയാണ് സ്കൂളിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ കാർ ഇടിച്ചുതെറിപ്പിച്ചത്.
കറുത്ത നിറത്തിലുള്ള കാർ ആണ്. ദൃശ്യത്തിൽ നമ്പർ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറാകാതെ അജ്ഞാതൻ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. കാർ കണ്ടെത്തുവാനുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.
Kerala
കൊഴിക്കോട്: മുക്കത്ത് അഴിച്ചുവിട്ട വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്ക്. മണാശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശേരിയുടെ മകൾ അഭിഷയ്ക്കാണ് നായയുടെ കടിയേറ്റത്.
അഭിഷയയുടെ കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അഭിഷയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അയൽ വീട്ടിലെ നായയാണ് കുട്ടിയെ കടിച്ചത്.
മറ്റൊരു വിദ്യാർഥിനിയെയും നായ കടിക്കാൻ ശ്രമിച്ചു. ഈ വിദ്യർഥിനി അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.
നഴ്സുമാരുടെ സമ്പർക്ക പട്ടികയിൽ 120 പേർ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടുതലും ആരോഗ്യപ്രവർത്തകരാണ്. ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സുമാർക്കാണ് നിപ സ്ഥിരീകരിച്ചത്.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗാൾ സർക്കാർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് ചൊവ്വാഴ്ച ഉണ്ടായ തെരുവുനായ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. വീട്ടുമുറ്റത്ത് നിന്നവരെയും വഴിയിലൂടെ നടന്നുപോയവരെയുമടക്കമാണ് നായ കടിച്ചത്.
കല്ലുവെവെട്ടാൻകുഴി സ്വദേശികളായ അസിയ (9), ആദിൽ മുഹമ്മദ് (7), വിഴിഞ്ഞം ഹാർബർ റോഡിൽ അസിക (18), മൈദിൻ പീരുമുഹമ്മദ് (37), ഹസനാർ (60), ഇൻസമാം ഹക്ക്(31), അബുഷൗക്കത്ത് (56), വിഴിഞ്ഞം കോസ്റ്റൽ പോലീസിലെ വാർഡൻ സുനിറ്റ് (35) എന്നിവർക്കാണ് കടിയേറ്റത്. പേവിഷബാധയേറ്റ നായയെന്ന് സംശയമുള്ളതായി കടിയേറ്റവർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് നായയുടെ ആക്രമണമുണ്ടായത്.
കല്ലുവെട്ടാൻകുഴിയിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അസിയയുടെ ഇടത് കൈയിലും കാലിലും അതുപോലെ ആദിലിന് വലതുകാലിലെ തുടയിലുമാണ് കടിയേറ്റത്. വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റൽ വാർഡൻ സുനിറ്റിന് ഇടതുകാലിലാണ് കടിയേറ്റത്.
പിന്നാലെ വീട്ടുമുറ്റത്ത് നിന്ന അസിക, ഷെഡിൽ കിടന്നുറങ്ങിയ ഹസനാർ, ഇൻസമാം ഹക്ക് എന്നിവരെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു. നായയെ പിടികിട്ടിയതോടെ നാട്ടുകാർ അടിച്ചുകൊന്നു.
National
ന്യൂഡൽഹി: മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡൽഹി എയിംസിലാണ് നിലവിൽ ജഗദീപ് ധന്‍കർ ചികിത്സയിലുള്ളത്. ഇന്ന് പരിശോധനയ്ക്കെത്തിയ ധൻകറിനോട് അഡ്മിറ്റാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച രണ്ട് തവണ മുന്‍ ഉപരാഷ്ട്രപതിക്ക് ബോധക്ഷയമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് പരിശോധനയ്ക്കായെത്തിയത്. എംആര്‍ഐ സ്കാൻ ഉൾപ്പെടെ പരിശോധനകള്‍ നടത്തിയെന്നും കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഉപരാഷ്ട്രപതിയായ വേളയില്‍ കേരളത്തിൽ സന്ദർശനം നടത്തിയ വേളയിലും ജഗദീപ് ധന്‍കറിന് ബോധക്ഷയമുണ്ടായിരുന്നു. 74 വയസുകാരനായ ധന്‍കറിനെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷം പൊതുവേദികളിൽ സജീവമല്ല.
Kerala
കോട്ടയം: വെമ്പള്ളിയിൽ ഇടഞ്ഞ ആന പാപ്പാനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. വൈലാശേരി അര്ജുനന് എന്ന ആനയാണ് ഇടഞ്ഞത്.
വെമ്പള്ളിയില്‍ റേഷന്‍ കടപടിക്ക് സമീപം വച്ച് ഇന്ന് വൈകുന്നരം അഞ്ചോടെയാണ് ആന ഇടഞ്ഞത്. ആനയുടെ സമീപത്തുണ്ടായിരുന്ന ഒന്നാം പാപ്പാന് സജിക്കാണ് കുത്തേറ്റത്.
കാലിന് ഗുരുതരമായി പരിക്കേറ്റ സജിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ കയറ്റിയ ലോറിയിലുണ്ടായിരുന്ന മറ്റ് നാല് പാപ്പാന്മാര് ചേര്‍ന്ന് ആനയെ സമീപത്തുള്ള പറമ്പിലേയ്ക്ക് മാറ്റി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
ജയിലിലെ ആംബുലൻസില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചിരിക്കുന്നത്. നീണ്ട മണിക്കൂറുകൾ ചോദ്യം ചെയ്തതിന് ശേഷമാണ് തന്ത്രിയെ വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി എത്തിയത്. ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഭാഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷ്ണർ റാങ്കിൽ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലിൽ പറയുന്നത്.
മാത്രമല്ല, ദേവസ്വത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള, താന്ത്രികവുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന തസ്തികയിലുള്ള ഒരാളാണ് തന്ത്രി കണ്ഠര് രാജീവര്. തന്ത്രിക്ക് ലഭിക്കുന്ന പ്രതിഫലത്തെ പടിത്തരം എന്നാണ് മാനുവലിൽ പറയുന്നത്.
ആദ്യം പടിത്തരം എന്നത് ദക്ഷിണയാണോ പ്രതിഫലമാണോ എന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ, ഇതിൽ നിയമോപദേശം തേടിയ ശേഷമാണ് പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നും എസ്ഐടി കണ്ടെത്തിയത്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഖജുരാഹോയിൽ റിസോർട്ടിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് പേർ മരിച്ചു. റിസോർട്ടിലെ ജീവനക്കാരാണ് മരിച്ചത്.
അഞ്ച് പേർ ഗുരുതരാവസ്ഥാവയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്വാളിയോറിലെ ജാ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്. ഒരാളെ കാണാതായി.
ഖജുരാഹോയിലെ ഗൗതം റിസോർട്ടിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലെ അത്താഴത്തിന് ശേഷമാണ് ജീവനക്കാർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. പിന്നീത് ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
റിസോർട്ട് ജീവനക്കാരെ ആദ്യം ഖജുരാഹോയിലെ ഹെൽത്ത് സെന്ററിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ സ്ഥിതി വഷളായതോടെ എല്ലാവരെയും ഗ്വാളിയോറിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
Kerala
മലപ്പുറം: വണ്ടൂരിൽ ബാറില്‍ യുവാവിന്റെ ആക്രമണം. രണ്ട് ബാർ ജീവനക്കാരെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. വണ്ടൂർ കരുണാലയപ്പടി സ്വദേശി ഷിബിൽ ആണ് അക്രമം നടത്തിയത്.
ബാർ ജീവനക്കാരായ തിരുവാലി സ്വദേശി ആകാശ്, കോഴിക്കോട് സ്വദേശി അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. സംഘര്‍ഷത്തിനിടയില്‍ ഷിബിലിനും കത്തിക്കുത്തിൽ പരിക്കേറ്റു.മൂന്നു പേരേയും വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് അക്രമമുണ്ടായത്. ലഹരിയിലായിരുന്നു ഷിബിലെന്ന് പോലീസ് പറഞ്ഞു. ബാറിലെ മദ്യക്കുപ്പികളും ഫര്‍ണിച്ചറുകളും ഷിബില്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
Kerala
കോഴിക്കോട്: നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള്‍ തമ്മിൽ സംഘർഷം. ഹോട്ടലിലെത്തിയ സംഘവും മറ്റൊരു സംഘവുമായാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നടക്കാവിലെ ഹോട്ടലിലെത്തിയ ആദ്യ സംഘം പിന്നാലെയെത്തിയ സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്കാന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വാങ്ങി നല്‍കാനാകില്ലെന്ന് പറഞ്ഞതോടെ വാക്കേറ്റമായി. ഇതോടെ ഹോട്ടലില്‍ നിന്നിറങ്ങാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയതോടെ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
സംഭവമറിഞ്ഞ് പോലീസ് എത്തിയിട്ടും യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ തുടർന്നു. ഇതിനിടയിൽ ഒരു യുവാവ് ബോധരഹിതനായി വീണു. ഒടുവില്‍ ബോധരഹിതനായ യുവാവിനെ ആംബുലന്‍സില്‍ കയറ്റിവിട്ട ശേഷം പോലിസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
സംഘർഷത്തെ തുടർന്ന് അരമണിക്കൂറിലധികം നഗരത്തിൽ ഗതാഗതം സതംഭിച്ചു. അതേസമയം യുവാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.
Kerala
കൊല്ലം: കരുനാഗപ്പള്ളിയിൽ ടിയർ ഗ്യാസ് പരിശീലനത്തിനിടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പൊട്ടിയാണ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റത്.
പരിക്കേറ്റ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വനിതാ പൊലീസ് ഉദ്യോസ്ഥർക്കും, ഒരു പുരുഷ പൊലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ടിയർ ഗ്യാസ് ആദ്യം ഉപയോഗിച്ചപ്പോൾ പൊട്ടിയിരുന്നില്ല. തുടർന്ന് വീണ്ടും ലോഡ് ചെയുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.
National
മുംബൈ : മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയ്ക്ക് സമീപം വസായ് വെസ്റ്റ് പ്രദേശത്ത് ക്ലോറിൻ വാതക ചോർച്ച. വിഷവാതക ചർച്ചയെ തുടർന്ന് ഒരാൾ മരിച്ചു. സമീപവാസിയായ 59 കാരനാണ് മരിച്ചത്.
18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒരു ആൺകുട്ടിയും രണ്ട് കൗമാരക്കാരായ പെൺകുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
രൂക്ഷമായ മഞ്ഞ-പച്ച നിറത്തിലുള്ള പുക പ്രദേശത്ത് പരന്നിട്ടുണ്ട്. ചൊവ്വാഴ്ച ദിവാൻമാൻ ശ്മശാനത്തിന് സമീപമുള്ള ഒരു വാട്ടർ ടാങ്കിന് സമീപം നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്കിടെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം നടന്നതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സിഇഒ കൂടിയായ റസിഡന്റ് ഡെപ്യൂട്ടി കളക്ടർ സുഭാഷ് ബാഗ്ഡെ പറഞ്ഞു.
10 മുതൽ 15 വർഷം വരെ പഴക്കമുള്ള ഒരു ക്ലോറിൻ സിലിണ്ടറിന്റെ വാൽവ് ചോരാൻ തുടങ്ങിയതോടെ ചുറ്റുമുള്ള പ്രദേശത്തേക്ക് വിഷ പുക പടരുകയായിരുന്നു. സൺസിറ്റി ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ചോർച്ച അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ അവരിൽ പലർക്കും വാതകം ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി.
തുടർന്ന് ഇവരെ ഉൾപ്പടെ 18 പേരെ മൂന്ന് വ്യത്യസ്ത ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. വാതക ചോർച്ചയിൽ നിന്ന് കൂടുതൽ ഭീഷണിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിഭ്രാന്തരാകരുതെന്നും മുൻകരുതൽ നടപടിയായി പ്രദേശത്ത് അനാവശ്യമായ സഞ്ചാരം ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.
Kerala
മലപ്പുറം: കരുളായിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. മണ്ണള നഗറിലെ ബാലനാണ് പരുക്കേറ്റത്.
ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. കരുളായി വനത്തിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്.
ഉടൻ തന്നെ വനപാലകർ ബാലനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആർ(സ്പെഷൽ ഇന്റൻസീവ് റിവിഷൻ) ജോലി ഭാരവും അമിത സമ്മർദത്തെയും തുടർന്ന് ബിഎൽഒയ്ക്ക് ശാരീരികാസ്വാസ്ഥ്യം. സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം.
സംഭവത്തിൽ കമൽ നാസ്കർ എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജോയ്നഗറിലെ പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്ററാണ് നസ്കർ.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ട് വീടുതോറും പോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "നവംബർ 13 ന് എനിക്ക് ഫോമുകൾ ലഭിച്ചു. അവ എല്ലാ വീടുകളിലും വിതരണം ചെയ്തു. ഇപ്പോൾ പൂരിപ്പിച്ച ഫോമുകൾ വോട്ടർമാരിൽ നിന്ന് ശേഖരിക്കേണ്ട സമയമായി. 26-ാം തീയതിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ എന്നോട് ആവശ്യപ്പെട്ടു. സമയ പരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയുമെന്ന് എനിക്ക് തോനുന്നില്ല. തുടർന്നാണ് എനിക്ക് അസ്വസ്ഥതയുണ്ടായത്'.-നസ്കർ പറഞ്ഞു.
ഇന്നലെ ബിഎൽഒമാരുടെ ഒരു യോഗത്തിൽ നസ്കർ പങ്കെടുത്തതായും നവംബർ 26നകം അപേക്ഷാ ഫോമുകൾ ശേഖരിച്ച് സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറയുന്നു.
വീട്ടിലെത്തിയ ഉടനെ തന്നെ നസ്കറിന് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻതന്നെ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചുവെന്നും ബന്ധുക്കൾ വ്യക്തമാക്കി.
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും തൃണമൂൽ എംഎൽഎയും നഴ്സിംഗ് ഹോമിൽ എത്തി നസ്കറെ സന്ദർശിച്ചു. ബിഎൽഒമാരുടെ മേൽ വലിയ ജോലിഭാരം ഉണ്ടെന്ന് എംഎൽഎ ബിശ്വനാഥ് ദാസ് കുറ്റപ്പെടുത്തി.
ബംഗാളിലെ നാദിയ ജില്ലയിൽ ഒരു ബിഎൽഒയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവം. എസ്ഐആർ ജോലി കാരണം റിങ്കു തരഫ്ദാർ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.
Kerala
കോഴിക്കോട്: വടകരയിൽ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. വടകര വില്ല്യാപ്പള്ളി സ്വദേശി കുളത്തൂരില്‍ ചാലില്‍ തന്‍സീമിനാണ് പരിക്കേറ്റത്.
കാലിന് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നരം നാലോടെയാണ് സംഭവം.വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് തൻസീം സ്റ്റാര്‍ട്ട് ചെയ്തത്. അബദ്ധത്തിൽ ആക്സിലറേറ്ററിൽ കാൽ അമർന്നുപോയതോടെയാണ് അപകടമുണ്ടായത്..
നിയന്ത്രണം വിട്ട് അതിവേഗത്തിൽ മുന്നോട്ട് കുതിച്ച കാർ വീടിന്റെ മതിൽ തകർത്ത് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടർന്നുണ്ടായ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. ഇവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
എന്നാൽ തൻസീമിനെ അപകടത്തിൽപെട്ട കാറിനുള്ളിൽ നിന്ന് പുറത്തിറക്കാനായില്ല. കാറിനകത്ത് തൻസീമിന്റെ കാൽ കുടുങ്ങിയിരുന്നു. ഇത് പുറത്തേക്ക് വലിച്ചെടുക്കാൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തിയാണ് കാറിൽ നിന്ന് തൻസീമിനെ പുറത്തിറക്കിയത്.
പിന്നീട് ഇദ്ദേഹത്തെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
Kerala
കണ്ണൂർ: എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ബിഎൽഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്.
ജോലിസമ്മർദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഡിഡിഇ ഓഫീസിലെ ക്ലർക്കാണ് രാമചന്ദ്രൻ.
ബൂത്ത് ലെവൽ ഓഫീസർമാർ കഠിനമായ ജോലി സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന ആരോപണങ്ങളാണ് ഉയരുന്നത്. എന്നാൽ എസ്ഐആര്‍ സമയക്രമം മാറ്റില്ലെന്നും ഡിസംബര്‍ ഒന്‍പതിന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Kerala
ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. വീഴ്ചയെ തുടർന്ന് കാലിന് പരിക്കേറ്റു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്.
വിദഗ്ധ ചികിത്സയ്ക്കായി സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ രണ്ട് മാസം പൂർണവിശ്രമത്തിന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
Sports
കോൽക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗിൽ ആശുപത്രിയിൽ തുടരുന്നു. രണ്ടാം ദിവസത്തെ മത്സരത്തിനിടെ കഴുത്തിന് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.
പിന്നീട് ശനിയാഴ്ചത്തെ കളി അവസാനിച്ചതിന് ശേഷം കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നാണ് വിവരം.
ഗില്ലിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച് വരുകയാണെന്നും താരം ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണെന്നുമാണ് ടീം കോച്ച് ഗൗതം ഗംഭീർ അറിയിച്ചത്. ഗില്ലിന്റെ കാര്യത്തിൽ ടീമിലെ മെഡിക്കൽ സംഘമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ഗംഭീര പറഞ്ഞു. അടുത്ത ദിവസം ഈക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും ഗംഭീർ വ്യക്തമാക്കി.
ഇതോടെ ശനിയാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ ഗിൽ കളിക്കുമൊയെന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഒന്നാം ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യയെ സംബന്ധിച്ച് ഗിൽ തിരിച്ചുവരേണ്ടത് അനിവാര്യമായ കാര്യമാണ്.
ആശുപത്രിയിൽ ഡോ. സപ്തര്‍ഷി ബസുവിന്റെ മേല്‍നോട്ടത്തിലാണ് ഗില്ലിന്റെ ചികിത്സ. മുന്‍കരുതല്‍ നടപടിയായി ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റ്, ന്യൂറോ സര്ജന്, ന്യൂറോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് എന്നിവരടങ്ങുന്ന പാനലാണ് ഗില്ലിന്റെ അവസ്ഥ നിരീക്ഷിക്കുന്നത്.
അതേസമയം, ഗില്ലിന് കഴുത്തിന്റെ വേദന കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എംആര്‍ഐ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പ്രശ്നങ്ങളൊന്നും കാണിക്കുന്നില്ല.
Kerala
കൊച്ചി: പെരുമ്പാവൂർ ഓടയ്ക്കാലി നൂലേലിയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മ കാർ ഇടിച്ച് മരിച്ചു. നൂലേലി ഇടത്തൊട്ടിൽ വീട്ടിൽ ലതിക (60) ആണ് മരിച്ചത്.
വീടിനു സമീപത്തെ റോഡിലൂടെ നടക്കുമ്പോൾ പിന്നാലെ വന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറുപ്പുംപടി പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Kerala
തിരുവനന്തപുരം: കോവളം ബീച്ചിൽതെരുവുനായ ആക്രമണം. പ്രഭാത സവാരിക്കിറങ്ങിയ ഹോട്ടലുടമയ്ക്ക് കഴിഞ്ഞ ദിവസം കടിയേറ്റു.
രാവിലെ ഹവ്വാ ബീച്ചിലൂടെ നടന്നുവന്ന സ്വകാര്യ ഹോട്ടൽ നടത്തുന്ന കണ്ണൂർ സ്വദേശി റോബിന്റെ വലതു കാലിൽ കൂട്ടമായെത്തിയ തെരുവുനായ കടിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി റോബിൻ കടലിലേക്ക് ചാടിയെങ്കിലും നായകൾ വിടാതെ പിൻതുടർന്ന് കടിക്കുകയായിരുന്നു.
റോബിൻ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച ലൈറ്റ് ഹൗസ് ബീച്ചിൽ നടപ്പാതയിലൂടെ വരികയായിരുന്ന വിദേശ വനിതയെയും തെരുവു നായ ആക്രമിച്ചിരുന്നു. റഷ്യയിൽ നിന്നുള്ള പൗളിന(32) വലതു കണങ്കാലിൽ മാരകമായി കടിയേറ്റത്.
Kerala
തൃശൂർ: മാളയിൽ ഓടുന്ന ബസിൽ നിന്നും ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്. കൊരട്ടി സ്വദേശി ജയ്ജു (52) എന്നയാൾക്കാണ് പരിക്കേറ്റത്.
മേലടൂരിൽ ഉള്ള പുറക്കുളം സ്റ്റോപ്പിന് സമീപത്ത് വച്ച് ആണ് സംഭവം. അന്നമനടയിൽ നിന്നും തൃപ്രയാറിലേക്ക് പോകുന്ന സ്വകാര്യ ബസ് പുറക്കുളം സ്റ്റോപ്പിന് സമീപത്തുനിന്നും യാത്രക്കാരിയെ കയറ്റി മുന്നോട്ട് എടുത്തപ്പോഴായിരുന്നു സംഭവം.
സീറ്റിൽ നിന്ന് എഴുന്നേറ്റ് യാത്രക്കാരൻ പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇറങ്ങണമെന്നോ ബസ് നിർത്താനോ ആവശ്യപ്പെടാതിരുന്ന ജയ്ജു മുൻവാതിലിലൂടെയാണ് പുറത്തേക്ക് ചാടിയത്.
യാത്രക്കാരൻ റോഡിലേക്ക് വീണതോടെ ബസ് നിർത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ജയ്ജുവിനെ മാളയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയിരിക്കുകയാണ്.
Kerala
തൃശൂർ: ചെറുതുരുത്തിയിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവതിയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. വെട്ടിക്കാട്ടിരി കഫേ മെക്കാനി ഹോട്ടലിന് സമീപം റോഡ് മുറിച്ചു കടക്കുകയായിരുന്ന ചേലക്കര സ്വദേശിയായ യുവതിയെയാണ് ഇടിച്ചുതെറിപ്പിച്ചത്.
ബുധനാഴ്ച്ച രാത്രി പത്തോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന യുവതി റോഡ് മുറിച്ച് ഹോട്ടലിന്റെ ഭാഗത്തേക്ക് കടക്കുമ്പോഴണ് അപകടം ഉണ്ടായത്. തൃശൂർ ഭാഗത്തുനിന്ന് ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്ന മുള്ളൂർക്കര വണ്ടിപറമ്പിൽ വീട്ടിൽ മണികണ്ഠൻ ഓടിച്ചിരുന്ന ബൈക്കാണ് യുവതിയെ ഇടിച്ചുതെറിപ്പിച്ചത്.
അപകടത്തിൽപ്പെട്ട യുവതിക്കും ബൈക്ക് യാത്രികനായ മണികണ്ഠനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ ഓട്ടുപാറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരേയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
പാലക്കാട്: ആലത്തൂരില്‍ ജ്യൂസാണെന്ന് കരുതി കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങള്‍ ആശുപത്രിയില്‍. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശികളായ പത്തും ആറും വയസുള്ള കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച്ച് വൈകുന്നേരം നാലോയായിരുന്ന സംഭവം. കുപ്പിയില്‍ നിറച്ച് വച്ചിരുന്ന മരുന്നാണ് കുട്ടികള്‍ ജ്യൂസെന്ന് തെറ്റിദ്ധരിച്ച് കുടിച്ചത്.
രുചിവ്യത്യാസം തോന്നിയപ്പോള്‍ മരുന്ന് തുപ്പിക്കളഞ്ഞു. എന്നാല്‍ കുളമ്പ് രോഗത്തിന് പുരട്ടുന്ന മരുന്നില്‍ അമ്ളത്തിന്റെ സാന്നിധ്യം ഉള്ളതിനാല്‍ വായിക്കും തൊണ്ടയ്ക്കും പൊള്ളലേറ്റു.
കുട്ടികള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Kerala
തൃശൂർ: വടക്കാഞ്ചേരിയിൽ കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് മടങ്ങുകയായിരുന്ന വടക്കാഞ്ചേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചായിരുന്നു അപകടം. ഷൊർണൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.
തൃശൂർ ഭാഗത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞത്. പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.