കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെതിരെ ഹൈക്കോടതി. ശങ്കരദാസിന്റെ അസുഖത്തെ സംബന്ധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ശങ്കരദാസിനെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ ആകുമോ എന്നും പരിശോധിക്കണമെന്നും റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ശങ്കരദാസ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ശങ്കരദാസ് അറസ്റ്റിലായത്. ശങ്കരദാസ് ചികിത്സയിലിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് എസ്ഐടി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
എസ്പി ശശിധരൻ ആശുപത്രിയിൽ നേരിട്ടെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ദ്വാരപാലക ശിൽപ കേസിലും കട്ടിളപാളി കേസിലും 11-ാം പ്രതിയാണ് ശങ്കരദാസ്.
Tags : sabarimala gold theft kp sankaradas remanded high court sit hospitalised treatment