Kerala
തിരുവനന്തപുരം: അമ്പലത്തറയിൽ നിയന്ത്രണം വിട്ട കാര്‍ ബൈക്കിൽ ഇടിച്ച ശേഷം കടയിലേയ്ക്ക് ഇടിച്ചു കയറി. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അച്ഛനും രണ്ടു മക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന പനങ്ങോട് സ്വദേശി സിജിയെ പൂന്തുറ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ലഹരി വസ്തുക്കള്‍ ഉപയോഗിച്ചില്ലെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തിയെന്നും ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നും പോലീസ് പറയുന്നു. വൈകുന്നേരം അഞ്ചോടെയാണ് അപകടമുണ്ടായത്.
National
കട്ടക്ക്: ഒഡീഷയിലെ കെന്ദ്രപര ജില്ലയിൽ വയോധികൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കെന്ദ്രപര ജില്ലയിലെ ജഗുലെയ്പാഡ ഗ്രാമവാസികളെയാണ് തേനീച്ച കൂട്ടം ആക്രമിച്ചത്.
പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബൈലോചൻ ബിസ്വാൾ എന്ന 76 കാരന് മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ബാക്കിയെല്ലാവരും ആശുപത്രിയിൽ ചികിത്സ നേടിയ ശേഷം മടങ്ങി.
National
മുംബൈ: നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന മുംബൈ മെട്രോ പില്ലറിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.
ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം. ഏകദേശം ആറ് അടി നീളവും നാല് അടി വീതിയുമുള്ള ഒരു കോൺക്രീറ്റ് ഭാഗമാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോയിലും കാറിലും വീണത്. അപകടത്തിൽ രാംധൻ യാദവ് എന്നയാൾ മരിച്ചു. പരിക്കേറ്റ മൂന്ന് പേരിൽ രാജ്കുമാർ ഇന്ദ്രജീത് യാദവ് ഗുരുതരാവസ്ഥയിലും മഹേന്ദ്ര പ്രതാപ് യാദവ്, ദീപ റുഹിയ എന്നിവരുടെ നില തൃപ്തികരവുമാണ്.
അഗ്നിശമന സേനാംഗങ്ങളും മെട്രോ ജീവനക്കാകാരും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിൽ എത്തിക്കുകയും ചെയ്തു.
രാംധന്റെ കുടുംബത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടുതൽ അന്വേഷണത്തിന് അദ്ദേഹം ഉത്തരവിടുകയും ചെയ്തു.
Kerala
കൊല്ലം : കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11നായിരുന്നു സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് നിന്ന ബാബുവിനെ അപ്രതീക്ഷിതമായി കുറുനരി ആക്രമിക്കുകയായിരുന്നു. മുഖത്ത് കടിച്ചു പിടിച്ചിരുന്ന കുറുനരിയിൽ നിന്നും ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ സജിയെ ആക്രമിച്ചത്.
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് കുറുനരിയിൽ നിന്നും ഇരുവരെയും രക്ഷിച്ചത്. പരിക്കേറ്റ ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
National
ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ടു പേർ മരിച്ചു. റസ്റ്റോറന്റായി പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നുവീണത്. സംഭവസമയത്ത് പതിനഞ്ചോളം പേർ റസ്റ്റോറന്റിൽ ഉണ്ടായിരുന്നെന്നാണ് വിവരം. ഇതിൽ ഒൻപത് പേരെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി ഒൻപതോടെ കോട്ടയിലെ തൽവണ്ടിയിലാണ് അപകടമുണ്ടായത്.
മരിച്ച ഒരാൾ ബംഗാൾ സ്വദേശിയാണെന്ന് കോട്ട ജില്ലാ ആശുപത്രിയിലെ അധികൃതർ പറഞ്ഞു. എന്നാൽ ഇയാളുടെ മറ്റു വിവരങ്ങൾ ലഭ്യമല്ല. പരിക്കേറ്റ എട്ടു പേരെയാണ് കോട്ട ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇവരിൽ കുട്ടി ഉൾപ്പെടെ അഞ്ച് പേരുടെ നില ഗുരുതരമാണ്.
ഇനിയും എത്ര പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമല്ല. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതേസമയം കെട്ടിടം തകർന്നതിന്റെ കാരണം ലഭ്യമല്ല.
തകർന്ന കെട്ടിടത്തിനു തൊട്ടടുത്തായി മറ്റൊരു കെട്ടിടം നിർമാണത്തിലാണ്. ഈ കെട്ടിടത്തിന്റെ അടിസ്ഥാന നിർമാണത്തിന്റെ ഭാഗമായുണ്ടായ പ്രകമ്പനമാണോ സമീപ കെട്ടിടത്തിന്റെ തകർച്ചയ്ക്കു കാരണമെന്ന് പരിശോധിക്കുന്നുണ്ട്. അതേസമയം സ്ഫോടന ശബ്ദത്തോടെയാണ് കെട്ടിടം തകർന്നതെന്നു നാട്ടുകാർ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: മൂന്നുവയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരപരിക്ക്. വാമനപുരം കണിച്ചോട് സ്വദേശി കെൽവിനെയാണ് തെരുവുനായ ആക്രമിച്ചത്.
ശനിയാഴ്ച രാവിലെ വീടിന് മുന്നിൽ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കുട്ടിയുടെ മൂക്കിലും വായിലും നെറ്റിയിലും കടിയേറ്റു.
മുഖത്താകെ പരിക്കേറ്റ കുട്ടിയെ ആദ്യം വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: അമിതവേഗതയിലും അശ്രദ്ധമായും ഓടിച്ച സ്വകാര്യ ബസിന്റെ തുറന്നു കിടന്ന വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീണ് പെണ്‍കുട്ടിക്ക് ഗുരുതരപരിക്ക്. കഴിഞ്ഞ മൂന്നിന് രാവിലെ 10.50-ന് കലൂര്‍ പള്ളിക്ക് സമീപത്തായിരുന്നു അപകടം.
ബസ് സഡന്‍ ബ്രേക്ക് ഇട്ടപ്പോള്‍ തുറന്നു കിടന്ന ഡോറിലൂടെ പൂത്തോട്ട സ്വദേശിനിയായ പെണ്‍കുട്ടി തലയടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.
അപകടത്തിന് ഇടയാക്കിയ ബസിന്റെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരിയായ വയോധികയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി. ഞായറാഴ്ചയുണ്ടായ അപകടത്തിൽ ബാലരാമപുരം തേമ്പാമുട്ടം സ്വദേശിനി സുമതിക്കാണ് (63) പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ സുമതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കൊച്ചി: ഉദയംപേരൂരില്‍ വീട്ടമ്മയുടെ തല കടിച്ചുകീറി തെരുവുനായ. ശനിയാഴ്ച രാവിലെ ഏഴോടെയാണ് ഉദയംപേരൂര്‍ അതിര്‍ത്തി റോഡ് തെക്കേ പുളിപ്പറമ്പില്‍ സതിക്ക് (52) തെരുവുനായയുടെ കടിയേറ്റത്. ഓടിവന്ന നായ മുറ്റമടിക്കുകയായിരുന്ന സതിയുടെ തലയില്‍ ആഴത്തില്‍ കടിച്ചു വലിക്കുകയായിരുന്നു.
മാംസം അടര്‍ന്നതിനെത്തുടർന്നു വെട്ടുകൊണ്ടതു പോലെ ആഴത്തില്‍ മുറിവുണ്ടായി. ഭര്‍ത്താവ് വിജയനും നാട്ടുകാരും ചേർന്ന് സതിയെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചു. നിലവില്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തൃപ്പൂണിത്തുറ പുതിയകാവിലും ഉദയംപേരൂര്‍ പ്രദേശത്തുമായി തെരുവുനായ ആക്രമണത്തില്‍ നാലുവയസുള്ള കുട്ടി ഉള്‍പ്പെടെ ഏഴു പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഉദയംപേരൂര്‍ ഉദയഗിരി റോഡ് ഭാഗത്ത് വാടക വീട്ടില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി തങ്കവേലുവിന്റെ നാലു വയസുകാരനായ മകന് ഭുവനേശിനെ നായ ആക്രമിച്ചത് അങ്കണവാടിയില്‍നിന്നു വീട്ടിലേക്കു വരുന്ന വഴിക്കാണ്. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് വീടിനു സമീപത്തെ അങ്കണവാടിയില്‍നിന്നു വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. കുട്ടിയുടെ കവിളിലും ചുണ്ടിലും നായയുടെ കടിയേറ്റു.
ഉദയംപേരൂര്‍ വലിയകുളം കിഴക്ക് ആരോണ്‍ എന്ന പന്ത്രണ്ടുകാരനും തെരുവുനായയുടെ കടിയേറ്റു. കുട്ടിയുടെ തലയ്ക്കും മുഖത്തും മുതുകിലും മുറിവുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടി.
വീട്ടിലേക്കു കയറി വന്നാണ് ഉദയംപേരൂര്‍ ഉദയഗിരി നഗര്‍ മാടാനയില്‍ അന്നമ്മയെ(60) തെരുവുനായ കടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു ഇത്. രണ്ടു കൈത്തണ്ടയിലും കടിയേറ്റു. ഇടതു കൈത്തണ്ടയില്‍ കടിച്ചിട്ടു പോയ നായ പിന്നിടു തിരിച്ചുവന്നു വലതു കൈത്തണ്ടയിലും കടിക്കുകയായിരുന്നു. വലതു കൈക്ക് ആഴത്തിലുള്ള മുറിവുണ്ട്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിൽ പാലം തകർന്നുവീണു. ട്രക്ക് കടന്നുപോകുന്നതിനിടെയാണ് പാലം തകർന്നുവീണത്. പാലം രണ്ടായി തകര്‍ന്നുവീണതിന് പിന്നാലെ ലോറി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തില്‍ ഒറ്റപ്പെട്ടുപോയ ഡ്രൈവറെ ഉടന്‍ രക്ഷപ്പെടുത്തി പ്രാഥമിക പരിചരണം നല്കി വിട്ടയച്ചു.മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള പാലത്തില്‍ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികളിലൊരാള്‍ പ്രതികരിച്ചു.
പാലം തകര്‍ന്നുവീണ സംഭവത്തെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. മമതാ ബാനര്‍ജി വെസ്റ്റ് ബംഗാളിനോട് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും, വികസനമല്ല, അഴിമതിയാണ് ഇവിടെ വ്യാപകമാകുന്നതെന്നും ബിജെപി ഐടി സെല്‍ ചീഫ് അമിത് മാളവ്യ എക്സിലൂടെ വിമർശിച്ചു.
Kerala
ചെറുപുഴ: കാട്ടുപന്നി ഇടിച്ചുവീഴ്ത്തിയ യുവതിക്ക് പരിക്ക്. കുളത്തുവായിലെ ഒ.എസ്. രാഹുലിന്റെ ഭാര്യ ആര്യക്കാണ് (26) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടെയാണ് സംഭവം.
ആര്യയും ഒന്നര വയസുകാരനായ മകൻ ഋതുദേവും ഭർതൃമാതാവ് രാധയ്ക്കൊപ്പം കക്കോട് വയനാട്ടുകുലവൻ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പോകവേ വഴിയിൽവച്ചാണു കാട്ടുപന്നി ആക്രമിച്ചത്. കുഞ്ഞുങ്ങളുമായി വന്ന കൂറ്റൻ കാട്ടുപന്നി ആര്യയെ തട്ടിവീഴ്ത്തുകയായിരുന്നു. കൈക്കും കാലിലും പരിക്കേറ്റ ആര്യ ചെറുപുഴ ലീഡർ ആശുപത്രിയിൽ ചികിത്സ തേടി.
ആര്യയെ പന്നി ആക്രമിക്കുന്നത് നേരിൽക്കണ്ട സമീപവാസിയായ കെ.ബി. സുരേഷ് പന്നിയെ കല്ലെറിഞ്ഞ് ഓടിച്ചതിനാലാണു കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കുഞ്ഞിന്റെയും രാധയുടെയും നേർക്ക് കാട്ടുപന്നി തിരിയാതിരുന്നതും രക്ഷയായി. കാഷ്മീരിൽ സൈനികനായി ജോലി ചെയ്യുന്ന ഭർത്താവ് രാഹുലുമായി ആര്യ വീഡിയോ കോൾ വഴി സംസാരിച്ചുവരുന്നതിനിടയിലാണു കാട്ടുപന്നിയുടെ ആക്രമണം.
പന്നി ആക്രമിക്കുന്നത് നേരിൽക്കണ്ട രാഹുൽ സമീപത്തുണ്ടായിരുന്ന അമ്മാവൻ സന്തോഷിനെ വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും എത്തിയാണ് ആര്യയെ ആശുപത്രിയിലെത്തിച്ചത്. ഇവിടെനിന്നു കുറച്ചു ദൂരം മാറി പെരിങ്ങാലയിൽ വയോധികനെയും കഴിഞ്ഞദിവസം കാട്ടുപന്നി ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു.
Kerala
മലപ്പുറം: നിലമ്പൂർ ബിവറേജസിനു സമീപം കത്തിക്കുത്ത്. സംഭവത്തില്‍ വഴിക്കടവ് മുണ്ട തോട്ടുങ്ങൽ വിനോദ് (29) എന്നയാൾക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം.
കുത്തേറ്റ് രക്തം വാർന്ന വിനോദിനെ നിലമ്പൂർ പോലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിനോദിന്റെ വലതു കൈയ്ക്കും തള്ളവിരലിനും ചെവിക്കും സാരമായ പരിക്കുണ്ടെന്നാണ് വിവരം.
വിനോദിനെ ആക്രമിച്ചയാൾക്കായി അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.
Sports
വിശാഖപട്ടണം: ന്യൂസിലൻഡിന് എതിരായ മൂന്നാം ട്വന്റി-20യില്‍ പരിക്കേറ്റ ഇഷാന് കിഷനെ ഒഴിവാക്കിയാണ് ഇന്നലെ നാലാം മത്സരത്തിന് ടീം ഇന്ത്യ ഇറങ്ങിയത്.
ഇഷാനു പകരം പേസര്‍ അര്‍ഷദീപ് സിംഗ് കളത്തിലെത്തി. അതോടെ ഹാർദിക് പാണ്ഡ്യ അടക്കം ആറ് ബൗളർമാരുമായാണ് ഇന്ത്യ നാലാം ട്വന്റി-20ക്ക് ഇറങ്ങിയത്. ഹാർദിക് ഇന്നലെ പന്ത് എറിഞ്ഞില്ല.
Kerala
കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ വയയ്ക്കലിൽ രണ്ട് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഒരേ ദിശയിൽ വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഓർഡിനറി ബസും എതിർദിശയിൽവന്ന ടാങ്കർ ലോറിയുമാണ് അപകടത്തിൽപെട്ടത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് അപകമുണ്ടായത്. കോട്ടയത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് നിർത്തിയിട്ടിരുന്ന ഓർഡിനറി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെയാണ് അപകടം. ബസ് എതിരെവന്ന ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
അഗ്നിരക്ഷാ സേനയും പോലീസും എത്തിയതിനു പിന്നാലെ വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ബസിന്റെ ഡ്രൈവറെയും ടാങ്കർ ലോറിയുടെ ഡ്രൈവരെയും പുറത്തെടുത്തത്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. അരുവിക്കര പാണ്ടിയോട് മുത്തലത്ത് പുത്തൻ വീട്ടിൽ ബാദുഷയുടെ ഭാര്യ ഹസീന (40) ആണ് മരിച്ചത്. മക്കളായ ഷംന (16), റംസാന (ഏഴ്) എന്നിവർക്ക് പരിക്കേറ്റു.
പഴകുറ്റി പെട്രോൾ പമ്പിനു മുന്നിൽ ഞായറാഴ്ച വൈകിട്ട് ആയിരുന്നു അപകടം. മകൾ റംസാനയെ ഡോക്ടറെ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നന്ദിയോട് ഭാഗത്ത് നിന്ന് എത്തിയ കാർ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റവരെ നാട്ടുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഹസീനയുടെ ജീവൻ രക്ഷിക്കാനായില്ല. ആനാട് താഴേ പുനവക്കുന്ന് റോഡരികത്ത് വീട്ടിൽ വാടകയ്ക്കാണ് ഇവർ താമസിച്ചിരുന്നത്.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് പരിക്ക്. ഡ്രൈവർക്കും എട്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ്
അപകടമുണ്ടായത്.
നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്കും പോയ കെഎസ്ആർടിസി ബസുകളാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളിലുമുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
District News
രാജാക്കാട്: ചിന്നക്കനാലിനു സമീപം പെരിയകനാലിൽ ലോറി മറിഞ്ഞ് ആറുപേർക്കു പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ശനിയാഴ്ച പകലാണ് സംഭവം. ഹിറ്റാച്ചി (മണ്ണുമാന്തിയന്ത്രം) കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കൊടുംവളവിലെ കുത്തിറക്കത്തിൽ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഏതാനും വിനോദ സഞ്ചാരികൾ നിന്നിരുന്ന ഭാഗത്തേക്കാണ് ലോറി മറിഞ്ഞത്.
എല്ലാവർക്കും ഓടി മാറാൻ കഴിഞ്ഞില്ല. വിനോദ സഞ്ചാരികളിൽപ്പെട്ടവരും ലോറിയിലുണ്ടായിരുന്നവരുമുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശാന്തൻപാറ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ നടത്തി.
Kerala
തൃശൂർ: മേലഡൂരിൽ പത്രവിതരണക്കാരന് വെട്ടേറ്റു. പ്ലാശേരി വീട്ടിൽ വർഗീസിനാണ് (62) വെട്ടേറ്റത്. ആക്രമണത്തിൽ വർഗീസിന്റെ ഇടതുകൈയിലെ തള്ളവിരൽ പൂർണമായും അറ്റുപോയി.
അന്നമനട മേലഡൂർ ജംഗ്ഷനിൽ ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. വലതുകൈയ്ക്കും താടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ ജംഗ്ഷനിൽ പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ചയാളാണ് വർഗീസിനെ ആക്രമിച്ചത്.
ഈ സമയം വർഗീസിനൊപ്പം മറ്റ് രണ്ട് പത്രവിതരണക്കാർ കൂടി സ്ഥലത്തുണ്ടായിരുന്നു. അവരെ ബലമായി തള്ളിമാറ്റിയ ശേഷമാണ് അക്രമി വർഗീസിനെ വെട്ടിയത്. വർഗീസിനെ ഉടൻ തന്നെ എറണാകുളത്തെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
ബംഗളൂരു: കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20 നാണ് അപകടമുണ്ടായത്.
കർക്കല ബജഗോലി ദേശീയ പാതയിൽ മിയാറിന് സമീപത്ത് വച്ചാണ് ബസും എംയുവി കാറും കൂട്ടിയിടിച്ചത്. കാറിൽ സഞ്ചരിച്ചിരുന്ന നാല് പേരാണ് മരിച്ചത്. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
പരിക്കേറ്റ എട്ട് പേർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ധർമസ്ഥലയിലേയ്ക്ക് കാറിൽ സഞ്ചരിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കാറിൽ മുൻവശം പൂർണമായും തകർന്നു. ബസും ഭാഗീകമായി തകർന്നിട്ടുണ്ട്.
അപകട വിവരം അറിഞ്ഞതിനെ തുടർന്ന് കർക്കല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.
Kerala
പാലക്കാട്: വല്ലപ്പുഴ ചെറുകോട് കാട്ടുപന്നി ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. പടിഞ്ഞാറ്റുമുറി സ്വദേശി പാറുക്കുട്ടി അമ്മയ്ക്ക് (76) നേരെയാണ് ആക്രമണം ഉണ്ടായത്.
തിങ്കളാഴ്ച രാവിലെ ഒന്‍പതിനാണ് സംഭവം. ക്ഷേത്രദർശനം കഴിഞ്ഞ് റോഡിലൂടെ നടന്നു പ്രദേശത്തെ തോടിനോട് ചേർന്നുള്ള പാലത്തിനടുത്ത് എത്തിയപ്പോൾ ദൂരെ നിന്നും ഓടിവന്ന കാട്ടുപന്നി പാറുക്കുട്ടി അമ്മയെ ആക്രമിക്കുകയായിരുന്നു.
കാട്ടുപന്നിയുടെ ഇടികൊണ്ട പാറുക്കുട്ടിയമ്മ സമീപത്തെ 10 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് വീണു. ഇവരുടെ നിലവിളി കേട്ട് ആളുകൾ ഓടി കൂടുകയും പാറുക്കുട്ടിയമ്മയെ വീട്ടിൽ എത്തിക്കുകയും ചെയ്തു.
എന്നാൽ ശാരീരിക വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെയും മലമ്പാമ്പിന്റെയും ഒക്കെ ശല്യം രൂക്ഷമാണെന്നും പരാതികൾ പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഇല്ലെന്നും പാറുക്കുട്ടിയമ്മയുടെ മകൻ വിജയൻ പറഞ്ഞു.
International
ബാർസലോണ: സ്പെയിനിൽ വീണ്ടും ട്രെയിൻ അപകടം. ബാർസലോണയ്ക്ക് സമീപം പാളത്തിലേയ്ക്ക് ഇടിഞ്ഞുവീണ മതിലേയ്ക്ക് ട്രെയിൻ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ലോക്കോ പൈലറ്റ് മരിച്ചു.
40 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. വടക്ക് കിഴക്കൻ സ്പെയിനിലെ കാറ്റലോണിയ മേഖലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.
മാഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 42 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിടും മുൻപാണ് നിലവിലെ അപകടം. 38 അഗ്നിശമനാ വാഹനങ്ങളും 20ലേറെ ആംബുലൻസുകളും മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതായാണ് അധികൃതർ വിശദമാക്കുന്നത്.
നിലവിൽ മതിലിന് അടിയിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് അധികൃതർ അറിയിച്ചത്. ആരെങ്കിലും പാളത്തിനും പൊട്ടിവീണ മതിലിനും ഇടയിൽ ഉണ്ടോയെന്ന് കണ്ടെത്താനുള്ള തെരച്ചിലും നടക്കുന്നുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. കാറ്റലോണിയ മേഖലയിൽ ഉണ്ടായ കനത്ത മഴയിൽ മതിൽ തകർന്നുവെന്നാണ് സ്പെയിനിലെ റയിൽ ഓപ്പറേറ്റർ വിശദമാക്കുന്നത്.
International
മാഡ്രിഡ്: സ്പെയിനിൽ പാളം തെറ്റിയ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.
കോർഡോബ പ്രവിശ്യയിലെ അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ഇറിയോ (Iryo) എന്ന സ്വകാര്യ കമ്പനിയുടെ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയും, എതിർദിശയിൽ വന്ന റെൻഫെ (Renfe) ട്രെയിനുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ 72 പേർക്ക് പരിക്കേറ്റതായും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. രണ്ട് ട്രെയിനുകളിലുമായി ഏകദേശം അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ സൈന്യവും റെഡ് ക്രോസും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
അപകടത്തെത്തുടർന്ന് മാഡ്രിഡിനും ദക്ഷിണ സ്പെയിനിനും ഇടയിലുള്ള എല്ലാ അതിവേഗ റെയിൽ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരുന്നു. സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് പ്രൊവിഡന്‍സ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ യാഷികയ്ക്കാണ് കാലില്‍ കടിയേറ്റത്. രാവിലെ ഒന്‍പതോടെ സ്കൂളിലേയ്ക്ക് പോകവേയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.
അരീക്കാട് വച്ചാണ് സംഭവം നടന്നത്. സ്കൂളിലേയ്ക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് നടക്കവേ വിദ്യാര്‍ഥിനിയുടെ പിന്നാലെയെത്തിയ നായ കാലില്‍ കടിക്കുകയായിരുന്നു. യാഷിക പേടിച്ച് നിലവിളിച്ചതോടെ നായ മറ്റൊരു സ്ഥലത്തേയ്ക്ക് പോയി.
കാലില്‍ സാരമായി പരിക്കേറ്റ വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. കഴിഞ്ഞ ദിവസവും ഇതിന് സമീപപ്രദേശത്ത് തെരുവ്നായ ആക്രമണമുണ്ടായിരുന്നു.
Kerala
കോട്ടയം: വെമ്പള്ളിയിൽ ഇടഞ്ഞ ആന പാപ്പാനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. വൈലാശേരി അര്ജുനന് എന്ന ആനയാണ് ഇടഞ്ഞത്.
വെമ്പള്ളിയില്‍ റേഷന്‍ കടപടിക്ക് സമീപം വച്ച് ഇന്ന് വൈകുന്നരം അഞ്ചോടെയാണ് ആന ഇടഞ്ഞത്. ആനയുടെ സമീപത്തുണ്ടായിരുന്ന ഒന്നാം പാപ്പാന് സജിക്കാണ് കുത്തേറ്റത്.
കാലിന് ഗുരുതരമായി പരിക്കേറ്റ സജിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ കയറ്റിയ ലോറിയിലുണ്ടായിരുന്ന മറ്റ് നാല് പാപ്പാന്മാര് ചേര്‍ന്ന് ആനയെ സമീപത്തുള്ള പറമ്പിലേയ്ക്ക് മാറ്റി.
National
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ അമിതവേഗത്തിലെത്തിയ കാർ കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ സവായ് മാൻ സിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പത്രകർ കോളനി പ്രദേശത്തുള്ള ഖരാബസ് സർക്കിളിന് സമീപത്താണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ കാർ ആദ്യം ഡിവൈഡറിലാണ് ഇടിച്ചത്. തുടർന്ന് വഴിയരികിലുള്ള കടകളിൽ ഇടിക്കുകയും കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയും ആയിരുന്നു.
കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. ഇവർ മദ്യപിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. അപകടത്തിന് ശേഷം മൂന്ന് പേർ കടന്നുകളഞ്ഞു. ഒരാളെ മാത്രമാണ് പിടികൂടാൻ സാധിച്ചത്.
ഭിൽവാര സ്വദേശിയായ രമേശ് ഭൈരവയാണ് മരിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തൃശൂർ: ഗുരുവായൂരിൽ മിനി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ഗുരുവായൂർ മമ്മിയൂരിലാണ് അപകടമുണ്ടായത്.
കർണാടകയിൽ നിന്ന് ശബരിമലയിലേയ്ക്കു പോയ തീർഥാടകർ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ കടയും വീട്ടുമതിലും തകർത്താണ് ലോറി നിന്നത്.
ഇന്ന് പുലർച്ചെ ഒന്നേ മുക്കാലിനായിരുന്നു അപകടം. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Kerala
തൃശൂര്‍: കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രന് വാഹനാപകടത്തിൽ പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ പിന്നിൽ കാറിടിച്ചാണ് രവീന്ദ്രന് ഗുരുതരമായി പരിക്കേറ്റത്.
തോളെല്ലിന് ഗുരുതരമായി പരിക്ക് പറ്റിയ രവീന്ദ്രനെ തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കും. തൃശൂരിലെ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രവീന്ദ്രനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു.
അപകടം നടന്നയുടനെ രവീന്ദ്രനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് രവീന്ദ്രൻ.
District News
പേരൂര്‍ക്കട: അജ്ഞാത വാഹനത്തില്‍ നിന്നു റോഡിലേക്ക് ചോര്‍ന്ന ഓയിലില്‍ തെന്നി നിരവധി വാഹനയാത്രികര്‍ വീണു.
ഏകദേശം നാല് ഇരുചക്ര വാഹനയാത്രികരാണ് തെന്നിവീണത്. മിക്കവര്‍ക്കും കൈകൾക്കു പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ തേടി. ശാസ്തമംഗലം ദന്താശുപത്രിക്കു സമീപത്തെ റോഡിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ന് അജ്ഞാത വാഹനത്തില്‍നിന്ന് ഓയില്‍ ചോര്‍ന്നത്. ഓയില്‍ ടാങ്ക് പൊട്ടിയാണോ മറ്റേതെങ്കിലും വിധത്തിലാണോയെന്നു ഓയിൽ റോഡിൽ വീണതെന്നു വ്യക്തമായിട്ടില്ല.
പരിസരവാസികള്‍ നല്കുന്ന വിവരങ്ങള്‍ പ്രകാരം ഇതുവഴി കടന്നുപോയ ലോറിയില്‍ നിന്നാണ് ഓയില്‍ ചോര്‍ന്നതെന്നാണ് കരുതുന്നത്. തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍നിന്ന് ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ സവിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ഷമീര്‍, രേഷ്മ, രശ്മി, സേനാംഗം ശ്രീരാജ് എന്നിവര്‍ ചേര്‍ന്നു ഹോസ് ഉപയോഗിച്ച് റോഡില്‍നിന്ന് ഓയില്‍ ചോര്‍ത്തി മാറ്റുകയായിരുന്നു. ഓയില്‍ നീക്കം ചെയ്തുവെങ്കിലും വാഹനയാത്രികരുടെ സുരക്ഷയ്ക്കുവേണ്ടി ഈ ഭാഗത്ത് മരപ്പൊടി വിതറി അപകടസാധ്യത ഒഴിവാക്കി.
District News
മല്ലപ്പള്ളി: മൂശാരിക്കവല മേലേക്കുറ്റ് പരേതനായ റോയി സ്കറിയുടെ മകൻ മെൽവിൻ റോയി മാമ്മൻ (27) ആണ് വീടുകയറി ആക്രമിച്ചത്. വടിവാൾ ഉപയോഗിച്ചുള്ള വെട്ട് തടഞ്ഞപ്പോൾ കൈവിരൽ അറ്റുപോയി. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി നടത്തി.
മാതാവിനും സഹായിയായ യുവതിക്കും മർദ്ദനമേറ്റതായി പറയുന്നു. സംഘത്തിൽ 12 ഓളം പേർ ഉണ്ടായിരുന്നതായി വീട്ടുകാർ പോലീസിൽ മൊഴി നൽകി. പ്രതികളെക്കുറിച്ചുള്ള സൂചനകളും ഇവർ പോലീസിന് കൈമാറിയിട്ടുണ്ട്. കീഴ്വായ്പൂര് പോലീസ് അന്വേഷണം ആരംഭിച്ചു.
National
സഹരൺപുർ: ഉത്തർപ്രദേശിൽ ഫയറിംഗ് പരിശീലനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് സൈനികർക്കു പരിക്കേറ്റു. ബഡ്കല വനത്തിലെ ഫയറിംഗ് റേഞ്ചിൽ ശനിയാഴ്ച രാത്രി പതിവു പരിശീലനത്തിനിടെയാണു സംഭവം. പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
International
ടോക്കിയോ: ജപ്പാനിലെ മിഷിമയിൽ റബർ ഫാക്ടറിയിൽ കത്തിയാക്രമണം. 14 പേർക്ക് കത്തിയാക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്ന് വൈകുന്നേരം പ്രാദേശിക സമയം നാലിനാണ് സംഭവം. കത്തിയുമായെത്തിയ അക്രമി ഫാക്ടറിയിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. കത്തിയാക്രമണത്തിന് പുറമെ ഇയാൾ വിഷവാതകവും
സ്പ്രേ ചെയ്തിരുന്നു.
അക്രമിയെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Kerala
കൊല്ലം: നിലമേൽ പുതുശേരിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു.
കിടപ്പ് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഒരു കാർ ആംബുലൻസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസിൽ തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് കെഎസ്ആർടിസി ബസിലിടിക്കുകയായിരുന്നു.
അപകടത്തിന് ശേഷം കാർ നിർത്താതെ പോയി. പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
ബിജാപുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് സിആർപിഎഫിലെ രണ്ടു കോബ്ര കമാൻഡോകൾക്കു പരിക്കേറ്റു. ബിജാപുർ ജില്ലയിൽ ഞായറാഴ്ചയായിരുന്നു സംഭവം. കമാൻഡോകൾ അപകടനില തരണം ചെയ്തു.
ഫർസെഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ വനപ്രദേശത്ത് നക്സുലകൾക്കായി തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു സ്ഫോടനം. പരിക്കേറ്റവരെ റായ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്പെക്ഷൽ ടാസ്ക് ഫോഴ്സിന്റെയും പോലീസിന്റെയും കോബ്ര യൂണിറ്റിന്റെയും സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുന്നത്.
International
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പിൽ മരണം 11 ആയി. 29 ലേറെ പേർക്ക് വെടിവയ്പിൽ പരിക്കേറ്റതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അക്രമി 50 റൗണ്ടുകളിലേറെ വെടിയുതിർത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ആയിരത്തിലേറെ ജൂതമത വിശ്വാസികളാണ് ഹനൂക്ക ആഘോഷത്തിനായി ബോണ്ടി ബീച്ചിൽ ഒത്തുകൂടിയത്. അക്രമികളെത്തിയതെന്ന് സംശയിക്കുന്ന സ്ഫോടക വസ്തുക്കൾ വച്ച കാർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഐഇഡി സ്ഫോടക വസ്തുക്കളാണ് അക്രമികളെത്തിയ കാറിനുള്ളിൽ കണ്ടെത്തിയിട്ടുള്ളത്. രണ്ട് പേരാണ് സിഡ്നിയുടെ കിഴക്കൻ തീരത്തെ ബോണ്ടി ബീച്ചിൽ ജൂത വിഭാഗത്തിലുള്ളവരുടെ ഹനൂക്ക ആഘോഷത്തിനിടയിലേക്ക് വെടിയുതിർത്തത്.
വെടിവയ്പിൽ അക്രമികളിലൊരാളെ കീഴ്പ്പെടുത്തുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. ഒരു മരത്തിന് പിന്നിൽ നിന്ന് ആളുകൾക്ക് നേരെ വെടിയുതിർക്കുന്ന ആക്രമിയെ പിന്നിൽ നിന്ന് വെള്ള ടീ ഷർട്ട് ധരിച്ചെത്തിയ യുവാവ് കീഴടക്കുന്ന ദൃശ്യങ്ങളാണ് ബോണ്ടി ആക്രമണത്തിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ആയുധ ധാരിയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയ യുവാവ് യഥാർഥ ധീരനെന്നാണ് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ്റ്റഫർ ജോൺ മിൻസ് വിശദമാക്കിയത്. അക്രമികൾ ആളുകൾക്ക് നൂറ് മീറ്ററോളം അടുത്തെത്തിയാണ് വെടിയുതിർക്കാൻ ആരംഭിച്ചത്. സംഭവത്തിൽ കൂടുതൽ അക്രമികളുണ്ടോയെന്നത് പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു.
Kerala
പമ്പ: ശബരിമലയിൽ അയ്യപ്പ ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി നിരവധി പേർക്ക് പരിക്ക്. അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ശനിയാഴ്ച വൈകുന്നേരം 6.15ന് ആയിരുന്നു അപകടം സംഭവിച്ചത്. മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയിൽ കുത്തനെയുള്ള ഇറക്കത്തിൽ ട്രാക്ടറിന് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്.
സംഭവത്തിന് പിന്നാലെ ട്രാക്ടർ ഡ്രൈവറെ സന്നിധാനം പോലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് ട്രാക്ടറില്‍ അഞ്ചുപേരുണ്ടായിരുന്നെന്നാണ് വിവരം.
Kerala
തൃശൂർ: എരുമപ്പെട്ടിയിൽ ബൂത്ത് കെട്ടുന്നതിനെ ചൊല്ലി സിപിഎം-കോൺഗ്രസ് സംഘർഷം. രണ്ട് പേർക്ക് പരിക്കേറ്റു. എരുമപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം ഖാദി റോഡിലാണ് സംഘർഷമുണ്ടായത്.
എരുമപ്പെട്ടി പഞ്ചായത്ത് 18-ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി സൗമ്യ യോഗേഷിന്റെ ഭർത്താവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കെ.കെ. യോഗേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ് എന്നിവർക്കാണ് സംഘർഷത്തില്‍ പരിക്കേറ്റത്.
സിപിഎം പ്രവർത്തകർ മേശയിട്ടിരിക്കുന്നതിന് സമീപം കോൺഗ്രസ് പ്രവർത്തകർ മേശ കൊണ്ടുവന്ന് ഇടാൻ ശ്രമിച്ചപ്പോൾ യോഗേഷ് അത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷത്തിന് തുടക്കമായത്. യോഗേഷ് ടേബിൾ ചവിട്ടി മറിക്കുകയും തുടർന്ന് അജുനെല്ലുവായിയുടെ ബൈക്കിൽ ടേബിൾ ചെന്ന് തട്ടുകയും ചെയ്തതിനെത്തുടർന്ന് അജു നെല്ലുവായ് യോഗേഷിനെ മർദിച്ചു.
തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ സംഘട്ടനമുണ്ടായി. ഇതിനുശേഷം എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കോൺഗ്രസ് സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റവും ഉന്തും തല്ലും ഉണ്ടാകുകയും ചെയ്തു. തുടർന്ന് എരുമപ്പെട്ടി ഇൻസ്പെക്ടർ അനീഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രശ്നം പരിഹരിക്കുകയും പരാതി നൽകുന്നതിന് തീരുമാനമാകുകയും ചെയ്തു.
Kerala
പത്തനംതിട്ട: തിരുവല്ല വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് നാല് പേരെ കുത്തി. പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. പോത്തിനെ താൽക്കാലികമായി പിടിച്ചുകെട്ടി.
കഴുത്തിൽ കിടന്ന കയർ ഉപയോഗിച്ചാണ് ഫയർഫോഴ്സ് പോത്തിനെ പിടിച്ചു കെട്ടിയത്. വലിയവടം ഉപയോഗിച്ച് പിന്നീട് കെട്ടുമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. വര്‍ഗീസ് ഫിലിപ്പ് എന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
രാവിലെ വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും എത്തി പോത്തിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെട്ടെന്ന് ആക്രമിച്ചത്.
നാല് പേരുടെയും പരിക്ക് ഗുരുതരമല്ല. കഴുത്തിൽ കിടന്ന കയര്‍ കൊണ്ട് തന്നെ ഫയര്‍ഫോഴ്സ് പിടിച്ചു കെട്ടുകയാണ് ചെയ്തത്. വടം കൊണ്ടുവന്ന് പിന്നീട് കെട്ടും.
Kerala
മുക്കൂട്ടുതറ: ശബരിമല പാതയില്‍ മുക്കൂട്ടുതറ-ഇടകടത്തി പമ്പാവാലി റോഡില്‍ ഉമിക്കുപ്പയില്‍ തീര്‍ഥാടകരുടെ കാര്‍ വീട്ടുമുറ്റത്തേക്കു മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്ന തൃശൂര്‍ മാള സ്വദേശികളായ നാലു അയ്യപ്പ തീര്‍ഥാടകര്‍ക്കു പരിക്കേറ്റു.
ഇന്നു പുലര്‍ച്ചെ 5.40 നായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നു സ്ഥലത്ത് എത്തി വാഹനം പരിശോധിച്ച മോട്ടോര്‍ വാഹനവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശബരിമല ദര്‍ശനത്തിനു പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
Kerala
തൃശൂർ: തെരുവ് നായയുടെ ആക്രമണത്തിൽ അമ്മയുടെ മടിയിൽ ഇരിക്കുകയായിരുന്ന ഒന്നര വയസുകാരന് കടിയേറ്റു. തൊഴിയൂർ രാപറമ്പിൽ പടിക്കളത്തിൽ റംഷാദ് മകൻ നിഷാനാണ് കടിയേറ്റത്. മുഖത്ത് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തുള്ള മറ്റൊരു കുട്ടിക്കും കടിയേറ്റിട്ടുണ്ട്.
നായരങ്ങാടി അണ്ടിക്കേട്ട് കടവ് സ്വദേശി ജിതേഷിന്റെ മകൾ അഞ്ജലി (മൂന്ന്), കർണാക്കിൽ സ്വദേശി കായിൽ മുസ്തഫയുടെ മകൾ കിസ്മത്ത് (10), കല്ലൂർ സ്വദേശി എൽസി (69) എന്നിവർക്കും തെരുവുനായയുടെ കടിയേറ്റു. ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചു പേർക്കോളം കടിയേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.
Kerala
പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 30 പേർക്ക് പരിക്കേറ്റു. ചക്കുപാലത്തിന് സമീപത്താണ് അപകടമുണ്ടായത്.
ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലക്കലിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഒരു ബസിൽ തീർഥാടകരടക്കം 48 പേരും അടുത്ത ബസിൽ 45 പേരുമാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്കും പനമ്പയിലേയും നിലയ്ക്കലിലേയും ആശുപത്രികളിലേയ്ക്കും മാറ്റി. പത്ത് വയസുള്ള കുട്ടി ഉൾപ്പെടെ ഒമ്പത് പേരെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബാക്കിയുള്ളവരെയാണ് പമ്പയിലും നിലയ്ക്കലിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഉച്ചസമയത്തായിരുന്നതിനാൽ ഡ്യൂട്ട് മാറുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ജീവനക്കാരും ബസിലുണ്ടായിരുന്നു.
International
അങ്കാറ: തുർക്കിയിൽ ഇന്റർ സിറ്റി ബസ് ലോറിയിലേയ്ക്ക് ഇടിച്ചുകയറി അപകടം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അദാന, ഗാസിയൻടെപ് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് ബസ് ലോറിയിലേയ്ക്ക് ഇടിച്ചുകയറിയത്.
അപകടത്തിൽ ഏഴ് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. മരിച്ചവർ എല്ലാവരും ബസ് യാത്രക്കാരാണ്. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
നിർത്തിയിട്ടിരുന്ന ലോറിയിലേയ്ക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഒരു ടയർ പോട്ടിയതിനെ തുടർന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശം തകർന്നു.
ലോറിയിലുണ്ടായിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര പരിസരത്തെ ശുചിമുറിയുടെ ടാങ്ക് പൊട്ടിത്തെറിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അറ്റകുറ്റപ്പണിക്കായി വെൽഡിംഗിനെത്തിയ ജോലിക്കാർക്കാണ് പൊട്ടിത്തെറിയെ തുടർന്ന് പരിക്കേറ്റത്. ശുചിമുറി ബ്ലോക്കിന്റെ പിൻഭാഗത്തെ സെപ്റ്റിക് ടാങ്കിൽ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായത്.
ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പൊട്ടിത്തെറിയെത്തുർന്ന് സമീപത്തുണ്ടായിരുന്ന കരാർ ജോലിക്കാർ ചൂട് തിരിച്ചറിഞ്ഞതോടെ ഓടിമാറി. ഓടുന്നതിനിടെ വീണാണ് ഇവർക്ക് പരിക്കേറ്റത്.
അപകട വിവരം അറിഞ്ഞ് ഫയർഫോഴ്സും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. കാലങ്ങളായി ഉപയോഗിക്കാത്തതിനാൽ ശുചിമുറിയുടെ ടാങ്കിനുള്ളിൽ ഗ്യാസ് രൂപപ്പെട്ടിട്ടുണ്ടാകുമെന്നും കെട്ടിടത്തിന്റെ മുകളിൽ വെൽഡിംഗ് ജോലി ചെയ്തിരുന്ന സ്ഥലത്തുനിന്നു തീപ്പൊരി ഇവിടേക്ക് വീണതാകാം അപകടകാരണമെന്നുമാണ് വിലയിരുത്തൽ.
കെട്ടിടത്തിന് ബലക്ഷയം മൂലം തകർച്ചയുണ്ടായതാണെന്നും സംശയിക്കത്തതായി ഒന്നുമില്ലെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു. 25 ശുചിമുറികൾ ഉണ്ടായിരുന്ന കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തി ക്ഷേത്രത്തിലെത്തുന്നവർക്ക് തുറന്ന് കൊടുക്കാനായിരുന്നു പദ്ധതി.
Kerala
തൃശൂര്‍: ചേലക്കരയിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ചേലക്കര ഉദുവടിയിൽ ഇന്ന് പുലര്‍ച്ചെ 7.15ഓടെയാണ് അപകടമുണ്ടായത്.
അപകടത്തെതുടര്‍ന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍വശത്തുനിന്ന് വരുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
തിരുവില്വാമയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. രണ്ടു ബസുകളുടെയും മുൻഭാഗം തകര്‍ന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയിൽ കുടുങ്ങിപോവുകയായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
സ്വകാര്യ ബസിലെയും കെഎസ്ആര്‍ടിസി ബസിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റിണ്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തൃശൂര്‍: വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി അപകടം. കുന്നംകുളം ഭാഗത്തു നിന്നുവരികയായിരുന്ന കാർ ലോറിയെ മറികടക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട അപകടത്തിൽ പെടുകയായിരുന്നു.
അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കാർ യാത്രികനായ മന്നലാംകുന്ന് സ്വദേശി അബ്ദുൾ റഹ്മാന് (56) ആണ് പരിക്കേറ്റത്. അബ്ദുൾ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കാർ പരിസരത്ത് നിർത്തിയിട്ട ഇരുചക്രവാഹനത്തിലും ഇടിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഒരു വിവാഹ ചടങ്ങിനിടെ വേദി തകർന്ന് വീണ് നിരവധി ബിജെപി നേതാക്കൾക്ക് പരിക്കേറ്റു. നവദമ്പതികളെ അനുഗ്രഹിക്കാൻ നേതാക്കൾ വേദിയിൽ ഒരുമിച്ച് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
സ്ഥലത്തെ പ്രധാന ബിജെപി പ്രവർത്തകനായ അഭിഷേക് സിംഗ് എഞ്ചിനീയറുടെ സഹോദരന്റെ വിവാഹ റിസപ്ഷൻ വേദിയിലാണ് അപകടമുണ്ടായത്. ബല്ലിയ ജില്ലാ ബിജെപി അധ്യക്ഷൻ സഞ്ജയ് മിശ്ര, മുൻ എംപി ഭരത് സിംഗ് എന്നിവരുൾപ്പെടെ നിരവധി പാർട്ടി നേതാക്കൾ വേദിയിലുണ്ടായിരുന്നപ്പോഴാണ് സംഭവം.
നേതാക്കൾ നവദമ്പതികൾക്ക് അനുഗ്രഹം നൽകുന്നതിനിടെ പെട്ടെന്നാണ് സ്റ്റേജ് തകർന്നുവീണത്. മുകളിലുണ്ടായിരുന്ന എല്ലാവരും താഴേക്ക് പതിച്ചു. ഉടൻ തന്നെ അവിടെയുള്ളവരെല്ലാം ചേർന്ന് രക്ഷാപ്രവർത്തനത്തം നടത്തി.
Kerala
കോട്ടയം: ഏറ്റുമാനൂർ വെമ്പള്ളിയിൽ വിരണ്ടോടിയ ആന പാപ്പാനെ കുത്തിപരിക്കേൽപ്പിച്ചു. വൈലാശേരി അർജുനൻ എന്ന ആനയാണ് വിരണ്ടത്. തുടർന്ന് ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒന്നാം പാപ്പാൻ സജിയെ ആക്രമിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുതുരമല്ലെന്നാണ് വിവരം.
ഏറ്റുമാനൂർ-വെമ്പള്ളി റോഡിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഉത്സവത്തിന് ശേഷം അങ്കമാലിയിലേക്ക് ആനയെ കൊണ്ടുപോകുമ്പോൾ വെള്ളം കുടിക്കാനായി വാഹനത്തിൽ നിന്ന് പുറത്തിറക്കി. പിന്നാലെ ആന വിരണ്ടോടുകയായിരുന്നു.
ആന വിരണ്ടതോടെ പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് ആനയെ സമീപത്തെ റബർ തോട്ടത്തിൽ തളച്ചത്. കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ആന വിരണ്ടതറിഞ്ഞ് നിരവധി നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടിയിരുന്നു.
Kerala
കൊല്ലം: കരുനാഗപ്പള്ളിയിൽ ടിയർ ഗ്യാസ് പരിശീലനത്തിനിടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പൊട്ടിയാണ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റത്.
പരിക്കേറ്റ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വനിതാ പൊലീസ് ഉദ്യോസ്ഥർക്കും, ഒരു പുരുഷ പൊലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ടിയർ ഗ്യാസ് ആദ്യം ഉപയോഗിച്ചപ്പോൾ പൊട്ടിയിരുന്നില്ല. തുടർന്ന് വീണ്ടും ലോഡ് ചെയുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.
Kerala
മലപ്പുറം: കരുളായിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. മണ്ണള നഗറിലെ ബാലനാണ് പരുക്കേറ്റത്.
ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. കരുളായി വനത്തിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്.
ഉടൻ തന്നെ വനപാലകർ ബാലനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
Kerala
കോഴിക്കോട്: വടകരയിൽ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. വടകര വില്ല്യാപ്പള്ളി സ്വദേശി കുളത്തൂരില്‍ ചാലില്‍ തന്‍സീമിനാണ് പരിക്കേറ്റത്.
കാലിന് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നരം നാലോടെയാണ് സംഭവം.വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് തൻസീം സ്റ്റാര്‍ട്ട് ചെയ്തത്. അബദ്ധത്തിൽ ആക്സിലറേറ്ററിൽ കാൽ അമർന്നുപോയതോടെയാണ് അപകടമുണ്ടായത്..
നിയന്ത്രണം വിട്ട് അതിവേഗത്തിൽ മുന്നോട്ട് കുതിച്ച കാർ വീടിന്റെ മതിൽ തകർത്ത് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടർന്നുണ്ടായ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. ഇവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
എന്നാൽ തൻസീമിനെ അപകടത്തിൽപെട്ട കാറിനുള്ളിൽ നിന്ന് പുറത്തിറക്കാനായില്ല. കാറിനകത്ത് തൻസീമിന്റെ കാൽ കുടുങ്ങിയിരുന്നു. ഇത് പുറത്തേക്ക് വലിച്ചെടുക്കാൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തിയാണ് കാറിൽ നിന്ന് തൻസീമിനെ പുറത്തിറക്കിയത്.
പിന്നീട് ഇദ്ദേഹത്തെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
National
അമരാവതി: ആന്ധ്ര പ്രദേശിലെ അല്ലഗഡയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
ഹൈദാബാദിൽ നിന്ന് പുതുച്ചേരിയിലേയ്ക്ക് പോയ ബസിന് പിന്നിൽ ലോറി ഇടിച്ചുകയറുകയായിരുന്നു. ബദ്രിനാഥ്, ഹരിത എന്നിവരാണ് മരിച്ചത്. രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ്. 33 പേരാണ് ബസിലുണ്ടായിരുന്നത്.
Kerala
ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. വീഴ്ചയെ തുടർന്ന് കാലിന് പരിക്കേറ്റു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്.
വിദഗ്ധ ചികിത്സയ്ക്കായി സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ രണ്ട് മാസം പൂർണവിശ്രമത്തിന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
Kerala
തൃശൂർ: ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിൽ വിവാഹത്തിനു വന്നവരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒട്ടേറെ പേർക്ക് പരിക്ക്. വിവാഹത്തിനു വന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തതോടെ റോഡിൽ ഗതാഗത തടസമുണ്ടായിരുന്നു.
ഇതിനിടെ ഈ റോഡിലൂടെ എത്തിയ ടിപ്പർ ഹോൺ മുഴക്കിയതിനെത്തുടർന്ന് കല്യാണത്തിനു വന്നവരും ടിപ്പർ ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ഡ്രൈവർക്ക് മർദനമേൽക്കുകയും ചെയ്തു.
മർദിച്ചവരെ നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ചു. ഇത് സംഘർഷത്തിലും കല്ലേറിലും കലാശിക്കുകയായിരുന്നു. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് അപകടം. ആംബർനാഥ് നഗരത്തിൽ വെള്ളിയാഴ്ച രാത്രി ഏഴിനാണ് അപകടമുണ്ടായത്.
ആംബർനാഥ് നഗരത്തിലെ ഫ്ളൈ ഓവറിൽ വച്ചാണ് കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ചത്. തുടർന്ന് കാർ തലകീഴായി മറിയുകയും ചെയ്തു. കാർ ഡ്രൈവറടക്കം നാല് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ച് ഇരുചക്രവാഹനങ്ങളിലാണ് കാർ ഇടിച്ചത്. ഇതിന് ശേഷമാണ് കാർ മറിഞ്ഞത്. ഇരുചക്രവാഹനങ്ങൾ പൂർണമായി തകർന്നു. മരിച്ചയാളുകളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നതായി പോലീസ് അറിയിച്ചു.
Kerala
ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിക്ക് സമീപം സ്കൂൾ വിദ്യാർഥികളുമായി വിനോദ യാത്രയ്ക്ക് വന്ന ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു.
തമിഴ്നാട്ടിൽനിന്നും എത്തിയ കുട്ടികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഈ കുട്ടിയെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ മറ്റു കുട്ടികൾ മൂന്നാറിലെ ആശുപത്രിയിൽ ചികിത്സ തേടി.
District News
തലയോലപ്പറമ്പ്: ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്കു പരിക്കേറ്റു. വടകര വരിക്കാംകുന്ന് പ്രസാദഗിരി പള്ളിക്കു സമീപം ഇന്നലെ വൈകുന്നേരം നാലിനായിരുന്നു അപകടം. പരിക്കേറ്റ കോട്ടയം സ്വദേശി ലോറി ഡ്രൈവർ ഒ.എം. വൈശാഖി(36)നെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
എറണാകുളത്തുനിന്നു കോട്ടയം ഭാഗത്തേക്ക് പാഴ്സലുമായി പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയും കോട്ടയത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് ലോഡെടുക്കാൻ പോകുകയായിരുന്ന ചരക്കുലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
വെട്ടിക്കാട്ടുമുക്ക് - എറണാകുളം പ്രധാന റോഡിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ക്രെയിൻ എത്തിച്ച് ലോറി നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.
Kerala
ആലപ്പുഴ: ഗവ. ഡെന്റൽ കോളജ് ആശുപത്രിയിലെ സീലിംഗ് അടർന്നു വീണ് രോഗിക്ക് പരിക്കേറ്റു. എക്സ്റേ മുറിയുടെ വാതിലിനു സമീപമാണ് സീലിംഗ് അടർന്നു വീണത്.
ഇവിടെ നിൽക്കുകയായിരുന്ന ആറാട്ടുപുഴ വലിയഴീക്കൽ തറയിൽ കടവ് ഹരിതയ്ക്ക് (29) ആണ് പരിക്കേറ്റത്. ഹരിതയെ മെഡിക്കൽ കോജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11.30നാണ് അപകടമുണ്ടായത്.
Sports
കോൽക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗിൽ ആശുപത്രിയിൽ തുടരുന്നു. രണ്ടാം ദിവസത്തെ മത്സരത്തിനിടെ കഴുത്തിന് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.
പിന്നീട് ശനിയാഴ്ചത്തെ കളി അവസാനിച്ചതിന് ശേഷം കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നാണ് വിവരം.
ഗില്ലിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച് വരുകയാണെന്നും താരം ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണെന്നുമാണ് ടീം കോച്ച് ഗൗതം ഗംഭീർ അറിയിച്ചത്. ഗില്ലിന്റെ കാര്യത്തിൽ ടീമിലെ മെഡിക്കൽ സംഘമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ഗംഭീര പറഞ്ഞു. അടുത്ത ദിവസം ഈക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും ഗംഭീർ വ്യക്തമാക്കി.
ഇതോടെ ശനിയാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ ഗിൽ കളിക്കുമൊയെന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഒന്നാം ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യയെ സംബന്ധിച്ച് ഗിൽ തിരിച്ചുവരേണ്ടത് അനിവാര്യമായ കാര്യമാണ്.
ആശുപത്രിയിൽ ഡോ. സപ്തര്‍ഷി ബസുവിന്റെ മേല്‍നോട്ടത്തിലാണ് ഗില്ലിന്റെ ചികിത്സ. മുന്‍കരുതല്‍ നടപടിയായി ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റ്, ന്യൂറോ സര്ജന്, ന്യൂറോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് എന്നിവരടങ്ങുന്ന പാനലാണ് ഗില്ലിന്റെ അവസ്ഥ നിരീക്ഷിക്കുന്നത്.
അതേസമയം, ഗില്ലിന് കഴുത്തിന്റെ വേദന കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എംആര്‍ഐ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പ്രശ്നങ്ങളൊന്നും കാണിക്കുന്നില്ല.
Kerala
കൊച്ചി: ആലുവയിൽ സ്വത്തുതർക്കത്തെ തുടർന്ന് പിതാവിനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. കൊടികുത്തുമല സ്വദേശി ഹുസൈൻ (48) ആണ് അറസ്റ്റിലായത്.
നൊച്ചിമ കൊടികുത്തുമല സ്വദേശി 84 കാരനായ അലിയാരെയാണ് ഇയാൾ മർദിച്ചത്. ഇരുവരും തമ്മിൽ സ്വത്ത് തർക്കം നേരത്തെയും ഉണ്ടായിരുന്നു എന്നാൽ കഴിഞ്ഞ ദിവസം
തർക്കം രൂക്ഷമാകുകയായിരുന്നു.
മർദനത്തിൽ പിതാവിന്റെ വിരലുകൾക്ക് പൊട്ടലുണ്ട്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മർദന വിവരം പറയുന്നത്. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിക്കുന്നത്. അറസ്റ്റിലായ ഹുസൈനെ കോടതിയിൽ ഹാജരാകും.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരിക്കേറ്റു സ്ഫോടനം നടത്തി എന്ന് അവകാശപ്പെട്ട് ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘടന രംഗത്ത് വന്നിട്ടുണ്ട്.
അട്ടിമറി അടക്കം എല്ലാ സാധ്യതയും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തിൽ പോലീസ് സ്റ്റേഷന് സമീപത്തുള്ള വീടുകളും തകർന്നിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ജമ്മു കശ്മീർ ഡിജിപി മാധ്യമങ്ങളെ അറിയിക്കും.
ഫരീദാബാദിലെ ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. ഏഴു പേർ മരിച്ചെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്.
ഫോറൻസിക്, പോലീസ് ഉദ്യോഗസ്ഥർ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. സ്റ്റേഷനും വാഹനങ്ങളും കത്തിപോയി.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ എട്ടു മരണം. കീവിൽ ആറു പേരും തെക്കൻ യുക്രെയ്നിൽ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. തെക്കൻ യുക്രെയ്നിലെ കൊർനൊമോർസ്കിൽ ഊർജ കേന്ദ്രങ്ങൾ, കെട്ടിട സമുച്ചയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
ഒരു ഗർഭിണിയും മൂന്നു കുട്ടികളുമുൾപ്പെടെ 34 പേർക്കു പരിക്കേറ്റു. റഷ്യൻ സൈന്യം 430 ഡ്രോണുകളും 18 മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും യുക്രെയ്ൻ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചാണ് തിരിച്ചടിച്ചതെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു. കീവ് ലക്ഷ്യമാക്കി റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.
റഷ്യ തൊടുത്ത ഭൂരിപക്ഷം ഡ്രോണുകളും മിസൈലുകളും യുക്രെയ്ൻ തകർത്തു. എന്നാൽ 30 ലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ ഒൻപതു ജില്ലകളിലായി അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തത്തിൽ കെട്ടിട സമുച്ചയങ്ങൾ, ചികിത്സാ കേന്ദ്രം, ഭരണനിർവഹണ കെട്ടിടങ്ങൾ എന്നിവയ്ക്ക് കേടുപാടു സംഭവിച്ചെന്ന് അധികൃതർ അറിയിച്ചു.