കോൽക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗിൽ ആശുപത്രിയിൽ തുടരുന്നു. രണ്ടാം ദിവസത്തെ മത്സരത്തിനിടെ കഴുത്തിന് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.
പിന്നീട് ശനിയാഴ്ചത്തെ കളി അവസാനിച്ചതിന് ശേഷം കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നാണ് വിവരം.
ഗില്ലിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച് വരുകയാണെന്നും താരം ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണെന്നുമാണ് ടീം കോച്ച് ഗൗതം ഗംഭീർ അറിയിച്ചത്. ഗില്ലിന്റെ കാര്യത്തിൽ ടീമിലെ മെഡിക്കൽ സംഘമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ഗംഭീര പറഞ്ഞു. അടുത്ത ദിവസം ഈക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും ഗംഭീർ വ്യക്തമാക്കി.
ഇതോടെ ശനിയാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ ഗിൽ കളിക്കുമൊയെന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഒന്നാം ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യയെ സംബന്ധിച്ച് ഗിൽ തിരിച്ചുവരേണ്ടത് അനിവാര്യമായ കാര്യമാണ്.
ആശുപത്രിയിൽ ഡോ. സപ്തര്‍ഷി ബസുവിന്റെ മേല്‍നോട്ടത്തിലാണ് ഗില്ലിന്റെ ചികിത്സ. മുന്‍കരുതല്‍ നടപടിയായി ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റ്, ന്യൂറോ സര്ജന്, ന്യൂറോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് എന്നിവരടങ്ങുന്ന പാനലാണ് ഗില്ലിന്റെ അവസ്ഥ നിരീക്ഷിക്കുന്നത്.
അതേസമയം, ഗില്ലിന് കഴുത്തിന്റെ വേദന കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എംആര്‍ഐ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പ്രശ്നങ്ങളൊന്നും കാണിക്കുന്നില്ല.
Tags : shubman gill hospitalised icu first test retired hurt injured medical team